വിയോഗിനി.

രവികാവനാട്

കരളൊട്ടു തപിച്ചിടുന്നു വി-
സ്തരരാഗാന്വിതഭാവതീവ്രമായ്
ചിരകാലശുഭപ്രതീക്ഷതന്‍
ചിറകൊട്ടൊട്ടു കരിഞ്ഞു വീണുപോയ്.

ഇരുളാണുമനസ്സില്‍വെട്ടമാര്‍
ന്നരികത്തില്ലൊരു ദീപമെങ്കിലും
സ്മുതി തന്റെയോരേട് മന്ദമൊ-
ന്നിളകിപ്പാറി വരുന്നു മുന്നിലായ്

ഒരു വിസ്മയവും മനോജ്ഞമാം
ചിരിയും ലജ്ജിതനമ്രഭാവവും
ഒരുമിച്ചു വിരിഞ്ഞു നിന്നില-
ന്നമലേ നമ്മളടുത്തറിഞ്ഞ നാള്‍.

കറുകച്ചുരുള്‍ചൂടി യമ്പിളി-
ക്കുറിയുംതൊട്ടു തുടുത്തസന്ധ്യ പോല്‍
നിറദീപമെടുത്തണഞ്ഞ നിന്‍-
കുടിവെപ്പെത്രയുദാരശോഭനം.

ഒരുപോലെവളര്‍ന്നു നമ്മിലുള്‍
പ്രിയമന്യോന്യമനന്യമെന്ന പോല്‍
ഒരുനേരവുമൊട്ടകന്നിടാ-
നരുതാതെപ്പൊഴുമദ്ദിനങ്ങളില്‍.

സുഖമാര്‍ന്നനുരാഗവീഥിയില്‍
പുരുമോദേന ചരിച്ചുവെത്ര നാം
രതിയായ് സഖി! നീയുണര്‍ന്നു പൂ-
ത്തുലയാന്‍കാമനു ജീവനേകുവാന്‍.

ദിനമങ്ങിനെയൊട്ടു നീങ്ങവേ
മഴമേഘങ്ങളുയര്‍ന്നു പൊങ്ങവേ
വിധി യന്നിരുളാക്കി, മുഗ്ധമാം
നിറദീപത്തിനെയൂതി നിര്‍ദ്ദയം.

ശ്രുതിചേര്‍ന്നതിലോലഗാന മൊ-
ന്നുയരും മോഹവിപഞ്ചി യപ്പൊഴായ്
സ്വയമാകെയുട,ഞ്ഞകന്നു പോയ്
സ്വരമാധുര്യവിലോല വീചികള്‍
......................................
മതി വിട്ടു കരഞ്ഞിടട്ടെ ഞാന്‍
ഗതകാല സ്മൃതിപൂകിയും സ്വയം
ഹൃദിതന്‍വ്യഥയൊക്കെയാറ്റിടാന്‍
മതിയാകും ചിലവേള കണ്ണുനീര്‍.
 

    

രവികാവനാട് - Tags: Thanal Online, web magazine dedicated for poetry and literature രവികാവനാട്, വിയോഗിനി.
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക