കട്ടെടുത്ത മരച്ചില്ല

പാബ്ലോ നെരൂദ

രാത്രിയില്‍ നാം പോകും
ഒരു പൂമരച്ചില്ല കക്കാന്‍.

അന്യമായൊരുദ്യാനത്തിന്നിരുളില്‍
ചുറ്റുമതില്‍ കേറിമറിയും നാം,
നിഴലത്തു രണ്ടു നിഴലുകള്‍.

കഴിഞ്ഞിട്ടില്ല മഞ്ഞുകാലം,
പൊടുന്നനേ പൊട്ടിത്തരിക്കുന്നു
ആപ്പിള്‍മരം,
വാസനിക്കുന്ന നക്ഷത്രങ്ങളുടെ
ജലപാതം.

രാത്രിയില്‍ കടന്നെത്തും നാം
വിറകൊള്ളുന്നൊരാ താരാപഥം,
നിന്റെ നേര്‍ത്ത കൈകള്‍, എന്റെ കൈകള്‍
കട്ടെടുക്കും നക്ഷത്രങ്ങളെ.

പിന്നെ, രാത്രിയില്‍, നിഴലത്തും
നമ്മുടെ വീട്ടിലേക്കു കടന്നുവരും
നിന്റെ പാദങ്ങള്‍ക്കൊപ്പം
സൗരഭ്യത്തിന്റെ നിശ്ശബ്ദപാദം,
നക്ഷത്രപാദങ്ങള്‍ക്കൊപ്പം
വസന്തത്തിന്റെ സ്വച്ഛഗാത്രം

    

പാബ്ലോ നെരൂദ - Tags: Thanal Online, web magazine dedicated for poetry and literature പാബ്ലോ നെരൂദ, കട്ടെടുത്ത മരച്ചില്ല
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക