ഒരു ബീഡി വലിക്കുമ്പോള്‍......

ബിപിന്‍

ഒരു ബീഡിക്കുറ്റി എരിഞ്ഞു തീരുമ്പോള്‍
ഒരാളുടെ മനസ്സ്‌ എരിഞ്ഞുരുകുന്നത് കാണാം..
വെട്ടിയൊതുക്കിയ ഇലയില്‍ പാകത്തില്‍
പാകിയ ചുക്കയും കെട്ടിയൊതുക്കിയ ഓര്‍മ്മകളും..
ഉയരുന്ന പുകച്ചുരുളുകള്‍ കരിഞ്ഞു പോയ ഓര്‍മ്മകളാണ്..
ഊതിയകറ്റിയ പുകവലയങ്ങള്‍ കാലത്തിന്റെ ശേഷിപ്പുകള്‍..

സ്വാദോടെ ആഞ്ഞു വലിച്ചു തീര്‍ത്തു ബീഡിയെങ്കിലും
കയ്പ്പ് ഊറുന്ന ഒരു പുക കൂടി ബാക്കി നില്‍ക്കുന്നു..
എത്രകാലമീ കൊടും തണുപ്പില്‍,മടുപ്പില്‍ ,സംഘര്‍ഷങ്ങളില്‍
നീയൊരു പുക വലയമായി ഉയര്‍ന്നു പൊങ്ങീ..

എരിഞ്ഞു തീരുന്ന ഒരു മനസ്സാണ്,
ഒരിക്കല്‍ കത്തിയാല്‍ താനേ എരിഞ്ഞടങ്ങുമൊരു
മനസ്സിന്‍ വിചാരമാണീ ബീഡിക്കുറ്റികള്‍...
പഴകിയ സ്മരണകള്‍ മഞ്ഞ പുകചുരുളായി
ശ്വാസ കോശങ്ങളില്‍ വിങ്ങുന്ന ചുമയാകുന്നു..

എത്ര കുറി ,എത്ര വഴിത്താരകള്‍ നീയീ മനതാരില്‍
ചേര്‍ത്ത് വെച്ചൊരു ചവര്‍പ്പുള്ള പുകയിലചുരുളുകള്‍ .
. കത്തിച്ചു വലിച്ചൂതിയ പുകവലയങ്ങള്‍ ..
കൊക്കിയും കാറിയും കഫം കെട്ടിയ തൊണ്ടകള്‍. ..
കറുത്ത് പോയ ചുണ്ടുകള്‍ ,മങ്ങിയ സ്മരണകള്‍ ,
കത്തിയമര്‍ന്ന കാലങ്ങള്‍..അടര്‍ന്നു വീഴുന്ന തീപ്പൊരികള്‍..

ഒടുവിലെല്ലാം കാലമാം കാറ്റില്‍ പറന്നു
പാറിയകന്നു പോകും ചാരങ്ങള്‍ മാത്രം..

    

ബിപിന്‍ - Tags: Thanal Online, web magazine dedicated for poetry and literature ബിപിന്‍ , ഒരു ബീഡി വലിക്കുമ്പോള്‍......
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക