ആത്മവൃക്ഷത്തിന്റെ വിത്തുകള്‍

പി. കെ. ഗോപി.

മൂത്തു നരച്ചവന്റെ മുതുകെല്ലില്‍
പൂത്തുലഞ്ഞ നെല്‍പ്പാടങ്ങളുടെ
ഫോസിലുകള്‍

പാതി മരിച്ചവന്റെ നെഞ്ചിനുള്ളില്‍
സ്വാതന്ത്ര്യത്തിന്റെ
തുരുമ്പിച്ച വെടിയുണ്ടകള്‍

ആരുറിമയാതാവന്റെ
ആത്മാവില്‍
മാമാങ്കങ്ങളുടെ മണിക്കിണരുകള്‍
മൂടാതെ കിടക്കുന്നു

പാതിരാവില്‍ പതുങ്ങിയെത്തിയ
പല്ലക്കുകളുടെ കാമാഘോഷം
മറുകര കയറും മുന്‍പ്
പ്രളയമെത്തി .

കലങ്ങി മറിഞ്ഞ കടല്‍ത്തിരകള്‍
ചരിത്രത്തിന്റെ തുരുത്തുകളില്‍
നാവ് കൊണ്ട് പറയാത്തതാണ്
നാരായം കൊണ്ടെഴുതിവെച്ചത്‌

അതിനാല്‍ നാവില്ലാത്തവന്റെ
നാഡിമിടിപ്പുകള്‍
ആഴങ്ങളില്‍ മുങ്ങിത്തപ്പി
ആത്മവൃക്ഷത്തിന്റെ വിത്തെടുത്ത്
കൊടുംകാറ്റില്‍ വിതയ്ക്കുന്നു

    

പി. കെ. ഗോപി. - വിഖ്യാതകവി, ഗാനരചയിതാവ്. Tags: Thanal Online, web magazine dedicated for poetry and literature പി. കെ. ഗോപി., ആത്മവൃക്ഷത്തിന്റെ വിത്തുകള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക