തിലകന്.. നട്ടെല്ല് വളക്കാത്ത നടന പോരാളി

ഭാനുപ്രകാശ്‌

“”എന്റെ മരണം എന്റെ ആസ്വാദകരുടെ മുന്നിലാകുക എന്നത് ഏറ്റവും വലിയ സൗഭാഗ്യമായി ഞാന്‍ കരുതുന്നു. കാരണം എന്നെ അറിഞ്ഞതും അംഗീകരിച്ചതും അവര്‍ മാത്രമാണ്”" – തിലകന്‍ അഭിനയം ആത്മാവിഷ്ക്കാരമായി കാണുന്ന നടനെ/നടിയെ സംബന്ധിച്ചിടത്തോളം അഭിനയിച്ചുകൊണ്ടിരിക്കെ ജീവിതത്തില്‍ നിന്ന് ഇല്ലാതാകുക എന്നത് ഭാവനാത്മകമായ സ്വപ്നമായിരിക്കും. തിലകന്റെയും സ്വപ്നം ഇതായിരുന്നു. നടനെന്ന നിലയില്‍ പലതരം മരണങ്ങളാടിയ തിലകന് ജീവിതത്തിലും മരണം അടുത്തെത്തിയ അനുഭവങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ട്. ഏത് “അച്ഛ”ന്റെയും “അമ്മ”യുടെയും” മക്കള്‍ വന്ന് തകര്‍ക്കാന്‍ ശ്രമിച്ചാലും പ്രേക്ഷകര്‍ക്ക് തന്നെ ആവശ്യമുള്ളിടത്തോളം കാലം അഭിനയിക്കുമെന്ന് പറഞ്ഞ് താരലോകത്തെ ഞെട്ടിച്ച നടന്‍ വിനീതനായി ഒന്നുകൂടി ഓര്‍മപ്പെടുത്തി. “തിലകന്‍ വേണ്ട” എന്ന് പ്രേക്ഷകര്‍ എപ്പോള്‍ പറയുന്നോ ആ ഘട്ടത്തില്‍ താന്‍ അഭിനയജീവിതം അവസാനിപ്പിക്കുമെന്ന്. തിലകന്‍ വേണ്ട എന്നു പറയാനുള്ള അവകാശം മലയാള സിനിമയിലെ “അമ്മമക്കള്‍”ക്കല്ല പ്രേക്ഷകര്‍ക്കാണെന്ന് ഉറച്ചു വിശ്വസിച്ച അദ്ദേഹം അതുകൊണ്ടുതന്നെ തന്റെ യഥാര്‍ഥ മരണവും ആസ്വാദകര്‍ക്ക് മുന്നിലാകണമെന്ന് ആഗ്രഹിച്ചത് വെറുതെയല്ല. പ്രായവും രോഗവും മരണവും പലവട്ടം കീഴടക്കാന്‍ ശ്രമിച്ചിട്ടും “മാറി നില്‍ക്കെടാ എന്റെ മുമ്പീന്ന്” എന്നുപറഞ്ഞ് ആട്ടിയോടിച്ച് തിലകന്‍ വീണ്ടും വീണ്ടും വന്നെത്തിയത് ക്യാമറയ്ക്കുമുന്നില്‍തന്നെ. ആ പകര്‍ന്നാട്ടങ്ങള്‍ക്ക് “ഫാന്‍സു”കാരുടെ ചെകിടടപ്പിക്കുന്ന കൈയ്യടികളുണ്ടായിരുന്നില്ല. പ്രത്യക്ഷപ്പെടുന്നത് ഒരു സീനിലാണെങ്കിലും അഭിനയകലയെ ആത്മാര്‍ഥമായി സ്നേഹിച്ചവര്‍ തിലകനെ നെഞ്ചോടുചേര്‍ത്തുവയ്ക്കുകയായിരുന്നു.

ഇന്ത്യന്‍ റുപ്പിക്കും സ്പിരിറ്റിനും ഉസ്താദ് ഹോട്ടലിനും ലഭിച്ച ഹര്‍ഷാരവങ്ങള്‍ തിലകന്‍ എന്ന അഭിനയപ്രതിഭയ്ക്കുകൂടി ലഭിച്ച അംഗീകാരങ്ങളായിരുന്നു. തന്റെ മരണംപോലും ആസ്വാദകര്‍ക്ക് മുന്നിലാകണമെന്ന് തിലകന്‍ ആഗ്രഹിച്ചത് പ്രേക്ഷകരിലുള്ള അചഞ്ചലമായ വിശ്വാസത്തിലായിരുന്നു. പലവട്ടം ആശുപത്രികിടക്കകളില്‍ നിന്നെഴുന്നേറ്റ് ക്യാമറയ്ക്ക് മുന്നിലെത്തിയ മഹാനടന്റെ അബോധമനസ്സുപോലും അവസാനാളുകളില്‍ പറഞ്ഞിരിക്കാം: “എന്റെ മരണം എന്റെ ആഗ്രഹത്തിനു വിട്ടു തരിക” എന്ന്. ഒരു പക്ഷേ ഇത്തവണയും മരണത്തെ ജയിക്കാന്‍ തിലകന് കഴിഞ്ഞിരുന്നെങ്കില്‍ അവസാനശ്വാസവും നടനകലയ്ക്ക് സമര്‍പ്പിച്ചുകൊണ്ടായിരുന്നേനെ ആ ജീവിതം അരങ്ങൊഴിയുക. അത്രമാത്രം അഭിനയത്തെ ഹൃദയതാളമായി കണ്ടിരുന്ന നടനായിരുന്നു തിലകന്‍. എഴുപത്തിയേഴ് വര്‍ഷത്തെ ജിവിതാനുഭവങ്ങളും അറുപത് വര്‍ഷത്തെ അഭിനയാനുഭവങ്ങളും തിലകന്‍ എന്ന മനുഷ്യന്/ നടന് ഒരുപാട് സന്തോഷമൊന്നും നല്‍കിയിട്ടുണ്ടാകില്ല. തന്നിലെ നടനോടും വ്യക്തിയോടും എന്നും യുദ്ധം ചെയ്യുകയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ പരുക്കന്‍ പ്രതലങ്ങളായിരുന്നു ഏറെ പരിചിതം. വ്യക്തിജീവിതം ഒരു ട്രാജഡിയായിരുന്നുവെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അലച്ചിലിന്റെയും കഷ്ടപ്പാടിന്റെയും വേദനയുടെയും അവഗണനയുടെയും പൊള്ളുന്ന അനുഭവങ്ങളായിരുന്നു ആ ജീവിതം നിറയെ. മനസ്സ് വേദനിക്കുമ്പോഴും പുറമെ ചിരിക്കുകയായിരുന്നു. ജീവിതം തിലകനെ പലവഴിക്കും കൊണ്ടുപോകുകയായിരുന്നോ? അതോ ജീവിതത്തെ പല വഴിക്കും തിലകന്‍ നടത്തിക്കുകയായിരുന്നോ? എന്തായാലും തിലകന്‍ കണ്ടത് കഷ്ടപ്പെടുന്നവന്റെ വേദനകളായിരുന്നു. അത്തരം ദൃശ്യങ്ങള്‍ ആ മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിച്ചിട്ടുമുണ്ട്. “”മനുഷ്യന്റെ കഷ്ടപ്പാടുകള്‍ കാണാനും പരിഹരിക്കാനും കഴിയുക നല്ല മനുഷ്യര്‍ക്കാണ്. നല്ല മനുഷ്യര്‍ മിക്കവാറും ഇടതുപക്ഷ ചിന്താഗതിക്കാരുമാകും”" എന്ന് ഒരിക്കല്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

വേഷപ്പകര്‍ച്ചകളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുമ്പോഴും ജീവിതത്തില്‍ നന്മയുടെ വഴികളിലൂടെ മാത്രമാണ് സഞ്ചരിച്ചത്. മറ്റുള്ളവരില്‍നിന്നും ആ നന്മയാണ് അദ്ദേഹം തിരിച്ചു പ്രതീക്ഷിച്ചതും. പക്ഷേ, പലപ്പോഴും തിരിച്ചുകിട്ടിയത് നന്ദികേടും അവഗണനയും മാത്രമായിരുന്നു. കഥാപാത്രങ്ങളിലൂടെ ഒരുപാട് ജീവിതങ്ങള്‍ കയറിയിറങ്ങിപ്പോയതുകൊണ്ട് തകര്‍ന്നുപോയ വ്യക്തിജീവിതത്തെക്കുറിച്ച് തിലകന്‍ അധികമൊന്നും സങ്കടപ്പെട്ടു കണ്ടിട്ടില്ല. കെട്ടിയാടിയ വേഷങ്ങള്‍ക്കു പിന്നില്‍ പലപ്പോഴും സ്വന്തം ജീവിതത്തെ കാണുകയായിരുന്നു. നിഷേധത്തിന്റെ തീയുണ്ടകള്‍ ഒരുപാടൊരുപാട് യാദൃച്ഛികതകളിലൂടെ കടന്നുപോയ കെ സുരേന്ദ്രനാഥ തിലകന്‍ എന്ന നടന്‍ തിലകനെ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും കര്‍ക്കടമഴ തിമിര്‍ത്തു പെയ്ത ഒരു മധ്യാഹ്നത്തിലാണ്. എട്ടുവര്‍ഷംമുമ്പ് ദേശാഭിമാനി ഓണപ്പതിപ്പിനുവേണ്ടി അഭിമുഖം തയ്യാറാക്കാന്‍ എറണാകുളത്തെ കൊച്ചിന്‍ ടവറിലെ നൂറ്റിയെട്ടാം നമ്പര്‍ മുറിയിലെത്തുമ്പോള്‍ ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു മഹാനടന്‍. അഭ്രപാളിയിലെപ്പോഴോ കണ്ടു മറഞ്ഞ ഒരു കഥാപാത്രത്തെ ഓര്‍മപ്പെടുത്തുന്നതായിരുന്നു ആ ഇരിപ്പുപോലും. ശബ്ദത്തിലും കാഴ്ചയിലും പരുക്കനാണെന്നുതോന്നിച്ചെങ്കിലും സംസാരിച്ചു തുടങ്ങിയപ്പോള്‍ ആ വ്യക്തിത്വത്തിന്റെ ആഴം മനസ്സിലായി. ശാരീരികമായ അവശതകള്‍ക്കിടയിലും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അനുഭവങ്ങളുടെ തെളിച്ചവും സത്യത്തിന്റെ മൂര്‍ച്ചയുമായിരുന്നു. കൂടിക്കാഴ്ചകള്‍ പിന്നെയുമുണ്ടായി. എത്രയോ അഭിമുഖങ്ങള്‍, യാത്രകള്‍ തിലകന്‍ ചേട്ടന്റെ സൗഹൃദത്തിലേക്ക് ഞാനും അറിയാതെ ഒഴുകിയെത്തുകയായിരുന്നു.

പലപ്പോഴും ഞങ്ങളുടെ സംസാരം വാരാന്തപ്പതിപ്പുകള്‍ക്കും ആഴ്ചപ്പതിപ്പുകള്‍ക്കും വേണ്ടിയായിരുന്നു. അപ്പോഴൊക്കെ താന്‍ കടന്നുവന്ന വഴികളെ അദ്ദേഹം ചേര്‍ത്തുവായിച്ചത് കേരളം കടന്നുപോയ അര നൂറ്റാണ്ടിനോട് ബന്ധപ്പെടുത്തിയാണ്. തന്നിലെ കലാകാരനെ രൂപപ്പെടുത്തിയതിനു പിന്നില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അതിന്റെ കൈവഴികളായി നിലകൊണ്ട പല കലാപ്രസ്ഥാനങ്ങള്‍ക്കും മുഖ്യപങ്കുണ്ടെന്ന് തിലകന്‍ വിശ്വസിച്ചു. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റായ കലാകാരന്‍ എന്നു പറയുന്നതില്‍ ഒട്ടും മടിയുണ്ടായിരുന്നില്ല. “”ചെറുപ്പത്തിലേ കമ്യൂണിസ്റ്റ് ആശയങ്ങളോട് താല്‍പര്യം തോന്നിത്തുടങ്ങിയിരുന്നു. ചുറ്റുപാടുമുള്ള കഷ്ടപ്പാടുകള്‍ തന്നെയായിരിക്കാം അതിന്റെ കാരണം. പിന്നീട് വര്‍ഷങ്ങള്‍ നീണ്ട നാടകകാലത്തും ഞാന്‍ ഈ പ്രസ്ഥാനത്തെ അറിഞ്ഞു; അഭിനയിച്ചു. അതുകൊണ്ടുതന്നെ തിലകന്‍ കമ്യൂണിസ്റ്റാണെന്നു പറയുന്നതില്‍ എനിക്കഭിമാനം മാത്രമേയുള്ളൂ”"- സിനിമക്കാര്‍ക്ക് രാഷ്ട്രീയം പാടില്ലെന്ന പോപ്പുലര്‍ വാദത്തെ തകര്‍ത്തുകൊണ്ടായിരുന്നു തിലകന്‍ എപ്പോഴും സംസാരിച്ചത്. തിലകന്‍ കടന്നുപോയപ്പോള്‍ ശൂന്യമാകുന്നത് മറ്റു പലരും പറയുകയും രേഖപ്പെടുത്തുകയും ചെയ്തപോലെ “കരുത്തനായ ഒരു നടന്റെ സാന്നിധ്യം” മാത്രമല്ല; ഒരു ചരിത്രംകൂടിയാണ്. എഴുപത്തിയേഴു വര്‍ഷത്തെ തിലകന്റെ ജീവിതത്തില്‍ കേരളത്തിലെ രാഷ്ട്രീയ- സാംസ്കാരിക മണ്ഡലത്തിന്റെ ചരിത്രം കൂടിയുണ്ടായിരുന്നു. അത് രേഖപ്പെടുത്തിവയ്ക്കാന്‍ തിലകനോ എഴുത്തുകാര്‍ക്കോ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ഥ്യം. കണ്ണൂരും കോഴിക്കോടും തൃശൂരും എറണാകുളത്തും കോട്ടയത്തും കൊല്ലത്തും തിരുവനന്തപുരത്തുമൊക്കയായി കണ്ടുമുട്ടിയ കാലങ്ങളിലൊന്നും അങ്ങനെയൊരു ജിവിതരേഖ പകര്‍ത്താന്‍ എന്തുകൊണ്ടു തോന്നിയില്ല എന്നതിന് കൃത്യമായ ഉത്തരമില്ല. പക്ഷേ, പരിചയപ്പെട്ട ദിവസംതന്നെ തിലകന്‍ പറഞ്ഞിരുന്നു, “”ഞാനെഴുതുന്നുണ്ട് ആത്മകഥ. ഒന്‍പതാംക്ലാസ്സുവരെയുള്ള എന്റെ ജീവിതാനുഭവങ്ങള്‍ ഞാന്‍ പകര്‍ത്തിക്കഴിഞ്ഞു.”" വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒന്‍പതാംക്ലാസ്സിനപ്പുറം തിലകന്‍ എഴുതിയില്ല. എങ്കിലും അദ്ദേഹത്തോടൊപ്പമുള്ള പകലിരവുകളിലെല്ലാം ഞാന്‍ ആ ജീവിതം കേട്ടുകൊണ്ടിരുന്നു. അത് ചരിത്രത്തെ തൊട്ടറിയുന്നതുപോലെയായായിരുന്നു. ഇ എം എസും എ കെ ജിയും പി ജെ ആന്റണിയും ജോസ് പ്രകാശും കെ പി ഉമ്മറും കെ പി എ സി സുലോചനയും ജോണ്‍ എബ്രഹാമും സാംബശിവനും ആ അനുഭവങ്ങളില്‍ നിറഞ്ഞു. ജീവിതം വല്ലാതെ പുകഞ്ഞുകൊണ്ടിരുന്ന ഒരു ഘട്ടത്തില്‍നിന്നും കുത്തിയൊഴുകുന്ന മണിമലയാറിന്റെ കൈവഴിയിലേക്ക് നോക്കി, എടുത്ത തീരുമാനങ്ങള്‍ മുതല്‍ താരങ്ങളുടെ “അമ്മ”യ്ക്കു നേരെയെറിഞ്ഞ തീയുണ്ടകള്‍ വരെ തിലകന്റെ വാക്കുകളിലൂടെ അറിഞ്ഞു. ആ അനുഭവകഥയുടെ തുടക്കം ഇങ്ങനെയായിരുന്നു. “”അനീതി എവിടെ കണ്ടാലും എതിര്‍ക്കുക എന്റെ സ്വഭാവമായിരുന്നു. അതിപ്പോഴും അങ്ങനെതന്നെ. ഒരു അടിക്കേസിന്റെ പേരിലാണ് പരീക്ഷയെഴുതാനാകാതെ കോളേജിന്റെ പടിയിറങ്ങേണ്ടിവന്നത്. വീട്ടുകാരും എന്നെ കൈയൊഴിഞ്ഞമട്ടായി. ജീവിതം വഴിമുട്ടിയ ഘട്ടത്തില്‍ ഹിന്ദി വിദ്വാനാകാനായി ശ്രമം. അക്കാലത്ത് ഹിന്ദി പഠിച്ചവര്‍ക്ക് പെട്ടെന്ന് ജോലികിട്ടും. രണ്ടുവര്‍ഷം ചിട്ടയായി പഠിച്ചു. പരീക്ഷയ്ക്കിരിക്കണമെങ്കില്‍ അറുപതു രൂപ ഫീസു കെട്ടണം. പലരോടും കടം ചോദിച്ചു. എല്ലാവരും കൈമലര്‍ത്തി. ഒടുവില്‍ അച്ഛന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ അരികിലും ഞാനെത്തി. അദ്ദേഹം പറഞ്ഞു: “നീ എനിക്ക് മകനെപ്പോലെയാണ്. പക്ഷേ, നിനക്ക് കാശ് തരരുതെന്ന് നിന്റെ അച്ഛന്‍ പറഞ്ഞിട്ടുണ്ട്.” ആ വാക്കുകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. ട്രഷറിയില്‍ പണമടയ്ക്കേണ്ട അവസാനിമിഷവും കടന്നുപോയി. നിറഞ്ഞ് കണ്ണുകളോടെ പുസ്തകങ്ങളും നെഞ്ചോട് ചേര്‍ത്ത് നടന്നു. പാറക്കൂട്ടങ്ങളെ തല്ലിതകര്‍ത്തുകൊണ്ട് മണിമലയാര്‍ ഒഴുകുന്നു. ആ കാഴ്ച എന്നെ പിടിച്ചു നിര്‍ത്തി. പാറക്കെട്ടുകളും വൃക്ഷങ്ങളും തടസ്സം സൃഷ്ടിച്ചിട്ടും ഒട്ടും ശക്തികുറയാതെ ഒഴുകുന്ന പുഴ ഒരു ഗുണപാഠമായിരുന്നു എനിക്ക് പകര്‍ന്നത്. “എന്തു തടസ്സമുണ്ടായാലും മുമ്പോട്ടൊഴുകണം.” ഓരോ തടസ്സങ്ങളും ഇച്ഛാശക്തിയിലേക്കുള്ള പ്രയാണത്തിന്റെ തെളിവുകളായി എനിക്കു തോന്നി. ആ തോന്നലുകളിലേക്ക് ഒരു സാന്ത്വനമായി നദിക്കരയിലെ ഒരു വീട്ടില്‍നിന്ന് ഹാര്‍മോണിയത്തിന്റെ സംഗീതം കാതുകളിലേക്ക് ഒഴുകിയെത്തി. ആ മധുരസംഗീതം അറിയാതെ എന്നെ കൊണ്ടുചെന്നെത്തിച്ചത് അരങ്ങിലേക്കായിരുന്നു. ഒരു നാടക റിഹേഴ്സല്‍ ക്യാമ്പിലേക്ക്”"- നാടകനടനായ കഥ പറയുകയായിരുന്നു തിലകന്‍. അഭിനയകലയോട് താല്‍പര്യം തോന്നിയത് എന്നു മുതലാണെന്ന് കൃത്യമായി പറയാന്‍ തിലകനാകുമായിരുന്നില്ല. മറിയക്കുട്ടി ടീച്ചറുടെ രചനയിലും സംവിധാനത്തിലും അരങ്ങേറിയ “കിട്ടുന്നതില്‍ പാതി” എന്ന നാടകത്തില്‍ ആദ്യമായി മുഖത്തു തേപ്പണിയുമ്പോള്‍ രണ്ടാംക്ലാസ്സിലാണ്. ഏഴാം വയസ്സില്‍ തുടങ്ങിയ യാത്ര എഴുപത്തിയേഴാം വയസ്സിലെത്തുമ്പോഴേയ്ക്കും ഇന്ത്യന്‍ സിനിമ കണ്ട മികച്ച നടന്മാരുടെ പട്ടികയിലായി തിലകന്റെ സ്ഥാനം. ഇന്ത്യയിലെ മറ്റൊരു നടനും കഴിയാത്ത തരത്തില്‍ അഭിനയിച്ചിട്ടും നടന മികവിനുള്ള ദേശീയാംഗീകാരത്തില്‍നിന്ന് പലവട്ടം തഴയപ്പെട്ടു. അവാര്‍ഡുകളോ പ്രശംസകളോ ഒരിക്കലും അദ്ദേഹത്തെ പ്രലോഭിപ്പിച്ചില്ല. തന്റെ കര്‍മം നടനമാണെന്ന തിരിച്ചറിവില്‍, ലഭിക്കുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും സ്വന്തം അഭിനയഭാഷ്യം ചമച്ച് സത്യസന്ധമായി അവതരിപ്പിക്കുകയായിരുന്നു തില കന്‍. 1972 ല്‍ “പെരിയാറി”ല്‍ തുടങ്ങിയ ചലച്ചിത്ര സപര്യ 2012ല്‍ സ്പിരിറ്റും ഉസ്താദ് ഹോട്ടലും പിന്നിടുമ്പോള്‍ സിനിമയില്‍ തിലകന്‍ താല്‍പ്പതു വര്‍ഷം പൂര്‍ത്തിയാക്കുകയായിരുന്നു. ഇക്കാലയളവില്‍ ഇരുന്നൂറിലേറെ കഥാപാത്രങ്ങളിലൂടെ വാത്സല്യവും സ്നേഹവും പരിഭവവും ക്രൂരതയും പകയും തോല്‍വിയും ജയവുമൊക്കെ തിലകനെന്ന മഹാനടന്റെ ഭാവങ്ങളിലൂടെ മലയാളം അനുഭവിച്ചു. കലാജീവിതത്തിന്റെ നിറവായി തിലകന്‍ കണ്ടത് തന്റെ കഥാപാത്രങ്ങളെയാണ്. “”ഒന്നുമില്ലായ്മയില്‍നിന്ന് കടന്നുവന്ന എനിക്ക് ഇവിടെ വരെ എത്താനായില്ലേ. നിങ്ങളുടെയൊക്കെ സ്നേഹവും സാമീപ്യവും ലഭിക്കാനായില്ലേ. അതുമതി എന്നു വിനയപൂര്‍വം പറയാന്‍ തിലകന് കഴിഞ്ഞത് അനുഭവങ്ങളുടെ കരുത്ത് ഒന്നുകൊണ്ടുമാത്രമാണ്. ഇങ്ങനെയൊക്കെയാകുമ്പോഴും തിലകനെതിരെ ഒളിഞ്ഞും തെളിഞ്ഞും സിനിമാ തമ്പുരാക്കന്മാരും ദൂതന്മാരും നടത്തിയ യുദ്ധങ്ങള്‍ ഒറ്റയ്ക്ക് നേരിടാനുള്ള കരുത്തും അദ്ദേഹം കാണിച്ചു. പ്രായവും രോഗവും പാരകളും കളികളും എല്ലാം തിലകനെന്ന മഹാമേരുവിന് മുന്നില്‍ തോറ്റുപോയി. കണ്ണൂരില്‍ “ബ്ലാക്ക് ക്യാറ്റി”ന്റെ ചിത്രീകണദിനത്തില്‍ തിലകന്‍ പറഞ്ഞു: “”ഇതിലും വലുതൊക്കെ ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളവനാണ് ഞാന്‍. നീതിക്കു നിരക്കാത്ത കാര്യങ്ങള്‍ ആരു ചെയ്താലും അതു മുഖത്തുനോക്കി പറയുക എന്റെ സ്വഭാവമാണ്. അത് കുട്ടിക്കാലത്തേ ശീലിച്ചതാണ്. പക്ഷേ, ഞാനാരുടേയും ചോറില്‍ മണ്ണ് വാരിയിട്ടിട്ടില്ല. അങ്ങനെ ചെയ്യുന്നത് ഏറ്റവും വലിയ ദ്രോഹമാണെന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. പക്ഷേ, സിനിമയിലെ പലരും എന്നോട് ചെയ്തതതാണ്. അതുകൊണ്ട് എന്റെ ചോറില്‍ മണ്ണ് വാരിയിട്ടവനെയും ഇനിയും അതിന് ശ്രമിക്കുന്നവനെയും ഞാന്‍ കുത്തും. അത് പിറകില്‍ നിന്നാകില്ല. നേര്‍ക്കുനേരെ നിന്നാകും.”" കുനിയാത്ത ശിരസ്സും വളയാത്ത നട്ടെല്ലുമായി ഇങ്ങനെയൊക്കെ പറയാന്‍ ഒരു തിലകന്‍ മാത്രമേ മലയാളസിനിമയിലുണ്ടായിട്ടുള്ളൂ. ഇന്ന് തിലകന്റെ മരണത്തില്‍ വേദന അഭിനയിക്കുകയും മുതലക്കണ്ണീരൊഴുക്കുകയും ചെയ്തവര്‍ ആ മനുഷ്യന്റെ കഴുത്തില്‍ വീതുളി വീഴ്ത്താന്‍ ശ്രമിച്ചവരാണെന്ന കാര്യം മലയാള മനസ്സ് മറക്കില്ല; പൊറുക്കുകയുമില്ല. എന്റെ ദൈവം എന്റെ മനസ്സാണ് വാക്കിങ് സ്റ്റിക്കിന്റെ സഹായത്താല്‍ ക്യാമറയ്ക്ക് മുന്നിലെത്തി നടനമെന്ന തന്റെ കര്‍മം കഴിഞ്ഞ് തിരിച്ച് ഹോട്ടല്‍ മുറിയിലെത്തുമ്പോഴും തിലകന്‍ചേട്ടന്‍ ക്ഷീണിതനായിരുന്നില്ല. രാത്രി ഒന്‍പതു മണിക്കുശേഷം തുടങ്ങുന്ന ഞങ്ങളുടെ സംസാരം ചിലപ്പോള്‍ പുലര്‍ച്ചെ നാലുമണിവരെ നീണ്ടിട്ടുണ്ട്. ഇങ്ങനെ ഉറക്കമിളയ്ക്കാന്‍ കഴിയുന്നത് പ്രൊഫഷണല്‍ നാടകനടനായിരുന്ന കാലത്തെ അനുഭവങ്ങളാണെന്ന് അദ്ദേഹം അടിവരയിട്ടു. ആകാശത്തിനു കീഴെയുള്ള എന്തിനെക്കുറിച്ചും സംസാരിക്കാന്‍ കഴിവുള്ള വായനാനുഭവവും തിലകന്‍ചേട്ടനുണ്ടായിരുന്നു. കവിതയും നോവലും നാടകവും വിശ്വസാഹിത്യവുമെല്ലാം ആ വാക്കുകളിലൂടെ കടന്നുപോകും. സംസാരത്തിനിടയില്‍ സാമാന്യം നന്നായി മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. സംഘര്‍ഷങ്ങള്‍ ഇരമ്പുന്ന ആ ജീവിതത്തിന് മറവിയുടെ മരുന്ന് ഒരിക്കല്‍പോലും ഗുണകരമായിരുന്നില്ല. “”മദ്യം ഒരു പരിഹാരമല്ല. ചെറുപ്പത്തിലേ ശീലിച്ചു തുടങ്ങിയതാണ്. ഇപ്പോഴും തുടരുന്നു. അസുഖവും ഓപ്പറേഷനും എല്ലാം വന്നപ്പോള്‍ നിര്‍ത്തി. അല്ലാതെ പറ്റില്ലല്ലോ. പക്ഷേ, കുടിച്ച് മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്ന ഒരവസ്ഥയിലേക്ക് ഞാന്‍ ഇതുവരെ പോയിട്ടില്ല. മൂക്കറ്റം മദ്യപിച്ച് ആളുകളോട് വഴക്കിടുകയോ ഛര്‍ദിച്ച് വഴിയോരത്ത് കിടക്കുകയോ ഒന്നും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. അങ്ങനെയുള്ള മഹാന്മാരെയൊക്കെ ഞാനെന്റെ ജീവിതത്തില്‍ എത്രയോ കണ്ടിട്ടുണ്ട്. മനസ്സിലെ വിഷമങ്ങള്‍ തീര്‍ക്കാന്‍ മദ്യം ഒരു പരിഹാരമേയല്ല. അത് നേരിടുക തന്നെ വേണം.”" തിലകന്‍ ഈശ്വരവിശ്വാസിയായിരുന്നില്ല. മനുഷ്യനന്മയിലായിരുന്നു ആ മഹാനടന്‍ വിശ്വസിച്ചത്. മനുഷ്യന്റെ കഷ്ടപ്പാടുകള്‍ കാണാനും പരിഹരിക്കാനും കഴിയുക നല്ല മനുഷ്യര്‍ക്കാണെന്നും അവരില്‍ ദൈവമുണ്ടെന്നുമായിരുന്നു തിലകന്റെ മതം. “”ഞാന്‍ പട്ടിണി കിടന്നപ്പോള്‍ ഭക്ഷണം തന്നവര്‍ എനിക്ക് ദൈവങ്ങളാണ്. കണ്‍മുന്നിലുള്ള കഷ്ടപ്പാടുകള്‍ക്കും ദുരിതങ്ങള്‍ക്കും നേരെ കണ്ണടക്കുന്നവര്‍ നല്ല മനുഷ്യരല്ല. സ്വാര്‍ഥന്മാരാണ്. എന്റെ ദൈവം എന്റെ മനസ്സാണ്. മനസ്സാക്ഷിയെ വഞ്ചിച്ചുള്ള ഒരു പ്രവൃത്തിയും ഞാന്‍ ചെയ്യാറില്ല. അതാണ് ഏറ്റവും വലിയ പുണ്യമെന്ന് ഞാന്‍ കരുതുന്നു. പുണ്യം എന്നൊന്നുണ്ടെങ്കില്‍.”" സിനിമക്കുവേണ്ടി അമ്പലത്തിലും പള്ളിയിലുമൊക്കെ പോയി പ്രാര്‍ഥിക്കുന്നതായി അഭിനയിച്ചത് ഒഴിച്ചാല്‍ ജീവിതത്തിലൊരിക്കലും അമ്പലത്തില്‍ പോയി പ്രാര്‍ഥിച്ചിട്ടില്ലെന്ന് തിലകന്‍ ചേട്ടന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ജീവിതത്തില്‍ നിലനിര്‍ത്തിപോന്ന വിശ്വാസങ്ങളെയും നിലപാടുകളെയും അട്ടിമറിക്കാന്‍ ഒന്നിനും കഴിഞ്ഞിരുന്നില്ല. അതില്‍ എന്നും അഭിമാനം കൊണ്ടിരുന്നു തിലകന്‍. കുട്ടിക്കാലത്ത് വല്യച്ഛന്‍ നിര്‍ബന്ധിച്ച് അമ്പലത്തില്‍ കൊണ്ടുപോയ കഥ പറഞ്ഞിട്ടുണ്ട്. അതിങ്ങനെ: “”അന്നേ എനിക്ക് വിശ്വാസമില്ലാത്ത കാര്യമാണ് അമ്പലവും ദൈവവും. വല്യച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങി അമ്പലത്തില്‍ പോയി. “പരീക്ഷ ജയിക്കണമെന്ന് പ്രാര്‍ഥിക്കെടാ” എന്ന് പറഞ്ഞു. ദൈവം പരീക്ഷ ജയിപ്പിക്കുമെങ്കില്‍ പിന്നെ ഞാന്‍ പഠിക്കേണ്ട കാര്യമുണ്ടോ. ആ വര്‍ഷം ഭംഗിയായി തോറ്റു. പിന്നീട് സങ്കടങ്ങള്‍ പറയാന്‍ അമ്പലത്തില്‍ പോയിട്ടില്ല. ഇന്ന് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് ഭക്തിയുടെ പേരിലാണ്. ആള്‍ദൈവങ്ങളുടെ കൂത്തരങ്ങായി നമ്മുടെ കേരളം മാറിയിരിക്കുന്നു. എത്രയെത്ര അമ്മമാരും സ്വാമിമാരുമാണ് കേരളത്തിലുള്ളത്. എനിക്ക് ഒരു ലക്ഷം രൂപ തരാനുള്ള സംവിധായകന്‍ വരെ ആള്‍ദൈവമായി മാറി. ആറ് വണ്ടിച്ചെക്കുകള്‍ തന്ന് പറ്റിച്ചവനാണ് അയാള്‍. ഇങ്ങനെയുള്ളവരെ പൂജിക്കാന്‍ വേണ്ടിയാണ് കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ ഓടുന്നത്. അവര്‍ വഴിയരികിലെ പട്ടിണിപ്പാവങ്ങളെ കാണുന്നില്ല. ഇത്തരം ആള്‍ദൈവങ്ങള്‍ക്ക് പാലും പഴവും നല്‍കാനുള്ള ഓട്ടം എവിടെയാണ് അവസാനിക്കുക എന്നറിയില്ല.”" – ഇതൊക്കെയായിരുന്നു തിലകന്‍ എന്ന നട്ടെല്ലു വളയാത്ത ധിക്കാരിയുടെ കാതല്‍. അഭിപ്രായങ്ങള്‍ എവിടെയും വെട്ടിത്തുറന്നു പറയാന്‍, നിലപാടുകളില്‍നിന്ന് വ്യതിചലിക്കാതിരിക്കാന്‍ മരണം വരെ കലഹിച്ച കേരളത്തിന്റെ സാംസ്കാരിക ഭൂമികയിലെ നടനപോരാളി തന്നെയായിരുന്നു തിലകന്‍. അദ്ദേഹത്തിന്റെ ഓരോ വാക്കും അളന്നു മുറിച്ചുള്ളതായിരുന്നു. അവ കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടതുകൊണ്ടാണ് വെള്ളിവെളിച്ചത്തിന്റെ അപാരസുഖങ്ങളില്‍ അഭിരമിച്ചിരുന്നവര്‍ക്ക് തില കന്‍ എപ്പോഴും ശല്യക്കാരനും, ശത്രുവുമൊക്കയായി മാറിയത്. പറഞ്ഞുറപ്പിച്ച എത്രയോ ചിത്രങ്ങളില്‍നിന്ന് ആ മഹാനടന്‍ നിഷ്കരുണം തഴയപ്പെട്ടപ്പോഴും ചലച്ചിത്രലോകം മൗനം പാലിക്കുകയാണ് ചെയ്തത്. ആള്‍ദൈവങ്ങള്‍ക്കു സമമാണ് സിനിമയിലെ താരവിഗ്രഹങ്ങളും എന്ന് ഉറക്കെ വിളിച്ചു പറഞ്ഞത് തിലകന്‍ മാത്രമാണ്. നല്ല സിനിമ ഉണ്ടാകണമെങ്കില്‍ നല്ല ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായാല്‍ മതി. താരങ്ങളോ സൂപ്പര്‍ താരങ്ങളോ ആവശ്യമില്ലെന്ന് തിലകന്‍ പറഞ്ഞതിന്റെ നിരവധി സാക്ഷ്യങ്ങള്‍ നമുക്ക് മുന്നിലുണ്ട്. തിലകന്‍ ഒരിക്കലും താരമോ സൂപ്പര്‍ താരമോ ആയിരുന്നില്ല. അങ്ങനെയൊരു വിശേഷണം തനിക്കുമേല്‍ വരരുതെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഉള്‍ക്കടലിലും യവനികയിലും എന്റെ മാമാട്ടിക്കുട്ടിയമ്മയിലുമൊക്കെ തിലകന്‍ നല്ല നടന്‍ തന്നെയായിരുന്നു. ഒരു “ബോണ്‍ ആക്ടറി”ല്‍ നിന്നുണ്ടാകുന്ന എല്ലാ അഭിനയഗുണങ്ങളും തിലകന്‍ കഥാപാത്രങ്ങള്‍ക്ക് പകര്‍ന്നു നല്‍കി. ആ അഭിനയപ്രപഞ്ചം വളരാന്‍ തുടങ്ങിയപ്പോള്‍ മൂന്നാംപക്കവും നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളും സന്ദേശവും പെരുന്തച്ചനും ഋതുഭേദവും സര്‍ഗവും മണിച്ചിത്രത്താഴും സ്ഫടികവുമൊക്കെ നമുക്ക് ലഭിച്ചു. കേരളത്തില്‍ ആബാലവൃദ്ധം ജനങ്ങളും അഭിനയത്തിന്റെ കിരീടവും ചെങ്കോലും തിലകന് നല്‍കി. എന്നും ഊര്‍ജം പകര്‍ന്നത് പ്രേക്ഷകരാണ്. അവര്‍ തിലകന് നല്‍കിയത് മമ്മൂട്ടിക്കോ മോഹന്‍ലാലിനോ സുരേഷ്ഗോപിക്കോ ദിലീപിനോ നല്‍കുന്നതുപോലുള്ള സ്നേഹമായിരുന്നില്ല. കുടുംബത്തിലെ കാരണവരോട്, അച്ഛനോട് അല്ലെങ്കില്‍ ജ്യേഷ്ഠനോട് ഒക്കെ തോന്നുന്ന ആദരവ് കലര്‍ന്ന സ്നേഹം-അതാണ് പ്രേക്ഷകര്‍ തിലകന് നല്‍കിയത്. ആ സ്നേഹം തിലകന്‍ ഇരട്ടിയായി തിരിച്ചു നല്‍കി. അത് ഞാനും കണ്ടറിഞ്ഞിട്ടുണ്ട്. ലൊക്കേഷനില്‍ തിലകനുണ്ടെന്നറിഞ്ഞാല്‍ കുടുംബസമേതമാണ് സന്ദര്‍ശകരെത്തുക. എല്ലാവരുടെയും വീട്ടുകാര്യങ്ങള്‍ ചോദിച്ചറിയുക ശീലമായിരുന്നു. അങ്ങനെ നടനത്തിലൂടെയും വ്യക്തിത്വത്തിലൂടെയും മലയാളികളുമായി അപൂര്‍വമായ ഹൃദയബന്ധം സൃഷ്ടിച്ചെടുക്കാന്‍ തിലകന് കഴിഞ്ഞു. സൗഹൃദത്തില്‍ കാപട്യങ്ങളില്ലായിരുന്നു. “എന്റെ ദൈവം എന്റെ മനസ്സാ”ണെന്ന് പറഞ്ഞ ആ വലിയ മനുഷ്യന് ഇരട്ടമുഖങ്ങള്‍ ഉണ്ടായിരുന്നില്ല. ഒറ്റയാന്റെ കലാപങ്ങള്‍ അഭിപ്രായങ്ങള്‍ എന്നും എവിടെയും തുറന്നടിച്ചു പറയുന്നതുകൊണ്ടുതന്നെ പലരും തിലകനെ ഒതുക്കാന്‍ ശ്രമിക്കുകയായിരുന്നു. അവസരങ്ങള്‍ കുറഞ്ഞിട്ടുപോലും കിട്ടുന്ന പ്രതിഫലത്തിന് അഭിനയിക്കാന്‍ തിലകന്‍ തയ്യാറായിരുന്നില്ല. “ഈ വേഷം തിലകന്‍ചേട്ടന്‍ ചെയ്താലേ നന്നാകൂ എന്നു പറയുന്നവരുടെ ചിത്രങ്ങളില്‍ പോലും കഥയും കഥാപാത്രവും നോക്കി മാത്രമേ അഭിനയിച്ചുള്ളൂ. തന്റെ കഴിവിന് താന്‍ നിശ്ചയിക്കുന്ന പ്രതിഫലം കിട്ടണമെന്ന നിര്‍ബന്ധവുണ്ടായിരുന്നു. എന്നാല്‍ ലോ ബഡ്ജറ്റില്‍ നല്ല പ്രമേയവുമായി വന്ന പുതുതലമുറയോട് വിട്ടുവീഴ്ചകള്‍ക്കും ആ നടന്‍ തയ്യാറായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് “ഒരു യാത്രാമൊഴി”യിലെ രണ്ടോ മൂന്നോ സീനില്‍ അഭിനിയിക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ തിലകന്‍ പറഞ്ഞു: “”സീന്‍ രണ്ടായാലും ഇരുപതായാലും എന്റെ പ്രതിഫലം രണ്ടു ലക്ഷം രൂപയാണ്. അത് കിട്ടണം.”" “”അയ്യോ ചേട്ടാ അത് തരാനാകില്ല”" എന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞപ്പോള്‍ “”എന്നാല്‍ നിങ്ങള്‍ വേറെ ആളെ നോക്ക്”" എന്നായിരുന്നു മറുപടി. പക്ഷേ, തിലകനെ വിടാന്‍ അവര്‍ തയ്യാറായിരുന്നില്ല. പുതിയ അടവ് പ്രയോഗിച്ചുനോക്കി. “”ചേട്ടാ ഈപടത്തില്‍ ശിവാജിഗണേശനോടൊപ്പമാണ് അഭിനയിക്കേണ്ടത്.”" “”ശിവാജിഗണേശന്റെ അച്ഛനൊപ്പം അഭിനയിക്കേണ്ടി വന്നാലും എന്റെ പ്രതിഫലം കുറയ്ക്കാനാവില്ല”"- ഇതായിരുന്നു മറുപടി. ഒടുവില്‍, തിലകന്റെ തീരുമാനം അംഗീകരിക്കപ്പെട്ടു. ഒരു യാത്രാമൊഴിയില്‍ ശിവാജി ഗണേശനോടൊപ്പവും മോഹന്‍ലാലിനോടൊപ്പവും മൂന്നു സീനുകള്‍ മാത്രമേ ഉണ്ടായിരുന്നെങ്കില്‍ ആ കഥാപാത്രം നിറഞ്ഞാടി. അതായിരുന്നു തിലകന്റെ പ്രതിഭയുടെ ശക്തി. നായകവേഷങ്ങള്‍ക്കു തുല്യമായതോ അതിനപ്പുറമോ ഉള്ള ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന നടനെ ഒതുക്കിക്കളയാന്‍ “മൂലക്കിരിക്കുന്” കഥാപാത്രങ്ങള്‍ നല്‍കിയാല്‍ മതിയെന്ന വിഡ്ഢികളുടെ തീരുമാനത്തിന് തെറ്റി. അത്തരം വേഷങ്ങളില്‍പോലും തിലകന്‍ കൈയ്യടി നേടി.

തന്നെ ഒതുക്കാന്‍ ശ്രമിച്ചവരോട് തിലകന്‍ പറഞ്ഞു: “”നിങ്ങള്‍ എന്തൊക്കെ കളി കളിച്ചാലും എന്നെ തകര്‍ക്കാനാകില്ല. ഒരുപക്ഷേ, സിനിമയില്‍ നിന്ന് പുറത്താക്കാന്‍ കഴിഞ്ഞെന്നുവരും. അഭിനയം സിനിമയില്‍ മാത്രമല്ലല്ലോ. സീരിയലിലും നാടകത്തിലുമൊക്കെ അഭിനയം തന്നെയല്ലേ. ഞാനെവിടെയുണ്ടായാലും എനിക്ക് മുന്നില്‍ ആസ്വാദകരുണ്ടാകും. മരണംവരെ ഞാനവര്‍ക്കു മുന്നില്‍ അഭിനയിച്ചുകൊണ്ടേയിരിക്കും….. മരണംവരെ.”" പ്രതികാര ബുദ്ധിയോടെയുള്ള ചില കളികള്‍ക്കു മുമ്പില്‍ തിലകന്‍ കുറച്ചു കാലത്തേക്കെങ്കിലും ഒതുക്കപ്പെട്ടു. എന്നാല്‍ നടനമല്ലാതെ മറ്റൊന്നും രക്തത്തിലില്ലാത്ത അദ്ദേഹത്തിന് വിശ്രമിക്കാനാകുമായിരുന്നില്ല. അരങ്ങില്‍ ഊതിക്കാച്ചിയെടുത്ത പ്രതിഭ അരങ്ങിലേക്കുതന്നെ മടങ്ങി. ഇതിനിടയില്‍ താരസംഘടനയായ “അമ്മ”യ്ക്കെതിരെയുള്ള തീയുണ്ടകളും. ഒടുവില്‍ കലാകാരന്മാരുടെ ക്ഷേമത്തിനായി രൂപീകരിക്കപ്പെട്ട അമ്മയില്‍നിന്ന് തിലകന്‍ പുറത്തായി. എന്നിട്ടും തന്റെ നിലപാടുകളില്‍നിന്ന് അണുവിട ചലിച്ചില്ല; യുദ്ധം ചെയ്തു. കലയെ, കലാകാരനെ സ്നേഹിക്കുന്നവര്‍ എന്നും തിലകനൊപ്പമുണ്ടായിരുന്നു. രഞ്ജിത്തിന്റെ “ഇന്ത്യന്‍ റുപ്പി”യില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലേക്ക് തിരിച്ചുവന്നു. “ഇന്ത്യന്‍ റുപ്പി”യില്‍ പൃഥ്വിരാജിന്റെ കഥാപാത്രം തിലകനോട് ചോദിക്കുന്നുണ്ട്: “”ഇത്രയും കാലം എവിടെയായിരുന്നു?”" ആ ചോദ്യം തിലകനെന്ന നടനമികവിനെ ഹൃദയത്തിലേറ്റിയ ഓരോ പ്രേക്ഷകരും സ്വയം ചോദിച്ചതാണ്. തുടര്‍ന്നുവന്ന രഞ്ജിത്തിന്റെ “സ്പിരിറ്റില്‍” വളരെ ചെറിയ വേഷമായിരുന്നിട്ടുപോലും തിരശ്ശീലയില്‍ തിലകന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ നിറഞ്ഞ കൈയ്യടിയാണ് ഉയര്‍ന്നത്. ഉസ്താദ് ഹോട്ടലിലും ആ കൈയ്യടികള്‍ തുടരുകയായിരുന്നു. പകര്‍ന്നാട്ടങ്ങള്‍ക്കുവേണ്ടി ദാഹിച്ച മനസ്സായിരുന്നു തിലകന്റേത്. അടിമുടി നടനായ കലാകാരന്‍ അങ്ങനെയായിരിക്കും. പക്ഷേ, തിലകനെ മാറ്റിനിര്‍ത്തി മലയാള സിനിമയുടെ മുന്നോട്ടുപോക്ക് അല്‍പ്പം ദുര്‍ഘടമാണെന്ന് തിരിച്ചറിഞ്ഞുതുടങ്ങുമ്പോഴേക്കും ആ അഭിനയതിലകത്തിന് മുന്നില്‍ മരണം യവനികയിട്ടു.

വേര്‍പാടുകള്‍ എപ്പോഴും വേദനയാണ്. പക്ഷേ, തിലകന്റെ വേര്‍പാടില്‍ എത്രവേദനിച്ചിട്ടും കാര്യമില്ല. അതിരും എതിരുമില്ലാതെ നടിച്ചുകൊണ്ടിരുന്ന ആ നട്ടുവനെ അതിരിട്ട്, എതിരാക്കിയത് ആരാണ്? ഇനി തിലകന്‍ വേണ്ടെന്ന് പറഞ്ഞവര്‍ക്കെല്ലാം സ്വസ്ഥമായി ഇറങ്ങിനടക്കാം. അവരുടെ ഒളിയമ്പുകളെ തകര്‍ക്കാന്‍ അഭിനയത്തിന്റെ പെരുന്തച്ചന്‍ ഇനി ഇല്ല. പക്ഷേ, തച്ചന്റെ മക്കള്‍ മലയാളത്തില്‍ വളര്‍ന്നുവരുന്നുണ്ട്. താരവിഗ്രഹങ്ങളില്ലാതെ ഞങ്ങള്‍ മലയാള സിനിമയെ മാറ്റിപ്പണിയും എന്ന് സാക്ഷ്യപ്പെടുത്തുന്ന ന്യൂ ജനറേഷന്‍ സിനിമകള്‍ നല്‍കുന്ന പാഠവും മറ്റൊന്നല്ല. അതുകൊണ്ടുതന്നെ തിലകന്റെ യുഗം അവസാനിക്കുകയല്ല, സുരേന്ദ്രനാഥ് തിലകന്റെ ഓര്‍മയുടെ സ്പിരിറ്റില്‍ പുതിയ തിലകന്മാര്‍ മലയാള സിനിമയില്‍ ഉദയം ചെയ്തുകൊണ്ടേയിരിക്കും.

    

ഭാനുപ്രകാശ്‌ - Tags: Thanal Online, web magazine dedicated for poetry and literature ഭാനുപ്രകാശ്‌, തിലകന്.. നട്ടെല്ല് വളക്കാത്ത നടന പോരാളി
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക