എഡിറ്റോറിയല്‍

എഡിറ്റര്‍

വാള്‍സ്ട്രീറ്റ് പിടിച്ചടക്കാനുള്ള സമരത്തില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ തൊഴിലാളികളും യുവാക്കളും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടും അവര്‍ക്ക് പിന്തുണയുമായി തൊഴിലാളികളും ബഹുജനങ്ങളും അണിനിരന്നു കഴിഞ്ഞു. ഗ്രീസിലും ഇതര യൂറോേപ്യന്‍ രാജ്യങ്ങളിലും മാത്രമല്ല, ഭൂഖണ്ഡങ്ങള്‍ നിറഞ്ഞ് പരക്കുന്ന വമ്പിച്ച മുന്നേറ്റമാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ചരിത്രം അവസാനിച്ചുവെന്ന് അവകാശപ്പെട്ട ചരിത്രകാരന്മാരും ദാര്‍ശനികരും ഏത് മാളത്തിലാണുള്ളതെംന്ന് നമുക്കിന്നറിയില്ല. ചരിത്രമവസാനിക്കുമ്പോള്‍ വര്‍ഗ്ഗസമരം അവസാനിക്കുമെന്ന വ്യാമോഹത്തിലാവണം അവരതു പറഞ്ഞിട്ടുണ്ടാവുക. അമേരിക്കയില്‍ റിപബ്ലിക്കന്‍ പണ്ഡിതന്മാര്‍ പരസ്യമായി പറഞ്ഞുതുടങ്ങിയിരിക്കുന്നു: ' ഇത് വര്‍ഗ്ഗസമരമാണ്' ഇല്ല, ചരിത്രം അവസാനിക്കുന്നില്ല. വര്‍ഗ്ഗസമരം ആരും ഉണ്ടാക്കുന്നതല്ല, ആര്‍ക്കുമത് ഇല്ലാതാക്കാന്‍ കഴിയുകയില്ല. സ്വകാര്യ സ്വത്ത് നിലവിലുള്ളേടത്തോളം വര്‍ഗ്ഗസമരമില്ലാതെ നിവൃത്തിയില്ല. ആദരണീയ വത്തിക്കാന്‍ ഭരണാധികാരികള്‍ മാര്‍ക്‌സ് എന്ന മഹാപാപിയുടെ ദാസ് ക്യാപിറ്റലിന് ഒരുപാട് ഓഡറുകള്‍ നല്കുന്നുവെന്ന് വാര്‍ത്തകള്‍ പറയുന്നു. ചരിത്രം അവസാനിച്ചിട്ടില്ലെന്ന് ആദരണീയ സഭയും അംഗീകരിക്കുന്നു. സാര്‍വദേശീയ തൊഴില്‍സംഘടന( ILO) 1980കളിലെ മുന്‍ഗണനകളില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കില്‍ തൊഴിലെടുക്കുന്നവരുടെ സ്ഥിതി പരിതാപകരമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്കുന്നു. ധനമൂലധനത്തിന്റെ കടന്നാക്രമണത്തില്‍ നമുക്ക് നഷ്ടമാവുന്നജീവിതവും ആകാശവും ഭൂമിയും വായുവും വെള്ളവും പുഴകളും മലകളും ഉദാരവത്കരണത്തിന്റെ ഫലമാണെന്ന് അവരെല്ലാം ഭംഗ്യന്തരേണസമ്മതിക്കുകയാണ്. പക്ഷേ, സാമ്രാജ്യത്വം അതിന്റെ ദുര അവസാനിപ്പിക്കുന്നില്ല സ്വന്തം നാട്ടിലെ ആറിലൊന്ന് ജനങ്ങള്‍ ദരിദ്രരാവുകയും ദാരിദ്ര്യരേഖയ്ക്ക് ചുവടെയാവുകയും ചെയ്യുമ്പോഴും, കുഞ്ഞുങ്ങളില്‍ അഞ്ചിലൊന്ന് പട്ടിണി കിടക്കുകയും ചെയ്യുമ്പോള്‍ അമേരിക്ക ഇസ്രായേലിനുവേണ്ടി കോടാനുകോടി ഡോളര്‍ ചെലവിടുകയും ലിബിയന്‍ നേതാവ് ഗദ്ദാഫിയെ വധിക്കാന്‍ കഴിഞ്ഞതില്‍ ആഹ്ലാദിക്കുകയുമാണ്. നമ്മുടെ മഹാഭാരതം അമേരിക്കയുടെ ചോല്പടിയില്‍ നിരന്തരവും ഭീമവുമായ അഴിമതിയുടേയും ദരിദ്രജനപീഡനത്തിന്റേയും പാതയില്‍ തന്നെയാണ്. (രണ്ട്) പാവം, എന്തു തെറ്റാണ് കേരളം ചെയ്തത്? അഴിമതിക്കാരും ക്രിമിനലുകളും മാത്രമടങ്ങുന്ന ഒരു സംഘം നമ്മുടെ ഭാര്‍ഗ്ഗവക്ഷേത്രം ഭരിക്കുന്ന ഈയവസ്ഥ നാമര്‍ഹിക്കുന്നതുതന്നെയോ? പണം വാങ്ങി വാര്‍ത്തനല്കുന്ന മാധ്യമങ്ങളെല്ലാം നമ്മുടെ അര്‍ഹതയാണ് ഈ സര്‍ക്കാറെന്ന് പറയുന്നു. അത്രമോശമോ കേരളം? വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താ ലയമെന്ന് വിളിച്ചത് ഝാതിപ്പോരിന്റെ പേരിലായിരുന്നു. പാമൊലിന്‍ മുതല്‍ ടൈറ്റാനിയം മാലിന്യസംസ്‌കരണം വരെ എത്രയെത്ര നാറുന്ന അഴിമതികളുടെ കഥകള്‍! കുറ്റവാളികളുടെ ഒരു പടതന്നെ ഈ ഭരണാധികാരികളിലുണ്ട്. ഒരു മനുഷ്യന്റെ മലദ്വാരത്തില്‍ പാരകുത്തിക്കയറ്റിയതിന്റേപേരില്‍ വലിയ പോലീസന്വേഷണം വേണ്ടിവന്ന സംസ്‌കാരം ഒരുപക്ഷേ നമ്മുടേത് മാത്രമായിരിക്കും. നമുക്കഭിമാനിക്കാം.

ഏറ്റവും അവസാനമായി, ചലച്ചിതക്രതാരമായ കേരളത്തിലെ ഒരു മന്ത്രി, ആദരണീയനായ സഖാവ് വി. എസ്. അച്ചുതാനന്ദനെ കാമഭ്രാന്തനെന്ന് വിളിച്ചാക്ഷേപിച്ചിരിക്കുന്നു. സംസ്ഥാനഭരണമുന്നണിയുടെ വിപ്പായ ജോര്‍ജ് മുന്‍ മന്ത്രി എ.കെ. ബാലനെ ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തിരിക്കുന്നു. കുറ്റകരമായ ഈ ചെയ്തികളെ കേരളീയസമൂഹം അംഗീകരിക്കുന്നില്ല. പ്രധാനരാഷ്ടട്രീയ പ്രശ്‌നങ്ങലില്‍ നിന്ന് ബഹുജനശ്രദ്ധ മാറ്റിക്കളയുവാനുള്ള ശ്രമമാണിതെന്ന് നാം തിരിച്ചറിയണം. യഥാര്‍ത്ഥരാഷ്ട്രീയപ്രശ്‌നങ്ങളുടെ ചര്‍ച്ചനടക്കാതിരിക്കാനുള്ള വലിയൊരു ഗൂഢാലോചനയാണിതെന്ന് കേരളം മനസ്സിലാക്കേണ്ടതുണ്ട്.
(മൂന്ന്) ഒക്ടോബറിന്റെ നഷ്ടങ്ങളെന്നപേരില്‍ ഞാന്‍ മുമ്പൊരു ലേഖനമെഴുതിയിരുന്നു. ഒക്ടോബറില്‍ നിര്യാതരായ വയലാര്‍, ചെറുകാട്, മുണ്ടശ്ശേരി എന്നിവരെ പറ്റിയായിരുന്നു ആ രചന. എന്‍. വി. കൃഷ്ണവാരിയരുള്‍പ്പെടെ മറ്റനേകം പേര്‍ അന്തരിച്ചതും ഒക്ടോബറില്‍ തന്നെ. ഈ ഒക്ടോബറിലിതാ കാക്കനാടനും മുല്ലനേഴിയും നമ്മെ വിട്ടു പോയിരിക്കുന്നു. പ്രാര്‍ത്ഥിക്കട്ടെ, മരണമവസാനമാകരുതേ. മരണമവസാനമല്ലെന്നു കരുതുവാന്‍ വല്ലാത്ത വല്ലാത്ത മോഹം ഒരുപാട് ജന്മതിക്തങ്ങളിലൂടെയാ- ണിവിടെ വന്നെത്തിയെന്നാലും പക്ഷേ, അറിഞ്ഞേടത്തോളം മരണം അവസാനം തന്നെ. പക്ഷേ ഈ മഹാത്മാക്കളുടെ രചനകളിലൂടെ അവര്‍ജീവിക്കും, തീര്‍ച്ച. എന്റെ പ്രയിഗായകന്‍ ജഗദ്ജിത്ത് സിന്ധു ഈ ഒക്ടോബറില്‍ നിര്യാതനായിരിക്കുന്നു. സൗഹൃദത്തിനും മാനവികമായ ആര്‍ദ്രതയ്ക്കും വേണ്ടിയുള്ള സാംഗീതസാന്ദ്രമായ അര്‍ത്ഥനയായിരുന്നു ജഗജിത്തിന്റെ ഗാനങ്ങള്‍ ഗസലിനും കവിതയ്ക്കുമിടയില്‍, സംഗീതത്തിനും ദര്‍ശനത്തിനുമിടയില്‍ തേങ്ങുന്ന നാദമായിരുന്നു ജഗജിത്തിന്റേത്. പങ്കജ്ഉദ്ദാസ്, തലത്ത് അസീസ് , ഗുലാം അലി, മെഹ്ദി ഹസന്‍ എന്നിവര്‍ക്കൊപ്പം സമശീര്‍ഷനായി പാടി മഹാപ്രതിഭയാണ് പൊലിഞ്ഞുപോയിരിക്കുന്നത്. അദ്ദേഹത്തെ സ്മരണയില്‍ നമുക്ക് അ ല്പനേരം മൗനമാചരിക്കാം.

    

എഡിറ്റര്‍ - Tags: Thanal Online, web magazine dedicated for poetry and literature എഡിറ്റര്‍ , എഡിറ്റോറിയല്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക