ഇറാന്‍ സിനിമയിലെ സ്ത്രീസാന്നിധ്യം

എം എ ലത്തീഫ്

സ്ത്രീ-പുരുഷ സമത്വം സാമൂഹ്യഘടനയുടെ ആധാരശിലകളിലൊന്നായി കാണുന്ന ആധുനിക സമൂഹം ചലചിത്രരംഗത്തേക്കു എത്ര വനിതാപ്രതിഭകളെ സംഭാവന ചെയ്തു എന്നു പരിശോധിക്കുമ്പോഴാണ് പുരുഷമേധാവിത്വം അചഞ്ചലമായി വാഴുന്ന മതാധിഷ്ഠിത ഇറാനിയന്‍സമൂഹത്തില്‍നിന്നു ആചാര്യസ്ഥാനത്തേക്കുയര്‍ന്ന ഇറാനിയന്‍വനിതാസംവിധായകരുടെ ചരിത്രപരമായ പ്രാധാന്യം നമുക്കു ബോധ്യമാവുന്നത്.  ലൈംഗികതയുടെ അതിപ്രസരവും അക്രമങ്ങളും കുത്തിനിറച്ച ജീവനില്ലാത്ത ഹോളിവുഢ് സിനിമകളുടേയും കാല്പനികപ്രണയത്തിന്റെ നിഴലില്‍നിന്നു പുറത്തു ചാടാനാവാത്ത ബോളിവുഢിന്റേയും ചരിത്രത്തില്‍കാണാനാവാത്ത സവിശേഷത വിപ്ലവാനന്തര ഇറാനില്‍സിനിമാരംഗത്തു ദൃശ്യമായിട്ടുണ്ട്. പല അറേബ്യന്‍നാടുകളുമായി താരതമ്യം ചെയ്താല്‍കടുത്ത യാഥാസ്ഥികത്വം നിലനില്‍ക്കുന്ന ഇറാനില്‍സ്ത്രീകളുടെ ഇടം അത്യുന്നതിയിലാണെന്ന അഭിപ്രായമില്ല. എങ്കിലും സാംസ്കാരിക മണ്ഡലങ്ങളില്‍(പ്രത്യേകിചും സിനിമാരംഗത്ത്) വിശാലമായ പ്രവര്‍ത്തനസാധ്യതകള്‍അവര്‍ഒരുക്കിയെടുത്തിരുന്നുവെന്നതു വസ്തുതയാണ്. അതുകൊണ്ടുതന്നെ ഇറാനിയന്‍സിനിമയെക്കുറിച്ചു പ്രതിപാദിക്കുമ്പോള്‍തഹ്മിന അര്‍ദക്കനി, രഖ്ഷാന്‍ബനീ‍ഇത്തിമാദ്, പുരന്‍ദിരഖ് ഷാന്ദെ തുടങ്ങിയ വനിതാസംവിധായകരെ ഒഴിവാക്കാനാവില്ല. പുത്തന്‍തലമുറയിലെ തഹ്മിന മിലാനി, സമീറ മഖ്മല്‍ബാഫ്, ഹനാ മഖ്മല്‍ബാഫ്, മാനിയ അക്ബാരി എന്നിവര്‍ഈ ഗണത്തില്‍സ്ഥനം നേടിക്കഴിഞ്ഞു..
ഇറാനിലെ സെന്‍സര്‍ഷിപ്പ് അംഗീകരിക്കാനാവാത്തവിധം കഠിനമാണെങ്കിലും സര്‍ക്കാരിന്റെ ഈ കടും പിടുത്തം ചലച്ചിത്രപ്രവര്‍ത്തകരെ പുതിയ ആവിഷ്കാരസാധ്യതകള്‍കണ്ടെത്തുന്നതിനും വൈവിധ്യമാര്‍ന്ന ഭാവനകള്‍മെനയുന്നതിനും നിര്‍ബന്ധിതരാക്കുന്നു. ഇതൊരു വിരോധാഭാസമാണെങ്കിലും പരിമിതമായ ഈ തലം പരമാവധി അവര്‍ഉപയുക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍അംഗീകരിച്ച തിരക്കഥകള്‍മാത്രമാണു സിനിമയാക്കാന്‍അനുവാദമുള്ളതെന്നതില്‍നിന്നും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കടിഞ്ഞാണുകള്‍ബോധ്യമാവും. ഇത്തരം പ്രതിബന്ധങ്ങളെ മറികടന്നു ഇറാനിലെ വനിതകള്‍സാക്ഷാത്കരിച്ച സിനിമകള്‍ലോകസിനിമാവേദികളില്‍സമ്മാനിതമാവുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ഇത്തരം പ്രതിബന്ധങ്ങളൊന്നുമില്ലാത്ത ഇന്ത്യന്‍സംവിധായകരിലെ വനിതാപ്രാതിനിധ്യം താരതമ്യം ചെയ്യേണ്ടതാണ്. അപര്‍ണാസെന്‍(36 ചൌരംഗിലൈന്‍, മിസ്റ്റര്‍&മിസ്സിസ് അയ്യര്‍), ദീപാ മേത്ത (ഫയര്‍, വാട്ടര്‍. എര്‍ത്ത്), മീരാ നയ്യാര്‍(സലാം ബോംബെ, മണ്‍സൂണ്‍വെഡ്ഡിംഗ്) എന്നിവരില്‍ഒതുങ്ങുകയാണ്. ഈ സംവിധായകരുടെ പ്രമേയങ്ങളേക്കാള്‍ശക്തമായ ആശയങ്ങളും സങ്കല്പങ്ങളും ഇറാനിലെ വനിതാപ്രതിഭകള്‍പ്രേക്ഷകര്ര്കു നല്‍കിയിട്ടുണ്ട്. പ്രധാനമായും സ്ത്രീപക്ഷ ആശയമുള്ള രചനകള്‍ഒരു പുരുഷമേധാവിത്വ മതാധിഷ്ഠിത സമൂഹത്തിലെ കര്‍ക്കശസെന്‍സര്‍ഷിപ്പുകളെ അതിജീവിച്ചു പുറത്തു വരുന്നുവെന്നതു ആശ്ചര്യകരമണ്..
സ്ത്രീ-പുരുഷ ബന്ധങ്ങളിലെ വിമര്‍ശനാത്മകവശങ്ങള്‍സ്ത്രീപക്ഷകാഴ്ചയിലൂടെ (പ്രത്യക്ഷ സംവേദനത്തിലൂടെയല്ലെങ്കിലും) നമുക്കു മുന്നില്‍അവതരിപ്പിച്ച പ്രധാനിയാ‍യ സിനിമാപ്രവര്‍ത്തകയാണു റഖ്ഷാന്‍ബനീ ഇത്തിമാദ്. കാനറി യെല്ലോ (1989), ഫോറിന്‍കറന്‍സി (1990), നര്‍ഗീസ് (1992),ദി ബ്ലൂ വെയ്ല്ഡ് (1995) എന്നിവ ഇതിനു സാക്ഷ്യമാണ്. സ്ത്രീകളെ മാത്രം ബാ‍ധിക്കുന്ന വിഭിന്നങ്ങളായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്ന പുരന്‍ദിരഖ് ഷാന്ദെയുടെ മ്യൂട്ട് കോണ്ട്രാക്റ്റ് (1986), ലിറ്റില്‍ബോണ്ട് ഓഫ് ഹാപ്പിനെസ് (1988), പാസിംഗ് ത്രു ദ് മിസ്റ്റ് (1990), ലോസ്റ്റ് ടൈം (1990) എന്നിവ ശ്രദ്ധേയമായ സൃഷ്ടികളാണ്. സ്ത്രീപ്രശ്നങ്ങള്‍ക്കൊപ്പം സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍കൂട്ടിയിണക്കി, അധികാരി വര്‍ഗ്ഗത്തിനും മൂക്കുകയറിടുന്നവര്‍ക്കും നേരെ വിരല്‍ചൂണ്ടാനും മേധാവിത്വങ്ങള്‍ക്കെതിരെ കലഹിക്കാനും തഹ്മിന മിലാനി തെരഞ്ഞെടുത്ത പരോക്ഷമാര്‍ഗ്ഗമാണു സിനിമ. ടൂ വിമന്‍എന്ന ആദ്യ സിനിമ തന്നെ നിലനില്‍ക്കുന്ന പുരുഷമേധാവിത്വത്തേയും മതമേധാവിത്വത്തേയും ചോദ്യം ചെയ്യുന്നതായിരുന്നു. നിനക്കു അയാള്‍ഭക്ഷണം തരുന്നില്ലേ, വസ്ത്രം തരുന്നില്ലേ, സംരക്ഷണം തരുന്നില്ലേ, അയാള്‍മദ്യപിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യുന്നില്ലല്ലോ എന്ന മതമേധാവികളുടെ ചോദ്യത്തിനു “ ഞാനൊരു മനുഷ്യജീവി കൂടിയാണ്” എന്ന പെണ്ണിന്റെ മറുപടിയില്‍ഒട്ടേറെ ഉത്തരങ്ങള്‍അടങ്ങിയിട്ടുണ്ട്. അതില്‍കൂടുതല്‍സുവ്യക്തതയോടെ അവതരിപ്പിക്കാന്‍മനസ്സുണ്ടായാലും സെന്‍സര്‍ബോര്‍ഡിന്റെ കത്രിക അനുവദിക്കില്ലെന്ന യാഥാര്‍ത്ഥ്യം നാം ഉള്‍ക്കൊള്ളണം. അവരുടെ രണ്ടാമത്തെ സിനിമ ഇറാന്‍വിപ്ലവത്തിലെ ചില ഏടുകള്‍വ്യത്യസ്ത വീക്ഷണകോണില്‍ദര്‍ശിക്കുന്നതായിരുന്നു. ഇറാനിയന്‍വിപ്ലവപോരാട്ടങ്ങളില്‍ഇസ്ലാമിസ്റ്റുകളുടെ കൂടെ തോളോടുതോള്‍ചേര്‍ന്നു ജീവന്‍ബലിയര്‍പ്പിച്ച ബുദ്ധിജീവികളേയും കമ്മ്യൂണിസ്റ്റുകളേയും ഇസ്ലാമികഭരണകൂടം രേഖകളില്‍നിന്നു ബോധപൂര്‍വ്വം തിരസ്കരിച്ചുവെങ്കിലും അവരുടെ സംഭാവന ചരിത്രത്തിനു മറക്കനാവില്ല. ലോകത്തിനു മുന്നില്‍തുറന്ന പുസ്തകമായി നിലനില്‍കുന്ന അത്തരം ചരിത്രസത്യങ്ങളെ എത്ര തന്നെ മൂടിവെച്ചാലും അതിന്റെ പ്രകാശകിരണങ്ങള്‍ജ്വലിക്കാതിരിക്കില്ല. ‘ഹിഢണ്‍ഹാഫ്’ എന്ന തന്റെ സിനിമയിലൂടെ തിരക്കഥാ പരിശോധനയേയും അതിജീവിച്ചു, ‘രാജ്യത്തിനു വേണ്ടി പോരാടിയ കമ്മ്യൂണിസ്റ്റുകളും ബുദ്ധിജീവികളും ഇന്നെവിടെപ്പോയി’ എന്ന ചോദ്യമുയര്‍ത്തിയതിനു തഹ്മിനയെ കുറ്റവാളിയാക്കി. ഹിഢണ്‍ഹാഫ് എന്ന നാമകരണത്തിലൂടെ ചരിത്രത്തിന്റെ പകുതി ഒളിപ്പിച്ചതിനെയാണ് അവര്‍സൂചിപ്പിച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷയാണു ഭരണകൂടം അവര്‍ക്കു വിധിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുയര്‍ന്ന അതിശക്തമായ പ്രതിഷേധത്തെ തുടര്‍ന്നു ശിക്ഷ നാടുകടത്തലായി ചുരുങ്ങി. ഇത്തരം മതിലുകള്‍ചാടിക്കടക്കാനുള്ള മനോബലം ഇല്ലാത്തതുകൊണ്ടാവാം പരിയാ റിസ്വാനാ സബൂക്കിയെപ്പോലുള്ള വനിതാനിര്‍മ്മാതാക്കള്‍വിദേശരാജ്യങ്ങളില്‍വെച്ചു ഇറാന്‍സിനിമ ചിട്ടപ്പെടുത്തുന്നത്.
ഒരു കുടുംബത്തില്‍നിന്നു തന്നെ മൂന്നു വനിതാസംവിധായകര്‍ഉണ്ടായിയെന്നതും അവരുടെ സൃഷ്ടികളെല്ലാം ലോകശ്രദ്ധ പിടിച്ചുപറ്റിയെന്നതും ഒരു ഇറാനിയന്‍സവിശേഷത മാത്രമായിട്ടല്ല, മറിച്ചു ജനങ്ങളോടു ഏറ്റവും നന്നായി സംവദിക്കുന്ന സിനിമയെന്ന മാധ്യമത്തോടുള്ള ആ കുടുംബത്തിന്റെ പ്രതിബദ്ധതയാണ്. മൊഹ്സിന്‍മഖ്മല്‍ബാഫ് എന്ന വിഖ്യാത ഇറാനിയന്‍സംവിധായകന്റെ ഭാര്യ മാര്‍ഷിയേ മെഷ്കിനി, മൂത്തമകള്‍സമീറ മഖ്മല്‍ബാഫ്, ഇളയമകള്‍ഹാന മഖ്മല്‍ബാഫ് എന്നിവരാണവര്‍. മഖ്മല്‍ബാഫ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു ലഭിച്ച സാങ്കേതിക പരിജ്ഞാനത്തേക്കാള്‍കൂടുതല്‍പ്രയോജനപ്പെട്ടതു പിതാവിന്റെ സിനിമകളില്‍പ്രവര്‍ത്തിച്ച അനുഭവജ്ഞാനം തന്നെയായിരുന്നു. ‘ദി ഡേ ഐ ബികേം എ വുമണ്‍’ എന്ന പ്രഥമ ചിത്രത്തിലൂടെ മെഷ്കിനി വിഷയമാക്കിയതും ഇറാനിലെ സ്ത്രീപദവി തന്നെയായിരുന്നു. ഒന്‍പതു വയസ്സായ ഒരു പെണ്‍കുട്ടി, ഒരു യുവതി, ഒരു വൃദ്ധ എന്നിങ്ങനെ മൂന്നു വിഭാഗത്തെ പ്രതിനിധീകരിച്ചുകൊണ്ടാണു അവര്‍അതു പ്രതിഫലിപ്പിച്ചത്. മകള്‍സമീറ പിതാവിന്റെ സിനിമയില്‍(സൈക്ലിസ്റ്റ്) അഭിനയിച്ചുകൊണ്ടാണു രംഗത്തെത്തിയത്. പതിനെട്ടാം വയസ്സില്‍ആദ്യസിനിമ ‘ദി ആപ്പിള്‍’. ഇരുപതാം വയസ്സില്‍ചെയ്ത ‘ബ്ലാക്ക് ബോര്‍ഡ്’ കാന്‍ഫെസ്റ്റിവലില്‍അവാര്‍ഡു നേടി. കാനിലെ ഏറ്റവും പ്രായം കുറഞ്ഞ പുരസ്കാര ജേതാവെന്ന ഖ്യാതിയും നേടി. അനിയത്തി ഹാനയുടെ ആദ്യസിനിമ വെനീസ് ചലചിത്രമേളയില്‍സമ്മാനിതമായി. പക്ഷേ, ആ മേളയിലെ സിനിമകള്‍കാണാന്‍പതിനാലികാരിയായിരുന്ന യുവസംവിധായികക്കു അനുവാദമുണ്ടായിരുന്നില്ല. 18 വയസു തികയാത്തവര്‍ക്കു ഫിലിം ഫെസ്റ്റിവലുകളില്‍പ്രവേശനം അനുവദനീയമല്ല. അതിനു ശേഷം സംവിധാനം ചെയ്ത ബുദ്ധ കൊലാപ്സ്ഡ് ഔട്ട് ഓഫ് ഷെയിം, ഗ്രീന്‍ഡെയ്സ് എന്നിവയും ലോകവേദികളില്‍പുരസ്കാരങ്ങള്‍നേടി.

ഇറാനിലെ പര്‍ദ്ദക്കുള്ളില്‍നിന്നും ഇച്ഛാശക്തിയുള്ള, പ്രതിബന്ധങ്ങള്‍തരണം ചെയ്യാന്‍ആര്‍ജ്ജവമുള്ള, സാംസ്കാരികാവബോധമുള്ള, സാമൂഹ്യപ്രതിബദ്ധതയുള്ള മേല്‍പരാമര്‍ശിക്കപ്പെട്ട വനിതകള്‍സ്ത്രീപക്ഷചിന്തകള്‍തന്മയത്വത്തോടെ പ്രായോഗികമായി ഫലപ്രാപ്തിയിലെത്തിച്ചവരാണ്. ആവിഷ്കാരപരിമിതികള്‍ക്കകത്തുനിന്നു ഉദിച്ചുവന്ന ഈ വനിതാപ്രതിഭകള്‍സൂചകങ്ങള്‍മാത്രം. അങ്ങിനെയെങ്കില്‍ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ വിശാലഭൂമിക നിലനില്‍കുന്ന ഇന്ത്യന്‍സാഹചര്യത്തില്‍വനിതാപ്രതിഭകളുടെ ദാരിദ്ര്യത്തിനു ഏതു ആധിപത്യത്തെയാണു നാം കുറ്റപ്പെടുത്തുക..? മൂന്നിലൊന്നു സംവരണം കൊണ്ടെങ്കിലും രംഗത്തിറങ്ങുവാന്‍നിര്‍ബദ്ധരാവുന്നവരില്‍ഒരു വിഭാഗമെങ്കിലും ഉയര്‍ന്നുവരുമെന്നു പ്രതീക്ഷിക്കാം.. അതിനും വനിതാസംവരണം യാഥാര്‍ത്ഥ്യമാവണം.
    

എം എ ലത്തീഫ് - Tags: Thanal Online, web magazine dedicated for poetry and literature എം എ ലത്തീഫ്, ഇറാന്‍ സിനിമയിലെ സ്ത്രീസാന്നിധ്യം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക