നിന്നിലവസാനിക്കുന്നത്..

ധന്യാദാസ്

ഈ ജനലഴിയില്‍
‍മുഖം ചേര്‍ത്താണ്
നിലാവു പൊഴിച്ചിട്ട 
മണൽച്ചിത്രങ്ങളില്‍
നീ തെളിയുന്നതുംനോക്കി
ഇരുളിനൊപ്പംനിന്നത് 

ആകാശത്തിലേക്ക്
പടര്‍ന്നുകയറിയ
മുല്ലവള്ളിയിലാണ്
നിനവുകളുടെ കരിമൊട്ടുകള്‍
വിടരാന്‍ വെച്ചത്

മേൽക്കൂരയിലേക്ക്
ചാഞ്ഞുകിടന്ന
കിളിമരച്ചില്ലയില്‍
നീലവരകള്‍ കൊണ്ടൊരു
കൂടൊരുക്കിയിരുന്നു
നീയുണര്‍ത്തിയ
നെടുവീർപ്പുകള്‍ക്കും
നിശ്വാസങ്ങള്‍ക്കും
പുണര്‍ന്നുറങ്ങാന്‍..


മച്ചിലെ ചിലന്തിവലയില്‍
കുരുങ്ങിക്കിടപ്പുണ്ട്
നിന്നോടു പറയാതെ
ഇന്നോളമൊതുക്കിയ
വാക്കുകളത്രയും..


ചുവരിലെ പഴയ ക്ലോക്ക്
ഒടുവിൽ ചിലച്ചത്
നീയലറിക്കരഞ്ഞ
രാത്രിയിലായിരുന്നു..
അതിന്റെ നിലച്ച
സമയസൂചിയിലുണ്ട്
നിന്റെ മൌനം വരച്ചിട്ട
മഹാകാവ്യങ്ങള്‍


ഒന്നോര്‍ത്തുനോക്കിയാല്‍
നിനക്ക് മനസിലാവും 
നിന്നില്‍ തുടങ്ങി
നിന്നിലവസാനിച്ചത്
ഞാന്‍ മാത്രമായിരുന്നെന്ന്..

    

ധന്യാദാസ് - ധന്യാദാസ്  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature ധന്യാദാസ്, നിന്നിലവസാനിക്കുന്നത്..
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക