തനിച്ചിരിപ്പുകള്‍

സംഗീതാനായര്‍

ഇരുളിലൊറ്റയ്ക്കിരിക്കയാണല്ലി
വിരല്‍തൊടാതെ, വാക്കുരുവിടാതെ നാം
കരള്‍ വരമ്പുകള്‍ക്കിടയിലെന്തിനോ
മൊഴികള്‍ തന്‍ ചിറ മുറിവു തേടുന്നൂ
പുറത്തഗാധമാമിരുള്‍ വഴികളില്‍
പുണര്‍ന്നുനിന്നിരുമരത്തലപ്പുകള്‍
നനുത്തകാറ്റാല്‍ ചികഞ്ഞ മൗനങ്ങള്‍
പതിയെയോരോന്നടര്‍ത്തിനീക്കിയോ?


ഇണവരാഞ്ഞൊരു ചെറിയകൂട്ടിലാ-
യിമകള്‍ പൂട്ടാതിരിപ്പു രാക്കുയില്‍
ഇടഞ്ഞ ചങ്കില്‍ നിന്നൊരു നുറുങ്ങുപാ-
ട്ടൊഴുകി വന്നുവോ കരള്‍ തുളച്ചുവോ?

പ്രണയമൊട്ടുമേ പകരുകില്ലെങ്കില്‍
പതഞ്ഞു ചുണ്ടോടുക്കുകില്ലെങ്കില്‍
ഹൃദയമാകുന്ന ചഷകമെന്തിനാ-
യിനിയുടയാതെ കരുതി വെയ്ക്കണം?

ഇനിയുമെത്ര രാവിതുപോല്‍ നമ്മളീ
തനിച്ചിരിപ്പിന്റെ തണുപ്പ് പേറണം
കുമിഞ്ഞ നൊമ്പരത്തലച്ചുമടുമായ്
കുനിഞ്ഞു കാതങ്ങള്‍ നടന്നു തീര്‍ക്കണം?

    

സംഗീതാനായര്‍ - Tags: Thanal Online, web magazine dedicated for poetry and literature സംഗീതാനായര്‍, തനിച്ചിരിപ്പുകള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക