അവസാനം

ജൈനി. എല്‍. പി.

മിന്നിമറയുന്ന മയില്‍പീലിത്തുണ്ടുകളിലല്ല
നിന്റെ കണ്ണുകള്‍ ഞാനാദ്യം കണ്ടത്‌
കൈക്കുടന്നയില്‍ നിറയുന്ന മഞ്ചാടിക്കുരുവിന്റെ
വര്‍ണശബളിമയിലല്ല നിന്‍ കവിള്‍ത്തുടിപ്പറിഞ്ഞത്‌
പാതി ഞാനും പാതി നീയുമെന്നോതുന്ന
കുന്നിക്കുരുമണികളിലല്ല നിന്നെയറിഞ്ഞത്‌
തെരുവീഥികളിലേകനായ്‌ തീവെയിലേറ്റു
പൊള്ളിത്തിണര്‍ത്ത കവിള്‍ത്തടങ്ങളില്‍
നിന്നെയറിഞ്ഞു, നഗ്നപാദങ്ങളിടറാതെ
നീയപ്പോഴും നടന്നത്‌ മുന്നോട്ടായിരുന്നു
ഭൂതകാലത്തിന്റെ ചതുപ്പുകളിലാണ്ടു പോകാതെ
വര്‍ത്തമാനത്തിന്റെ ചൂളയിലെരിഞ്ഞ്‌ മുമ്പോട്ട്‌..
വയര്‍ നിറഞ്ഞിട്ടും മാറാത്ത വിശപ്പിനെ
കൂട്ടുപിടിച്ച്‌, കള്ളങ്ങളുടെ രാത്രികളില്‍
സത്യത്തിന്റെ ചൂട്ടുകറ്റയുമായെന്റെ മുന്നില്‍..
നിന്നിലേക്കെത്താന്‍ ഞാനോടിയും നടന്നും
തളര്‍ന്നുവീഴുമ്പോള്‍, ലോകമെന്നെ
ഭ്രാന്തിയെന്നു വിളിച്ചു, നിന്നെയെന്നപോലെ....
നിന്നിലേക്കുള്ള വഴികള്‍ കനല്‍ നിറഞ്ഞതും
വെയില്‍ കത്തുന്നതുമായിരുന്നു
എന്റെ തണ്ണീര്‍ത്തടങ്ങളെ വറ്റിക്കാന്‍ പോന്നവയും
ഒടുവിലൊരു സൂര്യാസ്‌തമയത്തിലരികിലെത്തവേ,
സത്യത്തിന്റെ ചൂട്ടുകറ്റയില്‍ ചാരം
മാത്രമവശേഷിച്ചിരുന്നു
ഭ്രാന്തനെന്നു വിളിച്ചലോകം നിനക്ക്‌
ചുറ്റും നിരന്ന്‌ പൂക്കള്‍ വര്‍ഷിച്ചിരുന്നു
നിന്റെ ചുണ്ടുകളപ്പൊഴും
സത്യം പറയാന്‍ വെമ്പിയിരുന്നു
    

ജൈനി. എല്‍. പി. - Tags: Thanal Online, web magazine dedicated for poetry and literature ജൈനി. എല്‍. പി., അവസാനം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക