പറയാന്‍ മറന്നത്

നന്ദകുമാര്‍ ചെല്ലപ്പനാചാരി

പറയാന്‍ മറന്നത് എന്തായിരുന്നൂ?
കടല്‍ത്തിര കാലില്‍ തഴുകി,
കണ്ണീര്‍ കൊണ്ട് നനച്ചത്
... വ്യാകരണവേദങ്ങളില്‍
ഇടമില്ലാത്ത വാക്കുകള്‍.

കുറ്റച്ചാര്‍ത്തുകള്‍ വായിച്ചു കൈകഴുകിയ
പിലാത്തോസ്സുകള്‍ തീന്‍മേശയ്ക്കരുകില്‍
ക്രൂശിതന്റെ ചോരയ്ക്ക് വിലപേശുന്നതു
ദൃശ്യബോധത്തിന്റെ ഘനമാപിനിയില്‍
അളക്കാന്‍ കഴിയാത്തത്
എന്റെ പിഴവായി കരുതരുത്.
ഒരിയ്ക്കല്‍ ചരിത്രപാഠങ്ങളില്‍
ഇവയുടെ മുറിപ്പാടുകള്‍ കണ്ണുനനയ്ക്കും

ഇരുപാടും നില്‍ക്കുന്ന തസ്ക്കരര്‍
ചിരിച്ചാര്‍ക്കുന്നത്‌ തിരമുറിയാത്ത
തീട്ടൂരങ്ങള്‍ തന്‍ പിണിപ്പാട്ടുപോല്‍
പ്രജ്ഞയില്‍ വിഷവര്‍ഷഭരിതം.
ആരാണ് നിന്റെ വചനങ്ങളില്‍
അസ്വസ്ഥതയുടെ നിഴല്‍
ചികഞ്ഞെടുത്തത്?

ഇഷ്ടമല്ലാത്തച്ചിയാകാന്‍
ഇഷ്ടമായതിനാല്‍
ഇരവില്‍ നീണ്ടുവരുന്ന വാള്‍മുനകള്‍
ഇരയ്ക്ക് കാതോര്‍ക്കുന്നത്
കാഴ്ചപ്പുറങ്ങളില്‍ തെളിയുന്നു.
അതുകൊണ്ടാണല്ലോ നിന്റെ
അനുധാവകര്‍ കുറഞ്ഞതും
ജൂതജന്മങ്ങള്‍ സൂകരപ്രസ്സവം നടത്തി
കാനേഷുമാരി പെരുക്കുന്നതും.

തേഞ്ഞുപോയ വാക്കുകളുടെ
പുനര്ജ്ജന്മത്തില്‍ തെളിഞ്ഞത്
അനുമോദനച്ചാപിള്ളകളുടെ
രസ്സായനക്കൂട്ടുകള്‍ മാത്രം.
അതിനുള്ളിലെവിടെയോ
ഒരു നേര്‍ത്ത തേങ്ങല്‍
കുടുങ്ങി ..പിടഞ്ഞു..
ശ്വാസം കിട്ടാതെ.....

    

നന്ദകുമാര്‍ ചെല്ലപ്പനാചാരി - നന്ദകുമാര്‍ ചെല്ലപ്പനാചാരി  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature നന്ദകുമാര്‍ ചെല്ലപ്പനാചാരി, പറയാന്‍ മറന്നത്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക