ജിഹാദ്

ഡോ. ബിജു അബ്രഹാം.

ഗോലാന്‍ കുന്നിന് മുകളില്‍
ഇസ്രയേല്‍ കുഴിച്ചു മൂടിയ
അസ്ഥികൂടത്തിന് വിശക്കുന്നു

വായും .. വയറുമില്ല
എന്നിട്ടും
അടക്കാനാകാത്ത വിശപ്പ്‌.....

വെടിയുണ്ട പിളര്‍ത്തിയ
ഹൃദയത്തില്‍ നിന്നും
ചീറ്റിതെറിച്ച ചുടുചോരയുടെ
മതം തിരഞ്ഞിളിഭ്യനായ
ഒരു ജിഹാദി കാട് കയറുന്നു
...

ഏഴു കടലുകള്‍ക്കപ്പുറത്തു
വെളുത്ത ബംഗ്ലാവില്‍
ഒരു കറുത്ത മനുഷ്യന്‍
ഉണര്‍ന്നിരിക്കുന്നു

നിശബ്ധമായോഴുകുന്ന ട്രൈഗ്രീസിന്റെ
ഓളപരപ്പുകള്‍ക്ക് മുകളില്‍
ഒരു അറവുകാരന്‍ ചിരിക്കുന്നു

അഫ്ഗ്ഗാന്‍റെ ദുരിതങ്ങള്‍ക്കുമേല്‍
ഒരു കടല്‍ കഴുകന്‍ താഴ്ന്നു പറക്കുന്നു
ചുവന്ന ചിറകില്‍ നിന്നും
സാന്ത്വനത്തിന്‍റെ ഒരു തൂവല്‍
പോഴിച്ചകലുന്നു
മരണം......വിറങ്ങലിച്ചു നില്‍ക്കുന്നു

ലങ്കയില്‍ അടിയറവുപറഞ്ഞ
ചാവേറിന്‍റെ തമിഴ് വീര്യം
ഉഷ്ണചാലുകളിലുറയുന്നു

അശാന്തിയുടെ എട്ടുകാലികള്‍
വലപിരിച്ചു
ആത്മാവിനെ കുടുക്കുമ്പോള്‍

വിശ്വാസത്തിന്‍റെ ആലകളിലും
മതതത്വങ്ങളുടെ മൌനങ്ങളിലും
സഹോദര്യത്തിന്‍റെ സഹനങ്ങളിലും
ഞാന്‍ പാകിയ മൈനുകള്‍
പൊട്ടിത്തെറിക്കുന്ന നിമിഷം
എന്നിലെ ജിഹാദിയെ
ദൈവം.......
.... സ്വര്‍ഗത്തിലെക്കുയര്‍ത്തുമോ ?

    

ഡോ. ബിജു അബ്രഹാം. - Tags: Thanal Online, web magazine dedicated for poetry and literature ഡോ. ബിജു അബ്രഹാം. , ജിഹാദ്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക