പ്രണയത്തിന്റെെ കബനി

മേരിലില്ലി

അവന്‍ പറഞ്ഞു 
നീയാണ് എന്‍റെ പ്രണയത്തിന്‍റെ 
കബനി നദി
ഞാന്‍ ഒഴുകുന്നത് നിന്നിലേക്കാണ്
നിന്നിലേക്കെത്തും മുമ്പ് എനിക്കൊരു 
പച്ചമരം പൂക്കുന്നത് കാണണം 
അല്ലെങ്കില്‍ പാതി വഴിയില്‍ 
ഞാന്‍ വറ്റി പോകും 


ഞാനവന്റെ മുഖത്തേക്ക് നോക്കിയതേയില്ല 
എന്നില്‍ പ്രണയത്തിന്‍റെ
ഒഴുക്ക് നിലച്ചു പോയി 
എന്നോ കടലിന്‍റെ നെഞ്ചില്‍ 
അവസാനിച്ചവള്‍
നിനക്കൊരിക്കലും ഒഴുകി
എന്നിലേക്കെത്താന്‍ കഴിയില്ല 


നീയെന്റെ പ്രണയത്തിന്‍റെ 
കബനിയെ ഗതിമാറ്റിയോ 
അതോ പാതി വഴിയില്‍ 
ഞാന്‍ വറ്റിപോയോ
ഒന്നും തിരിച്ചറിയുന്നില്ലല്ലോ 
എന്നവന്‍ ആകുലപ്പെടുമ്പോള്‍ 
വഴിയെത്തും മുമ്പേ 
പൂത്ത പച്ചമരത്തിന്റെ 
ചില്ലകള്‍ അവന്‍ കാണാതെ 
പോയതെന്നെന്നു 
ഞാന്‍ ചോദിച്ചില്ല 
അവന്‍റെ ഈ കബനി കടലില്‍ തന്നെ ഒടുങ്ങട്ടെ

    

മേരിലില്ലി - മേരിലില്ലി  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature മേരിലില്ലി, പ്രണയത്തിന്റെെ കബനി
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക