നിലാവത്ത്.

ശ്രീകൃഷ്ണദാസ്‌മാത്തൂര്‍

നിശ്ശബ്ദ്ദം പെയ്യുന്ന നിലാവിന്റെ കാലവര്‍ഷം.
ഒഴുക്കിലെ പരല്‍മീനില്‍ നിന്റെ കണ്ണു ചിമ്മിച്ച്
ഇരുട്ടിന്റെ കൈത്തോട്.
ഇല ചീകിക്കളഞ്ഞ ചെമ്പകക്കൈത്തണ്ടില്‍
കുനിഞ്ഞിറങ്ങി വന്ന പൂവിന്റെ ആത്മസംവേദനം
എന്റെ ഉള്ള് കണ്ടെത്തുന്നു
(ഞാന്‍ തിരഞ്ഞത്..!)

നടുക്കം ചെടിച്ചില്ലയില്‍ തിടുക്കം പിടിക്കുന്നു
നനഞ്ഞൊലിച്ചൊരു ചിറക് നിലാവിനെ കുടഞ്ഞെറിഞ്ഞ്
ഉറങ്ങാന്‍ കിടന്ന ഗര്‍ഭത്തില്‍ കിടന്ന് കുടുംബം വഴക്കടിക്കും
പടുമാവ് കത്തുമ്പോള്‍ നിലാവും മണ്ണും കുഴഞ്ഞതില്‍
നല്ലൊരു മാങ്ങാപ്പാട്ട്..!
(മാങ്ങ പണ്ടേ ഞാനെടുത്തിരുന്നു..)

നിലാവുണ്ടിറങ്ങീവീഴും ചേമ്പിലക്കാട്ടിനപ്പുറത്ത്
വെള്ളപുതച്ച മണ്ണനക്കം,
പെയ്ത്തില്‍ കെടാത്തതിന്റെ നെഞ്ചത്തൊരഗ്നിനാളം,
ഭൂമി കൊളുത്തിയത്, നാളെയും പുലരേണ്ടണ്ടത്..!

    

ശ്രീകൃഷ്ണദാസ്‌മാത്തൂര്‍ - Tags: Thanal Online, web magazine dedicated for poetry and literature ശ്രീകൃഷ്ണദാസ്‌മാത്തൂര്‍, നിലാവത്ത്.
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക