ഒറ്റ

നന്ദകുമാര്‍ ചെല്ലപ്പനാചാരി

കൂട്ടുകാരാ,
നിന്റെ ചിത്രങ്ങളില്‍
ചോരയുടെ ചൂര്
എങ്ങനെയാണ് നിറച്ചത്?

ചിതറിപ്പോകുന്ന
കാഴ്ചവട്ടങ്ങള്‍ക്ക്
സൂര്യ താപം,
നീയിനിയും
നടക്കാന്‍ തുടങ്ങിയില്ലേ
br> കോടമഞ്ഞെന്നു നിനച്ചത്
പുകമഞ്ഞായിരുന്നു.

ഈ നിരത്തുകളില്‍
ചതഞ്ഞരഞ്ഞത്
നെയ്തൊരുക്കിയ സ്വപ്നങ്ങള്‍ തന്‍
ശവമഞ്ചമല്ലേ?
കാഴ്ച്ചത്തീവണ്ടിയില്‍
കടകൊണ്ട ജീവിതത്തിന്‍
തിക്കും തിരക്കും
ഒരു പക്ഷെ,
നിന്റെ നെഞ്ചിലേയ്ക്കടുക്കുന്ന
ചൂളം വിളിയാകാം മുഴങ്ങിയത്.
ഈ തീരത്തെ വിജനതയില്‍
സംവദിച്ചത്
കാറ്റ് പരതുന്നതും
കടല്‍ ചോദിച്ചതുമായ
നിണച്ചാലുകളോടല്ലേ



മുങ്ങാംകുഴിയിടുന്ന
പരിഭവച്ചിന്തുകള്‍ക്ക്
ഭാര്യയുടെ മുഖച്ഛായ.
ഇപ്പോഴും ഒരു കണ്ണട
നീയണിഞ്ഞിരിക്കുന്നു.
അതിലൂടെ നിന്നെയും
എന്നെയും വായിച്ചെടുക്കാന്‍
ഒരു ശ്രമം
അതല്ലേയീ ചിത്രപ്പൊരുള്‍.
ഞാനിപ്പോള്‍ നിന്നില്‍നിന്നും
വളരെയകലെയാണ്.
നീയൊറ്റ മാത്രം.
തികച്ചും......

    

നന്ദകുമാര്‍ ചെല്ലപ്പനാചാരി - നന്ദകുമാര്‍ ചെല്ലപ്പനാചാരി  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature നന്ദകുമാര്‍ ചെല്ലപ്പനാചാരി, ഒറ്റ
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക