ആഗോളീകരണദുരന്തത്തിന്റെ ആവിഷ്‌കാരം

സി. പി.

(ഷ്ംസ് ബാലുശ്ശേരിയുടെ കവിതയെ പറ്റി ഒരു ലഘുനിരൂപണം) ഗ്രാമത്തിലും നഗരത്തിലും വട്ടമിട്ടു പറക്കുന്ന വിഷക്കൊക്കുള്ള കഴുകനെ പറ്റി ആലോചിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ലാത്ത ദശാസന്ധിയിലൂടെയാണ് നാം കടന്നുപോവുന്നതെന്ന് ഓരോ വരിയിലൂടെയും ബോധ്യപ്പെടുത്തുകയാണ് ഷംസ് നമ്മെയെല്ലാം. ഗാന്ധിയെയും യേശുവിനെയും പറ്റി അപവാദങ്ങളൊന്നും നാം പറയുന്നില്ലെങ്കിലും നമുക്കെതിരായ നിരന്തരമായ ശകാരങ്ങളും ഭള്ളുകളുമുണ്ടെന്ന് ഷംസ് ഓര്‍മ്മിപ്പിക്കുന്നു. പ്രവാചകന്മാരെ ഇബ് ലീസുമാരാക്കുകയും ചെകുത്താന്മാരെ ദൈവമാക്കി വാഴിക്കുകയും ചെയ്യുന്ന, പ്രണയത്തെപോലും ഋഷഭതുല്യമായ കാമരുദ്രതയാക്കുന്ന പുതിയ കലാവിദ്യ ആഗോളീകരണകാലത്തിന്റെ ദാനമാണെന്ന് ഈ കവി പഴുപ്പിച്ചെടുത്ത ലോഹത്തുണ്ടുകള്‍ പോലുള്ള കുറിയവരികളില്‍ കുറിയ പദങ്ങളില്‍ കവി വായനക്കാരനെ അറിയിക്കുന്നു. സാഹിത്യം ഏറ്റവും വലിയ രാഷ്ട്രീയസര്‍ഗ്ഗാത്മകതയാക്കിമാറ്റുന്ന രാസവിദ്യ ഷംസിന് സ്വയം സിദ്ധമായ മാര്‍ഗ്ഗമാവണം. ഗാന്ധിക്ക്, ബാക്കിയായ യൂദാസിന്റെ കുപ്പായം മാത്രമേ നല്കാനുള്ളൂ കവിയുടെ കൈയില്‍. മിശിഹായുടെ രോളഭിനയിച്ച ആ വലിയ മനുഷ്യന്‍ അതുകൊണ്ട് കുപ്പായമണിയാതെ ആ വലിയ മനുഷ്യര്‍ക്കിടയില്‍ ഭിക്ഷാപാത്രവുമായി അലഞ്ഞു. ദണ്ഡിയില്‍ ഒരുതരിയുപ്പിനുവേണ്ടി ഉപ്പളത്തിലെ ജലം മുക്കിയെടുക്കുമ്പോള്‍ തന്റെ ശപ്തമായ ലബ്ധിയെ ഈ മനുഷ്യന്‍ ശപിച്ചിരുന്ിനിരിക്കുമോ? മഴയും മിന്നലുമായി അന്യോന്യം ലയിച്ചുനില്ക്കുന്ന കമിതാക്കളും ഈ വിപര്യയത്തിനു വിധിക്കപ്പെട്ടവരാണ്. രക്ഷിതാക്കളുടെ അശ്രദ്ധയില്‍ വിഹ്വലരായിരിക്കുമ്പോള്‍ തന്നെ അവര്‍ വിലയം പ്രാപിക്കുന്ന സൃഷ്ടിധര്‍മ്മത്തില്‍ പാപമോ പുണ്യോ അല്ല ഉള്ളത്, നമ്മെ രക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരുടെ അശ്രദ്ധയാണ്. പനിനീര്‍പൂവ് മനുഷ്യബോംബായി പരിണമിക്കുന്ന ആധുനിക ഇന്ത്യനവസ്ഥയെ കവി അവതരിപ്പിക്കുന്ന നിസ്സംഗതയാണ് ഏറ്റവും വലിയ കോമഡി. ആഗോളീകരണകാലത്തുമാത്രമല്ല എല്ലാ കാലത്തും കോമഡികളെല്ലാം ഏറ്റവും വലിയ ദുരന്തമായി മനുഷ്യന്ന് അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഡിവൈന്‍ കോമഡിയും(ദാന്തേ) ഹ്യൂമന്‍കോമഡിയും( വില്യം സരോയന്‍) ഒരുപോലെ ട്രാജഡിയായി പരിണമിച്ചത്. മനുഷ്യരാശിയുടെ മഹാദുരന്തമാണ് ഷംസ് കാച്ചിക്കുറുക്കി ഗുളികരൂപത്തില്‍ നമുക്ക് തരുന്നത്. അത് ഒരേ സമയം രോഗാവിഷ്‌കാരവും രോഗചികിത്സാനിര്‍ദ്ദേശവുമാണ്. അതുകൊണ്ടാണ്ഞാന്‍ വായിച്ച രാഷ്ട്രീയകവികളില്‍ ഒരപൂര്‍വ്വതയായി ഷംസ് നില്ക്കുന്നതായി എനിക്കനുഭവപ്പെടുന്നത്.

    

സി. പി. - Tags: Thanal Online, web magazine dedicated for poetry and literature സി. പി. , ആഗോളീകരണദുരന്തത്തിന്റെ ആവിഷ്‌കാരം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക