അയ്യപ്പന്

സി. പി. അബൂബക്കര്‍

അയ്യനയ്യപ്പന്‍ !
മുയ്യം രാജന്‍

വെയില്‍ തിന്ന്
വിശപ്പാറ്റിയവന്
കവിതയുടെ ദാഹജലം
അരയാല്ത്തറയിലെ
അന്തിക്കൂട്ടിന്
കാക്കപ്പടയും
ശ്വാനന്മാരുമിനി
കാവലിന്‌ വരില്ല !
ഇടിമിന്നലിനോടൊപ്പം പാഞ്ഞുവന്ന 
പേമാരിയില്‍
ഒരു കാളരാത്രി കൂടി
കുന്ന് മറഞ്ഞു..
ഇലമര്‍മ്മരമുതിര്‍ക്കുന്ന നട്ടുച്ചക്ക്
പുളിച്ച മരക്കള്ള്‌ മോന്തി
മൂവന്തിയോളം കടങ്കവിതയോതിത്തന്നു.
പുലഭ്യം പറഞ്ഞിട്ടും പോരാഞ്ഞിട്ട്
ശ്ലഥകാകളി വൃത്തത്തില്‍
ഒന്നാന്തരമൊരു കവിത ചമച്ച് തന്നൂ
രാക്കൂട്ട് കിടന്നതിന്‌ കൂലിയായിട്ട്..
കവിത മുളച്ചു വരുന്നതും കാതോര്‍ത്ത് 
കിടന്ന നേരത്ത്
പകലിനെ ഊതിക്കെടുത്തിക്കൊണ്ട്
കാട്ടുതീ കണക്കെ ആ വാര്‍ത്ത കാറ്റില്‍ പടര്‍ന്നു :
"ഉയ്യന്റപ്പാ.., നമ്മ്ടെ അയ്യപ്പനും പോയീ..!"
നെഞ്ചിലെ നെരിപ്പോടില്‍ നിന്നും
പിടഞ്ഞുണര്‍ന്ന ഫീനിക്സ് പക്ഷി പറന്നകലും മുമ്പൊരു
സ്വകാര്യം മൊഴിഞ്ഞു: 
"അതെ, ഓന്റെ സ്വത്വത്തിനൊത്ത അപമൃത്യു!"

എം.കെ.ഖരീം

അയ്യപ്പന്‍ എന്ന പക്ഷി

അയ്യപ്പനെ കുറിച്ച് സുഹൃത്തുക്കളില്‍ ഒരാള്‍ പറഞ്ഞു ചിരിക്കുന്ന ഒരു സംഭവം ഉണ്ട്. അയ്യപ്പന്‍ മറ്റൊരാളോട് പറഞ്ഞു : 'അയാം എ അയ്യപ്പന്‍ വണ്‍ ഓഫ് മയലയാളം പോയറ്റ്‌ '.
അത് കേള്‍ക്കേ സുഹൃത്ത് തിരുത്തി : ' അയ്യപ്പാ, ആ പ്രയോഗത്തില്‍ തെറ്റുണ്ട്. അയാം എ അയ്യപ്പന്‍ എന്നത് ശരിയല്ല. അവിടെ വവ്വല്‍സിന്റെ പ്രശ്നമുണ്ട്. അതുകൊണ്ട് അയാം ആന്‍ അയ്യപ്പന്‍ എന്ന് വേണം....'
അയ്യപ്പന്‍ ഉറക്കെ ചിരിച്ചു. അതിനിടയില്‍ പറയുകയും:
' മലയാള കവിയെന്നു കേള്‍ക്കുമ്പോള്‍ എനിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് കരുതിയാലോ...'
ഇംഗ്ലീഷ് അറിഞ്ഞില്ലെങ്കില്‍ മനുഷ്യന്‍ ആകില്ല എന്ന മൂഡ സങ്കല്പം വച്ച് പുലര്‍ത്തുന്ന ഒരു ലോകത്താണ് താന്‍ നില്‍ക്കുന്നതെന്ന് അയ്യപ്പന്‍ ഓര്‍ത്തിരിക്കണം. ചിലിയിലോ അമേരിക്കയിലോ ഏറ്റവും താണ കവി എഴുതുന്ന വരികള്‍ വിഴുങ്ങാന്‍ മലയാളികള്‍ മത്സരിക്കും. അതിനെ തങ്ങളാലാവും വിദം വര്‍ണിച്ചു പെരുപ്പിച്ചു ഉദാത്ത സാഹിത്യം എന്ന് അച്ചടിക്കാന്‍ സാഹിത്യ നിരൂപകരും... അതൊന്നും വായിച്ചില്ലെങ്കില്‍ താനൊരു സാഹിത്യാസ്വാദകന്‍ ആകില്ലെന്ന വിശ്വാസവും... വായനക്കാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇവിടെ ചില കോക്കസുകള്‍ ആണ് തീരുമാനിക്കുന്നത് ആരൊക്കെ കവിയാകണം ആരൊക്കെ ആകരുതെന്ന്. 
അന്നത്തെ അയ്യപ്പന്റെ ചിരിയുടെ പൊരുള്‍ അവിടെ കൂടി നിന്നവര്‍ക്കോ ഇന്ന് ഇതെഴുതുന്ന എനിക്കോ മനസ്സിലാവുന്നില്ല. മരണത്തെ പോലും കളിയാക്കി കടന്നു പോയ ആ സഞ്ചാരിയെ അവതരിപ്പിക്കാന്‍ നമ്മുടെ ഭാഷ പോരാ എന്ന് പോലും തോന്നിയിട്ടുണ്ട്. റൂമിയുടെ പുല്ലാങ്കുഴല്‍ എന്ന പുസ്തകത്തിനു വേണ്ടി എഴുതാന്‍ ഇരിക്കുമ്പോള്‍   എന്റെ മനസ്സില്‍ അയ്യപ്പന്‍ ആയിരുന്നു. റൂമിയിലെക്കുള്ള എന്റെ സഞ്ചാരത്തില്‍ അയ്യപ്പന്‍ അനുഗമിക്കുന്നുണ്ടായിരുന്നു. സമൂഹത്തില്‍ ഏറ്റവും താഴെക്കിടയിലൂടെ നടന്നു പോയ ആ മനുഷ്യന്‍ ഒരു സൂഫി ആയിരുന്നില്ലേ എന്ന് പലപ്പോഴും എന്നോട് തന്നെ ചോദ്യം. നഗര വീഥിയിലൂടെ നട്ടുച്ചയ്ക്ക് വിളക്കും കൊളുത്തി നടക്കുന്ന റൂമിയുടെ കഥാ പാത്രം. അന്ന് ആ കഥാപാത്രം നഗര വീഥികളില്‍ മനുഷ്യനെ തിരയുകയായിരുന്നു. അത് പോലെ അയ്യപ്പന്‍ മനുഷ്യനെ തേടിയാണോ തെരുവില്‍ നിന്നും തെരുവിലേക്ക് നടന്നത്? അല്ലെങ്കില്‍ റൂമി നമ്മുടെ കാലത്ത് അയ്യപ്പനായി അവതരിച്ചിരിക്കാം. 
കവിതയെഴുതി ഒടുവില്‍ കവിതയായി മാറിയ കവി. അയ്യപ്പന്‍ അങ്ങനെയല്ലേ? വായിക്കാതെ പോയ ഒരു സൂഫി സംഗീതം ആ കാല്‍പ്പാടുകളില്‍ വിങ്ങുന്നു. പുറകെ വരുന്നവര്‍ അത് ഏറ്റെടുക്കുമായിരിക്കാം. അല്ലെങ്കില്‍ അയ്യപ്പന്‍ മടങ്ങി വന്ന്‌ ആ വരികള്‍ പൂരിപ്പികുകയും.
'പക്ഷികള്‍
പക്ഷി പാതാളത്തിലേക്കും   
ഇഷ്ട ശിഖരങ്ങളിലെക്കും
മൈഗ്രേറ്റ് ചെയ്തു
ചിലര്‍ സലിം അലിയുടെ
വളര്‍ത്തു മക്കളായി...'
ഇങ്ങനെയൊക്കെ എഴുതാന്‍ അയ്യപ്പന് മാത്രമേ കഴിയൂ. അതു തന്നെയാണ് അയ്യപ്പനെ അയ്യപ്പനാക്കുന്നത്. കൈയ്ക്കുന്ന ജീവിതം പാനം ചെയ്തു അതേ കൈപ്പുനീര്‍ ഒച്ചയോടെ തെരുവില്‍ ശര്‍ദ്ധിച്ച്‌ നടന്നു പോയ അയ്യപ്പന്‍ മരിച്ചിട്ടില്ല. ഇവിടെയൊക്കെ ഉണ്ട്. നടന്നു പോകുന്ന വീഥിയില്‍ എന്റെ പോക്കറ്റില്‍ കയ്യിടാന്‍ പാകത്തില്‍ ഇലകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന കിളിയായി അയ്യപ്പനുണ്ട്. അയ്യപ്പന് കാണാന്‍ , പറന്നു വന്നു കൊത്തിയെടുക്കാന്‍ പാകത്തില്‍ ഞാന്‍ പോകറ്റില്‍ നൂറു രൂപ വച്ചിട്ടുണ്ട്. അയ്യപ്പാ അതുമായി മദ്യപിച്ചു ദന്തഗോപുര കവികളുടെ മുഖത്തേക്ക് ശര്‍ദ്ധിക്കുക 

 
 Page:1, 2, 3    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, അയ്യപ്പന്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക