പറഞ്ഞു പറഞ്ഞു പോകുന്നത്

ഗിരീഷ് വര്‍മ്മ

ഉച്ചവെയില്‍ ചാഞ്ഞു തുടങ്ങിയിരിക്കുന്നു . ഊണ്കഴിച്ചിട്ടില്ലിതുവരെ. അവള്‍ പലവട്ടം വന്നു വിളിച്ചതാണ്.ആദ്യമൊന്നും ശ്രദ്ധ കൊടുത്തതെയില്ല. ഒടുവില്‍ വിളിയില്‍അമര്‍ഷം കലരുന്നതറിഞ്ഞപ്പോള്‍ മുഖമുയര്‍ത്തിയൊന്നു നോക്കി.ഇത്തിരി കടുപ്പത്തില്‍ . പൊടുന്നനെ അവള്‍ മുഖം താഴ്ത്തിഅകത്തേയ്ക്ക് വലിഞ്ഞു . അടുക്കളയില്‍ പാത്രങ്ങള്‍ശബ്ദമുണ്ടാക്കി . കൂട്ടത്തില്‍ പിറുപിറുക്കലുംകേള്‍ക്കുന്നുണ്ടായിരുന്നു. ചിരി വന്നു. ഇപ്പോള്‍ ദിനചര്യകളില്‍ ഇടവിട്ടുള്ള ഭക്ഷണവും , കുറെ ചിന്തകളും മാത്രമായിപ്പോവുന്നതറിയുമ്പോള്‍.... ഉച്ചചൂടില്‍ അവ്യക്തമായി കാണുന്ന വായുവിന്റെ പിടച്ചില്‍ മുകളിലേയ്ക്കുയരുന്നത് അനുഭവപ്പെടാറുണ്ട് . ഒരു കൊടും നിശ്വാസം പോലൊന്ന്. പ്രകൃതിയുടെതാവാം, മനുഷ്യരുടേതുമാവാം . അതോര്‍ത്തായിരുന്നു ഇരുന്നത്. കവലയില്‍ വെച്ച് നാട്ടുകാര്‍ തന്ന സ്വീകരണത്തെ കുറിച്ച് വെറുതെ ഓര്‍ത്തുനോക്കി. വേദിയില്‍ പഞ്ചായത്ത് പ്രസിഡന്റ് തന്നെ വാനോളം പുകഴ്ത്തുന്നുണ്ടായിരുന്നു . തന്റെ ശിഷ്യന്‍ ആവാന്‍ കഴിയാഞ്ഞതില്‍ അദേഹത്തിനെന്തോ വലിയ വിഷമം ഉള്ള പോലെ പ്രസംഗത്തില്‍ നിന്നും മനസ്സിലായി. രാജ്യ സേവനത്തോളം വരുമോ തന്റെ അധ്യാപനത്തിന്റെ വില ! സംശയം മറു പ്രസംഗത്തില്‍ താനുന്നയിക്കയും ചെയ്തു. പക്ഷെ തനിക്കിഷ്ടപ്പെട്ടത്‌ തന്റെ സഹപാഠിയായിരുന്ന കേശവ പണിക്കരുടെ ഓര്‍മ്മകള്‍ പെറുക്കി നിരത്തിയ കൊച്ചു വാചകങ്ങള്‍ ആയിരുന്നു. കുട്ടിക്കാലത്തിന്റെ കുസൃതികളും, കൊച്ചു കള്ളത്തരങ്ങള്‍ നിറഞ്ഞ ഞങ്ങളുടെ പോയ കാലങ്ങളും അപ്പോള്‍ കൊരിത്തരിപ്പിച്ചുകൊണ്ടിരുന്നു. ഇടയ്ക്കൊന്ന് സദസ്സ് കുലുങ്ങി ചിരിച്ചപ്പോള്‍ ഞട്ടിയുണര്‍ന്നു.

" ഇല്ലെടോ ?"

കേശവ പണിക്കര്‍ ചോദിച്ചപ്പോള്‍ താനൊന്നു അന്ധാളിച്ചു . മുന്‍പ് പറഞ്ഞത് കേട്ടിരുന്നില്ല. പറഞ്ഞത് ശരി വെക്കും മട്ടില്‍ ഒന്ന് തലയാട്ടി. പൊന്നാട അണിയിക്കലും കഴിഞ്ഞു എല്ലാവരും കൂടി വീട്ടില്‍ കൊണ്ട് വിടുകയും ചെയ്തു.

സ്കൂള്‍ യാത്രയയപ്പിലും ഏകദേശം ഇതുപോലെ തന്നെയായിരുന്നുവല്ലോ ! സ്റ്റാഫ് മീറ്റിങ്ങുകളില്‍ പോലും എപ്പോഴും എതിര്‍പ്പുകള്‍ ഉന്നയിച്ചിരുന്ന രാജന്‍ മാഷ്‌ പോലും........ യാതയയപ്പും , സല്കാരവും കഴിഞ്ഞു കാറില്‍ വീട്ടിലേയ്ക്ക് . എല്ലാ ഉത്തരവാദിത്വങ്ങളില്‍ നിന്നും തനിയ്ക്ക് വിടുതല്‍ ആയോ!!

വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ വിക്രമന്‍ മാഷിന്റെ കണ്ണുകള്‍ നിറഞ്ഞു കണ്ടു. താന്‍ വെറുതെ കയ്യില്‍ പിടിച്ചൊന്നമര്‍ത്തി . "മാഷേ " വിക്രമന്‍ മാഷ്‌ .

അലസമായ ദിവസങ്ങള്‍ പോയ്കൊണ്ടിരുന്നു .

" പൊറത്തേയ്ക്കൊന്നു ഇറങ്ങി കൂടെ " അവള്‍ .

അദ്ധ്യയന ദിവസങ്ങളില്‍ വൈകീട്ട് ഏഴോടെ മാത്രമേ വീടണയൂ. വായനശാലയില്‍ കുറച്ചു നേരം.

" നിങ്ങള്ക്ക് സ്കൂള്‍ വിട്ടാ നേരെ ഇങ്ങട് പോന്നൂടെ " അത് എന്നത്തെയും പരാതിയായിരുന്നു.

ഇന്നിപ്പോള്‍ വീട്ടില്‍ വെറുതെ ഇരുന്നിട്ടും .... അങ്ങിനെയാണ് മണ്ണിലേയ്ക്കു ഇറങ്ങിയത്‌. പറമ്പില്‍ ചെറുതായി കിളച്ചു . പച്ചക്കറി വിത്തുകള്‍ പാകി. ചെറിയ മുളകള്‍ വന്നപ്പോള്‍ ഏറെ സന്തോഷം . മുളകള്‍ തഴുകികൊണ്ടിരുന്നു.

" അത് ചീത്ത്യാവും" പിറകില്‍ അവള്‍.

ആ നിര്‍വൃതിയോടെ ഞാന്‍ അവളുടെ മുഖത്തേയ്ക്കു നോക്കി . എന്തോ മനസ്സിലാക്കിയെന്നോണം അവളുടെ മുഖം വിളറിയിരുന്നു.

" എന്നോട് ദ്വേഷ്യാ?"
കിടക്കയില്‍ മുഖമമര്‍ത്തി അവള്‍ ചോദിച്ചു.
" എന്തിന്?"
അവള്‍ മിണ്ടിയില്ല. വീണ്ടുമോന്നും ചോദിച്ചതുമില്ല.

ചുവരലമാരയിലെ അവളുടെ നിധിയായ കളിപ്പാട്ടങ്ങളിലെ ഒന്ന് അപ്പോഴും തലയാട്ടിക്കൊണ്ടിരുന്നു.

    

ഗിരീഷ് വര്‍മ്മ - Tags: Thanal Online, web magazine dedicated for poetry and literature ഗിരീഷ് വര്‍മ്മ, പറഞ്ഞു പറഞ്ഞു പോകുന്നത്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക