വീടുവീടാന്തരം

രാജേഷ് കാവില്‍

കാറ്റ് എന്റെ വീട്ടിലേയ്ക്ക്
പോയ ശരത്തില്‍ പഴുത്തു
പൊഴിഞ്ഞ ഇലകള്‍ കൊണ്ടുവന്നു.
വസന്തത്തില്‍ വിടരാതെ പോയ
പൂക്കളുടെ ഗന്ധം കൊണ്ടുവന്നു.

മഴ എന്റെ വീട്ടിലേയ്ക്ക്
നനഞ്ഞ പക്ഷികളുടെ തൊണ്ടയടഞ്ഞ കുറുകലും
പനിയ്ക്കുന്ന ചിറകടികളും കൊണ്ടുവന്നു.
കഴിഞ്ഞുപോയ കുട്ടികളുടെ പതിഞ്ഞ തേങ്ങല്‍ കൊണ്ടുവന്നു.
വെയില്‍ എന്റെ വീട്ടിലേയ്ക്ക്
ഉണങ്ങിയ ഗോതമ്പുപാടത്തെ പൊടിയടിച്ചു

നരച്ച വൃദ്ധകര്‍ഷകന്റെ കണ്ണിലെ
അരണ്ട വെട്ടം തന്നു.
മലമ്പാറകളില്‍നിന്ന് ഉരുക്കിയെടുത്ത ഉപ്പ് തേച്ച്
പൊള്ളിയ പേക്കിനാവുകള്‍ തന്നു.

ചുവരുകളും മേല്‍ക്കൂരയും പണിഞ്ഞുതീരും മുമ്പേ
എന്റെ വീട് നിറഞ്ഞു
. അകത്തു കയറാനിടം കാണാതെ
ഉമ്മറപ്പടിയില്‍ സ്വയം കെട്ടിപ്പിടിച്ച്
ഞാന്‍ വിറച്ചിരിയ്ക്കുന്നു.

    

രാജേഷ് കാവില്‍ - Tags: Thanal Online, web magazine dedicated for poetry and literature രാജേഷ് കാവില്‍ , വീടുവീടാന്തരം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക