ചുവന്ന ആകാശം ചുവന്നഭൂമി*

സി. പി. അബൂബക്കര്‍

ഫാസിസത്തെ പറ്റി ഫാസിസത്തെ കുറിച്ചുള്ള ഹോബ്‌സ്ബാമിയന്‍ കാഴ്ചപ്പാട് തികച്ചും മൗലികമാണ്. ഫാസിസത്തിന് അതിന്റെ വക്താക്കളവകാശപ്പെടുന്ന സൈദ്ധാന്തികമേന്മയൊന്നും അദ്ദേഹം അംഗീകരിക്കുന്നില്ല. മുസോളിനിയുടെ ആസ്ഥാനദാര്‍ശനികനായ ഗ്യോവെന്നി ജെന്റീലിന്റെ ദര്‍ശനമൊന്നുമല്ല അയാള്‍നടപ്പാക്കിയത്. ജര്‍മന്‍ അസ്തിത്വവാദിയായ ഹീഡഗറിന്റെ ദാര്‍ശനികവ്യപ്തിയോ ആഴമോ ഹിറ്റ്‌ലര്‍ക്കറിയുമായിരുന്നില്ല. ജനങ്ങളെ ഫാസിസ്റ്റുകള്‍ ആകര്‍ഷിച്ചത് ചില പോപുലിസ്റ്റ് മുദ്രാവാക്യങ്ങളിലൂടെയായിരുന്നു. തീവണ്ടി സമയത്തിനോടുകയും യഥാസമയം വിദ്യുഛക്തിആപ്പീസുകള്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നൊക്കെ അവര്‍ അവകാശപ്പെടുന്നു. ജനാധിപത്യസംവിധാനത്തിനെതിരായ പോപുലിസ്റ്റ് ആക്രോശങ്ങള്‍മാത്രമാണിവ. ഭരണകാര്യക്ഷമത, സാങ്കേതികവളര്‍ച്ചതുടങ്ങിയ കാര്യങ്ങളിലാണ് ഏത് ഏകാധിപതിയും ഊന്നുക. ഭരണത്തേയും അതിന്റെസാങ്കേതികതകളേയും പറ്റി ഏറെയേറെ സംവാദങ്ങളഴിച്ചുവിടാനും അവര്‍ക്കു മടിയില്ല. ജര്‍മ്മനിയില്‍നടന്ന ജൂതഹത്യയില്‍മരിച്ചവരുടെ എണ്ണം അറുപത്‌ലക്ഷത്തിനുപകരം അമ്പതോ നാല്പതോലക്ഷമായാല്‍ ഈ ഹത്യയുടെ ഭീകരതയ്ക്ക് എന്തെങ്കിലും വ്യത്യാസമുണ്ടാകുമോ എന്ന് ഹോബ്‌സ്ബാം ചോദിക്കുന്നു.

സ്വതന്ത്രകമ്പോളവ്യവസ്ഥയെ പറ്റി
കമ്യൂണിസം, സാമ്രാജ്യത്വം, മുതലാളിത്തം എല്ലാം പരാജയമടഞ്ഞു. ജനാധിപത്യത്തിനുള്ളസൂക്ഷ്മസുഷിരങ്ങളിലൂടെ ഫാസിസം നുഴഞ്ഞുകയറി. സങ്കുചിതദേശീയ-വംശീയവികാരങ്ങള്‍ ശക്തിപ്രാപി്ക്കുകയും ജൂതമതപ്രത്യയശാസ്ത്രം വളരുകയും ഇസ്രായേല്‍ രൂപപ്പെടുകയുംചെയ്തു. ഇതില്‍നിന്നെല്ലാമുള്ളമോചനമായി സ്വതന്ത്രകമ്പോളമുതലാളിത്തംസ്വീകരിക്കണമെന്ന് വലിയ ആഹ്വാനങ്ങളുണ്ടായി. ഈ വാദഗതിയോട് ഹോബ്‌സ്ബാം യോജിക്കുന്നില്ല. പരാജയപ്പെട്ടസ്ഥാപനങ്ങള്‍ക്കുപകരംവെക്കാവുന്നതല്ല സ്വതന്ത്ര കമ്പോളമുതലാളിത്തമെന്ന് അദ്ദേഹം പറയുന്നു. 1920കളുടെ അന്ത്യഘട്ടത്തിലും 1930കളുടെ തുടക്കത്തിലുമുണ്ടായിരുന്നമഹാമാന്ദ്യത്തിന്റെകാലത്ത് പൂര്‍ണമായ അപമതിക്ക് വിധേയമായ സ്വതന്ത്രകമ്പോളമുതലാളിത്തം പുതിയസാഹചര്യത്തില്‍ ആദരിക്കപ്പെടുന്നതിന്റെ വിരോധാഭാസം അദ്ദേഹം വിവരിക്കുന്നുണ്ട്.

1980കളിലേയും 1990കളിലേയും സാമ്പത്തികപ്രതിസന്ധിയുടെ കാലത്തു വീണ്ടും എങ്ങിനെ സ്വതന്ത്ര കമ്പോള മുതലാളിത്തം ആദരണീയമായിത്തീരുന്നുവെന്ന് അദ്ദേഹംചോദിക്കുന്നു. സ്വതന്ത്ര കമ്പോള മുതലാളിത്തത്തിന്റെ പ്രവാചകന്മാരായ താച്ചറും റീഗണും വലിയദേശീയവാദികളായിരിക്കെതന്നെ കമ്പോളസ്വാതന്ത്ര്യത്തിനുവേണ്ടിവാദിക്കുന്നുവെന്ന വിരാധാഭാസം ചരിത്രകാരന്‍ കാണാതിരുന്നുകൂടെന്നദ്ദേഹം മുന്നറിയിപ്പ് നല്കുന്നു. കടുത്തദേശീയതയും സ്വതന്ത്ര കമ്പോള മുതലാളിത്തവും പരസ്പരഭിന്നങ്ങളാണ്.

മാത്രമല്ല, സോവിയറ്റ് പതനത്തിനുശേഷം ഏറ്റവും ശീഘ്രമായ വളര്‍ച്ചാപ്രവണത പ്രകടിപ്പിച്ചസമ്പദ്വ്യവസ്ഥ ചൈനയുടേതാണ, സ്വതന്ത്രകമ്പോളത്തിന്റേതല്ല. യൂറോ- അമേരിക്കന്‍ സര്‍വകലാശാലകളും മാനേജുമെന്റ് വിദഗ്ദ്ധരും ഈ പ്രവണതയുടെ ആന്തരാര്‍ത്ഥം തെരഞ്ഞുകൊണ്ട് കണ്‍ഫ്യൂഷ്യസിന്റെ ഗുണപാഠങ്ങളുടെ നാനാര്‍ത്ഥങ്ങള്‍തേടിപ്പുറപ്പെട്ടിരിക്കുകയുമാണ്. വ്യവസായ-വാണിജ്യസംരംഭങ്ങളുടെവിജയരഹസ്യമറിയുന്നതിന് ചീനത്തെ മാന്ററീന്റെ പാഠങ്ങള്‍ പഠിക്കാനുള്ള പുറപ്പാടിലാണ് യൂറോപ്പും അമേരിക്കയും.

കൊള്ളക്കാരെ പറ്റി
പ്രാകൃതകലാപകാരികള്‍ എന്ന ഗ്രന്ഥത്തിലാണ്(1959) കൊള്ളക്കാരുടെസമൂഹത്തെ പറ്റി എറിക് ഹോബ്‌സ്‌ബോം തനതായ തന്റെ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നത്. പലതരത്തിലുള്ള ജനകീയപ്രതിരോധങ്ങളിലൊന്നാണ് കൊള്ള, നിയമേന അംഗീകാരമില്ലാത്ത പലപ്രതിരോധങ്ങളില്‍ ഒന്ന്. 1969ല്‍ കൊള്ളക്കാര്‍ എന്നപഠനത്തിലൂടെ ഈ വീക്ഷണം ഹോബ്‌സ്‌ബോം വിപുലീകരിച്ചു. സാമാന്യജനങ്ങള്‍ ധീരനായകന്മാരായി, ജനകീയപ്രതിരോധത്തിന്റെ നേതാക്കളുംജേതാക്കളുമായി കരുതുന്നവരാണ് കൊള്ളക്കാരെന്ന് അദ്ദേഹം സിദ്ധാന്തീകരിക്കുന്നു. അവര്‍ പ്രാന്തവത്കൃതജനങ്ങളുടെയിടയില്‍നിന്നുയര്‍ന്നുവരുന്നു. 'ഒരുപ്രാക്ചരിത്രസാമൂഹികപ്രസ് ഥാനം' എന്നാണ് ബോം അവരെ വിശേഷിപ്പിക്കുന്നത്. സംഘടിതതൊഴിലാളിപ്രസ്ഥാനത്തില്‍നിന്ന് ഭിന്നമാണത്.

കാര്‍ഷികമേഖലയില്‍നിന്നുള്ള നിയമഭ്രഷി്ടരാണവര്‍. രാജാലും പ്രഭുവും അവരെ കുറ്റവാളികളായി കാണുന്നു. പക്ഷേ അവര്‍ കര്‍ഷകസമൂഹത്തിനുള്ളില്‍തന്നെ നിലനില്ക്കുന്നു. ജനങ്ങള്‍ അവരെ ധീരനായകന്മാരും, ജേതാക്കളും, പ്രതികാരശേഷിയുള്ളവരും , നീതിക്കുവേണ്ടി പോരാടുന്നവരും, വിമോചനനേതാക്കളും എല്ലാ അര്‍ത്ഥത്തിലും ആദരണീയരും ആരാധ്യരുമായി കരുതുന്നു. അവരെപിന്തുണക്കേണ്ടതാണെന്നും സഹായിക്കേണ്ടതാണെന്നും ജനങ്ങള്‍ വിചാരിക്കുന്നു. ജനങ്ങളുമായുള്ള ഈബന്ധമാണ് കൊള്ളക്കാരെ സവിശേഷവിഭാഗമായി നിലനിര്‍ത്തുന്നത്. ചരിത്രത്തിലുടനീളം എല്ലാ സമൂഹങ്ങളിലും ഇത്തരം ഗ്രൂപ്പുകളുടെ സാന്നിധ്യമുണ്ടെന്നാണ് ബോം സമര്‍ത്ഥിക്കുന്നത്. =

ഈ അഭിപ്രായം ബോമിന്റെ ഇതരഅഭിപ്രായങ്ങളെന്നപോലെ വലിയ വിമര്‍ശനത്തിനുകാരണമായിട്ടുണ്ട്. പല കൊള്ളസംഘങ്ങളേയും ചിലഭരണാധികാരികള്‍ കര്‍ഷകസമൂഹത്തെ അടിച്ചമര്‍ത്താനായി ഉപയോഗിച്ചതിനുതെളിവുകളുണ്ട്. ചിലകൊള്ളസംഘങ്ങള്‍ വന്‍തോതിലുള്ള കാല്പനികവത്കരണത്തിന്റെ ഫലമായി ജനപ്രിയത ആര്‍ജിച്ചിട്ടുമുണ്ട്. ചമ്പല്‍ തടത്തിലെ കൊള്ളക്കാരില്‍ ചിലര്‍ക്ക് ജനകീയാംഗീകാരമുണ്ടായിരുന്നു. ഫൂലാന്‍ദേവിയെ പോലുിള്ള ചിലരെ ചിലരാഷ്ട്രീയക്ഷികള്‍ പാര്‍ലമെന്റംഗംവരെയാക്കിയിരുന്നുവല്ലോ.

അപ്പോഴും കൊള്ളക്കാരുടെ സംഘത്തിന് ചരിത്രപരമായ ഒരുല്പത്തിയും വിശകലനവും നല്കിയെന്നത് വളരെ സംഗതവും പ്രസക്തവുമായ ഒരുകാര്യമാണ്.

ജനപ്രിയസംസ്‌കാരം
പുതിയ കാലത്തെ ജനപ്രിയസംസ്‌കാരത്തിന്റെ സവിശേഷതകള്‍ ഹോബ്‌സ്ബാം വിശദീകരിക്കുന്നുണ്ട്. അത് മരണോന്മുഖമാണെന്ന സമീപനമാണദ്ദേഹത്തിനുള്ളത്. യൗവനസംസ്‌കൃതിയുടെ മൂന്ന് സുപ്രധാനസവിശേഷതകള്‍ അദ്ദേഹം വിശദമാക്കുന്നുണ്ട്.

  1. യൗവനത്തെ പ്രായപൂര്‍ത്തിയിലേക്കുള്ള സന്നാഹഘട്ടമായല്ല കാണുന്നത്, മറിച്ച്, പൂര്‍ണമായ മാനവികവളര്‍ച്ചയുടെ ഘട്ടമായിട്ടാണ്. ഇതിന്റെ ഫലമോ? മുപ്പതുവയസ്സുകഴിയുന്നതോടെ ജീവിതം ക്ഷീണോന്മുഖമാവുന്നു
  2. തലമുറകള്‍തമ്മിലുള്ള അന്തരം മാറിമറിയുന്നു. തലമുറകളുടെ പങ്കും മാറിമറിയുന്നു. രക്ഷിതാക്കള്‍ക്കറിയാത്തതും, കുഞ്ഞുങ്ങള്‍ക്കുമാത്രമറിയുന്നതുമായ അനേകം കാര്യങ്ങളുണ്ടാവുന്നു.
  3. യൗവനം കൂടുതല്‍ സാര്‍വദേശീയാഭിമുഖ്യം പുലര്‍ത്തുന്നു. ചുരുക്കത്തില്‍ സമൂഹത്തിന്മേല്‍ വ്യക്തി പ്രാമാണ്യം നേടുന്നതിന്റെ ലക്ഷണങ്ങളാണ് ഈ നവയൗവനസംസ്‌കാരത്തിലൂടെ ദൃശ്യമാവുന്നത്. ഭൂതകാലത്ത് മനുഷ്യരെ സമൂഹഘടനയില്‍ ഇഴചേര്‍ത്തുവെച്ചിരുന്ന ചരടുകള്‍ ശിഥിലമായി. മാര്‍ഗററ്റ് താച്ചറുടെ വാക്കുകളില്‍ അതിപ്രകാരമാണ്: 'സമൂഹമില്ല, ഉള്ളത് വ്യക്തികള്‍മാത്രം''.

മാര്‍ക്‌സിസത്തിന്റെപോരാളി
സോവിയറ്റുപതനത്തിനു എത്രയോമുമ്പുതന്നെ മാര്‍ക്‌സിസം ചിലപ്രതിസന്ധികളെ നേരിടുകയായിരുന്നു. മുതലാളിത്ത പരിഷ്‌കാരങ്ങളുടെ ഫലമായി തൊഴിലാളിവര്‍ഗ്ഗം ദുര്‍ബ്ബലമാവുകയായിരുന്നുവെന്ന് ചിലരെങ്കിലും വാദിക്കുന്നുണ്ട്. വിപ്ലവം നടത്തേണ്ടവര്‍ഗ്ഗമാണിത്. എന്നാല്‍ വ്യാവസായികതൊഴിലാളികള്‍ക്കു ചരിത്രപരമായ ഒരുനിയോഗമുണ്ടെന്നല്ലാതെ അവര്‍മാത്രമാണ് വിപ്ലവത്തിന്റെ കുത്തകയുള്ളവരെന്ന് കരുതാനാവില്ല. ഉദാഹരണത്തിന് വാണിജ്യതൊഴിലാളികള്‍ക്കു വ്യാവസായികതൊഴിലാളികളുടെ അതേ ക്ലാസിക്കല്‍സ്വഭാവമുണ്ട്. മാര്‍ക്‌സിന്റെ കാലത്തുപോലും അംഗസംഖ്യയില്‍ ഏറ്റവും കൂടുതലുണ്ടായിരുന്ന തൊഴിലാളിവിഭാഗം ഗാര്‍ഹികതൊഴിലാളികളായിരുന്നു. വിപ്ലവം വ്യാവസായികതൊഴിലാളികള്‍ മാത്രമായോ, തൊഴിലാളിവര്‍ഗ്ഗംമാത്രമായോ നടത്താനാവുമെന്ന് മാര്‍ക്‌സോ എംഗല്‍സോ കരുതിയിരുന്നില്ല; ഇതരമാര്‍ക്‌സിസ്റ്റ് ആക്ടീവിസ്റ്റുകളോ ചിന്തകരോ വിചാരിച്ചിരുന്നില്ല.

എങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ എട്ടും ഒമ്പതും ദശകങ്ങളില്‍ ദൂരവ്യാപകമായ ഫലങ്ങളുളവാക്കുന്ന ചില സംഭവങ്ങളുണ്ടായി. പുതിയൊരുതരം ഉപഭോഗസംസ്‌കാരവും, വിവരസാങ്കേതികവിദ്യയും( Information Technology), സേവനവ്യവസായങ്ങളും പരമപ്രധാനമായിത്തീര്‍ന്നു. ആഗോളീകരണ- ഉദാരവത്കരണ- സ്വകാര്യവത്കരണസന്നാഹങ്ങള്‍ക്ക് ആക്കം വര്‍ദ്ധിച്ചു. പക്ഷേ, ഇതൊന്നും അടിസ്ഥാസൈദ്ധാന്തികസമീപനങ്ങള്‍ക്ക് മാറ്റമൊന്നുമുണ്ടാക്കിയില്ല. സമ്പത്ത് വിരലിലെണ്ണാവുന്നവരുടെ കൈകളില്‍ കൂടുതല്‍ കേന്ദ്രീകൃതമായി. വര്‍ഗ്ഗവ്യത്യാസം പണ്ടത്തേതിനേക്കാള്‍ ഗാഢമായിത്തീര്‍ന്നു. വര്‍ഗ്ഗപരമായ അസമത്വങ്ങളുടെ വ്യാപ്തിവര്‍ദ്ധിച്ചു. പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍പോലും മുതലാളിത്തത്തെ വളരെ ശക്തമായി അപലപിക്കുന്ന സാഹചര്യമുണ്ടായി.

ഈ ചാഞ്ചാട്ടത്തിന്റെ കാലത്ത് എറിക്ക് ഹോബ്‌സ്‌ബോം മാര്‍ക്‌സിസ്റ്റ് ക്യാമ്പില്‍ ഉറച്ചുനിന്നു. ദൃഢമായ ഈ നിലപാടാണ് അദ്ദേഹത്തിന്റെ മാര്‍ക്‌സും മാര്‍ക്‌സിസവുമെന്ന കൃതിയില്‍ നമുക്ക് കാണാന്‍കഴിയുന്നത്. ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയസംഭവങ്ങള്‍ക്കെല്ലാം സാക്ഷ്യം വഹിച്ച എറിക് ഹോബ്‌സ്‌ബോം ചരിത്രത്തെ തന്റെ സാക്ഷിയാക്കിനിര്‍ത്തി. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം തന്റെ സര്‍വേക്ഷണമായ നിര്‍മമതയോടെ ഹോബ്‌സ്‌ബോമിനൊപ്പം നിന്നു. അതുകൊണ്ടാണ് നിര്‍മമായി മാര്‍ക്‌സിസത്തിന്റെ പക്ഷത്ത് ഉറച്ചുനില്ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്.

ആ ദാര്‍ഢ്യമാണ് മാര്‍ക്‌സും മാര്‍ക്‌സിസവുമെന്ന ലേഖനസമാഹാരത്തില്‍ കാണാനാവുക. ഏത് പണ്ഡിതനും എന്തെങ്കിലുമൊരുകാര്യം ഈ സമാഹാരത്തില്‍നിന്ന് ലഭിക്കാതിരിക്കില്ലെന്ന് ടെറി ഈഗിള്‍ടണ്‍ പറയുന്നത് ശ്രദ്ധേയമാണ്. മാര്‍ക്‌സിസത്തിന് ഉദാരവും ഗഹനവുമായ പുതിയവായനാമുഖം നല്കുന്നുണ്ട് ഈ ഗ്രന്ഥം വഴി ഹോബ്‌സ്‌ബോം. വിപ്ലവെന്നത് ശീഘ്രഗതിയിലുള്ള അധികാരക്കൈമാറ്റമല്ല, മറിച്ച്, പരിവര്‍ത്തനത്തിന്റേതായ സുദീര്‍ഘവും സങ്കീര്‍ണവും പ്രവചനാതീതവുമായ പ്രക്രിയയുടെ മുന്‍ഗാമിയാണ്. ത്വരിതഗതിയിലുള്ള അധികാരപ്രാപ്തിയെ പറ്റി മാര്‍ക്‌സ് ആലോചിക്കുന്നില്ലെന്ന് ബോം വിവരിക്കുന്നുണ്ട്. പാരീസ് കമ്യൂണില്‍നിന്നുപോലും അധികമൊന്നും മാര്‍ക്‌സ് പ്രതീക്ഷിച്ചിരുന്നില്ല. വിപ്ലവമെന്നാല്‍ പരിഷ്‌കാരങ്ങള്‍ക്ക് എതിരല്ല. സാമൂഹികപരിഷ്‌കാരങ്ങളുടെ ശക്തനായ വക്താവായിരുന്നു മാര്‍ക്‌സ് എന്ന് ബോം കാണിച്ചുതരുന്നുണ്ട്. മാത്രമല്ല , ചരിത്രത്തില്‍ ചിലവിപ്ലവങ്ങള്‍ രക്തരഹിതവും ചിലപരിഷ്‌കാരങ്ങള്‍ രക്തരൂഷിതവുമായിരുന്നുവെന്ന് കാണാം.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവില്‍ സോഷ്യലിസം അനിവാര്യമാണെന്ന് മാര്‍ക്‌സ് പറയുന്നുണ്ട്. എങ്കിലും അത് നിയതിവാദപരമായ (Deterministic) ഒരുപ്രമാണരേഖയാണെന്ന് ബോം കരുതുന്നില്ല. സോഷ്യലിസം ചരിത്രഭാഗധേയമാണെങ്കില്‍ അതിനുവേണ്ടി എന്തിനാണ് സമരം ചെയ്യുന്നത്, വിപ്ലവം നടത്തുന്നത്? മുതലീാളിത്തം കൂടുതല്‍ കൂടുതല്‍ ചൂഷണോന്മുഖമാവുമ്പോള്‍, തൊഴിലാളിവര്‍ഗ്ഗം കൂടുതല്‍ ശക്തിപ്രാപിക്കുകയും വര്‍ഗ്ഗബോധമാര്‍ജ്ജിക്കുകയും അതുവഴി വിപ്ലവത്തിന്റംെ വസ്തുനിഷ്ഠ- ആത്മനിഷ്ഠഘടകങ്ങള്‍ ബലപ്പെടുകയുംചെയ്യുന്നു. മര്‍ദ്ദകര്‍ക്കെതിരെ മര്‍ദ്ദിതരുടെ പട ഉണര്‍ന്നെണീ ക്കുകതന്നെചെയ്യും. എഴനി പോട്ടിയേയുടെ സാര്‍വദേശീയഗാനത്തിലെ വരികള്‍ അര്‍ത്ഥസമ്പൂര്‍ണമായിത്തീരും. ബോധപൂര്‍വമായ വിപ്ലവപ്രവര്‍ത്തനങ്ങള്‍ നടക്കും.

ഇവിടെ ഹോബ്‌സ്‌ബോം തൊഴിലാളിവര്‍ഗ്ഗത്തെ സാമാന്യമായും മാര്‍ക്‌സിസ്റ്റുകളെ വിശേഷമായും അറിയിക്കുന്നത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിലെ വളരെ പ്രസക്തമായ ഒരു പദസംഘാതമാണ്, ഈ പദസംഘാതം വിസ്മരിക്കുന്നത് ആപത്കരമാവും എന്നും ബോം ഓര്‍മ്മിപ്പിക്കുന്നുണ്ട്: 'പരസ്പരം പോരടിക്കുന്ന വര്‍ഗ്ഗങ്ങളോടൊപ്പം' മുതലാളിത്തവും ഇല്ലാതാലും. When, in the course of development, class distinctions have disappeared, and all production has been concentrated in the hands of a vast association of the whole nation, the public power will lose its political character. Political power, properly so called, is merely the organised power of one class for oppressing another. If the proletariat during its contest with the bourgeoisie is compelled, by the force of circumstances, to organise itself as a class, if, by means of a revolution, it makes itself the ruling class, and, as such, sweeps away by force the old conditions of production, then it will, along with these conditions, have swept away the conditions for the existence of class antagonisms and of classes generally, and will thereby have abolished its own supremacy as a cl-ass. വിപ്ലവം നടക്കുന്ന തിനുശേഷമുള്ള സാഹചര്യത്തില്‍ ക്രമത്തില്‍ വര്‍ഗ്ഗാധിപത്യം - മുതലാളിവര്‍ഗ്ഗത്തിന്റേതായാലും തൊഴിലാളിവര്‍ഗ്ഗത്തിന്റേതായാലും- ഇല്ലാതാവുകയും വര്‍ഗ്ഗങ്ങള്‍തന്നെ ഇല്ലാതാവുകയുംചെയ്യും. വര്‍ഗ്ഗവൈരുദ്ധ്യം നിലനില്ക്കാനുള്ള സാഹചര്യമില്ലാതാവുന്നതോടെ വര്‍ഗ്ഗങ്ങള്‍തന്നെയില്ലാതാവാനും സാഹചര്യമുണ്ടാവും. പുതിയസാഹചര്യത്തില്‍ ഒരുപക്ഷേ ആണവയുദ്ധത്തിനുശേഷമുണ്ടാവുന്ന ഭൗതികാവസ്ഥയായിരിക്കും നാം കാണേണ്ടിവരിക. സാങ്കേതികരംഗത്തുപുരോഗതിയുണ്ടാവുമെന്ന് മാര്‍ക്‌സ് ദീര്‍ഘവീക്ഷണത്തോടെ പറഞ്ഞു. പക്ഷേ അതിന്റെ അളവ് മുന്‍കൂട്ടികാണാന്‍, അതിന്റെ വേഗം മുന്‍കൂട്ടികാണാന്‍ അദ്ദേഹത്തിനുകഴിഞ്ഞുവോ ?

ഈ പരിമിതികളെല്ലാമുണ്ടെങ്കിലും ഏതാണ്ട് ബൈബിളിന് ക്രൈസ്തവസമൂഹത്തിലുള്ളപ്രാമാണ്യം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിന് ഇടത്തരക്കാരിലും തൊഴിലാളികളിലുമുണ്ട്. 'ഏതെങ്കിലുമൊരുചിന്തകന്‍ ഇ രുപതാംനൂറ്റാണ്ടിന്മേല്‍ മായാത്തമുദ്രപതിച്ചുവെങ്കില്‍, അത് അദ്ദേഹമാണ്(മാര്‍ക്‌സ്)'എന്ന് ഹോബ്‌സ്‌ബോം പറയുന്നു. മാര്‍ക്‌സ് മരിച്ച് നാലുപതിറ്റാണ്ടായപ്പോള്‍ സോവിയറ്റുയൂണിയന്‍നിലവില്‍വന്നു, ഏഴുപതിറ്റാണ്ടായപ്പോള്‍ലോകത്തിന്റെ മൂന്നിലൊന്നുഭാഗം ആ മഹാമനീഷിയുടെ സ്വാധീനവലയത്തുല്‍വന്നു. ഇന്നും ഇരുപതു ശതമാനത്തിലധികം മുുഷ്യര്‍മാര്‍ക്‌സിയന്‍ദര്‍ശനത്തിന്റെ പരിലാളനയിലാണ്ജീവിക്കുന്നത്. വേറൊരു ബുദ്ധിജീവിയും ഇത്രയേറെ പ്രായോഗികമായി ലോകത്തെ മാറ്റി മറിച്ചിട്ടില്ല. ' വ്യക്തിഗതചിന്തകന്മാരില്‍ മതസ്ഥാപകര്‍മാത്രമേ ഇത്രയും വലിയസ്വാധീനം മാനവരാശിയില്‍ ചെലുത്തിയിട്ടുള്ളൂ, അവരില്‍തന്നെ മുഹമ്മദ് നബി കഴിഞ്ഞാല്‍ മറ്റാരും ഇത്രമേല്‍ സ്വാധീനം ചെലുത്തിയിട്ടില്ല' എന്ന് എറിക്‌ഹോബ്‌സ്‌ബോം അ ര്‍ത്ഥശങ്കയില്ലാതെ പ്രഖ്യാപിക്കുന്നു.

*എറിക്‌ഹോബ്‌സ്‌ബോമിന്റെ ജീവിതവും കൃതികളും- ഒരവലോകനം

 Page:1, 2, 3    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, ചുവന്ന ആകാശം ചുവന്നഭൂമി*