ഇരുളാഴങ്ങളില്‍

ഷഹീര്‍ കുഞ്ഞപ്പ

പ്രിയനേ...
പതിയെ നിലത്തൂർന്നു വീണ
നിഴൽത്തുരുത്തിലൊന്നിൽ
നീയും ഞാനും
അപരിചിതരല്ലാതായിത്തീരാം.
നെടുകെ പിളർത്തിയ
ഒരൊറ്റ രാത്രിയുടെ
സ്നേഹസമ്പന്നതക്ക്‌
ഒരു ജീവിതം പകരം തരാം.
ഇരുളാഴങ്ങളില്‍
ഒരു കല്‍ചിരാതെങ്കിലും
കൊളുത്തി വെക്കാം.
മൃഗീയമായ ലജ്ജക്കൊപ്പം
കിതക്കുന്ന മൌനത്തിന്‌
രാത്രിയുടെ മൂന്നം യാമത്തില്‍
അച്ചാരമൊരുക്കാം.
മേല്‍ച്ചുണ്ടിലെ വിയര്‍പ്പില്‍
കാമിച്ചു തളര്‍ന്ന
നിണ്റ്റെ വാക്കുകളെ
ഞാന്‍ തലോടിയുറക്കാം.

പുലരാനായി മാത്രം
രാത്രികള്‍ ഇരുളാതിരുന്നെങ്കില്‍,
നാട്യമില്ലാത്തയീ നാണത്തിന്‌
നിണ്റ്റെ വിരലുകള്‍
വില പറയാതിരുന്നെങ്കില്‍,
നിണ്റ്റെ നിര്‍വ്രിതിയിലുരഞ്ഞ്‌
ഞാനില്ലാതാവുമ്പോള്‍,
എനിക്കന്ന്യമാവുന്ന
പുലരിയിലേക്കൊരു ജാലകം
പാതിയെങ്കിലും തുറന്നു വെക്കാന്‍
‍നീ.. മറക്കാതിരിക്കുക..!!!

    

ഷഹീര്‍ കുഞ്ഞപ്പ - Tags: Thanal Online, web magazine dedicated for poetry and literature ഷഹീര്‍ കുഞ്ഞപ്പ , ഇരുളാഴങ്ങളില്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക