ആദാമിന്റെ മകന്‍ അബു

സീസീനീപീ

പ്രിയപ്പെട്ട സുഹൃത്തേ.

ആദാമിന്റെ മകന്‍ അബു ഒരു സര്‍വ്വലോക ചലച്ചിത്രമാണെന്ന് ഞാന്‍ കരുതുന്നു. ഏത് പക്ഷത്തുനിന്നായാലും യൂണിവേഴ്‌സല്‍ എന്ന വിശേഷണമാണ് എന്റെ മനസ്സില്‍ ഈ സിനിമയെ പറ്റി ഉരുവപ്പെടുന്നത്. ഈ സിനിമ രചിച്ച സംവിധായകന് ഏതെങ്കിലും തരത്തിലുള്ള കമ്മിറ്റ് മെന്റ് ഉണ്ടോ എന്ന് ഞാന്‍ ചോദിക്കുന്നില്ല. മനുഷ്യവംശത്തോടുള്ള കറയറ്റ പ്രതിബദ്ധത ഈ സിനിമയുടെ ഓരോ ഷോട്ടിലും തെളിഞ്ഞുനില്ക്കുന്നുണ്ട്. മാനവികതയോടുള്ള കമ്മിറ്റ് മെന്റ് എന്നാവും കൂടുതല്‍ ശരി.

സിനിമയെ പറ്റി എഴുതി ശീലമില്ലാത്ത ഒരു സിനിമാപ്രേമിയാണ് ഞാന്‍. പഥേര്‍ പാഞ്ചാലിയൊക്കെ കണ്ടത് ബാല്യകൗമാരങ്ങളിലാണ്. ഒരു തീര്‍ത്ഥയാത്രയ്‌ക്കെന്നപോലെ ആരുടെയൊക്കെയോ കൂടെ പോയിട്ടാണ് ആ സിനിമ ആദ്യമായി കണ്ടത്. പിന്നെ ഫിലിം സൊസൈറ്റിയുടെ അനുഷ്ഠാനപരമായ ബാധ്യതപോലെയും. വിശ്വോത്തരമായ ആ ക്ലാസിക്ക് സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ തോത് വെച്ച്കാണാനായില്ലല്ലോ എന്ന ദു:ഖം എന്നും അവശേഷിക്കും. ഇന്ന് പാഞ്ചാലി കാണുമ്പോള്‍ എനിക്ക് ഇഷ്ടമാവണമെന്നില്ല. ടെക്‌നോളജിയൊക്കെ വളരെയേറെ മാറിപ്പോയി. സുവര്‍ണരേഖയോ മൃഗയയോ പഴയ മമതാബോധത്തോടെ ഇന്ന് കാണാനാവുമോ എന്നെനിക്കറിയില്ല.

പറഞ്ഞല്ലോ സിനിമ എനിക്ക് ഒരു പ്രണയമൗനമാണ്. ചിലസിനിമകള്‍ ഒന്നോ രണ്ടോ തവണ കാണും. ചിലസിനിമകള്‍ പകുതിവെച്ച് നിര്‍ത്തും. ചിലസിനിമകള്‍ ഹൃദയത്തിലൊരു മുറിവുണ്ടാക്കുകയും ആ മുറിവില്‍ നിന്ന് , ഒരുപക്ഷേ, ജീവിതം മുഴുവന്‍ രക്തം കിനിയുകയും ചെയ്യും. അസമിയാ ഭാഷയിലെ കോലാഹല്‍, മലയാളത്തിലെ ഓളവും തീരവും തുടങ്ങിയവ ഈ ഗണത്തിള്‍ പെട്ട സിനിമകളാണ്. അരിച്ചാക്കിനുള്ളില്‍ ചോരപുരണ്ടുകിടക്കുന്ന ആ ബാലന്‍ ഏത് ജന്മത്തിലാണ് മനസ്സില്‍ നിന്ന് മാഞ്ഞുപോവുക?

പക്ഷേ, ആദാമിന്റെ മകന്‍ അബുവിലെ മിക്കവാറും എല്ലാ ഷോട്ടുകളും എന്നില്‍ ഈപ്രണയപരവേശമുണ്ടാക്കിയിരിക്കുന്നു. വൈകാരികത അല്പവുമില്ലാതെ എഴുതണമെന്നതിനാല്‍ ആ സിനിമയെ ഒരു ടെക്സ്റ്റ് പോലെ പലതവണ ഞാന്‍ പഠിക്കുകയുണ്ടായി. നാലഞ്ചുതവണ അത് ഞാന്‍ കണ്ടു. പ്രഥമദര്‍ശനാനുരാഗമെന്നപോലെ ആദ്യ കാഴ്ചയില്‍ തന്നെ ഞാനതിന് കീഴ്‌പെട്ടുപോയി. അതുകൊണ്ടുതന്നെ സംവിധായകന്റെ നമ്പര്‍ തേടിപ്പിടിച്ച്, അദ്ദേഹത്തോട് ഞാനെന്റെ കൃജ്ഞത അറിയിച്ചു. ജീവിതത്തിലാദ്യമായിട്ടാണ് ഒരു സിനിമാസംവിധായകനെ ആ നിലയില്‍ ഞാന്‍ വിളിക്കുന്നത്

ഉസ്താദ് എന്ന കഥാപാത്രം പറയുന്നുണ്ടല്ലോ, അവരുടെ ദു:ഖങ്ങള്‍ അവരെത്തും മുമ്പേ കാറ്റിലൂടെ തന്റെയടുത്ത് വന്നെത്തിയെന്ന്. എന്റെ ' മുറിവേറ്റവരുടെ യാത്രകള്‍' എന്ന നോവലിലും കാറ്റുകളും പക്ഷികളും വഴി കമ്യൂണിക്കേറ്റ് ചെയ്യുന്ന മനുഷ്യരുണ്ട്. സമാനതരംഗങ്ങളുള്ള രണ്ടുമനസ്സുകളുടെ ഐക്യമുണ്ടായി എന്നൊന്നും പറയുകയല്ല, ഞാന്‍. പോരെങ്കില്‍ ഹൈദര്‍ പറയുന്ന ഒരു സംഭാഷണത്തിലൂടെ എന്റേതടക്കമുള്ള പാര്‍ട്ടികളെ ഒട്ടൊന്ന് പരിഹസിക്കുന്നുമുണ്ട്, ഈ സിനിമ. ബോംബ് നിര്‍മിക്കുന്നതിനിടെ രക്തസാക്ഷിയായ സുധാകരന്‍ മാഷെ പറ്റിയാണ് ആ സംഭാഷണശകലം. കൂട്ടത്തില്‍ പറയാവുന്ന ഒരുവിമര്‍ശവും ഇവിടെ പറഞ്ഞുകൊള്ളട്ടെ. സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍ ഈ സിനിമയില്‍ ഒട്ടും ലയിച്ചുചേര്‍ന്നില്ല. ഭാവപക്ഷത്ത് ചെറുപ്പക്കാരില്‍ ജയസൂര്യയോ മൂപ്പുള്ളവരില്‍ ഇന്നസന്റോ ആവാമായിരുന്നു ആ റോളില്‍. പക്ഷേ, നിര്‍വ്വഹണം നടന്നുകഴിഞ്ഞ ഒരു സിനിമയെ പറ്റി ഇങ്ങനെ പറയുന്നതിലര്‍ത്ഥമില്ല. അതുകൊണ്ടുതന്നെ സുലൈമാന്റെ വേഷമിട്ട ഗോപകുമാറും കൃത്രിമമായിപ്പോയി എന്ന അപാകവും ചൂണ്ടിക്കാട്ടേണ്ടതില്ല. കണ്ണൂരിലെ മട്ടനൂരിനടുത്തുള്ള മനുഷ്യര്‍ ചിലപ്പോള്‍ തിരുവിതാംകൂര്‍ ഭാഷസംസാരിക്കുന്നുവെന്നതും വലിയ അപാകമായി ഞാന്‍ കാണുന്നില്ല. പലപാട് കണ്ടതുകൊണ്ടാണ് ഈ ദോഷങ്ങള്‍ ഞാനറിഞ്ഞത്.

രണ്ടാമതും മൂന്നാമതും പിന്നെയും പിന്നെയും കാണുവാന്‍ എന്നെ പ്രേരിപ്പിച്ച ആ സാര്‍വലൗകികത ഈ സിനിമയുടെ ജൈവഘടകമാണ്. മനുഷ്യന്റെ ഒരു പ്രകൃതം അവന്ന് ആശയുണ്ടെന്നതാണ്. മൃഗങ്ങള്‍ക്ക് ആഗ്രഹമുണ്ടോ എന്ന് എനിക്കറിഞ്ഞുകൂടാ. ആശകള്‍ നിരോധിക്കുന്നതിനാണ് വിവിധ മതങ്ങളില്‍ പല സന്ന്യാസരീതികളുള്ളത്. എന്നാല്‍ സംലയനത്തിനുവേണ്ടിയുള്ളആഗ്രഹത്തിന്റെ മൂര്‍ത്തീഭാവമാണ് സൂഫിസമെന്ന് ജലാലുദ്ദീന്‍ റൂമിയുടെ കൃതികള്‍ തെളിയിക്കുന്നുണ്ട്. മുളങ്കാട്ടിലേക്കുള്ള തിരിച്ചുപോക്കിനുവേണ്ടി ആഗ്രഹിക്കുന്ന പുല്ലാങ്കുഴലിന്റെ വിലാപമാണ് റൂമിക്കവിത. അതാണ് സൂഫിസം

ആദാമിന്റെ മകന്‍ അബുവെന്ന അത്തറുകച്ചവടക്കാരന് ഒരാഗ്രഹമേയുള്ളൂ, ഭാര്യ അയിശുവിനോടൊപ്പം മക്കത്ത് പോയി ഹജ്ജ് ചെയ്യണം. ഇത് വളരെ പ്രധാനമാണ്. അയിശുവില്ലാത്ത ഒരു യാത്ര അബു എവിടെയും പരാമര്‍ശിക്കുന്നില്ല. പ്രണയത്തിന്റെ വല്ലാത്ത ഒരു സാക്ഷാത്കാരമാണ് സലിം ഈ കഥാപാത്രത്തിലൂടെ, അയാളുടെ ഈയൊരാഗ്രഹത്തിലൂടെ സ്ഫുടംചെയ്ത് അവതരിപ്പിക്കുന്നത്. ഉറുമ്പരിക്കുന്നതുപോലെനിയതമല്ലാത്ത പരിമിതവരുമാനത്തില്‍ നിന്ന് അബുവും അയിശുവും തീര്‍ത്ഥാടനത്തിനുവേണ്ടി യുള്ള ചെലവ് സംഭരിക്കുകയാണ്. മുമ്പ് തന്നെ വില്ക്കാമായിരുന്ന പിലാവ് പോലും ഈയൊരാവശ്യത്തിനുവേണ്ടിയാണ് അബു കരുതിവെച്ചത്. മകന്‍ സത്താറിന്റെ സ്‌നേഹരാഹിത്യം അബുവിനെ തന്റെ ലക്ഷ്യത്തില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നില്ല.

യൂണിവേഴ്‌സലായ ഈ സിനിമയില്‍ ചീത്തമനുഷ്യര്‍ ആരുമില്ല. ചെറിയ കുശുമ്പുകളും കന്നായ്മകളും ഇല്ലെന്നല്ല. ഓടാമ്പിലയ്ക്കും പൂട്ടിനും മക്കത്ത് വില കുറവായതിനാല്‍ മകന്‍ കാസിമിന്റെ വീട്ടിന് ഈ സാധനങ്ങള്‍ വാങ്ങുന്നതിനുവേണ്ടി അഞ്ചാമതും ഒരുപക്ഷേ ഹജ്ജിനുപോയേക്കാവുന്ന മാളിയേക്കല്‍ ഹസനാര്‍ക്കപോലും എന്റെ മനസ്സില്‍ ഒരു നര്‍മ്മസൗരഭം ചേര്‍ക്കുകയാണ് ചെയ്തത്. പക്ഷേ, പസ്പരവിനാശത്തിനു കാരണമാകുന്ന ശത്രുതകള്‍ ഈ സിനിമയിലില്ല. ഉണ്ടായിരുന്നെങ്കില്‍ വലിയൊരു സംഘട്ടനത്തിലൂടെ മമ്മൂട്ടിയോ മോഹന്‍ ലാലോ നിര്‍ദ്ധാരണം ചെയ്തു തരുമായിരുന്നു അബുവിന്റെ പ്രശ്‌നം.അവിടെയാണ് സലിം കുമാറിന്റേയും ഇതരനടീനടന്മാരുടേയും പ്രസക്തി. രണ്ടോ മൂന്നോ ദൃശ്യങ്ങളില്‍ മാത്രം വരുന്ന തമ്പി ആന്റണിയെന്ന എന്റെ ഫേസ്ബുക്ക് സുഹൃത്ത് പോലും എത്രതന്മയത്വത്തോടെയാണ് അഭിനയിച്ചിരിക്കുന്നത്? എല്ലാവരുടേതും, എല്ലാജീവികളുടേതുമായ ഈ ഭൂമി പകുത്തെടുത്ത്, ആധാരവും പ്രമാണവുമുണ്ടാക്കി വേലികെട്ടി തിരിക്കുന്ന മനുഷ്യനെ പറ്റി മമത്വപൂര്‍ണമായ ഒരുവിമര്‍ശവുമുണ്ട് ഈസിനിമയില്‍.

നേരത്തെ വില്ക്കാമായിരുന്ന പ്ലാവ് , പക്ഷേ, അബുവിനെ പറ്റിച്ചുകളഞ്ഞു. അത് പൊള്ളയായിരുന്നു. പറഞ്ഞുറച്ചവില കൊടുക്കാന്‍ മില്ലുടമസ്ഥന്‍ ജോണ്‍സന്‍ സന്നദ്ധനായിട്ടുപോലും പൊള്ളമരത്തിനു വിലവാങ്ങാന്‍, അതുപയോഗിച്ചുവിശുദ്ധഹജ്ജ് കര്‍മ്മം ഉപയോഗിക്കാന്‍ അബു തയ്യാറാവുന്നില്ല. അനുജന്റെ സ്ഥാനത്തുനിന്ന് നെടുമുടിയുടെ മാഷും മകന്റെ സ്ഥാനത്തുനിന്ന് മുകേഷിന്റെ അഷറഫും വെച്ചുനീട്ടുന്ന സഹായവും അബു വിന് സ്വീകാര്യമല്ല. ഹജ്ജിനെ അതിന്റെ എല്ലാ പവിത്രതയോടും കൂടി വരിക്കണമയാള്‍ക്ക്. . കാലത്തിനൊത്ത് വളരാത്ത ഉട്ടോപ്പിയന്‍ ഗാന്ധിസ്റ്റെന്ന് കണ്ണൂരെ കോണ്‍ഗ്രസ്സുകാരും ഡോഗ്മാറ്റിസ്‌റ്റെന്ന് (പ്രമാണവാദി- വരട്ടുതത്ത്വവാദിയെന്ന പ്രസിദ്ധമായപ്രയോഗം) ചിലകമ്യൂണിസ്റ്റുകാരും അബുവിനെ പറ്റി വിചാരിക്കാം. അബുവിന് (സറീനാ വഹാബ് അവതരിപ്പിക്കുന്ന) ഭാര്യ അയിശുവിന്റെ നിര്‍ദ്ദേശം പോലും സ്വീകാര്യമാവുന്നില്ല.ഒരാള്‍ക്ക് സുഖമായി പോയിവരാവുന്ന വിഭവങ്ങള്‍ അബു സമാഹരിച്ചിരുന്നു. എന്നാല്‍ അയിശുവില്ലാതെ അയാള്‍ മാത്രമായി തീര്‍ത്ഥാടനത്തിനുപോവുന്നതിനെ പറ്റി അയാളാലോചിക്കുന്നേയില്ല. എന്തിന്, ഈ കാര്യത്തിന് അയാള്‍ നല്കുന്ന ലഘുവായ കൈക്കൂലിപോലും പവിത്രമായ ഒരു ധര്‍മ്മമായിട്ടേപ്രേക്ഷകന്ന് അനുഭവപ്പെടുന്നുള്ളൂ. സൈക്കിളില്‍ വരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസുകാരന്‍ അയാളുടെ ആ പാട്ടുവഴി ഒട്ടൊന്നുമല്ല പ്രേക്ഷകനെ ആകര്‍ഷിച്ചിട്ടുണ്ടാവുക.

ഹജ്ജിനുപോവാന്‍ കഴിയാത്തതില്‍ അയാള്‍ക്ക് ദു:ഖമില്ല, പരാതിയുമില്ല. പൊള്ളയായിപ്പോയ ഒരു മോഹമായിരുന്നു തന്റേത്; തന്റെ വരിക്കപ്പിലാവിനെ പോലെ. അതിലപ്പുറം വലിയ നൈരാശ്യവും വിഷാദവുമൊന്നും അബുവിനില്ല. ലബ്ബൈക്കുല്ലാഹുമ്മ ലബ്ബൈക്ക എന്ന ആരവങ്ങളില്‍ മുഴുകിയ ഹറമിലെ മധുരമായ പെരുന്നാളിന്റെ ഓര്‍മ്മയില്‍ അയിശുവിനെ അയാളുണര്‍ത്തുന്നുണ്ട്, തനിക്ക് നിര്‍വ്വഹിക്കാനാവാത്ത ഹജ്ജിന്റെ ദിവസം, ആദാമിന്റെ മകന്‍ അബു.

ഇതിങ്ങനെ സിനിമയിലെ ഓരോ ദൃശ്യവും വിവരിക്കുകയാവും ഫലം. ഓരോ ദൃശ്യവും അത്രമേല്‍ മനോഹരമാണ്. താജ്മഹല്‍ ഒരു സിനിമയായി നമ്മുടെ മുന്നില്‍ വരുമ്പോള്‍ എന്താണ് സംഭവിക്കുക? അല്ലെങ്കില്‍ വിഖ്യാതമായ കാവ്യങ്ങള്‍ സിനിമയായി അവതരിച്ചാല്‍? ഒരു തരം കാവ്യാത്മകത ഈ സിനിമയെ എമ്പാടും വന്നുപൊതിഞ്ഞിരിക്കുന്നു. സൗന്ദര്യത്തിന്റെ നേരിയൊരാവരണം ഈ രചനയിലുടനീളം അപാരമായ ഒരു സാന്നിധ്യമായി വിന്യസിച്ചിരിക്കുന്നു. അഭിനയമാണോ, സംവിധാനമാണോ, എഡിറ്റിങ്ങാണോ തിരക്കഥയാണോ ഏതാണിതില്‍ നന്നായതെന്ന് പറയാനെനിക്കാവില്ല. കഴിയുന്നവരുണ്ടാവാം, സിനിമയുടെ സങ്കേതമറിയുന്നവര്‍.

സലിം കുമാറിന്റേയും സറീനാ വഹാബിന്റേയും അഭിനയശേഷി ഒരു മാന്ത്രികവിദ്യയായി ഈ സിനിമയില്‍ സ്പഷ്ടമാവുന്നുണ്ട്. വടിപോലെ നടക്കുന്നതും മാസ്‌കണിഞ്ഞ് കഥകളിയാടുന്നതുമല്ല ചലച്ചിത്രാഭിനയമെന്ന് ചിലസിനിമകള്‍ മാത്രമേ നമ്മെ പഠിപ്പിക്കുന്നുള്ളൂ. അവയിലൊന്നാണ് ആദാമിന്റെ മകന്‍ അബു. സലിം കുമാര്‍ എന്ന കോമഡി നടന്‍ അഭിനയത്തിന് ദേശീയപുരസ്‌കാരം നേടുന്നുവെന്നതില്‍ അത്ഭുതം കൂറുന്ന കപടബോധത്തോട് രാജിയാവാന്‍ ഈ സിനിമ കാണുന്ന ആര്‍ക്കും കഴിയില്ല. ചാര്‍ലിചാപ്ലിനെ വാഴ്ത്തുകയും ഇതര കൊമേഡിയന്മാരെ എഴുതിത്തള്ളുകയും ചെയ്യുന്ന ഒരു ലൊടുക്കുവിദ്യ ഇതിനു പിന്നിലുണ്ട്. വാസന്തിയും ലക്ഷമിയും പിന്നെ ഞാനും എന്ന സിനിമഉണ്ടായ കാലത്ത് ഈ വിവാദം ഉയര്‍ന്നിരുന്നില്ല. മിമിക്കുകള്‍ കാണിക്കുന്നതിലപ്പുറം ഒരു വിദ്യയും അഭിനയത്തിലറിയാത്ത ചിലര്‍ കാലിനിടയിലെന്തോ ഇറുകിനില്ക്കുന്നതിനാല്‍ ശരിയായി, ആയാസരഹിതമായി നടക്കാന്‍പോലുമാവാത്തവരാണ്.

എനിക്കിത്രമാത്രമറിയാം, ഈ സിനിമ ഒരു കവിതയായി എന്നില്‍ ഒഴുകിക്കൊണ്ടേയിരിക്കുകയാണ്. ഹജ്ജിനുപോവാനുള്ള ഉസ്താദിന്റെ അനുവാദമായി, അനുഗ്രഹമായി പുല്‍ക്കൊടികള്‍ തലയാട്ടുന്ന മങ്കടരവിവര്‍മ്മയുടെ ആ മനോഹരദൃശ്യമുണ്ടല്ലോ അതുപോലെ അര്‍ത്ഥപൂര്‍ണവും സുന്ദരവുമാണ് ഈ മാനവികഗാഥയിലുള്ള ഓരോ ദൃശ്യവും. അവാര്‍ഡുകള്‍ക്കും സമ്മാനങ്ങള്‍ക്കുമപ്പുറത്താണ് ഈ സിനിമയുടെ സൗന്ദര്യമെന്ന് ഞാന്‍ ചുരുക്കട്ടെ.

    

സീസീനീപീ - Tags: Thanal Online, web magazine dedicated for poetry and literature സീസീനീപീ , ആദാമിന്റെ മകന്‍ അബു
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക