ആ മരം ഈ മരം

ധന്യാദാസ്

മരത്തെക്കുറിച്ചുതന്നെ പറയുമ്പോള്‍ 
മറ്റൊന്നും വിചാരിക്കരുത്.
പിന്നാമ്പുറങ്ങളിലേക്ക് വേരുകളിറങ്ങി
മരമായിത്തീരുമോ എന്ന
സംശയം കൊണ്ടാണ്.


വളരെവളരെപ്പതുക്കെയാണത്.
ഓരോ ദിവസവും
ഓരോ നാരുകള്‍ മാത്രമുണ്ടായി
ഒട്ടുമറിയിക്കാതെ.


കഴുത്തിന്റെ നിറത്തിലേക്കും കനത്തിലേക്കും
ശരീരം ഒഴുകിയിറങ്ങി.
കൈകള്‍
രണ്ടു മുഴുച്ചില്ലകളെയും
പത്തു ചെറുചില്ലകളെയും പ്രസവിച്ചു.


ചുവട്ടില്‍
ഒന്നിരിക്കാന്‍ പാകത്തില്‍ തണലുമായി.
ഉമ്മറത്തേക്കോടിപ്പോകുന്ന തിളച്ച വെള്ളം
ഇടയ്ക്കിടെ കാല്‍ തെറ്റി വീഴും -
ചുവട്ടില്‍ത്തന്നെ.


നേരത്തോടു നേരം തിളച്ചുതന്നെ കിടക്കുമത്.
പറന്നുയരാനോ 
നനഞ്ഞിറങ്ങാനോ ആവാതെ.


എന്നിട്ടും 
അതേ ചൂടിന്റെ ഞരമ്പുകളോടി 
പൂവെന്നു തോന്നിക്കുമൊരു ചുവന്നയില.
കണ്ണുകള്‍ക്ക്‌
ഇത്



പൊ
ഴി
യും
കാ
ലം.

    

ധന്യാദാസ് - ധന്യാദാസ്  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature ധന്യാദാസ്, ആ മരം ഈ മരം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക