വീരപുത്രന്‍ - മറവിയോടുള്ള കലാപം

ജി പി രാമചന്ദ്രന്‍

വീരപുത്രന്‍ എന്ന സിനിമയിലൂടെ സംവിധായകനായ പി ടി കുഞ്ഞിമുഹമ്മദ് നിര്‍വഹിക്കുന്ന കര്‍ത്തവ്യം; ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു തൊട്ടു മുമ്പ് മരണത്തിന് കീഴടങ്ങിയ ഉജ്വലനായ സ്വാതന്ത്ര്യസമര നായകനായ മുഹമ്മദ് അബ്ദുറഹ്മാനെക്കുറിച്ചുള്ള ഓര്‍മകള്‍ പുനരാവിഷ്‌ക്കരിക്കുക മാത്രമല്ല. മറിച്ച്, അദ്ദേഹത്തെപ്പോലെ, ഇതിഹാസസമാനനായി ചരിത്രത്തില്‍ ഇടപെട്ട ഒരു മഹാനായ പോരാളിയെ മറക്കാന്‍ പ്രേരിപ്പിക്കും വിധത്തില്‍ മാറിത്തീര്‍ന്നതോ അഥവാ വികസിതമാവാത്തതോ ആയ ജനാധിപത്യ(ഇതര) പരിസരമാണ് കേരളത്തിലുള്ളത് എന്ന ദു:ഖസത്യത്തെ തുറന്നു കാണിക്കുകയാണ്.

മഹാനായ സ്വാതന്ത്ര്യ സമരനേതാവ് മുഹമ്മദ് അബ്ദുറഹ്മാന്റെ രാഷ്ട്രീയ-വ്യക്തി ജീവിതത്തിന്റെ ആഖ്യാനമായ വീരപുത്രന്‍ കല്‍പനയുടെ സ്വാതന്ത്ര്യത്തോടെയാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ധനിക കുടുംബത്തില്‍ പിറന്ന്; കണ്ണട, വാച്ച്, ഒരു പേന, കുറച്ച് വസ്ത്രങ്ങള്‍, മൂന്ന് തുകല്‍പ്പെട്ടി എന്നിവ മാത്രം സമ്പാദ്യമായി അവശേഷിപ്പിച്ച് 1945 നവംബര്‍ 23ന് 47-ാം വയസ്സില്‍ മരിച്ച അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതം അസാധാരണമാം വിധം വിക്ഷോഭകരമാണ്. കേരളീയ സമൂഹത്തിന്റെ അവബോധത്തില്‍ ദേശീയതയുടെ വിത്തുപാകിയ കാലത്ത് സന്ധ്യാകാശത്തെ കൊള്ളിയാന്‍ പോലെ അസാധാരണ പ്രഭയോടെ ഉദിച്ചുയരുകയും അത്രമേല്‍ അപ്രതീക്ഷിതമായി ചരിത്രത്തിന്റെ ഒരു ദശാസന്ധിയില്‍ കത്തിയെരിഞ്ഞു വീഴുകയും ചെയ്ത ഒരു യുഗപുരുഷനാണ് അദ്ദേഹം. അബ്ദുറഹ്മാന്‍ ഒരു പരാജയമായിരുന്നോ? സാമൂഹ്യ പ്രക്രിയയിലൂടെയും അന്വേഷണങ്ങളിലൂടെയും രൂപപ്പെടുത്തിയെടുത്ത 'സ്വന്തം' ആദര്‍ശങ്ങള്‍ക്കു വേണ്ടി നിരന്തരം പൊരുതിക്കൊണ്ടിരുന്ന ഒരു പോരാളിയായിരുന്നു അബ്ദുറഹ്മാന്‍. പലരാലും അദ്ദേഹം എതിര്‍ക്കപ്പെട്ടു, ഒറ്റപ്പെടുത്തപ്പെട്ടു, വേട്ടയാടപ്പെട്ടു. ഞായറാഴ്ച കോണ്‍ഗ്രസ് എന്നും ചാലപ്പുറം കോണ്‍ഗ്രസ് എന്നും അറിയപ്പെട്ടിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലെ വലതുപക്ഷ-മൃദുഹിന്ദുത്വ ഗ്രൂപ്പിന്റെ നിലപാടുകളുടെയും പ്രവര്‍ത്തനപദ്ധതികളുടെയും പരിമിതികളില്‍ നിന്നും തിരിച്ചറിവില്ലായ്മകളില്‍ നിന്നും ദേശീയപ്രസ്ഥാനത്തെ വിമോചിപ്പിക്കുകയും വികസിപ്പിക്കുകയും ജനകീയമാക്കുകയും ചെയ്ത മഹാനായ നേതാവായിരുന്നു അബ്ദുറഹ്മാന്‍. കേരളത്തിലെ മുസ്ലിം സമുദായം അസാധാരണമായ മാറ്റങ്ങളിലൂടെ കടന്നു പോകുന്ന ഒരു കാലത്ത് അദ്ദേഹം അതിന്റെ മുമ്പില്‍ നടന്നു. അവര്‍ വികാരവിക്ഷോഭത്തിന്റെ ആത്മബലിക്കായി ചാടിയിറങ്ങിയപ്പോള്‍ അദ്ദേഹം വിവേകത്തിന്റെ പാഠങ്ങള്‍ ഉപദേശിച്ചു; അവര്‍ വിഭാഗീയതയുടെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ അദ്ദേഹം ദേശീയതക്കു വേണ്ടി അടിയുറച്ചു പോരാടി. അതേ സമയം അദ്ദേഹം, കോണ്‍ഗ്രസിനകത്ത് അന്നുവരെ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ വക്താവായി; വലതുപക്ഷത്തിനെതിരെ ഇടതുപക്ഷത്തിന്റെ പടനായകനായി. ഇടതുപക്ഷമാകട്ടെ ദേശീയധാരയില്‍ നിന്നും അകന്നു പോയ സന്ദര്‍ഭത്തില്‍ അവരുമായും കലഹിച്ചു. അഗ്നി പര്‍വതം പോലെ എന്തോ ഒന്ന് അദ്ദേഹത്തിന്റെ ഉള്ളില്‍ എപ്പോഴും ജ്വലിച്ചു നിന്നിരുന്നു എന്നാണ് എന്‍ ബി ടിക്കു വേണ്ടി സാഹിബിന്റെ ജീവചരിത്രമെഴുതിയ എന്‍ പി ചെക്കുട്ടി നിരീക്ഷിക്കുന്നത്.

1921ല്‍ മലബാറിനെയും ഇന്ത്യയെയും പിടിച്ചുകുലുക്കിയ ഖിലാഫത്ത്-കാര്‍ഷികപ്പോരാട്ട സമയത്ത് അഹിംസാമാര്‍ഗത്തിനും സമാധാനത്തിനും വേണ്ടി സ്വന്തം ജീവന്‍ പോലും തൃണവല്‍ഗണിച്ച് അദ്ദേഹം നിലകൊണ്ടു. കലാപത്തെ തുടര്‍ന്ന് മുസ്ലിങ്ങള്‍ പൊതുജീവിതത്തില്‍ നിന്ന് അകന്നു പോകുകയും കോണ്‍ഗ്രസില്‍ വിശ്വാസം നശിച്ചുപോയ ഈ ജനവിഭാഗം ക്രമേണ മുസ്ലിംലീഗിന്റെ വിഭജനവാദ മുദ്രാവാക്യങ്ങളില്‍ ആകൃഷ്ടരാകുകയും ചെയ്തത് അദ്ദേഹത്തില്‍ അഗാധമായ രാഷ്ട്രീയ വ്യഥയുണ്ടാക്കി. എന്നാല്‍, മുഹമ്മദ് അബ്ദുറഹ്മാന്‍ ദേശീയതയുടെ കൊടിപ്പടം താഴ്ത്താന്‍ ഒരിക്കലും തയ്യാറായതുമില്ല. കോണ്‍ഗ്രസ് നേതൃത്വം മുസ്ലിങ്ങളോട് നീതി കാണിച്ചില്ലെന്ന ബോധ്യം ഉണ്ടായിരിക്കെ തന്നെ, മുസ്ലിം ലീഗിന്റെ വിഭജനവാദത്തോട് ഏതെങ്കിലും വിധത്തില്‍ സന്ധി ചെയ്യാന്‍ അദ്ദേഹത്തിനാവില്ലായിരുന്നു. 1921ലെ കലാപാനന്തരമുള്ള അനുഭവങ്ങളെക്കുറിച്ച് ഇ എം എസ് നമ്പൂതിരിപ്പാട് ഇങ്ങനെ രേഖപ്പെടുത്തി: 'യഥാര്‍ത്ഥത്തില്‍ മലബാറിലെ കോണ്‍ഗ്രസുകാര്‍ ഹിന്ദു മുസ്ലിം എന്നിങ്ങനെ രണ്ടു ഗ്രൂപ്പായി വിഭജിക്കപ്പെട്ടരുന്നു. കലാപത്തിനു ശേഷമുള്ള കാലത്ത് കോണ്‍ഗ്രസ് പ്രസ്ഥാനം പുനസ്സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നപ്പോള്‍ മലബാറില്‍ കോണ്‍ഗ്രസ്സിനു രണ്ടു കേന്ദ്രങ്ങള്‍ രൂപം കൊണ്ടു. ഒന്ന് ഹിന്ദു, മറ്റേത് മുസ്ലിം. രണ്ടിനും താന്താങ്ങളുടെ പത്രങ്ങളുമുണ്ടായിരുന്നു. മാതൃഭൂമിയും അല്‍ അമീനും. ചില ഹിന്ദു കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഹിന്ദു മഹാസഭയുടെയും പ്രവര്‍ത്തകരായി എന്നതും എടുത്തു പറയേണ്ടതാണ്. രണ്ടു കൂട്ടരും കോണ്‍ഗ്രസുകാരാണെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും ഒരു കാര്യത്തിലും അവര്‍ക്ക് പരസ്പരം യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നത് വാസ്തവമാണ്'. മുസ്ലിം സമുദായം അബ്ദുറഹ്മാനെ ഒരു കറകളഞ്ഞ ദേശീയവാദിയായി കണ്ടപ്പോള്‍, ദേശീയവാദികളായ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ഒരു വിഭാഗം അദ്ദേഹത്തെ ഒരു സാമുദായികവാദിയായി കണ്ടതിന്റെ പശ്ചാത്തലം ഇതായിരുന്നു. അടിച്ചമര്‍ത്തലുകള്‍ വരുമ്പോള്‍ മാളങ്ങളിലൊളിക്കുന്നതിനു പകരം, സധൈര്യം അതിനെ നേരിടാന്‍ മുന്നിട്ടിറങ്ങിയ ധീരദേശാഭിമാനിയായിരുന്നു അദ്ദേഹം. മുന്നില്‍ നിന്ന് നയിക്കുന്ന വീരപോരാളിയായിരുന്നു സാഹിബ്. ദേശീയപ്രസ്ഥാനത്തിന്റെ ജിഹ്വയായി സങ്കല്‍പിക്കപ്പെട്ട മാതൃഭൂമി ദിനപത്രത്തിന്റെ നിയന്ത്രണം ഈ ഞായറാഴ്ച-ചാലപ്പുറം ഗാങിന്റെ കൈയിലായിരുന്നു. ദേശീയം എന്ന പ്രയോഗം തന്നെ പ്രത്യക്ഷാര്‍ത്ഥത്തില്‍ പ്രശ്‌നസങ്കുലമാണ്. സ്വാതന്ത്ര്യസമര കാലത്ത് ദേശീയ സമരത്തിന്റെ എല്ലാ ധാരകളെയും പ്രതിനിധീകരിക്കാന്‍ മാതൃഭൂമിക്ക് സാധിക്കാത്തതുകൊണ്ടാണ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന് അല്‍ അമീന്‍ എന്ന പത്രവും കമ്യൂണിസ്റ്റുകാര്‍ക്ക് ദേശാഭിമാനിയും ആരംഭിക്കേണ്ടിവന്നത്. ഇതില്‍ അല്‍ അമീന്‍ പത്രത്തിനെതിരെ മാതൃഭൂമി അന്ന് ചെയ്ത നെറികേടുകള്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ജീവിതം ആഴത്തില്‍ പഠിച്ചാല്‍ ബോധ്യപ്പെടും. മലബാര്‍ കലാപത്തിനു ശേഷം ദേശീയധാരയില്‍ നിന്നും കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും അകന്നു മാറി നിന്ന മുസ്ലിം സമുദായത്തെ വീണ്ടും ദേശീയ പ്രസ്ഥാനത്തിലേക്ക് കൊണ്ടുവന്നതും ന്യൂനപക്ഷ നിലപാടുകള്‍ പൊതു സമൂഹത്തിന്റെ ശ്രദ്ധക്കായി ശക്തിപൂര്‍വം അവതരിപ്പിച്ചതും അല്‍-അമീന്‍ പത്രമാണ്. മുപ്പതുകളുടെ അവസാനത്തില്‍ കോണ്‍ഗ്രസ് ഇടതു-വലതു വിഭാഗങ്ങളായി രണ്ടു ചേരിയില്‍ നിലയുറപ്പിച്ചപ്പോള്‍ ഇടതുപക്ഷക്കാരുടെ പത്രമായിട്ടാണ് അല്‍-അമീന്‍ പ്രവര്‍ത്തിച്ചത്. ഇടതുപക്ഷക്കാരനായിരുന്ന അബ്ദുറഹ്മാന്‍ സാഹിബ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിക്കാരനായിരുന്നുവെങ്കിലും സി എസ് പിക്കാര്‍ ഏതാണ്ട് ഒന്നടങ്കം കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ച് അതിലേക്ക് ഒഴുകിയപ്പോള്‍ സാഹിബ് അവരോടൊപ്പവും ചേര്‍ന്നില്ല. കാരണം, അദ്ദേഹം തികഞ്ഞ മതനിഷ്ഠയുള്ള വിശ്വാസിയായിരുന്നു. അത്തരത്തിലുള്ളവരെക്കൂടി ഉള്‍ക്കൊണ്ട് ഒരു ബഹുജനമുന്നണിയായി പാര്‍ടി കെട്ടിപ്പടുക്കുക എന്ന ആശയത്തിനു പകരം, പ്രത്യയശാസ്ത്രത്തെളിമയുള്ളവരുടെ ഒരു കാഡര്‍ പാര്‍ടിയായിട്ടാണ് കമ്യൂണിസ്റ്റ് പാര്‍ടി അന്ന് സങ്കല്‍പിക്കപ്പെട്ടിരുന്നത്. ഈ സംഭവവികാസം, ഏറ്റവുമടുത്ത സഖാക്കളില്‍ നിന്നു കൂടി സാഹിബ് വേറിട്ടു നില്‍ക്കുന്നതിലേക്ക് ഇടയാക്കി. ദ്വിരാഷ്ട്ര വാദമുയര്‍ത്തി മുസ്ലിംലീഗ് ശക്തിപ്രാപിച്ചതും ഇക്കാലത്താണ്. ഇന്നത്തെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗുമായി ചിത്രത്തില്‍ പ്രതിപാദിക്കുന്ന ആള്‍ ഇന്ത്യാ മുസ്ലിംലീഗിന് ബന്ധമില്ലെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധത്തില്‍ സംവിധായകന്‍ തുടക്കത്തില്‍ വ്യക്തമായി എഴുതി പ്രസ്താവിക്കുന്നുണ്ട്. പാക്കിസ്ഥാന്‍ വാദക്കാരായ ഈ സാമുദായിക ശക്തിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് അബ്ദുറഹ്മാന്‍ സാഹിബ് നടത്തുന്നത്. ഇന്ത്യയുടെ മതേതരത്വം, അഖണ്ഡത, വൈവിധ്യപൂര്‍ണ്ണമായ സാംസ്‌ക്കാരികാടിത്തറ, ദേശീയത എന്നീ വികാരങ്ങള്‍ക്കും സങ്കല്‍പങ്ങള്‍ക്കും വേണ്ടി ജീവിതം മാറ്റിവെച്ച ഒരു മഹാനായിരുന്നു അദ്ദേഹം. അതിനു വേണ്ടി തന്നെയാണ് അദ്ദേഹം ജീവന്‍ വെടിയുന്നതും.

അദ്ദേഹത്തിന്റെ ജീവന്‍ അവസാനിക്കണമെന്ന് ആഗ്രഹിച്ചിരുന്ന പലരും ഉണ്ടായിരുന്നുവെന്നത് നിസ്തര്‍ക്കമാണ്. അക്കൂട്ടത്തില്‍ കൂടുതലും പാക്കനുകൂലികളായ സാമുദായികഭ്രാന്തന്മാരായിരുന്നു. അവരുടെ പ്രതീകമെന്ന നിലക്കാണ് എ കെ ഒടയത്തില്‍ എന്ന കഥാപാത്രത്തെ നോവലിസ്റ്റായ എന്‍ പി മുഹമ്മദ് സ്ഥാപിക്കുന്നത്. അതേ കഥാപാത്രത്തെ നോവലില്‍ നിന്ന് പി ടി കുഞ്ഞിമുഹമ്മദ് സ്വീകരിക്കുകയാണ് ചെയ്യുന്നത്. മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ചാല്‍, അബ്ദുറഹ്മാന്‍ തനിക്കു ചുറ്റുമുള്ള സമൂഹത്തിന്റെ സ്വഭാവത്തില്‍ നിന്ന് നിരൂപിച്ചെടുക്കുന്ന മരണത്തിന്റെ ദൂതനുമാണിയാള്‍. കൊടിയത്തൂരിലേക്ക് പ്രസംഗത്തിനായി പോകുന്നതിന് കയറിയ കാറിനെപ്പറ്റി, ഇത് മയ്യത്ത് കൊണ്ടു പോവാനും പറ്റും എന്ന് സാഹിബ് തമാശ പറയുന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. സാഹിബിന്റെ മരണത്തിലെ അസ്വാഭാവികത, കേവലം കുറ്റാന്വേഷണത്തിലൂടെ തെളിയുന്ന ഒന്നായിരിക്കില്ല. രാഷ്ട്രീയ ചരിത്രത്തെ വിചാരണ ചെയ്യുമ്പോഴായിരിക്കും ഈ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വെളിവാക്കപ്പെടുക. അപ്പോള്‍, ഇത്തരമൊരു സിനിമ വന്‍ തെറ്റായി എന്ന് പ്രഖ്യാപിച്ച് ചാടി വീഴുന്ന ചിലരുടെ ബ്രിട്ടീഷ്/അധികാരിത്തഴമ്പുകള്‍ കാണുമ്പോള്‍ ദയനീയം എന്നല്ലാതെ നമുക്ക് എന്തു പറയാന്‍ സാധിക്കും!. തസ്‌ലീമ നസ്‌റീന്റെ മാത്രമല്ല, എന്‍ പി മുഹമ്മദിന്റെയും പി ടി കുഞ്ഞിമുഹമ്മദിന്റെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യം പ്രധാനമാണെന്ന് ഹമീദ് ചേന്ദമംഗല്ലൂര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.

മഹാത്മാഗാന്ധിയെപ്പോലും വിമര്‍ശിക്കാന്‍ മടി കാണിക്കാത്ത ധീരദേശാഭിമാനിയായിരുന്നു സാഹിബ്. അത്തരമൊരു ധീരതയുടെയും വ്യതിരിക്തതയുടെയും അഭാവമാണ് സ്വാതന്ത്ര്യാനന്തര കാലത്തെ, ഐക്യകേരളത്തിലെ നവോത്ഥാന-ജനാധിപത്യ രൂപീകരണത്തെ പ്രശ്‌നസങ്കുലമാക്കിത്തീര്‍ത്തത്. സാമുദായികാടിസ്ഥാനത്തിലുള്ള വിഭജനത്തിനോട് എതിര്‍പ്പും, മൃദു-തീവ്ര ഹിന്ദുത്വത്തോട് സന്ധിയില്ലായ്മയും നിലനിര്‍ത്തുന്ന ആദര്‍ശസ്ഫുടതയാണ് അബ്ദുറഹ്മാന്‍ സാഹിബിന്റേത്. അതേ സമയം തികഞ്ഞ മതനിഷ്ഠയുള്ള വിശ്വാസവും അദ്ദേഹം കൈവിട്ടില്ല. ഈ ആദര്‍ശത്രികോണത്തിന്റെ അഭാവം, ഐക്യകേരളത്തിന്റെ സമവായങ്ങളെയും നവീകരണങ്ങളെയും എത്രമാത്രം നിഷ്പ്രഭമാക്കി എന്നതായിരിക്കണം നമ്മുടെ തുടര്‍ന്നുള്ള അന്വേഷണവിഷയം. ഈ നിഷ്പ്രഭത്വത്തിന്റെ ഇരുളുകളാണ് മുഹമ്മദ് അബ്ദുറഹ്മാനെപ്പോലുള്ള ഒരു മഹാനുഭാവനെ മറവിയിലേക്ക് തള്ളിവിടുന്നതെന്ന ചരിത്രയാഥാര്‍ത്ഥ്യവും നാം തിരിച്ചറിയണം. അപ്രകാരം സൃഷ്ടിക്കപ്പെടുന്ന മറവി കൂടിയാണ്, മതസാമുദായികഭ്രാന്തന്മാര്‍ക്കും സാമ്രാജ്യത്വാനുകൂലികള്‍ക്കും വലതുപക്ഷത്തിനും മൃദുഹിന്ദുത്വ ശക്തികള്‍ക്കും വിളയാടാനുള്ള മുച്ചീട്ടു കളിസ്ഥലമായി കേരളത്തെ കലുഷിതമാക്കുന്നത്.

(കൂടുതല്‍ വായനക്ക് :

  1. മുഹമ്മദ് അബ്ദുറഹ്മാന്‍- എന്‍ പി ചെക്കുട്ടി (നാഷണല്‍ ബുക്ക് ട്രസ്റ്റ്, ഇന്ത്യ)
  2. മുഹമ്മദ് അബ്ദുറഹ്മാന്‍ ഒരു നോവല്‍ - എന്‍ പി മുഹമ്മദ് (ഡി സി ബുക്‌സ്))

    

ജി പി രാമചന്ദ്രന്‍ - സിനിമാനിരൂപണഗ്രന്ഥത്തിനുള്ളദേശീയപുരസ്‌കാരം ലഭിച്ചു
    Address: ജി പി രാമചന്ദ്രന്‍
    23/11 മേധ, മന്നമ്പള്ളം
    മരുതറോഡ് പി ഒ
    ചന്ദ്രനഗര്‍
    പാലക്കാട് 678 007
    Phone: 94472 39544, 9496296340
    e-mail: gpramachandran@gmail.com
Tags: Thanal Online, web magazine dedicated for poetry and literature ജി പി രാമചന്ദ്രന്‍ , വീരപുത്രന്‍ - മറവിയോടുള്ള കലാപം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക