എന്തരോ മഹാനുഭാവലു...

മേരിലില്ലി

"കാലം നിന്നില്‍ സ്തംഭിച്ചു നില്‍ക്കും.ജന്മസിദ്ധവും ജീവിതാര്‍ജിതവുമായ വാസനകളും സംസ്കാരങ്ങളും കരിഞ്ഞു ചാമ്പലാകും. അപ്പോള്‍ ഭൂതകാലം നിന്നില്‍ ഒരു ജഡസ്മൃതി മാത്രവും. അവ നിന്നെ പുതിയ കര്‍മ്മങ്ങളിലേക്ക് നയിക്കാതേ ശക്തി ക്ഷയിച്ചു നില്‍ക്കും. പ്രതീക്ഷകളോ ഉള്‍ക്കണ്ഠകളോ ഇല്ലാത്ത അവസ്ഥയില്‍ ഭാവി എന്നൊന്നില്ല. ഭൂതഭാവികളില്‍ നിന്നു വിമുക്തമായ നിന്‍റെ ബോധമണ്ഡലം സമസ്വച്ഛത പുല്‍കും. അപ്പോള്‍ നീ കാലത്തെ ജയിച്ചവനാകും. കാലം മരണമാണ്. 

കാലത്തെ, കാലനെ ജയിച്ചു നില്‍ക്കുന്ന അവസ്ഥയാണ് അമൃതത്വം. അമൃതം ഗമയ എന്ന പ്രാര്‍ത്ഥന അങ്ങനെ നിന്നില്‍ ഫലപൂര്‍ത്തിയടയും. നിന്‍റെ എല്ലാ ചലനങ്ങളുടെയും പിന്നിലുള്ള പ്രേരകശക്തി ഒന്നുമാത്രമാവും; സ്നേഹം ആരോടാണെന്നും എന്തിനെന്നും പറയാനാവാത്ത സ്നേഹം- അതാണ്‌ സന്യാസം." - തന്നെ സന്യാസിയാക്കണമെന്നു ആവശ്യപ്പെട്ടു എത്തിയ സംഗീത ചക്രവര്‍ത്തിയായ  ത്യാഗരാജ ഭാഗവതോട് കൃഷ്ണാനന്ദ സ്വാമിജി പറഞ്ഞ വാക്കുകളാണ് മുകളില്‍ ഉദ്ധരിച്ചത്. 

സ്നേഹം ആരോടും എന്തിനോടെന്നും പറയാനാവാത്ത സ്നേഹം- ആ ഒരവസ്ഥയിലേക്കു എത്താന്‍ ഒരാള്‍ക്ക് എത്ര വര്‍ഷങ്ങള്‍ വേണ്ടി വരും? 

എന്തരോ മഹാനുഭാവലു....

എത്രയെത്ര മഹാനുഭാവന്മാരുണ്ടോ അവര്‍ക്കെല്ലാം വന്ദനം എന്ന് പാടിയ മഹാ ഗായകനായ ത്യാഗരാജ ഭാഗവതര്‍ക്കും അതിനേറെ കാലം വേണ്ടി വന്നു. സംഗീതമല്ലാത്ത മറ്റൊന്നും ശീലിച്ചിട്ടില്ലാത്ത ഒരു ഭാരദ്വാജീയ കുടുംബത്തിലാണ് ത്യാഗരാജന്‍ ജനിക്കുന്നത്. അച്ഛന്‍ രാമബ്രഹ്മനു ഭാഗവതവൃത്തിയായിരുന്നു തൊഴില്‍. അന്നത്തെ കാലത്ത് ഭാഗവതര്‍ എന്ന വാക്കിന്റെ അര്‍ഥം ഭഗവദ് കീര്‍ത്തനങ്ങള്‍ പാടി നടക്കുന്നവന്‍ എന്നാണ്. അദ്ദേഹം പാടി നടന്ന രാമായണ പ്രവചനങ്ങള്‍ ജനങ്ങള്‍ക്ക്‌ ഏറെ ഇഷ്ടപ്പെട്ടിരുന്നു. വാത്മീകിയുടെ കാവ്യം കാലക്ഷേപ രീതിയില്‍ കഥയും സംഗീതവും കലര്‍ത്തി പാടിയും പറഞ്ഞും നടന്ന അദ്ദേഹം തഞ്ചാവൂരിലെ മഹാരാജാവിന്റെ പ്രീതിക്ക് പാത്രമായി. എങ്കിലും അദ്ദേഹം തിരുവയ്യാറിലേക്ക് താമസം മാറിയാല്‍ കൊള്ളാമെന്നു രാജാവിനെ അറിയിച്ചത് മക്കളുടെ വിദ്യാഭ്യാസത്തെ കരുതിയാണ്.

രാജാവ് അദ്ദേഹത്തിനു കാവേരിയുടെ തീരത്ത്‌ ഒരു വേലി നിലവും വീടും പതിച്ചു നല്‍കി. പക്ഷെ

ജ്യോതിഷവും പൗരോഹിത്യവും മന്ത്രവാദവും കൃഷിപ്പണിയും കൂട്ടത്തില്‍ പഠിപ്പിക്കലും കൊണ്ടു നടക്കുന്ന തിരുവയ്യാറിലെ അധ്യാപകന്റെ അടുത്ത് മകനെ പഠിപ്പിക്കാന്‍ ആ അച്ഛന് മനസ്സ് വന്നില്ല.

തന്റെ മകനെ പഠിപ്പിക്കാനുള്ള ഭാരം അച്ഛന്‍ തന്നെ ഏറ്റെടുത്തു. മാതൃഭാഷയായ തെലുങ്കില്‍ അക്ഷരമാല പഠിപ്പിച്ചു. കൂട്ടത്തില്‍ അമ്മ പുരന്ദര ദാസന്റെയും ഭദ്രാചലം രാമദാസന്റെയും ജയദേവന്റെയും കൃതികളിലേക്ക്‌ ത്യാഗരാജനെ കൈപിടിച്ചാനയിച്ചു. അഞ്ചു വര്‍ഷം വീട്ടിലിരുത്തി പഠിപ്പിച്ച ശേഷം അച്ഛന്‍ മകനെ സംസ്കൃത വിദ്യാപീഠത്തില്‍ ചേര്‍ത്തപ്പോള്‍ സംസ്കൃത പഠനമല്ല സംഗീതാഭ്യാസമാണ് മകന് വേണ്ടതെന്നു അമ്മ തര്‍ക്കിച്ചു. 

വിധിയുടെ വഴിയെ ത്യാഗരാജന്‍ സംഗീതം പഠിച്ചു. പുതിയ പുതിയ രാഗസ്പന്ദ നങ്ങളാല്‍ വീട് മുഖരിതമായി. ഇടയ്ക്കിടെ ഗുരുവിന്റെ കൂടെ കച്ചേരിയില്‍ പങ്കെടുക്കും. അമ്മമ്മാര്‍ കൊച്ചുകുട്ടികളെ ത്യാഗരാജന്റെ അടുത്തേക്ക്‌ കൊണ്ടു വരാന്‍ തുടങ്ങി. ത്യാഗരാജന്റെ സമപ്രായക്കാരും കുട്ടികളും പാടാനും പാട്ട് കേള്‍ക്കാനും വീട്ടിലേക്കു വന്നു തുടങ്ങി. നാട്ടിലെങ്ങും പ്രശസ്തി. ഇതിനിടയിലാണ് വിവാഹം.

സംഗീതം അഭ്യസിക്കാന്‍ വരുന്ന കുട്ടികളില്‍ നിന്നു പോലും പ്രതിഫലം വാങ്ങാതിരിക്കുന്ന ത്യാഗരാജന്റെ കൂടെ മാതാപിതാക്കളുടെ മരണശേഷം ജീവിക്കാന്‍ മുതിര്‍ന്ന സഹോദരന്‍ തയ്യാറാവുന്നില്ല. അദ്ദേഹം കൃഷി ഭൂമി സ്വന്തമാക്കി സ്വത്ത് ഭാഗിച്ചു. ഭജനകൂടവും വീടിന്റെ വരാന്തയുടെ ഒരു ഭാഗവും മാത്രം ത്യാഗരാജന്. സംഗീതമല്ലാതെ ഒന്നും അറിയില്ല. പഠിപ്പിക്കുന്നതിന് പണം വാങ്ങുന്ന പതിവുമില്ല. തഞ്ചാവൂരിലെ രാജകൊട്ടാരത്തിലെ ഖജനാവ് കാലിയായ കാലവുമായിരുന്നു. കലയെയും കലാകാരനെയും സംരക്ഷിക്കാനുള്ള ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാവുന്ന ഒരു സമൂഹം രൂപപ്പെട്ടിരുന്നുമില്ല.

സ്വാഭാവികമായും സംഗീതമല്ലാതെ മറ്റൊന്നും സ്വായത്തമാല്ലാതിരുന്ന ത്യാഗരാജന്റെ കുടുംബത്തില്‍ ദാരിദ്യം കുടിയേറി. സംഗീതം സൗജന്യമായി അനുഭവിക്കാനുള്ളതാണെന്നു കരുതുന്ന ഒരു സമൂഹത്തില്‍ ജീവിച്ചിട്ടും ഏതാനും രാത്രികളില്‍ അടുപ്പിച്ചു അത്താഴപ്പട്ടിണി കിടക്കേണ്ടി വന്നപ്പോള്‍ കൈകളില്‍ തംബുരുവും ചപ്ലാക്കട്ടയും നെഞ്ചില്‍ തീക്കനലും ചുണ്ടില്‍ പാട്ടുമായി അദ്ദേഹം തെരുവിലേക്കിറങ്ങി ചെന്നു, ഭിക്ഷ യാചിക്കാനായി. ആളുകള്‍ ആ ഭിക്ഷാടനം അതിശയത്തോടെ നോക്കി നിന്നതേയുള്ളൂ. സങ്കീര്‍ത്തനങ്ങള്‍ നിറയെ പാടിയിട്ടും കൈയില്‍ ഒന്നും കിട്ടാതെ പരാജിതനായി അദ്ദേഹത്തിന് വീട്ടില്‍ തിരിച്ചെത്തേണ്ടി വന്നു. 

അങ്ങനെ എത്രയോ ദിവസങ്ങള്‍. അതല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു. പിന്നീട് വീട്ടമ്മമാര്‍ തോളിലിട്ടിരുന്ന സഞ്ചിയിലേക്ക് പിടിയരി പകര്‍ന്നു നല്‍കാന്‍ തുടങ്ങി. അങ്ങനെ ഒരുപാട് നാളുകള്‍ കടന്നു പോയി ആ സംഗീത ചക്രവര്‍ത്തിയുടെ ജീവിതത്തിലൂടെ. സംഗീതത്തിന്റെ ഉച്ചകോടിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ഇങ്ങനെ എന്തെന്തു അനുഭവങ്ങള്‍. 

അത്തരം നാളുകള്‍ മതിയായിരുന്നു കൃഷ്ണാനന്ദ സ്വാമികള്‍ പറഞ്ഞ അവസ്ഥയിലേക്ക് ഒരു മനുഷ്യനെ എത്തിക്കാന്‍. അല്ലാതെ ചടങ്ങുകള്‍ക്കോ കര്‍മ്മങ്ങള്‍ക്കോ അവിടെ സ്ഥാനമില്ല. ഇത്തരം അവസ്ഥകളാണ് അനന്തമായ കടലെന്ന് തോന്നുന്ന സംഗീതം ഒരു കുമ്പിള്‍ തീര്‍ഥജലം മാത്രമാണെന്ന തിരിച്ചറിവിലേക്ക് ഒരാളെ കൊണ്ടു പോവുക. 

    

മേരിലില്ലി - Tags: Thanal Online, web magazine dedicated for poetry and literature മേരിലില്ലി, എന്തരോ മഹാനുഭാവലു...
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക