പ്രണയ ചഷകം

എം. കെ. ഖരീം

പ്രണയമേ,
ബാബറി പള്ളിയുടെ കല്ലും
നാമും തമ്മിലെന്ത്...
കര്സേവകാരോ ജിഹാദികളോ  
തെരുവ് കീഴടക്കട്ടെ...
പ്രണയത്തിനു പാര്‍ക്കാനെന്തിന്
ആരാധനാലയങ്ങള്‍...
ഉടല്‍പോലും വേണ്ട...'

രാത്രി ഏറ്റവും നിശബ്ദമാകുമ്പോള്‍പരാശക്തി പ്രത്യക്ഷപ്പെടുന്നു;പിന്നെ പ്രണയത്തില്‍അലിയാനുള്ള ദാഹമാണ്. ഇരുട്ടില്‍മറ്റൊരു ഇരുട്ടായി മാറുന്ന സഞ്ചാരികളെ പരാശക്തി  ആലിംഗനം ചെയ്യുന്നു. ഇരുട്ടും ഇരുട്ടും തമ്മിലുള്ള ലയം. അവിടെ ഒന്നിനെ മറ്റൊന്നില്‍നിന്നും അടര്‍ത്തിയെടുക്കാന്‍ആവില്ല. അമ്പലമോ പൂജാരിയോ ഇല്ലാതെ, പള്ളിയോ മൊല്ലാക്കയോ ഇല്ലാതെ വീഥിയില്‍പരമമായ ആരാധനയില്‍നിറയുകയും..

ആരാധനാലയങ്ങള്‍ഏറ്റവും സമാധാനം  ആയിരിക്കെ, കല്ല്‌കൊണ്ടുയര്‍ത്തിയ കെട്ടിടങ്ങളുടെ പൊള്ളത്തരം അറിയണമെങ്കില്‍രാത്രികളിലേക്ക് കാതോര്‍ക്കുക. തെരുവുകള്‍തോറും അടുത്ത ദിവസം കൊല ചെയ്യപ്പെടെണ്ടവരുടെ പട്ടിക തയ്യാറാക്കുന്ന അന്തപ്പുരങ്ങള്‍.. കൊല്ലപ്പെടുന്നത് ഹിന്ദുവോ മുസല്‍മാനോ  ആകട്ടെ. അങ്ങനെ  ആകുന്നതിനു മുമ്പേ മനുഷ്യര്‍ആയിരുന്നു. മതങ്ങളുടെ നിറം അണിഞ്ഞു അവര്‍നില്‍ക്കുമ്പോഴും ആ ഉടലുകളില്‍പാര്‍ക്കുന്നത് പരാശക്തിയുടെ ആത്മാവല്ലാതെ മറ്റെന്ത്!

നമുക്ക് കാലമോ ദേശമോ ഇല്ല.
കാലമില്ലായ്മയാണ് നമ്മുടെ കാലം,
ദേശമില്ലായ്മ ദേശവും...
അതുകൊണ്ട് നമ്മെ തടയാന്‍
അതിര്‍ത്തി കാവല്‍ക്കാര്‍അശക്തര്‍...

ഹൃദയത്തിന്റെ അടിത്തട്ടില്‍
വേദന തേടുന്ന പഴുതാരയാണ് പ്രണയം...
എത്രമേല്‍നൊന്തിട്ടും മതി വരാതെ...

മധുശാലയില്‍നിന്നും പുറത്തു വരുന്ന
മദ്യപന്റെ നോട്ടം
ഒഴിഞ്ഞ ചഷകത്തിലെക്കെങ്കില്‍
എന്റേത് നിന്നിലെക്കും...
പ്രണയമേ എന്റെ പാനപാത്രം നിറക്കുക. 
എന്നില്‍തുള്ളി തുളുമ്പുക.

പണ്ടത്തെ ആകാശങ്ങളിലേക്ക് മടങ്ങാം.
അശാന്തിയുടെയും കലാപത്തിന്റെയും
ഇടങ്ങളില്‍നിന്നും പുറത്തു കടക്കാം.
പണ്ടത്തെ മരുഭൂമിയില്‍നിന്ന്
കാറ്റിന്റെ ഹുങ്കാരത്തില്‍നിന്നും
നമുക്കാ പ്രണയം  വായിച്ചെടുക്കാം.
തടുത്തു കൂട്ടി മഞ്ചാടി പെറുക്കി വയ്ക്കുന്ന
ആ കളിക്കൂട്ടുകാരായി നമുക്ക് അലയാം.

മരുഭൂമിയുടെ ആകാശമേ
എനിക്കെന്റെ പ്രണയത്തെ മടക്കി തരിക.
എനിക്കെന്റെ പ്രാണനെ തിരിച്ചു തരിക.
ഈ ചാരത്തില്‍നിന്നും ഞാന്‍ഉയിര്‍ക്കട്ടെ..

    

എം. കെ. ഖരീം - Tags: Thanal Online, web magazine dedicated for poetry and literature എം. കെ. ഖരീം, പ്രണയ ചഷകം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക