ബോധിവൃക്ഷക്കുരിശിന്റെ ചില്ലയില്‍

ഹരിശങ്കര്‍ കര്‍ത്താ

കണ്ണാ,
ഒരു ബാവുല്‍ ഗാനത്തിന്റെ ഈണം
ഓടക്കുഴല്‍....
താഴെ നഗ്നഗോപികയുടെ
ഉടലലഞ്ഞശ്രവണം.

സ്ലേറ്റിലെഴുതിയ അസമവാക്യം
മഷിത്തണ്ടുകൊണ്ട് തുടയ്ക്കുന്ന
കണ്ണുനിറയെ കാഴ്ചയുള്ള
കാഞ്ചനമാലയുടെ കവിളില്‍
ചുംബനം കൊണ്ട് ചെമ്പകപ്പൂവിരിയിക്കുന്ന കവി.

ഗിത്താറിന്റെ തന്തികളായ് അഴിച്ചെടുത്ത്
മൗനത്തിന്റെ വാചാലസംഗീതം പകര്‍ന്ന്,
ജിദ്ദു പറഞ്ഞു:
'രജനീഷിന്റെ പുസ്തകങ്ങള്‍ എരിച്ചുകളയൂ'

മടിച്ചുനില്‌ക്കെ,
ദര്‍വ്വീസുകള്‍ക്കിടയില്‍നിന്ന്
വിയര്‍പ്പില്‍ കുളിച്ച രജനീഷ് പൊട്ടിച്ചിരിച്ചു.

വീട്ടുമുറ്റത്തുനിന്ന് ജീവനുള്ള ഭിക്ഷു വിളിച്ചു പറഞ്ഞു
'കേട്ടാലും'

കരച്ചില്‍ വരുന്നല്ലോ
ഓരോ കണ്ണുനീര്‍ത്തുള്ളിയിലുമൊരുമന്ദഹാസം

പൊട്ടക്കിണറ്റിലേക്ക് വര്‍ഷകാരുണ്യം
പ്രളയത്തിലേക്കൊരു ക്ഷണക്കത്ത്
കുറിപ്പുകള്‍-
ബാവുല്‍-ബംഗാളി അവധൂതസംഗീതം
കവി- കാളിദാസന്‍
ജിദ്ദു- ഡജിദ്ദു കൃഷ്ണമൂര്‍ത്തി
ദര്‍വീശ്- സൂഫികളുടെ നൃത്താരാധന
രജനീഷ്- ഓഷോ
    

ഹരിശങ്കര്‍ കര്‍ത്താ - Tags: Thanal Online, web magazine dedicated for poetry and literature ഹരിശങ്കര്‍ കര്‍ത്താ, ബോധിവൃക്ഷക്കുരിശിന്റെ ചില്ലയില്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക