ജുഡീഷ്യല്‍ ഫാസിസം

സി. പി. അബൂബക്കര്‍

നമ്മുടെ നാട് ജുഡീഷ്യല്‍ ഫാഷിസത്തിലേക്കു നീങ്ങുകയാണോ? വളരെ ഗൗരവത്തോടെ ആലോചിക്കേണ്ടിവരുന്ന പ്രശ്‌നമാണിത്. പ്രതിയായി വരുന്ന പൗരനെ അധിക്ഷേപിച്ചിരുന്ന ഇംഗ്ലണ്ടിലെ ജസ്റ്റീസസ് ഓഫ് ദ പീസിനെ പറ്റി മാര്‍ക്‌സ് എഴുതിയിട്ടുണ്ട്. സ്ഥാനമാനങ്ങളുള്ള പ്രഭുക്കന്മാര്‍ കുറ്റവാളികളായാല്‍പോലും അവരോട് ക്ഷമാപണസ്വരത്തില്‍ , അപേക്ഷാഭാവത്തില്‍ സംസാരിക്കുകയും അവര്‍ക്ക് ശിക്ഷവിധിക്കേണ്ടിവരുമ്പോള്‍ പശ്ചാത്താപവിവശരാവുകയും ചെയ്യുന്ന ഗ്രാമക്കോടതികളിലെ ന്യായാധിപന്മാരെ പറ്റിയാണ് ഇംഗ്ലണ്ടിലെ തൊഴിലാളികളുടെ സ്ഥിതി എന്ന ഗ്രന്ഥത്തില്‍ എംഗല്‍സ്‌  ആനുഷംഗികമായി പരാമര്‍ശിക്കുന്നത്. ആ പരാമര്‍ശത്തിലടങ്ങിയ കോടതിവിമര്‍ശനം എടുത്തുപറഞ്ഞതിന് കോടതി ആദ്യം പറഞ്ഞത് അങ്ങിനെയൊരുദ്ധരണിയുണ്ടാവാനിടയില്ലെന്നാണ്. ഒടുവില്‍ കേസ് സുപ്രീം കോടതിയിലെത്തി. ചീഫ് ജസ്റ്റീസ് ഹിദായത്തുള്ളയുടെ നേതൃത്വത്തിലുള്ള മൂന്നംഗബഞ്ചാണ് കേസ് പരിശോധിച്ചത്. ജസ്റ്റീസ് മാത്യു സ. ഇ. എം. എസ്സിനെ വെറുതെ വിടുകയും ചീഫ് ജസ്റ്റീസും ഇതര ജഡ്ജും ശിക്ഷിക്കുകയും ചെയ്തു. മൂന്ന് നാലുമാസം കൊണ്ട് മാര്‍ക്‌സിസ്റ്റ് ക്ലാസ്സിക്കുകളെല്ലാം വായിച്ചുവെന്നും അവയിലൊരിടത്തും സഖാവ് നടത്തിയ തരത്തിലുള്ള വിമര്‍ശനം കണ്ടില്ലെന്നുമാണ് ചീഫ് ജസ്റ്റീസ് പ്രസ്താവിച്ചത്. ചുരുക്കി പറഞ്ഞാല്‍ മാര്‍ക്‌സ് പറയാതെ ജുഡീഷ്യറിയെ വിമര്‍ശിച്ചതിനാണ് ചീഫ് ജസ്റ്റീസ് കമ്യൂണിസ്റ്റ് നേതാവിനെ ശിക്ഷിച്ചത്. സത്യത്തില്‍ എംഗല്‍സ്‌
ഈ വിമര്‍ശനം ഉന്നയിച്ചിരുന്നു. പിന്നീട് ഇ. എം. എസ്. എഴുതിയ No, my Lords എ ന്ന കുറിപ്പ് വഴി ഈ പ്രശ്‌നം സഖാവ് ദേശീയ നിയമജ്ഞന്മാരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.

ഇതിലന്തര്‍ഭവിച്ച മറ്റൊരുകാര്യവും സഖാവ് ഇ. എം. എസ്. No, My Lords എന്ന കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രയോഗത്തിനുവേണ്ടിയുള്ള പഠനത്തിനിടെ അരനൂറ്റാണ്ടുകാലം മാര്‍ക്‌സിസം സ്ഥിരമായി വായിക്കുകയും പഠിക്കുകയും ചെയ്യുന്നൊരാളാണ്, താന്‍. അരനൂറ്റാണ്ടുകാലം പഠിച്ചിട്ടും സ്പര്‍ശിക്കാന്‍പോലും കഴിയാത്ത അനേകം പഠനങ്ങള്‍ മാര്‍ക്‌സിന്റേതും എംഗല്‍സിന്റേതുമായി ഉണ്ട്. പക്ഷേ, മൂന്നാ- നാലുമാസത്തെ വായനകൊണ്ട് ആദരണീയ ന്യായാധിപന്മാരില്‍ ചിലര്‍ക്ക് മാര്‍ക്‌സിസ്റ്റ് കൃതികളഖിലം വായിച്ചുതീര്‍ക്കാനും അവയെ പറ്റി നിഗമനങ്ങളിലെത്താനും കഴിഞ്ഞിരിക്കുന്നു. കോടതികള്‍ വെംച്ചുപുലര്‍ത്തുന്ന ഏറെക്കുറെ മതവിശ്വാസസമാനമായ ആത്യന്തികതയ്‌ക്കെതിരായ ഒരസ്ത്രമായിരുന്നു അത്. അത്രയധികം ആത്യന്തികത കോടതികള്‍ക്കും ന്യായാധിപന്മാര്‍ക്കും ഉണ്ടോ? അമേരിക്കയിലും മറ്റും ന്യായാധിപപദവി രാഷ്ട്രീയനിയമനമാണെന്നുകൂടി ഓര്‍മ്മിക്കുക.

മാത്രമല്ല, ജസ്റ്റീസ് രാമസ്വാമി ഇമ്പീച്ച് മെന്റില്‍നിന്ന് രക്ഷപ്പെട്ടത്, കോണ്‍ഗ്രസ്സ് വോട്ടിങ്ങില്‍ നിന്ന് ഒഴിഞ്ഞ് നിന്നതുകൊണ്ടുമാത്രമാണ്. സൗമിത്രസെന്‍ ഇമ്പീച്ച് മെന്റ് നടപടി പൂര്‍ത്തിയാകും മുമ്പ് രാജി വെച്ചൊഴിയുകയും ചെയ്തു. മുന്‍ ചീഫ് ജസ്റ്റീസ് കെ. ജി. ഭാലകൃഷ്ണന്‍ തന്നെ എത്രമാത്രം അഴിമതിയാരോപണങ്ങള്‍ക്ക് വിധേയനായിട്ടുണ്ടെന്നും ഓര്‍മ്മിക്കുക. ന്യായാധിപന്മാര്‍ക്ക് ആത്യന്തികതയില്ലെന്നു മാത്രമല്ല, അവര്‍ എല്ലാ മനുഷ്യരേയും പോലെ സാധാരണമനുഷ്യരും ഉത്തമവും അധമവുമായ എല്ലാ മനുഷ്യവികാരങ്ങള്‍ക്കും അടിമപ്പെടാവുന്നവരുമാണ്.

ജുഡീഷ്യറി അപ്രമാദിത്വം അവകാശപ്പെടുകയും എന്നാല്‍ പലപ്പോഴും ഇത്തരം അബദ്ധങ്ങളില്‍ ചെന്നു ചാടുകയും ചെയ്യുന്നുണ്ട്. എന്താണ് ജുഡീഷ്യറിയുടെ കടമ? വിഖ്യാതമായ നിര്‍വ്വചനമനുസരിച്ച് നിയമത്തിന്റെ വ്യഖ്യാനമാണത്. ഓരോ കേസിലും കോടതി അതാണ് ചെയ്യുന്നത്, ചെയ്യേണ്ടത്. കാരണം നമുക്കൊരുനിയമവ്യവസ്ഥയുണ്ട്. ഗവണ്മെന്റെ മൂന്നധികാരങ്ങളും ഒരാളില്‍ കേന്ദ്രീകരിക്കുന്ന ഏകാധിപതികളുടെ സമൂഹമല്ല നമ്മുടേത്. അത് ലൂയി പതിനാലാമന്റേയും പ്രഷ്യയിലെ ഫ്രഡറിക്ക്് രാജാവിന്റേയും റഷ്യയിലെ പീറ്റര്‍ ഒന്നാമന്റേയും കാതറീന്‍ റോമനോഫിന്റേയും സ്‌പെയിനിലെ മറിയാ തെരേസയുടേയും കാലത്തോടെ അവസാനിച്ചു. സാമൂഹികരാഷ്ട്രീയരംമഗങ്ങളില്‍ അനേകം പരിവര്‍ത്തനങ്ങള്‍ നടന്നു. ജനാധിപത്യത്തിനുവേണ്ടിയും നാടുവാഴിത്തത്തിനും സ്വേഛാധികാരത്തിനു എതിരായും അനേകം സമരങ്ങള്‍ നടന്നു. മാഗ്നാ കാര്‍ട്ടയും അവകാശഹരജിയും ( പെറ്റീഷന്‍ ഓഫ് റൈറ്റ്‌സ്), അവകാശനിയമവും ഇംഗ്ലണ്ടില്‍ തന്നെയുണ്ടായി. ഫ്രാന്‍സില്‍ മനുഷ്യാവകാശപ്രഖ്യാപനമുണ്ടായി. അമേരിക്കയില്‍ സ്വാതന്ത്ര്യപ്രഖ്യാപനരേഖയുണ്ടായി.

നിയമത്തെ പറ്റിയും പുതിയ വ്യാഖ്യാനങ്ങളുണ്ടായി. രാജാവ് ഉണര്‍ത്തുന്ന തന്നിഷ്ടമല്ല നിയമങ്ങളെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം അംഗീകരിക്കപ്പെട്ടു. നിയമങ്ങളുടെ ആത്മാവ് എന്ന വിഖ്യാതഗ്രന്ഥത്തില്‍ മോണ്ടസ്‌ക്യൂ നിയമത്തെ നവ്യമായി നിര്‍വ്വചിച്ചു,. കാര്യങ്ങളുടെ പ്രകൃതത്തില്‍നിന്ന് ഉദ്ഭൂതമാവുന്ന അവശ്യബന്ധങ്ങളാണ് നിയമങ്ങള്‍ എന്ന് അദ്ദേഹം നിയമത്തെ നിര്‍വ്വചിച്ചു. ബന്ധങ്ങള്‍ എന്നാല്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങള്‍ തന്നെ. പുതിയ ജീവിതസാഹചര്യങ്ങള്‍ വളര്‍ന്നുവരുമ്പോള്‍ അവയ്ക്കനുസരിച്ച് അന്യോന്യ ബന്ധത്തിന്റേതായ നിയന്ത്രമങ്ങളുണ്ടാവണമെന്നാണ് ഇതിനര്‍ത്ഥം. രാജാവ് അപ്രമാദിയായിരിക്കാം. പക്ഷേ രാത്രി പകലാണെന്ന് രാജാവ് പറഞ്ഞാല്‍ അതംഗീകരിക്കാനാവില്ല.

നിയമംപ്രകൃതിയില്‍നിന്നാണുണ്ടാവുന്നത്. ഇവിടെ പ്രകൃതിയെന്നാല്‍ മനുഷ്യസമൂഹമാണ്. സ്വാഭാവികമായും ഗുഹാവാസിയായ മനുഷ്യന്റെ നിയമമായിരിക്കുകയില്ല കാര്‍ഷികമനുഷ്യന്റെ നിയമം. അപ്പോള്‍ സാഹചര്യമനുസരിച്ച് നിയമത്തില്‍ മാറ്റമുണ്ടാവേണ്ടതുണ്ട്,. സമൂഹത്തില്‍നിന്ന് നിയമമുണ്ടാവുകയും സമൂഹം മാറുമ്പോള്‍ നിയമം മാറുകയും ചെയ്യുന്നു. ഈ സാമാന്യധാരണയെ ഉല്പാദനവുംചരിത്രവുമായി ബന്ധിപ്പിച്ചുവെന്നതാണ് മാര്‍ക്‌സിന്റെ സംഭാവന. മനുഷ്യരില്‍ ഉല്പാദനപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതൊഴില്‍ശക്തികളും ആ പ്രവര്‍ത്തനത്തെ സ്വന്തം മൂലധനമാക്കി കവര്‍ന്നെടുക്കുന്ന മനുഷ്യരുമുണ്ട്. ഇവ രണ്ടും ചേരുമ്പോള്‍ ഉണ്ടാവുന്ന ഉല്പാദനബന്ധങ്ങള്‍ ആണ് ഓരോ സമൂഹത്തിലേയും നിയമത്തെ നിര്‍ണയിക്കുന്നത്. ഏത് മാനുഷികപ്രവര്‍ത്തനത്തിനും ഇത് ബാധകമാണ്. എന്തിന് ചിത്രകലയ്ക്കും കവിതയ്ക്കും പോലും. യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ഒരു സവിശേഷത ദൈവികതയുടെ സ്ഥാനത്ത് മാനവികത പ്രതിഷ്ഠിച്ചുവെന്നതാണ്. കവിതയിലും ചിത്രകലയിലുമെല്ലാം ഇത് പ്രതിഫലിച്ചു. ഇന്ന് ഒരുപക്ഷേ പള്ളിയധികാരികള്‍ വായിച്ചാല്‍ അവരെ ഇന്നു വിമര്‍ശിക്കുന്നവരെ മാലാഖമാരെ പോലെ അവരാശ്ലേഷിക്കാന്‍ കാരണമായേക്കാവുന്ന തരത്തില്‍ അത്രയധികം പൗരോഹിത്യവിമര്‍ശനം ബൊക്കാഷിയോവിന്റേയും മറ്റും കൃതികളില്‍ കാണാവുന്നതാണ്. കലയുടെ കാര്യം ഇതാണെങ്കില്‍ രാഷ്ട്രീയത്തിന്റേയും ഇതര മാനവികപ്രവര്‍ത്തനങ്ങളുടേയും കാര്യം പറയാനില്ല. ഒരാളുടെ സ്വാതന്ത്ര്യം അപരന്റെ മൂക്കിനുമുന്നില്‍ അവസാനിക്കുന്നുവെന്ന ധാരണ വ്യാപകമായി അംഗീകരിക്കപ്പെട്ടു. ന്യായാധിപനായാലും സാധാരണപൗരനായാലും ഈ വസ്തുത അംഗീകരിക്കാതിരുന്നുകൂടാ. നിയമത്തിനു പുതിയ നിര്‍വ്വചനങ്ങളുണ്ടായാലും ഈ അടിസ്ഥാനധാരണകളെ നിരാകരിക്കാനാവില്ല. ഫാസിസ്റ്റ്‌രാജ്യങ്ങളിലല്ലാതെ അവ നിരാകരിക്കതപ്പെട്ടിട്ടുമില്ല. മുസ്സോളിനി ഫാസിസ്റ്റ് നിയമവ്യവസ്ഥയെ ന്യായീകരിച്ചത് മാനവനാഗരികതയുടെ പേരു പറഞ്ഞിട്ടാണ്. മാനവനാഗരികതയില്‍ സങ്കീര്‍ണമായ ഘടകങ്ങലുണ്ടാവുമ്പോല്‍ മാനവസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നുവെന്നാണ് മുസ്സോളിനി അഭിപ്രായപ്പെട്ടത്. അല്ല, ഏറെക്കുറെ നിര്‍ണ്ണയിച്ചു പറഞ്ഞത്.

നിയമം ആളുകളെ നിയന്ത്രിച്ചുനിര്‍ത്താനുള്ള ഏര്‍പ്പാട് തന്നെയാണ്. സാമൂഹികകരാറിന്റെ തിന്മയായിട്ടാണ് നിയമത്തെ റൂസ്സോ വീക്ഷിച്ചത്. സ്വതന്ത്രനായിരുന്നു മനുഷ്യന്റെ കൈകളില്‍ വന്നുവീണ ചങ്ങലയായിത്തീര്‍ന്നുനിയമം എന്നാണല്ലോ അദ്ദേഹം പരിതപിച്ചത്. എന്‍. വി. കൃഷ്ണവാരിയരും ഈയവസ്ഥയില്‍ തന്റെ വിഖ്യാതമായ ആഫ്രിക്കയെന്നകവിതയില്‍ വിലപിക്കുന്നുണ്ട്.ഇതാണ് സാമൂഹികകരാറിന്റെ വൈരുദ്ധ്യം എന്ന് റൂസോകരുതുന്നു. അതേ സമയം കരാറ്# ആവശ്യമാണെന്നും അതുഴി സ്‌റ്റേറ്റ് നിലവില്‍ വന്നു എന്നും അത് ഒരു പൊതു ഇഛയുടെ അടിസ്ഥാനത്തിലാണെന്നും ആ പൊതു ഇഛ വിവരണാതീതമാണെന്നും റൂസോ പറയുന്നു. ഇതര സാമൂഹികകരാര്‍ സൈദ്ധാന്തികരുടെ സമീപനത്തില്‍നിന്നും വ്യത്യസ്തവും ജനകീയവുമാണ് റൂസോവിന്റെ സമീപനം. അതിപ്രാകൃതമായ പ്രാകൃതികാവസ്ഥയില്‍നിന്ന് സ്്‌റ്റേറ്റുണ്ടായെന്നാണ് ഹോബ്‌സ് പറയുന്നത്.

വേറൊരു തരത്തില്‍ ഈ പ്രശ്‌നം കാണാവുന്നതാണ്. ചങ്ങമ്പുഴയുടെ വാഴക്കുല എഴുതാനിടയായ സാമൂഹികസാഹചര്യം ഇന്നില്ല. തകഴിയുടെ രണ്ടിടങ്ങഴിയുടെ കഥയും അതുതന്നെ. ഇന്ന് ഒരു ജന്മിയും കേരളത്തില്‍ ആരുടെയും വാഴക്കുല വെട്ടിയെടുക്കണമെന്ന് ആവശ്യപ്പെടുകയില്ല. അങ്ങിനെ ആവശ്യപ്പെടുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അയാളുടെ സ്ഥാനം എവിടെയായിരിക്ുമെന്ന് ആദരണീയരായ ജഡ്ജുമാര്‍ക്കും കഴിയില്ല. അതിനൊക്കെ പ്രതികാരം നടന്നുകഴിഞ്ഞു. കവിക്ക് ഇനി ഒന്നും പിന്‍ വലിക്കേണ്ടിവരില്ല. അതുകൊണ്ടാണ് ഷെല്ലി കവിയാണ് നിയമം നിര്‍മ്മിക്കുന്നതെന്നു പരഞ്ഞത്. കാവ്യനിയമമല്ല ഷെല്ലി ഇവിടെ വിവക്ഷിക്കുന്നത്, സാമൂഹികനിയമങ്ങള്‍ തന്നെയാണ് . സാഹിത്യം കാലത്തിന്റെ കണ്ണാടിയാവുമ്പോള്‍ സമൂഹത്തിന്റെ നീതി ഭദ്രമാക്കാനുള്ള നിയമം ഏതെന്ന് കവിക്ക് നിര്‍ദ്ദേശിക്കാനാവും. അതായത്, ജുഡീഷ്യറിയുള്‍പ്പെടെ ഭരണത്തിന്റെ ഏത് സ്ഥാനത്തിരിക്കുന്നവര്‍ക്കും കാവ്യാര്‍ദ്രമായ ഒരുമനസ്സുണ്ടാവണം, നര്‍മ്മാഭിമുഖമായ ചിന്തയുണ്ടാവണം. ഏത് രീതിയിലായാലും ഭരണകൂടത്തിന്റെ ഭാഗമാണ് നിയമം. അത് ഒരു മര്‍ദ്ദനക്കരുവായി മാറുന്നതും അതുകൊണ്ടുതന്നെയാണ്. ഇവിടെ പ്രസക്തമായി മാറുന്ന ഒരു കാര്യം ഈ കരാറില്‍ ഇതര മനുഷ്യഗണങ്ങളെന്നപോലെ ന്യായാധിപഗണവും ഉള്‍പ്പെടുകയില്ലേ എന്നതാണ്. പെരുമാറ്റം കൊണ്ട് അങ്ങിനെ തന്നെയായിത്തീരുകയും അവകാശം കൊണ്ട് അതീതഭാവം നടിക്കുകയും ചെയ്യുന്ന വൈരുദ്ധ്യം മിതമായി പറഞ്ഞാല്‍ വളരെ ശോചനീയമാണ്. ഉദാഹരണത്തിന് കേസ് വിചാരണയ്ക്കിടയില്‍ സാക്ഷികളോട് അവര്‍ക്ക് സി. പി. എം നെപേടിയാണോ എന്ന ഒരു ചോദ്യം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നതായി വലിയ നിഷ്പക്ഷതാമേനി നടിക്കുന്ന പത്രങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിഷ്പക്ഷതാമേനിയോടെ കോടതിചോദിച്ച മാര്‍ക്‌സിസ്റ്റുവിരുദ്ധചോദ്യമാണിത്. ജയരാജനും കോടതിയും തമ്മിലുള്ള കേസില്‍ എന്തിന് കോടതി സി. പി. എം. നെ വലിച്ചിഴച്ചുകൊണ്ടുവന്നു? കോടതിയുടെ നാട്യവും സത്യവും തമ്മില്‍ വലിയ അന്തരവും വൈരുദ്ധ്യവുമുണ്ടെന്ന് ഈ ചോദ്യം കാണിക്കുന്നു. കോടതി ആരെയോ തൃപ്തിപ്പെടുത്താനാണ് ഈ ചോദ്യമുന്നയിച്ചതെന്ന് ആരെങ്കിലും കുറ്റപ്പെടുത്തിയാല്‍ എന്തു ന്യായീകരണമാണ് കോടതിയുടെ മുഖത്തുനിന്നുണ്ടാവുക? കോടതി ന്യായക്കോടതിയല്ലെന്നും അന്യായക്കോടതിയാണെന്നും പറഞ്ഞ് ഒഴിയുമോ? നിയമം എന്ന നിയന്ത്രണം കോടതിക്കും ബാധകമാണെന്ന സത്യം ഇവിടെ വിസ്മരിക്കപ്പെടുന്നുവോ? ഏത് രീതിയിലായാലും ഭരണകൂടത്തിന്റെ ഭാഗമാണ് നിയമം. അത് ഒരു മര്‍ദ്ദനക്കരുവായി മാറുന്നതും അതുകൊണ്ടുതന്നെയാണ്. ഇവിടെ പ്രസക്തമായി മാറുന്ന ഒരു കാര്യം ഈ കരാറില്‍ ഇതര മനുഷ്യഗണങ്ങളെന്നപോലെ ന്യായാധിപഗണവും ഉള്‍പ്പെടുകയില്ലേ എന്നതാണ്. പെരുമാറ്റം കൊണ്ട് അങ്ങിനെ തന്നെയായിത്തീരുകയും അവകാശം കൊണ്ട് അതീതഭാവം നടിക്കുകയും ചെയ്യുന്ന വൈരുദ്ധ്യം മിതമായി പറഞ്ഞാല്‍ വളരെ ശോചനീയമാണ്. ഉദാഹരണത്തിന് കേസ് വിചാരണയ്ക്കിടയില്‍ സാക്ഷികളോട് അവര്‍ക്ക് സി. പി. എം നെപേടിയാണോ എന്ന ഒരു ചോദ്യം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നതായി വലിയ നിഷ്പക്ഷതാമേനി നടിക്കുന്ന പത്രങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിഷ്പക്ഷതാമേനിയോടെ കോടതിചോദിച്ച മാര്‍ക്‌സിസ്റ്റുവിരുദ്ധചോദ്യമാണിത്. ജയരാജനും കോടതിയും തമ്മിലുള്ള കേസില്‍ എന്തിന് കോടതി സി. പി. എം. നെ വലിച്ചിഴച്ചുകൊണ്ടുവന്നു? കോടതിയുടെ നാട്യവും സത്യവും തമ്മില്‍ വലിയ അന്തരവും വൈരുദ്ധ്യവുമുണ്ടെന്ന് ഈ ചോദ്യം കാണിക്കുന്നു. കോടതി ആരെയോ തൃപ്തിപ്പെടുത്താനാണ് ഈ ചോദ്യമുന്നയിച്ചതെന്ന് ആരെങ്കിലും കുറ്റപ്പെടുത്തിയാല്‍ എന്തു ന്യായീകരണമാണ് കോടതിയുടെ മുഖത്തുനിന്നുണ്ടാവുക? കോടതി ന്യായക്കോടതിയല്ലെന്നും അന്യായക്കോടതിയാണെന്നും പറഞ്ഞ് ഒഴിയുമോ? നിയമം എന്ന നിയന്ത്രണം കോടതിക്കും ബാധകമാണെന്ന സത്യം ഇവിടെ വിസ്മരിക്കപ്പെടുന്നുവോ? മറ്റൊരു കാര്യം നിയമജ്ഞരെ അപേക്ഷിച്ച് കേവലം ഒരുകീടമായ ജയരാജന്‍ എന്ന പരാമര്‍ശം വിധിയില്‍പോലുമുണ്ടത്രേ. ഒരു പൗരനെ , അയാള്‍ എന്തുകുറ്റവാളിയായാലും, കീടമെന്ന്, പുഴുവെന്ന് കോടതിക്കുവിളിക്കാമോ? അതും ഒരു ബഹുജനനേതാവിനെയാണ് കോടതി ഇപ്രകാരം വിളിക്കുന്നത്. നിയമം ഏവര്‍ക്കും തുല്യമായി ബാധകമാണെന്നിരിക്കെ നാട്ടുനടപ്പനുസരിച്ച് ഈ പുഴുവിളിയോടെ ജയരാജന്റെ ശിക്ഷ അധികമായി മാറുന്നുണ്ട്, തടവും പിഴയും ഒന്നുമില്ലാതെ തന്നെ. കാരണം, ജയരാജന്‍ ഉപയോഗിച്ചപദം മനുഷ്യന് മാത്രം നല്കുന്ന വിശേഷണമാണ്. മൃഗങ്ങള്‍ക്കോ പക്ഷികള്‍ക്കോ പുഴുക്കള്‍ക്കോ നല്കുന്നതല്ല. ശപ്പന്‍, ശുംഭന്‍ തുടങ്ങിയ പദങ്ങള്‍ അബദ്ധം പ്രവര്‍ത്തിക്കുന്നവരെ , നേരിട്ടാണെങ്കില്‍ ശകാരിക്കാനും നേരിട്ടല്ലെങ്കില്‍ സൂചിപ്പിക്കാനുമാണ് ഉപയോഗിക്കുന്നത്. ഇതറിയാന്‍ കോടതിക്ക് വലിയ പാണ്ഡിത്യമൊന്നും വേണ്ട. പൊതുയോഗനിരോധനോത്തരവ് പോലെ വലിയൊരബദ്ധം ഒരു ജനാധിപത്യവ്യവസ്ഥയില്‍ ചെയ്യാനുണ്ടോ? ഇല്ല. അതാണ് സ. ജയരാജന്‍ ഇപ്രകാരം ശകാരിക്കേണ്ടിവന്നത്. അഭിപ്രായപ്രകടനം മൗലികാവകാശമാണ്. ആരുടെയെങ്കിലും സൗകര്യത്തിനനുസരിച്ച് അത് മാറ്റിവയ്ക്കാനാകുമോ ? ഇല്ല. പരമാധികാര, ജനാധിപത്യ, മതനിരപേക്ഷ, സോഷ്യലിസ്റ്റ് റിപബ്ലിക്കിലെ പ്രജകള്‍ക്ക് അഭിപ്രായപ്രകടനസ്വാതന്ത്ര്യമില്ലെന്ന് കോടതിയല്ല ആര് പറഞ്ഞാലും അബദ്ധമാണ്. അബദ്ധം ചെയ്യുന്നവരെ എന്താണ് പറയുക?

കോടതി മനുഷ്യന്മാരാല്‍ നിയന്ത്രിക്കപ്പെടുന്നുവെന്നുതന്നെയാണ് ജയരാജന്റെ പരാമര്‍ശത്തിലുള്ളത്. ഇക്കാര്യത്തില്‍ അബദ്ധം പ്രവര്‍ത്തിച്ചു. അബദ്ധം പ്രവര്‍ത്തിച്ചവര്‍ക്കുള്ള പേര് പറഞ്ഞുപോയി. മിക്കവാറും സവര്‍ണ്ണരായ ആളുകളാണ് ഈ പദം ഉപയോഗിക്കാറുള്ളത്. മനുഷ്യനെ ശകാരിക്കുന്ന ഭാഷയില്‍ ഒരു ജനവിധിയുടെ പശ്ചാത്തലത്തില്‍ ഒരു ജനനേതാവ് കോടതിയെ ശകാരിച്ചാല്‍ അത് തെറ്റാവുമോ? ഈ സവര്‍ണശകാരം ഒരുജനനേതാവില്‍നിന്നുണ്ടായതുതന്നെ ഒരുതരം നര്‍മ്മോക്തിയായി കരുതാനുള്ള വിശാലമനസ്‌കത ന്യായാധിപന്മാര്‍ക്കുണ്ടാവാതെ വരുമ്പോള്‍, അവര്‍ നിയമത്തിന്റെ അന്തസ്സത്ത അറിയാത്ത നിയമമെന്ന സംജ്ഞയെ മാത്രം അറിയുന്ന അധികാരപ്രമത്തതയുള്ള ഉദ്യോഗസ്ഥരായി മാറുന്നു. ഒരു കേസ് കേള്‍ക്കുന്നജഡ്ജുമാര്‍ക്ക് ആ കേസില്‍ എന്ത് ശിക്ഷ പരമാവധി നല്കാമെന്നറിയേണ്ടേ? വിധിപ്രഖ്യാപനത്തില്‍ നിയമപരമായ അജ്ഞത കടന്നുകൂടുമ്പോള്‍ എന്താണ് ചെയ്യുക? അത്തരം ന്യായാധിപപ്രതിഭകളെ ശിക്ഷിക്കാന്‍ വകുപ്പില്ലേ? പ്രസക്തമായ കേസില്‍ നല്കാവുന്ന പരമാവധി ശിക്ഷ ആറുമാസം വെറും തടവും രണ്ടായിരും രൂപ പിഴയുമാണ്. എന്നാല്‍ കോടതി ജയരാജനെ പുഴുവെന്ന് പകരം വിളിക്കുകയും അദ്ദേഹത്തിന്റെ രാഷ്ട്രീയാഭിമുഖ്യത്തെ പരോക്ഷമായി പഴിക്കുകയും ചെയ്തു. അവിടെ അവസാനിക്കേണ്ട വിഷയം വീണ്ടും നീട്ടി ആറുമാസത്തെ കഠിനതടവും രണ്ടായിരം രൂപ പിഴയുമാക്കി. കഠിനതടവിന് യാതൊരു വകുപ്പമില്ലാത്തിടത്ത് കഠിനതടവെന്ന് ശിക്ഷവിധിക്കുന്ന ന്യായാധിപന്മാരെ എന്താണ് പറയേണ്ടത്? ്അവര്‍ നടിക്കുന്ന അപ്രമാദിത്വം ഇല്ലെന്നുമാത്രമല്ല, ശരിയേക്കാള്‍ തെറ്റിനോടാഭിമുഖ്യമുള്ള രാഷ്ട്രീയതിമിരവും, പക്ഷപാതിത്വവും കോടതിക്കുണ്ടെന്നല്ലേയിതിനര്‍ത്ഥം? ഈ പക്ഷപാതിത്വം ജനങ്ങള്‍ കാണാതിരിക്കുമോ?

മാര്‍ക്‌സിസത്തിന്റെ സൂക്ഷ്മതലങ്ങളിലേക്കു കടന്നു ചെന്ന് നിയമവ്യവസ്ഥയെ പഠിക്കേണ്ടതുണ്ട്. പക്ഷേ സാമൂഹ്യവ്യവസ്ഥയെന്നത് നിയമ വ്യവസ്ഥതന്നെയായതുകൊണ്ട് നിയമത്തെ വിവരിക്കാനുള്ള ആദ്യശ്രമങ്ങളിലൊതുങ്ങിനില്ക്കുകയാണിവിടെ ചെയ്യുന്നത്. ആ യത്‌നത്തില്‍ നിന്നാണ് ഫ്രഞ്ചുവിപ്ലവം ഉണ്ടായതെന്ന് ആദരണീയരായ ന്യായാധിപന്മാര്‍ അറിയാതെ വരുമോ? വരില്ലെന്ന് ഉറപ്പിച്ചുപറയാനാവില്ല. ന്യായാധിപന്മാരുടെ റിക്രൂട്ട് മെന്റുമായി ബന്ധപ്പെട്ട പ്രശ്‌നം കൂടിയാണത്. അവരും സാധാരണപോലെ പരീക്ഷയെഴുതിയും മറ്റുമാണ് തൊഴിലപേക്ഷനല്കുന്നത്. അതില്‍ തന്നെ അവരുടെ അപ്രമാദിത്വം നിശ്ശേഷം ഇല്ലാതാവുകയാണ്. അവര്‍ക്ക് അപ്രമാദിത്വമല്ല ഉള്ളത്, അനര്‍ഹമായ അധികാരമാണ്. മാത്രമല്ല ഹൈക്കോടതികളില്‍ പ്രഗത്ഭരായ അഭിഭാഷകരെ ന്യായാധിപന്മാരായി നിയമിക്കാന്‍ ഭരണഘടന വ്യവസ്ഥചെയ്യുന്നുണ്ട്, അപ്രകാരം നിയമിക്കപ്പെടുന്നുമുണ്ട്. ഈ നിയമനങ്ങളില്‍ ഒരു രാഷ്ട്രീയവുമില്ലെന്ന് ആര്‍ക്കാണ് അവകാശപ്പെടാന്‍ കഴിയുക?

അപ്പോള്‍ ഈ കേസിലുള്ളതുപോലെ തികച്ചും രാഷ്ട്രീയമായ പ്രശ്‌നങ്ങളില്‍ ജുഡീഷ്യറിയുടെഭാഗത്ത് അമിതാവേശമുണ്ടാവുമ്പോള്‍ സ്വാഭാവികമായും നിലവിലുള്ള സാമൂഹികമായ അസന്തുലിതത്വം അധികമാക്കുകയും സാമൂഹികകാലുഷ്യങ്ങള്‍ വളര്‍ന്നുവരികയും ചെയ്യും ഇന്നത്തെ നിയോലിബറല്‍ വര്‍ഗ്ഗസാഹചര്യങ്ങളില്‍ സാമൂഹികകാലുഷ്യം വളര്‍ത്തിയെടുത്ത് മര്‍ദ്ദനശക്തികളെ രംഗത്തിറക്കുവാന്‍ ആദരണീയ കോടതികള്‍ക്ക് ആഗോളീകരണശക്തികള്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ടോ? നിയമത്തെ കമ്യൂണിസ്റ്റുകാര്‍ ആദരിക്കുന്നു. എന്നാല്‍ സാമൂഹ്യനീതിക്കുനിരക്കാത്ത നിയമങ്ങളെ എതിര്‍ക്കുകയും ചെയ്യുന്നു. ആ എതിര്‍പ്പ് രഹസ്യമായി ചെയ്യാനുള്ളതല്ല. ഇത് അഴിമതിയോ പെണ്‍ വാണിഭമോ ഒന്നുമല്ലാത്തതിനാല്‍ അതില്‍ രഹസ്യമൊന്നും അന്തര്‍ഭവിച്ചിട്ടില്ല. അഴിമതിക്കാരോടും പെണ്‍വാണിഭക്കാരോടും പ്രകടിപ്പിക്കുന്ന ദാക്ഷിണ്യത്തിനു കമ്യൂണിസ്റ്റുകാര്‍ ഒരു കോടതിയോടും അപേക്ഷിക്കുന്നില്ല. പക്ഷേ മുസ്സോളിനി സിദ്ധാന്തീകരിച്ച നാഗരികതയോടൊപ്പം നിയന്ത്രിതമാവുന്ന അവകാശമെന്ന സമീപനം കമ്യൂണിസ്റ്റുകാര്‍ അംഗീകരിക്കുന്നില്ല. കാരണം അത് ജുഡീഷ്യല്‍ ഫാഷിസമാണ്.

    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, ജുഡീഷ്യല്‍ ഫാസിസം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക