തെരേസയുടെ ചുണ്ടുകള്‍

ഹരിശങ്കര്‍ കര്‍ത്താ

ഹാ തെരേസാ,
നിന്റെ വിളര്‍ത്ത മുഖത്തിത്ര തുടുത്ത ചുണ്ടുകള്‍
എങ്ങനെ
യെങ്ങനെ പൂവിട്ടു എന്ന് പറയുമോ?
അണയാറായ ദീപങ്ങള്‍ = നിന്റെ കണ്ണുകള്‍
കാറ്റുലച്ച തുറു = നിന്റെ കേശഭാരം
പക്ഷെ നിന്റെ ചുണ്ടുകള്‍- ഹാ തെരേസാ
എനിക്കറിയാം നിനക്കറിയില്ലെന്ന്- അവയെത്ര
യെത്ര
സുന്ദരമെന്ന്.

നീ വികാരവതിയായി തലയിണയില്‍ അമര്‍ത്തി
യമര്‍ത്തി
ചുംബിക്കുവാറുണ്ടോ?
മദഗന്ധിയായ മീഠാപാന്‍ നുണയുവാറുണ്ടോ?

കവിത കിനിയുന്ന നാവിനാല്‍ എപ്പൊഴു
മെപ്പൊഴും ചുണ്ടുകളെ തഴുകാറുണ്ടോ?
ആശകള്‍-നിരാശകള്‍
ചുണ്ടുകളില്‍ കടിച്ചമര്‍ത്താറുണ്ടോ?

എന്തുമാകട്ടെയെന്റെ കല്പനകൾ...
എന്തുമാകട്ടെ യാഥാര്‍ത്ഥ്യം...

എന്റെ സുന്ദരിയല്ലാത്ത കൂട്ടുകാരീ
നിന്റെ ചുണ്ടുകള്‍ കിനാവുകളുടെ സൌന്‌ദര്യമാണ്‌.
നീ സുന്ദരിയെന്നറിയപ്പെടാത്തതു മൂലം...
(അങ്ങനെ അറിയെപ്പെടാന്‍ ഒരു ഉപായം പോലുമില്ലെന്ന്
ചിരിച്ചുകൊണ്ട്‌ മനസിലാക്കുക കുഞ്ഞേ)
അതു കൊണ്ടത്‌ കൊണ്ട്‌ മാത്രം തെരേസാ,
നിന്റെ ചുണ്ടുകളുടെ സൌന്‌ദര്യം ആരുമാരും
അറിയുന്നില്ല-

പക്ഷെ തെരേസാ
നിന്റെയീ കൂട്ടുകാരന്‍ അതെപറ്റി
നീലമഷികൊണ്ടെഴുതിയിരിക്കുന്നു.

അപ്പോഴതാണ്‌ പെണ്ണെ-
യതിന്റെയൊരുയിത്‌

    

ഹരിശങ്കര്‍ കര്‍ത്താ - Tags: Thanal Online, web magazine dedicated for poetry and literature ഹരിശങ്കര്‍ കര്‍ത്താ, തെരേസയുടെ ചുണ്ടുകള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക