ഈന്തക്കായ്കള്‍ പഴുക്കുമ്പോള്‍

സാജിദാ അബ്ദുറഹ്മാന്‍

കൌണ്ടറിലിരിക്കുന്ന അറബിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവാതെ നബീസുമ്മയുടെ ചുണ്ടുകള്‍ വരണ്ടു.ക്യൂവില്‍ നിന്നിരുന്ന ഒരു ചെറുപ്പക്കാരനാണു അവര്‍ക്ക് വേണ്ടി അറബിയോട് മറുപടികള്‍ പറഞ്ഞത്.എല്ലാം കഴിഞ്ഞ് ആ ഉദ്യോഗസ്ഥന്‍ ഒരു പുഞ്ചിരിയോടെ സ്റ്റാമ്പ് ചെയ്ത പാസ്സ്പോര്‍ട്ട് തിരികെ കൊടുക്കുമ്പോള്‍ അവരുടെ ചുണ്ടുകള്‍ ഖുറാനിലെ ഏതോ സൂക്തം ഉരുവിടുകയായിരുന്നു. ആ ചെറുപ്പക്കാരന്‍ ഒപ്പം വഴികാട്ടിയായ് ഉണ്ടെങ്കിലും നബീസുമ്മയുടെ നെഞ്ചിടിപ്പിന്റെ ആക്കം കൂടിയതേയുള്ളൂ.മകന്റെ വാഹനത്തില്‍ ചാരിയിരിക്കുമ്പോള്‍ അവരാകെ അവശയായിരുന്നു.ഇരുവശങ്ങളിലും കാണപെട്ട മണല്‍ കൂനകള്‍ അവരെ കൂടുതല്‍ നിസ്സംഗയാക്കി.

"ഉമ്മ ഇവിടെ ഇപ്പൊ നല്ല ചൂടാണ്"

മകന്‍ മരുഭൂമിയിലെ ചൂടിന്റെ കാഠിന്യത്തെ മനസ്സിലാക്കി കൊടുക്കുകയാണ്.അവരൊന്നും മിണ്ടാനാവാതെ ദീര്‍ഘശ്വാസമിട്ടിരുന്നു.അല്ലെങ്കിലും അവരുടെ തീരുമാനമായിരുന്നില്ലല്ലൊ ഇത്.മാനം മുട്ടെ നില്‍ക്കുന്ന കെട്ടിട സമുച്ചയങ്ങളുടെ ഇടയിലേക്ക് മകന്റെ കാര്‍ കയറിയപ്പോള്‍ നബീസുമ്മ ഭയത്തോടെ കണ്ണുകളിറുക്കിയടച്ചു.

അടച്ചിട്ട ഫ്ലാറ്റ് ജീവിതത്തിന്റെ പുതിയ ഇരയായിരുന്നു ആ നാട്ടിന്‍ പുറത്തുകാരി..ഉമ്മക്ക് വേണ്ടി ഒരുക്കിയ മുറിയിലേക്ക് മരുമകള്‍ അവരെ കൊണ്ട് പോയി.ഓരോ ദിവസവും ഇനി ഈ തടവറയില്‍ കഴിയണമല്ലോ എന്നത് അവരെ ഒട്ടൊന്നുമല്ല ദുഃഖത്തിലാക്കിയത്. ആ വീട്ടില്‍ അടുത്ത കുറച്ച് ദിവസത്തെക്ക് മക്കളുടെ കൂട്ടുകാരും ബന്ധുക്കളുമായി അതിഥികളുടെ ഒഴുക്കായിരുന്നു .കണ്ണിനെ ചൂഴുന്ന പൊള്ളുന്ന വെയില്‍ നാളങ്ങളെ കണ്ടപ്പോള്‍ അവര്‍ തന്റെ തൊടിയിലൂടൊഴുകുന്ന അരുവിയെ ഓര്‍ത്തു.അരുവിക്കിരുവശങ്ങളിലെ കൈതയോലകളില്‍ തത്തിക്കളിക്കാനെത്തുന്ന പനം തത്തകളെയോര്‍ത്തു.

പിന്നീടെപ്പോഴൊ തന്റെ മുറിയുടെ ജനല്‍ വിരി മാറ്റിയപ്പോളാണവരാ കാഴ്ച്ച കണ്ടത്.ആ കെട്ടിടത്തിന്റെ അപ്പുറം നിരയൊപ്പിച്ച് വെച്ച മീസാന്‍ കല്ലുകള്‍ .മരുമകളാണത് പറഞ്ഞത്, നമ്മള്‍ വിദേശിയര്‍ മരിച്ചാല്‍ കബറടക്കുന്നതിവിടെയാണെന്നു..അതൊരു പള്ളിക്കാടാണെന്ന് വിശ്വസിക്കാന്‍ അവര്‍ക്കായില്ല..അവിടവിടെയായി നിറയെ മുള്ളുകള്‍ മാത്രം ചില്ലകളായുള്ള മരങ്ങള്‍ നില്‍ക്കുന്ന ഇതെങ്ങനെ മയ്യത്തും കാടാകും .അവിടെ അന്ത്യ വിശ്രമം കൊള്ളുന്ന ആത്മാക്കള്‍ വെള്ളവും തണലും കിട്ടാതെ വിതുമ്പുന്നുണ്ടാവില്ലെ ..ഓര്‍ക്കുന്തോറും എന്തെന്നില്ലാത്ത ഒരു ഭയം അവരെ പൊതിഞ്ഞു.

മാളികവീട്ടില്‍ അബ്ദുഹാജിയുടെ ഭാര്യ നബീസുമ്മ അവരുടെ ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല ഇങ്ങനെയൊരു കൂടുമാറ്റം ..അബ്ദു ഹാജി മരിക്കുമ്പോള്‍ ഭാര്യ അനാഥയായിപ്പോകുമെന്ന് ആരും കരുതിയിരുന്നില്ല.അല്ലെങ്കില്‍ തന്നെ അവര്‍ അനാഥയുമായിരുന്നില്ല..രണ്ട് പെണ്‍ മക്കളും ഒരാണ്‍കുട്ടിയുമടങ്ങുന്ന അവരുടെ കുടുംബം സദ്സ്വഭാവികളായ മരുമക്കളാലും മിടുക്കരായ പേരകുട്ടികളാലും സമ്പന്നമായിരുന്നു.ഏക്കറോളം പരന്ന് കിടക്കുന്ന തൊടിയിലെ തെങ്ങും .കമുകും .കുരുമുളകും ,വാഴകളുമൊക്കെ അവര്‍ക്കവരുടെ കുഞ്ഞുങ്ങളെ പോലെ തന്നെ.

പെണ്‍ മക്കളും കുടുംബവും ആകെയുള്ള മകനും ഭാര്യയും മക്കളും എല്ലാം തന്നെ ദുബായിലാണെന്നുള്ളത് നബീസുമ്മ എപ്പോഴും അഭിമാനത്തോടെ ഭര്‍ത്താവ് അബ്ദു ഹാജിയോട് പറയുമായിരുന്നു."ഒരു കണക്കിനു ഞമ്മള്ടെ മക്കളൊക്കെ ഒരു സ്ഥലത്തെന്നായത് ഹൈറന്നായി ല്ലെ"ഉച്ചയൂണു കഴിഞ്ഞ് വാസന ചുണ്ണാമ്പ് തേച്ച തളിര്‍ വെറ്റിലയും അടക്കയും കൂടി കുഞ്ഞുരലിലിട്ട് ഇടിച്ച് നബീസുമ്മയുടെ കയ്യില്‍ നിന്നും തന്റെ കൈവെള്ളയിലേക്കതിനെ വാങ്ങുമ്പോള്‍ അബ്ദു ഹാജി അവരുടെ നിഷ്കളങ്ക സന്തോഷത്തെ തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ തലകുലുക്കി ശരി വെക്കും .കഴിഞ്ഞ ചെറിയ പെരുന്നാളിന് ശേഷം അബ്ദു ഹാജിയുടെ എഴുപത്തഞ്ചാം പിറന്നാളാഘോഷത്തിനു മക്കളെല്ലാം ഒത്തു കൂടിയിരുന്നു.കൂട്ടു കുടുംബാദികളെയൊക്കെ വിളിച്ച് ആ പിറന്നാളാഘോഷം കെങ്കേമമാകുമ്പോള്‍ ആ പ്രായത്തിലും ചുറുചുറുക്കോടെ കാര്യങ്ങളൊക്കെ നടത്തുന്ന ഉപ്പ അടുത്തൊന്നും മരണത്തിന് വഴങ്ങില്ല എന്നു മക്കള്‍ ഉറപ്പിച്ചു ഇരുന്നു.മുതിര്‍ന്ന പേരമക്കളുടെ കല്യാണം കഴിഞ്ഞപ്പോള്‍ അബ്ദു ഹാജിയും ഭാര്യ നബീസുമ്മയും പേരമക്കളുടെ മക്കളേയും കാണാനുള്ള തയ്യാറെടുപ്പോടെ ജീവിതത്തിലെ ഓരോ ദിവസവും ആസ്വദിച്ചു പോന്നു.അബ്ദു ഹാജിയും നബീസുമ്മയും ഉത്തമ ദമ്പതികളാണെന്നുള്ളത് ആ പ്രദേശത്തുള്ളവരും അവരുടെ സ്വന്തക്കാരും ബന്ധുക്കളും ഒരേ സ്വരത്തില്‍ പറഞ്ഞു പോന്നു. നബീസുമ്മയില്ലാതെ അബ്ദു ഹാജിയെ കാണാന്‍ കഴിയില്ല .തിരിച്ചും അങ്ങനെ തന്നെ ..അബ്ദു ഹാജിയുടെ വാക്കുകള്‍ക്കപ്പുറത്തെ ഒരു ലോകത്തെ കുറിച്ച് നബീസുമ്മക്കോര്‍ക്കാന്‍ പോലുമാവില്ല.ആ വെള്ളിയാഴ്ച്ചയും പതിവ് പോലെ ദുബായിലെ മക്കളെല്ലാവരുമായും മതി വരുവോളം ആ വൃദ്ധ ദമ്പതികള്‍ സംസാരിച്ചു.ഉപ്പയും ഉമ്മയും സന്തോഷത്തോടേയും പൂര്‍ണ്ണ ആരോഗ്യത്തോടേയും ഇരിക്കുന്നുവെന്നറിഞ്ഞ മക്കള്‍ ആ രാത്രിയിലും സമാധാനത്തോടേയും സന്തോഷത്തോടേയും ഉറങ്ങി. സുബുഹി നമസ്കാരത്തിനെണീറ്റ നബീസുമ്മ പതിവിനു വിപരീതമായി ഭര്‍ത്താവുണരാത്തത് കണ്ട് തെല്ലൊന്നു പരിഭ്രമിച്ചു.എന്നും സുബുഹി നമസ്കാരത്തിനു ശേഷം ആ തൊടിയിലെ ഓരോ കമുകിനും വാഴക്കും കുരുമുളക് വള്ളികള്‍ക്കും പണിക്കാര്‍ക്കൊപ്പം നിന്നും വെള്ളം തിരിക്കാറുള്ള ആളാണെന്താണിങ്ങനെ ഉറങ്ങുന്നതെന്ന് ചിന്തിച്ച നബീസുമ്മ പതിവ് കാലിച്ചായയുമായി ഭര്‍ത്താവിനെ ഉണര്‍ത്താനായി ശ്രമിച്ചപ്പോഴാണവരാ യാഥാര്‍ത്ഥ്യത്തെ ഉള്‍കൊണ്ടത്..അവരെ ഈ ദുനിയാവില്‍ തനിച്ചാക്കി അവരുടെ ജീവിത പങ്കാളി ഇഹലോകവാസം വെടിഞ്ഞ് പരലോകത്തേക്ക് യാത്രയായിരിക്കുന്നുവെന്ന്..

ഹാജിയാരുടെ ഒസ്യത്തായിരുന്നു താന്‍ മരിച്ചാല്‍ ദിവസങ്ങളോളം തന്റെ ഭൌതിക ശരീരത്തെ ആര്‍ക്കു വേണ്ടിയും കാത്തു കിടത്തരുതെന്ന്.രാവിലെ തന്നെ വിവരമറിഞ്ഞ് സ്വന്തക്കാരും ബന്ധുക്കളും എത്തിയെങ്കിലും മക്കള്‍ക്ക് അന്നേ ദിവസം രാത്രിയില്‍ മാത്രമെ അവിടെ നിന്നും പുറപ്പെടാനാകൂ എന്നത് ഹാജിയാരുടെ ഒസ്യത്തിനെ നിറവേറ്റുന്നതില്‍ നിന്നും നബീസുമ്മയെ പിന്തിരിപ്പിച്ചു .തന്റെ മോനെങ്കിലും ആ മയ്യത്ത് കട്ടിലിന്റെ കാലു പിടിക്കാനായ് എത്തുമെന്നവര്‍ക്ക് വിശ്വാസമായിരുന്നു.മരവിച്ച ആ ശരീരത്തിനു ചുറ്റും ഉയരുന്ന കുന്തിരിക്കത്തിന്റേയും ചന്ദനത്തിരിയുടേയും ഗന്ധം ആ തറവാട്ടിലും തൊടിയിലും പരന്നു കാറ്റിലലിഞ്ഞു.പിറ്റേ ദിവസം ഉച്ചയോടെ മകനെത്തി .അസറിനു ശേഷം ആവണികുന്നത്തെ ജുമാ മസ്ജിദില്‍ കബറടക്കം നടത്തെത്തിയ മകന്റെ തോളില്‍ തല വെച്ച് നബീസുമ്മ അതു വരെ പിടിച്ച് നിറുത്തിയിരുന്ന സങ്കടമെല്ലാം കണ്ണീരായൊഴുക്കി.

അന്ന് രാത്രി ആദ്യമായി അവര്‍ക്ക് താനീ ലോകത്ത് ഒറ്റപ്പെട്ടുവെന്ന തോന്നലുണ്ടായി..താനെങ്ങനെ ഇനി തന്റെ ജീവിതം ജീവിച്ച് തീര്‍ക്കുമെന്നവര്‍ ഭയപ്പെട്ടു.മൂന്നാം ദിവസം ഹാജിയാരുടെ കബറിടത്തില്‍ മീസാന്‍ കല്ലു വെച്ച് മകന്‍ വന്ന് നബീസുമ്മയോട് തന്റെ തീര്‍ന്ന താല്‍ക്കാലിക അവധിയെ കുറിച്ച് പതുക്കെ ഓര്‍മപെടുത്തി.പുലര്‍ച്ചെ തന്നെ യാത്രയാകേണ്ടതാണെന്നും വിഷമത്തോടെ അറിയിച്ചു.മകന്റെ നിസ്സഹായതയില്‍ മനസ്സലിഞ്ഞ ആ മാതാവവനെ സമാധാനത്തോടെ പോവാനനുമതി നല്‍കി.മകന്‍ പോവുമ്പോള്‍ എത്രയും പെട്ടെന്ന് തന്നെ ഉമ്മയെ തന്റെ ജോലിസ്ഥലത്തേക്ക് കൊണ്ട് പോകുമെന്ന് സാന്ത്വനപ്പെടുത്തി.പക്ഷെ ആ തറവാട്ടിലും തൊടിയിലും നിറഞ്ഞു നില്‍ ക്കുന്ന അബ്ദു ഹാജിയുടെ അദൃശ്യ സാന്നിധ്യത്തെ വിട്ടു പോകാന്‍ അവര്‍ക്കാവില്ലായിരുന്നു.

ഇനിയുള്ള കാലം ആ തറവാട്ടിലെ ചുമരിനും കട്ടിളകള്‍ക്കും മച്ചിനും പരിചയമുള്ള അബ്ദുഹാജിയുടെ ശ്വാസത്തിന്റെ താളം ഉള്‍കൊണ്ടും തൊടിയിലെ മണല്‍ തരികളും കറുകപുല്ലുകളും അനുഭവിച്ചിരുന്ന അദ്ദേഹത്തിന്റെ പാദ മുദ്രകളില്‍ തലോടിയും കഴിയണമെന്നും മരിച്ചാല്‍ അദ്ദേഹത്തിന്റെ കബറിനടുത്ത് തന്നെ തന്റേയും അന്ത്യ വിശ്രമമാകണെമെന്നും നബീസുമ്മ ദൃഢ നിശ്ചയമെടുത്തു.

എത്ര പ്രതിജ്ഞകളെടുത്താലും എത്ര വാഗ്ദാനങ്ങള്‍ നല്‍കിയാലും കാറ്റിന്റെ ഗതിയ്ക്കനുസരിച്ച് കരിയിലകള്‍ ഒരിടത്ത് നിന്നും മറ്റൊരിറ്റത്തേക്ക് ചലിച്ച് കൊണ്ടിരിക്കും .പിന്നെയോ കേവല ദുര്‍ബല സ്ത്രീജന്‍മങ്ങള്‍ ..വടവൃക്ഷത്തിന്റെ തായ് വേരിനു നീരുറവക്കനുസരിച്ച് നീങ്ങേണ്ടി വരും . കുഞ്ഞു ശാഖകളെ തളിര്‍പ്പിക്കണമെങ്കില്‍ ആത്മാവായ കാണ്ഡത്തെ പിന്നിലാക്കി ഒരു പാട് ദൂരം ആ തായ് വേരിനു സഞ്ചരിക്കേണ്ടി വരുന്നു.അതൊരു പ്രകൃതി നിയമം മാത്രം.

നബീസുമ്മയുടെ ജീവിതത്തിലും ആ നിയമമാവര്‍ത്തിക്കപെട്ടു.ജീവിത പങ്കാളിയുടെ ശേഷിപ്പുകളെ വിട്ട് അനാഥത്വത്തില്‍ നിന്നും സനാഥത്വത്തിലേക്ക്.ഒരു സ്ത്രീയുടെ ജീവിതം നിയന്ത്രിക്കപ്പെടുന്നത് അവളാലല്ല .അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ഓരോ വ്യക്തിത്വങ്ങളലാണ്.ശൈശവം മുതല്‍ യൌവനം വരെ പിതാവും ,യൌവനം മുതല്‍ ജീവിത പങ്കാളിയും ..വാര്‍ദ്ധക്യം മക്കളാലും നിയന്ത്രിക്കപ്പെടുന്നു.ഓരോ കാലഘട്ടത്തിനനുസരിച്ച് ഒരു പാവയെ പോലെ ആ സ്ത്രീ ജന്‍മം നിയന്ത്രണങ്ങളെ സന്തോഷപൂര്‍വം അനുസരിക്കുന്നു.

അങ്ങനെയൊരു മാറ്റം മാളികവീട്ടില്‍ അബ്ദുഹാജിയുടെ ഭാര്യ നബീസുമ്മയുടെ ജീവിതത്തിലും ഉണ്ടായി..മതാനുഷ്ഠാനത്തെ ആത്മാവിലേറ്റിയ നബീസുമ്മ ഭര്‍ത്താവ് മരിച്ചതിനു ശേഷം നാലു മാസവും പത്ത് ദിവസവും ആ തറവാട്ടില്‍ നിന്നും എവിടേക്കും പോയില്ല.പിന്നീട് മകന്റെ ആജ്ഞക്കനുസരിച്ച് അവരുടെ അടുത്തേക്ക് മനസ്സില്ലാമനസ്സോടെ എത്തിച്ചേര്‍ന്നു.

മരുഭൂമിയിലെ മണല്‍ത്തരികള്‍ പോലും നിമിഷം പ്രതി മാറികൊണ്ടിരിക്കുന്ന ഒരു പ്രദേശത്തെ ഉള്‍ക്കൊള്ളാന്‍ എന്തൊ അവര്‍ക്കായില്ല.ഉള്ളിലെ താപം പുറത്തറിയിക്കാതെ പുറത്തെ ഉഷ്ണത്തെ അവര്‍ അതിജീവിക്കുന്നതായ് അഭിനയിച്ചു.മക്കളും മരുമക്കളും പേരകുട്ടികളുമൊക്കെ ഇടക്കിടെ വന്നു സ്നേഹത്താല്‍ നബീസുമ്മയെ പൊതിയുന്നുണ്ടെങ്കിലും അവരുടെ ഉള്ളിലപ്പോഴും അബ്ദുഹാജിയുടെ നിശ്വാസങ്ങളും തൊടിയിലെ പോറ്റ് മക്കളുമായിരുന്നു.മകന്‍ കഴിഞ്ഞ രാത്രിയില്‍ ആരെയോ വിളിച്ച് തറവാടും തൊടിയും കച്ചവടമായതിനെ കുറിച്ച് പറഞ്ഞത് ഒരു നിര്‍വികാരതയോടെ മാത്രമെ അവര്‍ക്ക് കേട്ടിരിക്കാനായുള്ളൂ.എല്ലാം സമ്പാദിക്കുന്നത് മക്കള്‍ക്ക് വേണ്ടി പിന്നെ അവരുടെ ഇഷ്ടത്തിനതെന്തെങ്കിലും ചെയ്യുകയാണെങ്കില്‍ അതില്‍ നമ്മളിടപെടരുത്..ഹാജിയാര്‍ നബീസുമ്മാടെ ചെവിയില്‍ പറയുന്നതായ് തോന്നി..

ജനല്‍പ്പടിയില്‍ എന്നു വന്നിരിക്കാറുള്ള ഇണപ്രാവുകളുടെ കുറുങ്ങല്‍ കേട്ടപ്പോള്‍ നബീസുമ്മ ചിന്തയില്‍ നിന്നുമുണര്‍ന്നു.സുബുഹി ബാങ്കിന്റെ ഒലി അവിടമാകെ മുഴങ്ങുന്നുണ്ട്. ദൂരെ കാണുന്ന പള്ളികളിലെ മിനാരങ്ങളില്‍ അപ്പോഴും വലം വെക്കുന്ന അരിപ്രാവുകള്‍ ..അവര്‍ അംഗ ശുദ്ധി വരുത്തി സുബുഹി നമസ്ക്കരിക്കാനായ് വെള്ളവസ്ത്രമണിഞ്ഞു .കൈകളുയര്‍ത്തി തന്റെ നാഥനെ ഓര്‍ത്തു.ജീവിതത്തിന്റെ നല്ലൊരു പങ്കും ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി ജീവിച്ച നബീസുമ്മ സംതൃപ്തിയോടെ പ്രപഞ്ചനാഥനെ വണങ്ങാനായ് സാംഷ്ടാംഗം കിടന്നു.പക്ഷെ അവരപ്പോള്‍ .തറവാട്ടിലെ ഉമ്മറത്തെ ചാരുകസേരയിലിരിക്കുന്ന അബ്ദു ഹാജിയെ തന്റെ ചക്കര മാവു പൂത്തുലഞ്ഞ് നില്‍ക്കുന്നത് കാണിക്കാനായ് അദ്ദേഹത്തിന്റെ കൈ പിടിച്ച് വലിച്ച് കൊണ്ടു പോവുകയാണു..

കബറടക്കം ദുബായില്‍ തന്നെ നടത്താമെന്ന് മക്കളെല്ലാവരും തീരുമാനിച്ചത് ഒരു ചെറു ചിരിയോടെ അബ്ദു ഹാജിയും നബീസുമ്മയും തറവാട്ടിന്റെ ഉമ്മറത്തിരുന്നു കേട്ടു കൊണ്ട് തലകുലുക്കി സമ്മതിച്ചു.മരുഭൂമിയിലപ്പോഴും മണല്‍ കാറ്റ് വീശിയടിക്കുന്നുണ്ട്.നിമിഷങ്ങള്‍ കൊണ്ട് മണല്‍ കൂനകള്‍ ക്ക് രൂപ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നു.മരുഭൂമിയുടെ താപത്താലാണ് ഈന്തക്കായ്കള്‍ പഴുക്കുന്നത്..ഒരു നിയോഗം പോലെയത് കാലാകാലങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നു..ഓരോ ഋതുവും മാറി മാറി വന്നാലും ഈന്തപ്പനകള്‍ സൈകതത്തിന്റെ ഊഷരത്തെ അതിജീവിച്ച് അഥവാ നെഞ്ചിലേറ്റി ഈന്തപ്പഴങ്ങളെ മധുരമുള്ളതാക്കുന്നു..
.

    

സാജിദാ അബ്ദുറഹ്മാന്‍ - Tags: Thanal Online, web magazine dedicated for poetry and literature സാജിദാ അബ്ദുറഹ്മാന്‍ , ഈന്തക്കായ്കള്‍ പഴുക്കുമ്പോള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക