ആത്മഹത്യാപരം

എ. കെ. സന്ദീപ്‌

തവിട്ടു ബൈന്റിട്ട ഡയറിയിലയാളെഴുതി -

"ഈ രാവ് മരണത്തിന്റെതാണ്; മരണചിന്തകളുടെതാണ്. ഈ ജീവിതം മുഴുവന്‍ ജീവിച്ചു തീര്‍ത്താലും ഒടുവില്‍ ലഭിക്കുന്നത് വെറും മരണം. അതിനു വേണ്ടിയെന്തിനു വര്‍ഷങ്ങള്‍ പലതും പാഴാക്കുന്നു. അനിവാര്യമായ മരണത്തെ നേരത്തെ അംഗീകരിക്കുക വഴി, ഈ ലോകജീവിതനിസ്സാരതകളെ തിരസ്ക്കാരിക്കാനാവുമല്ലോ. ഇതൊന്നുമറിയാതെ ജനങ്ങളത്രയും മലമുകളിലേക്ക് കല്ലുരുട്ടി കൊണ്ടിരിക്കയാണ്. ചിലര്‍ പാതിയില്‍ കൊഴിയുന്നു. മറ്റു ചിലര്‍ മുകളറ്റമെത്തുമ്പോള്‍ ആ പ്രയത്നങ്ങളെയെല്ലാം നിമിഷാര്‍ദ്ധത്തിന്റെ ക്ഷണികതയില്‍ താഴേക്കു തള്ളിയിട്ട് കൈകൊട്ടിച്ചിരിക്കുന്നു. രായിരനെല്ലൂരിലെ കിറുക്കന്‍ പറഞ്ഞ നഗ്നസത്യമിതല്ലാതെന്ത്. അര്‍ത്ഥശൂന്യമായൊരു ജീവിതത്തിന്റെ അര്‍ത്ഥങ്ങളും അര്‍ത്ഥഭേദങ്ങളും തിരഞ്ഞെന്തിനലയണം നാം വൃഥാ. മധുരതരമായ ഒരു വാക്യത്തെ അര്‍ദ്ധോക്തിയില്‍ ചൊല്ലിവെയ്ക്കുന്നതത്രേ കാവ്യഭംഗി. നന്ദികെട്ടൊരു ലോകത്തോടു നന്ദിവാക്കുകള്‍ ചൊല്ലാതെയിനിയെനിക്ക് മടങ്ങാം. നേരുന്നു ശുഭരാത്രി."

- നിശ്വാസങ്ങളിലത്രയും വികാരമുറ്റിയ ഗദ്ഗദം നിറച്ചുകൊണ്ടയാള്‍ ഡയറിയടച്ചു മയങ്ങാന്‍ കിടന്നു.

തൈജസനായ ബോധത്തിലയാളുടെ ഉണര്‍ന്ന ചിന്തകള്‍ ഒരു ആത്മഹത്യാമുനമ്പില്‍ എത്തിനിന്നു. വായിച്ചു തള്ളിയ പുസ്തകകൂനയില്‍ നിന്നും ക്ലിയോപാട്രയും ഒഥല്ലോയും ഇറങ്ങി വന്നു. സില്‍വിയാ പ്ലാത്തും വെര്‍ജീനിയ വുള്‍ഫും ഇടപ്പള്ളിയും വന്നു. ആത്മഘാതകരായ അവരൊക്കെയും ചുറ്റും കൂടി നിന്ന് അയാളുടെ ജീവന് വിലപേശാന്‍ തുടങ്ങി. ഒടുവില്‍ തിരുമാനിച്ചുറച്ച മരണം എങ്ങനെ വേണമെന്നു ചിന്തിച്ചു ചിന്തിച്ചു പ്രജ്ഞയറ്റുറങ്ങിയയാള്‍ , ദീര്‍ഘമൗനം പോലെ.

പിറ്റേന്ന്, ഭേദ്യലക്ഷ്യങ്ങള്‍ ഒന്നുമില്ലാതെയെങ്കിലും വെയിലിനൊപ്പം അയാള്‍ നടത്തം തുടങ്ങി. കടത്തു കടന്ന്, വാഹനങ്ങള്‍ പലതും കയറിയിറങ്ങി ഒടുവിലാ കടലോരനഗരത്തിലെത്തിയിരിക്കുന്നു. പരിചിതമുഖങ്ങള്‍ ഇല്ലെങ്കിലും അപരിചിതത്വമില്ലാത്ത നഗരം, അയാളെ ആള്‍ക്കൂട്ടത്തില്‍ അലിയിച്ചു ചേര്‍ക്കാന്‍ തിടുക്കം കൊള്ളുന്നതായി തോന്നി. നഗരത്തിന്റെ കറുത്ത പാതകളെ ചവിട്ടി പിന്നിലാക്കി നടത്തം തുടര്‍ന്നു.

ജനമിരമ്പുന്ന നഗരവീഥികളില്‍ നിന്നും വിജനമായ വഴികളിലൂടൊക്കെയും അയാള്‍ നടന്നു കൊണ്ടിരുന്നു. ഒരു വഴി രണ്ടായി പിരിയുന്നതും പിരിഞ്ഞവ വീണ്ടും ഒന്നാവുന്നതും കണ്ടപ്പോള്‍ അയാള്‍ മനുഷ്യമനസ്സുകളുടെ ഉള്‍പ്രവര്‍ത്തനങ്ങളെ കുറിച്ച് ചിന്തിക്കുകയായിരുന്നു. സ്റ്റേഡിയം വലംവെച്ച് അയാള്‍ അടുത്തുള്ള അമ്പലത്തിന്റെ ആല്‍ത്തറകളിലൊന്നില്‍ അര്‍ദ്ധപത്മാസനത്തില്‍ ഇരിപ്പുറപ്പിച്ചു. ബോധിസത്ത്വനെ മനസ്സില്‍ ധ്യാനിച്ചു കൊണ്ടിരുന്നപ്പോള്‍ അയാള്‍ക്ക്‌ ആത്മഹത്യാരീതിയെ സംബന്ധിച്ചൊരു ബോധോദയമുണ്ടായി.

വെയില്‍ കനത്തിരിക്കുന്നു. മനുഷ്യസഹജമായ വിശപ്പും. വിശപ്പിന്റെ കൂക്കിവിളികള്‍ക്ക് മറുവിളി കൊടുത്ത് കൊണ്ട് കായിക്കാന്റെ ഹോട്ടലില്‍ നിന്നും ഇറങ്ങിയപ്പോഴേക്കും വിനാഴികകള്‍ മാത്രം ആയുസ്സുള്ളവന്റെ അന്ത്യോത്സാഹം അയാളുടെ മനസ്സിനെ ഗ്രസിച്ചിരുന്നു. സമയം പോക്കുവാനൊരു സിനിമ കണ്ടേക്കാമെന്ന തോന്നലോടെ അയാള്‍ തൊട്ടടുത്തുള്ള തീയറ്ററില്‍ കയറി. മൃതി പോലെ പ്രാകൃതമായ ഇരുട്ടില്‍ കൊട്ടകയാകെ കനം വെച്ചു കിടക്കുകയാണ്. സിനിമ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയപ്പോഴേക്കും അയാളുടെ മനസ്സ് പ്രക്ഷുബ്ധമായി കൊണ്ടിരുന്നു. ചെണ്ടമേളത്തിന്റെ ഉയര്‍ന്ന ലഹരിയില്‍ വെള്ളിത്തിരയിലെ വെളിച്ചപ്പാട് തലവെട്ടിപ്പൊളിച്ചലറുമ്പോള്‍ , അഭ്രപാളിയില്‍ നിന്നും അയാളുടെ മുഖത്തേക്ക് തെറിച്ചു വീണു; പലതുള്ളി നിറമറ്റചോര. വെപ്രാളം കൊണ്ട് വെളിയിലേക്കിറങ്ങിയ അയാളുടെ കണ്ണുകളെ പടിഞ്ഞാറു നിന്നും ചാഞ്ഞു വീണ മഞ്ഞവെയില്‍ പുളിപ്പിച്ചു. ഉപ്പുകാറ്റിന്റെ സ്വാന്തനമേറ്റയാള്‍ കായലോരത്തൂടെ ഒട്ടുദൂരം നടന്നു. മനസ്സു തണുത്തിരിക്കുന്നു. അകലെ നങ്കൂരമിട്ട കപ്പല്‍ ചരക്കുകയറ്റുന്നതിനൊപ്പം ജലനിരപ്പില്‍ നിന്നും താണു കൊണ്ടിരുന്നു. അതിനുമപ്പുറം, പടിഞ്ഞാറെ ചക്രവാളത്തിന്റെ അതിരിലേക്ക് സൂര്യനും മുങ്ങികൊണ്ടിരുന്നു.

തെരുവിളക്കുകള്‍ കാട്ടിയ വഴികളിലൂടെ അയാള്‍ നടന്നു നീങ്ങി. ഓടമണമുള്ള ഇടുങ്ങിയ ഗലികളില്‍ നിന്നും ചാവാലി നായ്ക്കള്‍ കുരച്ചു കയര്‍ക്കുന്നതും ഇണ ചേരുന്നതും കണ്ടു. ഉള്ളിലെ തൃഷ്ണകള്‍ ചുരമാന്തിയുണര്‍ന്നപ്പോള്‍ പെണ്‍ദേഹത്തിനായ്‌ അയാള്‍ ഇരുളിന്റെ അറ്റത്തെ വേശ്യാഗൃഹത്തിലേക്കു നടന്നു കയറി. അല്‍പ്പം മുന്‍പാരോ ചവച്ചു തുപ്പിയ താംബൂലം കണക്കെ ചുവന്നു തുടുത്തൊരുവള്‍ കട്ടിലില്‍ കിടപ്പുണ്ടായിരുന്നു. ചുംബനവേളയില്‍ നാവില്‍ വാസനചുണ്ണാമ്പിന്റെ നീറ്ററിഞ്ഞു, സുരതത്തിലേക്കയാള്‍ വഴുതി വീണു. അടുത്ത ഊഴക്കാരന്‍ വാതിലില്‍ മുട്ടിയപ്പോള്‍ ചെയ്തു കൊണ്ടിരുന്നതൊക്കെയും പാതിയില്‍ ഉപേക്ഷിച്ചു നാഴികയൊന്നിനു പറഞ്ഞുറപ്പിച്ച പണം കൊടുത്ത് ധൃതിയില്‍ ഷര്‍ട്ടെടുത്തിട്ടയാള്‍ പുറത്തേക്കു കടന്നു. മൂന്നാംവേദക്കാരുടെ പുസ്തകത്തില്‍ നിന്നും പറിച്ചെറിയപ്പെട്ടൊരു മദ്ധലനക്കാരി മറിയത്തില്‍ നിന്നും നടന്നകലുമ്പോള്‍ അയാളുടെ മനസ്സ് ത്രസിച്ചു.

- "അടക്കിവെച്ച വികാരങ്ങളുടെ ആകെതുകയാണത്രേ സംസ്കാരം."
"നിങ്ങളില്‍ പാപം ചെയ്യാത്തവരെന്നെ കല്ലെറിയൂ..."
"തൂഫ്‌... " കഫം കുറുകിയ തൊണ്ട മുരടനക്കിയയാള്‍ വഴിയോരത്തേക്ക് നീട്ടിത്തുപ്പി.

കടയടയ്ക്കും മുന്‍പേ ഗോതമ്പിട്ടു വാറ്റിയ ചാരായം ക്വാട്ടറും ഒരു കൂടു പുകയും പിന്നെ അന്ത്യനിദ്രയ്ക്കായ്‌ മരണദ്രാവകം നിറച്ച കൊച്ചു ചില്ലളുക്കും സംഘടിപ്പിച്ച്‌ അയാള്‍ നഗരത്തിലെ മുന്തിയ ഹോട്ടലില്‍ മുറിയെടുത്തു. ജാലകം തുറന്നപ്പോള്‍ ദൂരെ നിന്നും കടല്‍ക്കാറ്റ്‌ കൊണ്ടുവന്ന ചരക്കുകപ്പലിന്റെ ആര്‍ത്തനാദം കാതുകളെ തുളച്ചു. ജനാലയടച്ചു; ശരീരത്തില്‍ നിന്നും പെണ്‍വിയര്‍പ്പിന്റെ നാഫ്തലീന്‍ ഗന്ധം കഴുകികളഞ്ഞു ദേഹശുദ്ധി വരുത്തി അയാള്‍ തിരികെ വന്നിരുന്നു. ജീവിതത്തിന്റെ അവസാനനിമിഷങ്ങളെ മനസ്സില്‍ നിറച്ചു. ഒപ്പം ഒരു ഗ്ലാസ്സില്‍ മരണതീര്‍ത്ഥം ചാരായവുമായി നേര്‍പ്പിച്ചെടുത്തു. ചുണ്ടറ്റത്തെ സിഗരറ്റ് ആത്മാവ് പോലെ എരിഞ്ഞുകൊണ്ടിരുന്നു. പുകവളയങ്ങള്‍ മുറിയിലൂതി നിറച്ചു രസിച്ചു. പുകകണ്ണടയുണ്ടാക്കി മുഖത്തു വെച്ച് ശാന്തനായ്‌ സൗമ്യനായ്‌ അയാള്‍ ആത്മഹത്യാക്കുറിപ്പിലെഴുതി. -

"ജീവിതം വ്യര്‍ത്ഥമെന്ന തിരിച്ചറിവില്‍ ഞാനിത് അവസാനിപ്പിക്കുന്നു. ഈ മരണമെനിക്കൊരാഘോഷമാണ്. ഈ കാണുന്ന സ്ഥൂലപ്രപഞ്ചത്തിനുമപ്പുറം ഇനിയും കാണാത്ത കാഴ്ചകളുടെ കൗതുകങ്ങള്‍ക്കായ്‌ ഞാന്‍ യാത്രയാവുന്നു. "

 

അന്നനാളത്തെ നീളത്തില്‍ നനച്ചു കൊണ്ട് മരണത്തെയയാള്‍ കുടിച്ചിറക്കി. ബോധത്തിന്റെ മലക്കംമറിച്ചിലിനിടയില്‍ , നേര്‍ത്ത പിടച്ചിലില്‍ തട്ടിമറഞ്ഞ ഗ്ലാസ്സില്‍ മിച്ചമിരുന്ന മരണത്തിന്റെ പാടലവര്‍ണ്ണം യാത്രാമൊഴി കുറിച്ച കടലാസ്സിലേക്ക് പടര്‍ന്നു കയറി. ആ പിങ്ക് നിറം അയാളുടെ അയാളുടെ മേല്‍ സ്വാതന്ത്രത്തിന്റെ താമ്രപത്രങ്ങള്‍ എഴുതികൊണ്ടിരുന്നു. പുറത്തേക്കു തികട്ടി വന്ന വെള്ളപ്പത പണ്ടു കുടിച്ച മുലപ്പാലിന്റെ കയ്പ്പെന്ന്‍ അയാളുടെ രസന, തലച്ചോറിനോടു കള്ളം പറഞ്ഞു. ചലനമറ്റൊരു തുറമുഖത്തില്‍ നിന്നും അയാളുടെ ലോഹനൗക നങ്കൂരമുയര്‍ത്തി യാത്ര തുടങ്ങിയിരിക്കുന്നു, ചിന്തകളുടെ ചക്രവാളങ്ങളെ മുറിച്ചു കടന്ന്, അനാദിയാമൊരു കാലത്തിനറ്റത്തേയ്ക്ക്.
madness.jpg

    

എ. കെ. സന്ദീപ്‌ - Tags: Thanal Online, web magazine dedicated for poetry and literature എ. കെ. സന്ദീപ്‌ , ആത്മഹത്യാപരം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക