ഉത്തിഷ്‌ഠതാ ജാഗ്രതാ പ്രാപ്യവരാന്‍ നിബോധതാ

സി. പി. അബൂബക്കര്‍

വിവേകാനന്ദവചനം മധുരഗാനമായി കേള്‍ക്കുമ്പോള്‍ ആരാണ്‌ പുളകമണിയാത്തത്‌? സിന്ധുഗംഗാനദീതീരം ഗന്ധര്‍വ്വഗാനത്താല്‍മധുരിതമാക്കിയ ഒരു മഹാഗാനപ്രതിഭയായിരുന്നു എം. ജി. രാധാകൃഷ്‌ണന്‍. രാധാകൃഷ്‌ണന്റേതായി അനേകം മധുരഗാനങ്ങളുണ്ട്‌. പക്ഷേ ഈ ഗാനത്തിന്റെ സംഗീതജ്ഞനെയാണ്‌ എനിക്കെന്നുമിഷ്ടമായിരുന്നത്‌. ഈ പുരുഷാന്തരത്തിലെ സൂര്യഗായത്രികളെല്ലാം പാടിക്കഴിയുമ്പോഴാവും ഒരു വേള ഈ ഗന്ധര്‍വ്വ സംഗീതജ്ഞന്‍ മലയാളികള്‍ക്കെല്ലാം ഒരുപോലെ പ്രിയപ്പെട്ടഗായകനായും സംഗീതജ്ഞനായും മാറുന്നത്‌.
മലബാറിനെയും തിരുവിതാംകൂറിനെയും സംയോജിപ്പിക്കുന്ന അപൂര്‍വ്വം കണ്ണികളേയുള്ളൂ. അച്ഛന്‍ വഴി മലബാറുകാരനായ എം. ജി. അമ്മവഴി തിരുവിതാംകൂറുകാരനുമത്രേ. കേരളീയസംഗീതത്തിന്റെ സാമഞ്‌ജസ്യം ഒരുക്കാന്‍ ഇത്‌ എം. ജി. സാറിനെസഹായിച്ചുവോ? എനിക്കറിയില്ല. എനിക്കറിയാവുന്ന ഒരുകാര്യം ലിറിക്കിനെ മുറിക്കാതെ സംഗീതം ആവിഷ്‌കരിക്കാന്‍ കഴിയുന്നസംഗീതജ്ഞനായിരുന്നു എം. ജി. സാറെന്നാണ്‌.
എന്നെങ്കിലും ഒത്തുവന്നാല്‍ എന്റെയൊരു കവിതയോ പാട്ടോ സാറിനെ കൊണ്ട്‌ ഈണമിടുവിക്കണമെന്ന്‌ സഫലമാവാത്ത ഒരു മോഹവുമെനിക്കുണ്ട്‌. പക്ഷേ സഫലമായ ഒരു ജീവിതമായിരുന്നു എം. ജി. സാറിന്റേത്‌.
സിന്ധുഗംഗാനദീതീരം വളര്‍ത്തിയ ഗന്ധര്‍വ്വഗായികയെ അഭിസംബോധനം ചെയ്‌തുകൊണ്ട്‌ രാധാകൃഷ്‌ണന്‍ നമ്മുടെ ആഴത്തിലുള്ളസംഗീതബോധമായി മാറി.
ആ സ്‌മരണയ്‌ക്കുമുമ്പില്‍ പുഷ്‌പാഞ്‌ജലികള്‍ അര്‍പ്പിക്കട്ടെ.

    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, ഉത്തിഷ്‌ഠതാ ജാഗ്രതാ പ്രാപ്യവരാന്‍ നിബോധതാ
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക