കുട്ടിയും കോഴിയും പോലീസുകാരനും

സച്ചിദാനന്ദന്‍ പുഴങ്കര

ഒരുകോഴി, അരികിലൊരു
കുട്ടി... അതിനപ്പുറ-
ത്തവിടെയൊരുപോലീസുകാരന്‍,
ഒരു കഥയുമില്ലാത്ത
കാഴ്ചയാണെങ്കിലും
അതുകണ്ടു വിസ്മയം പൂണ്ടും,
ഇളവള്ളിപോല്‍ മെലി-
ഞ്ഞിഴയുന്നതും മാന-
മിരുളുന്നതും കേട്ടറിഞ്ഞും
പെരുവഴിയിരമ്പുന്ന
കവലയില്‍ കാല്‍ കഴ-
ച്ചവിടെ നാം കാത്തുനില്പായി....
കൂവിത്തെളിഞ്ഞ
കാലത്തിന്റെ കൊക്കില്‍ നാം
നീറിപ്പുകഞ്ഞുപിടയുമ്പോള്‍
അവിടെയൊരുകോഴിവ-
ന്നെത്തുന്നു... കൊത്തുന്നു
നിഴല്‍വീണ വീര്‍പ്പും വിശപ്പും;
അവിടെയുണ്ടിപ്പോഴു-
മെപ്പോഴുമെന്നെന്നു-
മൊരുപുതിയ പോലീസുകാരന്‍
ഹഹ! മയില്‍ത്തൊപ്പിയില്‍
കറുത്തബെല്‍ട്ടില്‍ ലാത്തി-
വടിയില്‍ നിറഞ്ഞുകൂറുന്നൂ
ക്രമസമാധാനങ്ങള്‍
നീതിബോധത്തിന്റെ
ചടുലമാം ശൊര്യത്തിനൊപ്പം;
കുരവയുടെ വക്കിലാ-
ണറിവിന്റെ പുസ്തക-
ച്ചുമടുമായ് ഒരു ചെറിയ പയ്യന്‍
ചിരിപൂത്ത ചില്ല പോല്‍
വീണസ്വപ്‌നങ്ങള്‍ക്കു
നടുവിലങ്ങാര്‍ത്തുപൊന്തുന്നൂ....

ഒരുകോഴി, അരികിലൊരു
കുട്ടി... അതിനപ്പുറ-
ത്തവിടെയുണ്ടൊരുപോലീസുകാരന്‍...
പെരുവഴിയിരമ്പുന്ന
കവലയില്‍ കാല്‍കട-
ഞ്ഞവിടെ നാം കാത്തുനില്ക്കുമ്പോള്‍
തലനരയ്ക്കുന്നൂ....
തപാല്‍ മുടങ്ങുമ്പൊഴും
മരണമൊ1രു
വാര്‍ത്തയാകുന്നു...!

    

സച്ചിദാനന്ദന്‍ പുഴങ്കര - Tags: Thanal Online, web magazine dedicated for poetry and literature സച്ചിദാനന്ദന്‍ പുഴങ്കര, കുട്ടിയും കോഴിയും പോലീസുകാരനും
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക