രാവണ പുരാണം

സൈനുദ്ദീന്‍ഖുറേശി



 രാവണ്‍!
കാലചക്രത്തോടൊപ്പം കറങ്ങുന്ന
കാലാനുസാരിയാം പൗരുഷത്തിന്‍
കറയറ്റ ലക്ഷണം നീ...!!
രാമവദനങ്ങള്‍ക്കുള്ളിലും
മറഞ്ഞിരിയ്ക്കും ധാര്‍ഷ്ട്യം
തലമുറകള്‍നിന്നിലൊതുങ്ങുന്നതിന്‍
വ്യക്തദൃഷ്ടാന്തങ്ങള്‍..!!

 

നിന്റെ വഴികളിലെ സുവ്യക്തതകള്‍,
ലക്ഷ്യത്തിലേക്കുള്ള പടയൊരുക്കങ്ങള്‍,
അചഞ്ചലമാം കര്‍മ്മശാസ്ത്രത്തിന്‍
അതുല്യമാം അനുധാവനം..!!

മനം കവര്‍ന്നൊരാര്യപുത്രിയെ
ആരണ്യകമദ്ധ്യേ കണ്ടു മോഹിച്ച്
ലങ്കാപുരിക്കൊപ്പം ചുട്ടെടുത്തൊരു
വംശത്തിന്‍ശാപഗ്രസ്തന്‍നീ..!!
അഴകിന്‍നിറകുടമരികത്ത് വെച്ച്
അനുവാദത്തിനായ് കാത്ത
രാക്ഷസപ്പെരുമ!!!!
വീണ്ടെടുപ്പിനായ് വീര്യം
വാനരപ്പടക്കടിയറവു വെച്ച
ധീരതയുടെ പേരോ ഭവാന്‍..?!!
അസുരമതത്തിന്നാര്‍ജ്ജവം
സ്വയം ശിരസ്സേറ്റിയ ലങ്കേശ്വരാ..
നിനക്കെന്തു വിശേഷണം...??

പ്രണയമെന്നാരും വിളിച്ചില്ല നിന്റെ
പ്രളയമായൊഴുകിയ പ്രേമത്തിനെ.!!
പരദൂഷണം കേട്ട്
പതിവ്രതയാം പത്നിയെ
കാട്ടിലുപേക്ഷിച്ച രാമനോ....?
പ്രണയമര്യാദകള്‍മാന്യമായ് പാലിച്ച
ലങ്കാപുരിയിലെ രാവണനോ....??

ഇതിഹാസൈതിഹ്യങ്ങളില്‍നിന്ന്
ചരിത്രത്തിലേക്ക്
തിരുത്തിയെഴുതപ്പെടാത്ത
മഹത്വങ്ങള്‍!!
തിരുത്തിയാലുമില്ലെങ്കിലും
ചരിത്രാതീതമാണ്
മനുഷ്യനില്‍നിന്ന്
ദൈവത്തിലേക്കുള്ള ദൂരം.

    

സൈനുദ്ദീന്‍ഖുറേശി - Tags: Thanal Online, web magazine dedicated for poetry and literature സൈനുദ്ദീന്‍ഖുറേശി, രാവണ പുരാണം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക