എന്റെ നഗ്നത ഹിമത്തിലൂടെ നിന്നിലേക്ക് പതിക്കുന്നു

മഹിജ. സി

നിശ്ശബ്ദമായ തടാകം
പ്രശാന്തമായ മഞ്ഞില്‍ 
സ്‌നാനം ചെയ്യുന്ന ധാന്യക്കതിരുകള്‍
എന്റെ വിരുന്നുശാല അനുഗൃഹീതം. 


എനിക്ക് ഓറഞ്ച് പൂക്കളും
കളിമണ്‍ തടാകങ്ങളും
ശൈത്യ കാലങ്ങളും വേണം. 
മഞ്ഞില്‍ വിതയ്ക്കപ്്‌പെടുന്ന
പുലരിനക്ഷത്രങ്ങളിലും
യുദ്ധങ്ങളിലും
തേര്‍വാഴ്ചകളിലും സഞ്ചരിക്കണം. 
എന്റെ ചായക്കൂട്ടുകള്‍ കൊണ്ട്
പുല്‍മേടുകളേയും
ഹിമപേടകങ്ങളേയും സൃഷ്ടിക്കണം. 
ശീതക്കൊടുംകാറ്റുകളോട് വിശുദ്ധയുദ്ധം ചെയ്ത്
ജലത്തിലും ഭൂമിയിലും ഹൃദയമുച്ച് നടക്കണം. 


ആകാശത്തില്‍ എനിക്ക് പ്രഭാതങ്ങളും 
ഭൂമിയില്‍ എനിക്ക് സന്ധ്യകളും ഉണ്ട്. 

തണുപ്പിന്റെ ശിഖരങ്ങളില്‍ 
കൈകോര്‍ക്കുകയും 
ഉറക്കത്തില്‍ നിന്ന് 
നിഷ്‌കാസനം ചെയ്യപ്പെടുകയും
നിരാലംബമായ വിഷാദങ്ങളില്‍ നിന്ന് 
അനാഥമാക്കപ്പെടുകയും ചെയ്യുന്ന
എല്ലാ വസന്തകാലത്തും 
എന്റെ സ്വപ്‌നത്തിന്റെ ഭ്രമണപഥത്തില്‍
നിന്നെ ഞാന്‍ വിതയ്ക്കും.
ആത്മാവിന്റെ ജലാശയങ്ങലില്‍നിന്ന്
ജലഗോളങ്ങളെ വാരിയെടുത്ത്് വര്‍ഷിച്ച്
അഗാധമായ, 
ശ്രേഷ്ഠമായി ജനിക്കുന്ന
നിന്റെ കാറ്റില്‍നിമഗ്നമാക്കപ്പെട്ട രൂപത്തെ
ജലവചനങ്ങളെ ഞാനറിയും. 


നീ എന്റെ വാക്കിന്റെ പിതാവും മകനുമാണ്. 
എന്റെ ചിന്തയുടെ അഗ്നിയും
സ്‌നേഹത്തിന്റെ മണല്‍ക്കാടും
എന്റെ ഹൃദയത്തിന്റെ എല്ലാ പ്രതലങ്ങളും
ദീപ്തമാക്കപ്പെട്ടത് നിനക്കുവേണ്ടിയാണ്. 


എന്നെ പ്രകൃതിയുമായി ബന്ധിപ്പിക്കുന്ന
എല്ലാ നിയമങ്ങളിലും
എല്ലാ വേരുകളിലും
നീയുണ്ട്. 


എന്റെ ഉറവകള്‍ 
നദികളേയും കടലുകളേയും
സൃഷ്ടിക്കുന്നിടത്തോളം
എന്റെ കവിത
മരണത്തേയും മേഘങ്ങളേയും 
സ്‌നേഹിക്കുന്നിടത്തോളം
എന്റെ കൈത്തലം
പ്രപഞ്ചത്തിലെ ഏതിനേക്കാളും
തണുത്തിരിക്കുന്നിടത്തോളം
എന്റെ കണ്ണുകള്‍ 
ആകാശങ്ങളെ പ്രാപിക്കുന്നിടത്തോളം
നീ
എന്റെ വിളനിലങ്ങളും 
ജലാശയങ്ങളുമായിരിക്കും. 

    

മഹിജ. സി - Tags: Thanal Online, web magazine dedicated for poetry and literature മഹിജ. സി, എന്റെ നഗ്നത ഹിമത്തിലൂടെ നിന്നിലേക്ക് പതിക്കുന്നു
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക