മേഘത്തിന്

ശ്രീലതാവര്‍മ്മ

ആഷാഢമാസത്തിന്റെ-
യാദ്യദിനത്തിലല്ല
കണ്ടതെന്നോര്‍ക്കുന്നു ഞാന്‍
മേഘമേ നിന്നെയന്ന്,
പാലതന്‍ പുഷ്പങ്ങളാല്‍
അര്‍ച്ചന ചെയ്തില്ല ഞാന്‍
പാടവമേറും വാക്കാല്‍
നിന്‍മനം കവര്‍ന്നില്ല
അകലെ സഖി തന്റെ
മന്ദിരമണഞ്ഞിടാന്‍ 
ഗമനമാര്‍ഗമോതി
സന്ദേശം പകര്‍ന്നില്ല
വെറുതെ നിന്നെ നോക്കി-
യലസം നിന്നീടവേ,
നിറഞ്ഞുപോകും കണ്‍കള്‍ 
പതുക്കെത്തുടച്ചു ഞാന്‍
പണിപ്പെട്ടൊരു ചിരി
നിനക്കായ് നല്‍കീടുമ്പോള്‍
എനിക്കായൊരു തുള്ളി
വര്‍ഷിച്ചൂ പൊടുന്നനെ.
മഴത്തുള്ളിയോ നിന്റെ
കണ്ണീരോ പെയ്തുപോയി
അറിവീലെനിക്കെന്നാ-
ലറിവേന്‍ ഒന്നുമാത്രം,
തപ്തമെന്‍ ഹൃദന്തത്തി-
ലിന്നും ഞാന്‍ സൂക്ഷിക്കുന്നു
അന്നത്തെയാ നീര്‍ക്കണം
കുളിരായ് കവിതയായ്.
    

ശ്രീലതാവര്‍മ്മ - Tags: Thanal Online, web magazine dedicated for poetry and literature ശ്രീലതാവര്‍മ്മ, മേഘത്തിന്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക