ജനാധിപത്യവും മതാധിപത്യവും

യൂനുസ് വളപ്പില്‍

ജനാധിപത്യത്തിന്റെ പ്രാണവായു ആണ് മതേതരത്വം. അതേസമയം മതേതരത്വം ഒരു സമൂഹത്തിന്റെ സംസ്കാരം ആവുമ്പോള്‍ മതാധിപത്യതിന്റെ നിലനില്‍പ്പ്‌ അസാധ്യം ആവുന്നു. മതേതരത്വ സംസ്കാരം തകര്‍ത്ത് കൊണ്ടല്ലാതെ സകലമാന ജീവിത മേഘലകളിലും ദൈവത്തിന്റെ കല്പനകളുടെ ആധിപത്യം ഉദ്ദേശിക്കുന്ന മതാധിപത്യം പച്ചപിടിക്കില്ല.

ദൈവം എല്ലാറ്റിലും പൂര്ന്നന്‍ ആണെന്നാണ് ദൈവ വിശ്വാസികള്‍ പ്രത്യകിച്ചും മനുഷ്യന്റെ ഭൌതിക ജീവിതത്തില്‍ മതാധിപത്യം വേണമെന്ന് വാദിക്കുന്നവര്‍ വിശ്വസിക്കുന്നത്. പുരാണ കഥകളില്‍ അല്ലാതെ യഥാര്‍ത്ഥ ജീവിതത്തില്‍ ദൈവം ഭൂമിയില്‍ ഇറങ്ങി വന്നു മനുഷ്യന്റെ ഭരണം ഏറ്റെടുക്കുക എന്ന മായാജാലം സംഭവിക്കില്ല.

അപ്പോള്‍ എന്നും അറിവിലും കഴിവിലും പൂര്‍ണത തേടുന്ന അപൂര്‍ണ്ണ ബിന്ദുക്കള്‍ ആയി തുടരുന്ന മനുഷ്യന്‍ തന്നെ വേണം, മതാധിപത്യം ഉദ്ദേശിക്കുന്ന ദൈവത്തിന്റെ ഭരണം ഭൂമിയില്‍ നടത്തുവാന്‍. മാത്രമല്ല മനുഷ്യന്റെ അറിവും കഴിവും ഏത് വിഷയത്തില്‍ ആയാലും പ്രതിജന ഭിന്നമാണ്. തെറ്റും തിരുത്തലും ഒക്കെ മനുഷ്യ സഹാജവുമാണ്. ചുരുക്കത്തില്‍ മതത്തിന്റെ ആധികാരിക വാക്താക്കള്‍ അല്ലെങ്കില്‍ മുല്ലമാര്‍ സ്വന്തം ബോധ്യത്തിനനുസരിച്ചു വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയുയ്ന്ന വിധികളും വിലക്കുകളും അനുസരിച്ച് ജനസമൂഹം അവരുടെ ജീവിതത്തെ ഒതുക്കിയെടുക്കക എന്ന ഏകാധിപത്യം ആണ് മതാധിപത്യത്തില്‍ സംഭവിക്കുക.

മതവിശ്വാസി ഉള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങളും ഏതൊരു വിഷയത്തെയും വിലയിരുത്തുന്നതും വിമര്‍ശിക്കുന്നതും സ്വന്തം അറിവിന്റെ പരിമിതിയില്‍ നിന്നുകൊണ്ടാണ്. അറിവിന്റെ അവസാന വാക്ക്‌ എന്ന് പറയാവുന്ന ഒരു വ്യക്തിയും ഇന്നലെകളില്ല. ഇന്നും ഇല്ല. കാരണം അറിവ് എന്നത് ഏത് ശാഖയിലും നിരന്തരം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസം ആണ്. ഇന്ന് മനുഷ്യസമൂഹം കലാന്തരങ്ങളിലൂടെ ആര്‍ജിച്ചെടുത്ത അറിവിന്റെ സഞ്ചയം ഒരു വ്യക്തിക്കും സ്വന്തം ജീവിത കാണ്ഡത്തില്‍ എത്തിപിടിക്കുവാന്‍ സാധിക്കുന്ന ഒന്നല്ല. അറിവ് എന്നത് നോക്കെത്താത്ത ഒരു സാഗരം ആണ്.

ഏത് വിഷയത്തെ കുറിച്ചും വിമര്‍ശനവും പ്രതിവിമര്‍ശനവും സാധ്യമാക്കുന്നു ജനാധിപത്യം. അതേസമയം സ്വന്തം മതവിമര്‍ശനത്തെ കടുത്ത അസഹിഷ്ണതയോടെ കാണുന്ന മതാധിപത്യം, സ്വതന്ത്ര ചിന്തക്ക് നേരെ വിശ്വാസത്തിന്റെ
വാള്‍ ഒങ്ങുന്നു. വിശ്വാസികളെയും അവിശ്വസികളെയും ഒരു പോലെ കാണുന്നില്ല മതാധിപത്യ ഭരണകൂടം. അന്യമത വിശ്വാസികള്‍ക്ക് ആചാരത്തിലും അനുഷ്ടാനത്തിലും പ്രചാരണത്തിലും പ്രഘോഷണം നടത്തുന്നതിലും തുല്യമായ അവകാശങ്ങള്‍ അവര്‍ നല്‍കുന്നില്ല. വിശ്വാസത്തിന്റെ അതിരുകള്‍ ഇല്ലാത്ത സ്വതന്ത്ര സംവാദം അവിടെ അസാധ്യം ആണ്.

മതനിരപേക്ഷ സംസ്കാരം ഇല്ലാത്ത വിശ്വാസികളാല്‍ നിയന്ത്രിക്കപ്പെടുന്ന മതാധിപത്യ ഭരണത്തില്‍, സങ്കുചിത സമീപനം അതിന്റെ അടയാളം ആണ്. വിശ്വാസികള്‍ പരലോക ജീവിതത്തില്‍ പരിഗണിക്കപ്പെടും എന്ന് കരുതുന്ന, മനുഷ്യന്റെ കര്‍മ്മത്തിന്റെ പാപവും പുണ്യവും എല്ലാം സ്വന്തം മതത്തിന്റെ ഇടുങ്ങിയ കണ്ണുകളിലൂടെയാണ് അവന്‍ നോക്കികാണുന്നത്. അതുകൊണ്ടാണ് ദുരിതവും മാരക രോഗങ്ങളും പേറുന്ന മനുഷ്യന്റെ സേവനത്തിനു വേണ്ടി സമര്‍പ്പിത ജീവിതം നയിച്ച്‌ ചരിത്രത്തില്‍ ഇടംനേടിയ ഫാദര്‍ ഡാമിയനും മതെര്‍ തെരേസയും തന്റെ മതത്തില്‍ വിശ്വസിക്കുന്നവര്‍ അല്ല എന്നത് കൊണ്ട്, അവര്‍ക്ക്‌ സ്വര്‍ഗ്ഗം ലഭിക്കില്ല എന്ന് ഒരു അന്യമത വിശ്വാസി കരുതുന്നത്.

ഇവിടെ ഒരു കാര്യം അടിവരയിട്ടു പറയട്ടെ. മനുഷ്യന്റെ ജീവിതത്തിന്റെ സര്‍വ മേഖലകളിലും മതാധിപത്യം ലക്‌ഷ്യം വെക്കുന്ന മതമൌലിക പ്രസ്ഥാനങ്ങള്‍ക്ക് ഒരിക്കലും മതേതര സംസ്കാരത്തിന്റെയും തുറന്ന സംവാദത്തിന്റെയും ആകാശങ്ങള്‍ ഉള്ള ജനാധിപത്യത്തിന്റെ വാക്താക്കള്‍ ആവുക സാധ്യമല്ല. അത്തരം ഒരു അവകാശ വാദം ആരെങ്കിലും ഉന്നയിക്കുന്നുവെങ്കില്‍ ശുദ്ധ ഭോഷ്ക്കാന്നു.

നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തെ ജനാധിപത്യം ബൂര്‍ഷ്വാ ജനാധിപത്യം ആണ്. സമ്പന്ന കുത്തകകളുടെയും ഫയൂടല്‍ ഭൂവുടമകളുടെയും മേധാവിത്വവും അനര്‍ഹമായ അവകാശങ്ങളും നിലനില്‍ക്കുന്ന, ചൂഷവര്‍ഗ്ഗ താല്പര്യം ഉറപ്പുവരുത്തുന്ന വര്‍ഗ്ഗ സമൂഹത്തിലെ അപക്വമായ ജനാധിപത്യം ആണ് നമ്മുടെ രാജ്യത്ത്‌ ഇന്ന് നിലനിക്കുന്നത്. അത് ഒരിക്കലും എല്ലാ ജനവിഭാഗങ്ങളുടെയും അന്തസ്സും അവകാശവും ക്ഷേമവും ഉറപ്പു വരുത്തുവാന്‍ ഉതകുന്നതല്ല.

ജനാധിപത്യം എന്നത് ലളിതമായ വാക്കില്‍ യാതൊരു പ്രത്യേകമായ ക്ലോസും ഇല്ലാത്ത അതായത്‌ അതിരുകളും കള്ളികളും ഇല്ലാത്ത ജനതയുടെ ആധിപത്യം ആണ്. അത് പൂര്‍ണ്ണ അര്ത്ഥ്ത്തില്‍ സ്വാര്തകമാവുക അന്തസ്സിലും അവകാശത്തിലും നമ്മള്‍ ഒന്ന് എന്ന മഹത്തായ ചിന്ത ഒരു സമൂഹത്തില്‍ ഉണ്ടാവുമ്പോള്‍ ആണ്. അവിടെ ജാതി മത ലിംഗ വര്‍ഗ്ഗ ഭേദങ്ങള്‍ ഒന്നും ഉണ്ടാവാന്‍ പാടില്ല.

ജനാധിപത്യത്തിന്റെ ചാലക ശക്തി മനുഷ്യന്റെ സാമൂഹികമായ പ്രതിബദ്ധതയായിരിക്കണം. ജനങ്ങളുടെ അവകാശ ബോധവും, സ്വതന്ത്ര ചിന്തയും സാമൂഹികമായ കടപ്പാടും തുറന്ന ആശയ സംവാദങ്ങളും ആയിരിക്കണം ജനാധിപത്യത്തിന്റെ സഞ്ചാരവഴി. സങ്കുചിത ചിന്ത ജനാധിപത്യ സംസ്കാരത്തിന് അന്യമാണ്. സമൂഹത്തിന്റെ ഭദ്രതയും ഒരുമയും ലക്‌ഷ്യം ആക്കിയുള്ള തുറന്ന സംവാദം സാധ്യമാക്കുന്നു യഥാര്‍ത്ഥ ജനാധിപത്യം.

    

യൂനുസ് വളപ്പില്‍ - Tags: Thanal Online, web magazine dedicated for poetry and literature യൂനുസ് വളപ്പില്‍, ജനാധിപത്യവും മതാധിപത്യവും
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക