മൌദൂദിസത്തിന്റെ കിനാലൂര്‍പാത

കെ. ടി. കുഞ്ഞിക്കണ്ണന്‍

അമേരിക്കന്‍സേവയും അഴിമതിയുംകൊണ്ട് കുപ്രസിദ്ധമായ ബംഗ്ളാദേശിലെ ബീഗം ഖാലിദ മന്ത്രിസഭയില്‍പ്രധാന പങ്ക് വഹിച്ചത് ബംഗ്ളാദേശ് ജമാഅത്തെ ഇസ്ളാമി ആയിരുന്നു. മുജീബ് റഹ്മാന്‍വധത്തില്‍വരെ ബംഗ്ളാദേശിലെ രാഷ്ട്രീയ ഇസ്ളാമിസ്റ്റുകള്‍ക്കുള്ള പങ്ക് പുറത്തുവന്നിട്ടുണ്ട്. ധാര്‍മികവാദത്തിന്റെയും രാഷ്ട്രീയ സദാചാര നാട്യത്തിന്റെയും പ്രതിപുരുഷന്മാരായി കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ഒരു കൈ നോക്കാനിറങ്ങിത്തിരിച്ചിരിക്കുന്ന സോളിഡാരിറ്റി ജമാത്തെ ഇസ്ളാമിയുടെ രാഷ്ട്രീയ മുഖമാണെന്നാണ് പറയപ്പെടുന്നത്. രാഷ്ട്രീയ ഇസ്ളാമിസത്തിന്റെ ആഗോളരൂപങ്ങളില്‍ഒരു മധ്യമാര്‍ഗം സ്വീകരിക്കുന്നവരാണ് തങ്ങളെന്ന് സ്വയം നടിക്കുന്നവരാണ് സോളിഡാരിറ്റിക്കാര്‍. സംഘപരിവാറിനെ എന്നപോലെ അവര്‍അല്‍ഖ്വയ്ദയെയും വിമര്‍ശിക്കാറുണ്ട്. എന്‍ഡി എഫുമായി ബന്ധമില്ലെന്ന് ആവര്‍ത്തിക്കാറുമുണ്ട്.

ഇന്ത്യയിലെ ഇസ്ളാമിക തീവ്രവാദത്തിന്റെ പ്രധാന കേന്ദ്ര സംഘടനയായി പലരും ജമാത്തെ ഇസ്ളാമിയെ നിരീക്ഷിക്കുന്നുണ്ട്. മൌദൂദിയുടെ പൂര്‍ണമായ രാഷ്ട്രീയ ഇസ്ളാമിക ദര്‍ശനങ്ങളാണ് ജമാത്തെ ഇസ്ളാമിയുടെ വീക്ഷണവും ധൈഷണിക സംഹിതയും. മൌദൂദിവിഭാവനം ചെയ്യുന്ന ഇസ്ളാമിക രാഷ്ട്രത്തില്‍ആവേശഭരിതരായ മുസ്ളിം ചെറുപ്പക്കാരാണ് തീവ്രവാദത്തെ ഇന്ത്യയിലും കേരളത്തിലുമെല്ലാം ധാര്‍മികമായി ആചരിച്ചുതുടങ്ങിയത്. ഈയൊരു മൌദൂദിയന്‍വീക്ഷണം ജന്മം നല്‍കിയ സംഘടനയാണ് സിമി. ഇസ്ളാമിക രാഷ്ട്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്ന പ്രഖ്യാപിത നിലപാടാണ് സിമി മുന്നോട്ടുവച്ചത്. അതിനുമുമ്പ് ഇസ്ളാമിസ്റ്റ് സ്റ്റുഡന്റ് ലീഗ് എന്ന സംഘടന ജമാത്തെ ഇസ്ളാമി രൂപീകരിച്ചിരുന്നു. ആഗോള ഇസ്ളാമിക തീവ്രവാദത്തെ രൂപപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്ത അമേരിക്കയും സൌദി അറേബ്യയും പാക്കിസ്ഥാനും ഇറാന്‍വിരുദ്ധമായ നിലപാടുകള്‍സ്വീകരിച്ചതോടെ കേരളത്തിലും അതിന്റെ അനുരണനങ്ങളും മാറ്റങ്ങളുമുണ്ടായി. സിമിയുടെ അതിതീവ്രവാദപരമായ മുദ്രാവാക്യങ്ങളോട് വിയോജിച്ചുകൊണ്ടാണെന്ന് പറഞ്ഞുകൊണ്ടാണ് ജമാത്തെ ഇസ്ളാമി SIO എന്ന പുതിയ വിദ്യാര്‍ഥിസംഘടന രൂപീകരിക്കുന്നത്. ജമാഅത്തിന്റെ രാഷ്ട്രീയ രൂപവും യുവജന വിഭാഗവുമെന്ന നിലയിലാണ് സോളിഡാരി പ്രവര്‍ത്തനമാരംഭിക്കുന്നത്.

അറബ് ലോകത്തിലെ അമേരിക്കയുടെ വിശ്വസ്ത താവള പ്രദേശം ഇന്ന് സൌദി അറേബ്യയാണ്. ഈജിപ്തിലെ നാസറുടെ നേതൃത്വത്തില്‍1950-60കളില്‍പ്രബലപ്പെട്ട അറബ് ദേശീയബോധത്തെ തകര്‍ത്ത് ഈ മേഖലയിലെ എണ്ണസമ്പത്ത് കൈയടക്കുക എന്ന സാമ്രാജ്യത്വ തന്ത്രങ്ങളിലാണ് രാഷ്ട്രീയ ഇസ്ളാം അക്രമാസക്തമായ മാനങ്ങള്‍കൈവരിച്ചത്. ലോകമെമ്പാടുമുള്ള ഇസ്ളാമിക തീവ്രവാദഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതില്‍(World Muslim League) റാബിത്ത വഹിച്ച പങ്ക് കുപ്രസിദ്ധമാണല്ലോ. അറബ് ലോകത്ത് നാസറിസം വളര്‍ത്തിയെടുത്ത ജനാധിപത്യ രാഷ്ട്രീയത്തെയും സാമ്രാജ്യത്വവിരുദ്ധ ദേശീയബോധത്തെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് റാബിത്ത രൂപംകൊള്ളുന്നത്. കേരളത്തിലെ പ്രമുഖരായ പല ജമാത്തെ ഇസ്ളാമി നേതാക്കളും റാബിത്തയില്‍നിന്ന് പണം പറ്റുന്നതായി സിമി - എസ്ഐഒ തര്‍ക്കകാലത്ത് ഉന്നയിക്കപ്പെടുകയുണ്ടായി. സോളിഡാരിറ്റിയും എസ്ഡിപിഐയും ജമാഅത്തെ ഇസ്ളാമിയുടെയും എന്‍ഡിഎഫിന്റെയും ആഗോളബന്ധങ്ങളിലും പ്രത്യയശാസ്ത്രമണ്ഡലത്തിലും രൂപം കൊള്ളുകയും പ്രവര്‍ത്തനക്ഷമമാകുകയും ചെയ്തിരിക്കുന്ന സംഘടനകളാണ്. ഈ തീവ്രവാദ ഗ്രൂപ്പുകളും ബി ജെ പിയും കോണ്‍ഗ്രസുമെല്ലാം ചേര്‍ന്നുകൊണ്ടുള്ള ഇടതുപക്ഷത്തിനെതിരായ ആക്രമങ്ങളാണ് കിനാലൂരില്‍നടക്കുന്നത്. കാര്യമായ പ്രാദേശിക ജനപിന്തുണയൊന്നുമില്ലാതെ. അവര്‍വന്‍കിട മാധ്യമസഹായത്തോടെ നടത്തുന്ന പ്രചാരണയുദ്ധമാണിത്

 Page:1, 2, 3    

കെ. ടി. കുഞ്ഞിക്കണ്ണന്‍ - Tags: Thanal Online, web magazine dedicated for poetry and literature കെ. ടി. കുഞ്ഞിക്കണ്ണന്‍, മൌദൂദിസത്തിന്റെ കിനാലൂര്‍പാത
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക