ചുവന്ന ആകാശം ചുവന്നഭൂമി*

സി. പി. അബൂബക്കര്‍

യുഗങ്ങളുടെ ചരിത്രം
വിപ്ലവദ്വന്ദ്വത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിന്റെ ആധുനികവത്കരണത്തെ പരിശോധിക്കുകയാണ് ആദ്യകൃതിയില്‍ചെയ്യുന്നത്. ആധുനികയൂറോപ്യന്‍ ചരിത്രത്തിന്റെ വയറ്റാട്ടിമാരായിട്ടാണ് വ്യാവസായികവിപ്ലവവും ഫ്രഞ്ചുവിപ്ലവവും വീക്ഷിക്കപ്പെടുന്നത്. വ്യവസായവിപ്ലവത്തിന്റെ സാമ്പകത്തികശാസ്ത്രവും ഫ്രഞ്ചുവിപ്ലവത്തിന്റെ രാഷ്ട്രീയവും പരസ്പരം കൈകോര്‍ക്കുന്നു. അനിവാര്യമായുംപരസ്പരപൂരകമായ രണ്ടുവിപ്ലവങ്ങളുമാണ് ആധുനികയൂറോപ്പിനെ സൃഷ്ടിച്ചതെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു.

സംഭവങ്ങളും പ്രവണതകളുമാണ് ഹോബ്‌സ്‌ബോം വിവരിക്കുന്നത്. ഇതിനായി അദ്ദേഹം ശേഖരിച്ച തെളിവുകളുടെ അളവും വ്യാപ്തിയും അത്ഭുതാവഹമാണ്. രണ്ടുഭാഗമുള്ള ഈകൃതിക്ക് പതിനാറദ്ധ്യായങ്ങളുണ്ട്. ഒന്നാം ഭാഗത്ത് സംഭവങ്ങളുടെ ആഖ്യാനമാണുള്ളത്. വ്യാവസായികവിപ്ലവത്തിന്റേയും ഫ്രഞ്ചുവിപ്ലവത്തിന്റേയും പശ്ചാത്തലം വിവരിച്ചതിനുശേഷം രണ്ടുവിപ്ലവങ്ങളേയും സാകല്യേനവിസ്തരിക്കുന്നു. തുടര്‍ന്നുയൂറോപ്പിലുണ്ടാകുന്നയുദ്ധങ്ങളും വിപ്ലവങ്ങളും പ്രസ്തരിച്ചശേഷം ദേശീയതയുടെ സംസ്ഥാപനം അടിവരയി്ടുന്നു.

രണ്ടാം ഭാഗത്ത് ഈ സംഭവങ്ങളുടെ ഫലങ്ങള്‍ വിവരിക്കുന്നു. ഭൂബന്ധങ്ങളിലും തൊഴിലിലും സമ്പത്തുല്പാദനത്തിലുമുണ്ടായമാറ്റങ്ങള്‍ അവതരിപ്പിച്ചശേഷം, മുതലാളിത്തത്തിനുകീഴില്‍ കഴിവിന് അംഗീകാരം നല്കുന്ന വ്യവസ്ഥയുടെ ആവിര്‍ഭാവം വിവരിക്കുന്നുണ്ട്. കഠിനമായ തൊഴില്‍ സാഹചര്യങ്ങളില്‍ ജോലിചെയ്യാന്‍ വിധിക്കപ്പെട്ട ദരിദ്രജനവിഭാഗങ്ങളെ ഹോബ്‌സ്‌ബോം ഈ ഭാഗത്ത് ചിത്രീകരിക്കുന്നു. പ്രത്യയശാസ്ത്രത്തിലും മതവീക്ഷണത്തിലുമുണ്ടായമാറ്റങ്ങള്‍, മതനിരപേക്ഷതയുടെ ആവിര്‍ഭാവം, പുതുതായി വളര്‍ന്നുവന്ന കലാ-സാഹിത്യവീക്ഷണം, ശാസ്ത്രസാങ്കേതികരംഗങ്ങളിലെ വളര്‍ച്ച എന്നിവ പ്രതിപാദിച്ചശേഷം വിപ്ലവങ്ങളിലേക്ക് യൂറോപ്പ് ഊളിയിട്ടതിന്റെ പശ്ചാത്തലവിവരണത്തോടെ ഈ ഗ്രന്ഥം ഉപസംഹരിക്കുന്നു.

മൂലധനയുഗം
ഇതിന്റെ തുടര്‍ച്ചതന്നെയാണ് രണ്ടാമത്തെഗ്രന്ഥമായ The Age Of Capital(മൂലധനയുഗം). ലോകമെമ്പാടുമുള്ള മുതലാളിത്തവളര്‍ച്ചയുടെ തീക്ഷ്ണമായ അപഗ്രഥനമാണ് ഈ ഗ്രന്ഥത്തിലുള്ളത്. 1848ന്‌ശേഷമുള്ളകാലത്തെ ചരിത്രത്തിന്റെ മുഖ്യവിഷയം മുതലാളിത്തത്തിന്റെ വിജയമാണ്. മത്സരാധിഷ്ഠിതമായ സ്വകാര്യസമ്പദ് വ്യവസ്ഥയാണ് സാമ്പത്തിവളര്‍ച്ചയ്ക്കാധാരമെന്ന് വിശ്വസിക്കുന്ന സമൂഹത്തിന്റെ വിജയഗാഥയാണ് മുതലാളിത്തത്തിന്റെ ചരിത്രം. തുഛമായ വിലയ്ക്കുവാങ്ങുക, കൂടിയവിലയ്ക്കുവില്ക്കുക- ഇതാണ് മുതലാളിത്തകമ്പോളത്തിന്റെ പ്രത്യയശാസ്ത്രം. തൊഴിലും ഇതുപോലെ ക്രയവിക്രയംചെയ്യപ്പെടുന്നു. ഭൗതികശ്രേയസ്സുമാത്രമല്ല, നിരന്തരവികസ്വരമായ ഉദ്ബുദ്ധതയും യുക്തിചിന്തയും അവസരസമത്വവും ഈ വ്യവസ്ഥയുടെ സവിശേഷതകളായി കൊണ്ടാടപ്പെട്ടു. ശാസ്ത്രകലാദിരംഗങ്ങളിലും സമാനമായ വളര്‍ച്ചയും വികാസവുമുണ്ടാകുന്നു. അനുസ്യൂതവും ത്വരിതവുമായ ഭൗതിക- ധാര്‍മികവികാസത്തിന്റെ കാലഘട്ടമാണിത്. ഈ വികാസത്തിനാവശ്യമായ ഊര്‍ജ്ജവും, ധിഷണയും കഴിവുമെല്ലാം ഈ വ്യവസ്ഥയില്‍നിന്ന് ലഭിക്കുന്നു.

കേവലം കാല്‍ നൂറ്റാണ്ടുകാലമാണ് ഈ ഗ്രന്ഥത്തില്‍വിവരിക്കപ്പെടുന്നത്. 1847ലെ ഭീതിജനകമായ ഡിപ്രഷന്റെവിവരണത്തോടെയാരംഭിക്കുന്നു ഈ ഗ്രന്ഥം. സുലഭമായ ഡാറ്റയുപയോഗിച്ച് സൂക്ഷ്മതലങ്ങളിലേക്കിറങ്ങിയുള്ള വിശിഷ്ടമായൊരുമാതൃകയാണ് ഹോബ്‌സ്‌ബോം ഈ കൃതിയിലവലംബിച്ചിരിക്കുന്നത്. ഇരുപത്തിയഞ്ചുകൊല്ലത്തെസംബന്ധിക്കുന്ന ഡാറ്റയുടെ പര്‍വതങ്ങള്‍ ശേഖരിച്ച്, അവ അടിച്ചുനിരപ്പാക്കി, അതില്‍നിന്നുള്ള നിഗമനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃതിയെന്ന് ഒരുവിമര്‍ശകന്‍ ഈ കൃതിയെ വിശേഷിപ്പിക്കുന്നുണ്ട്. ഭൂതകാലസംബന്ധിയായ വിവരങ്ങള്‍, ഭാവിസംബന്ധിയായ ക്രാന്തദര്‍ശിത്വം എന്നിവ ഈ കൃതിയെ അത്യന്തം ഗഹനമായ ഒരു ചരിത്രകൃതിയാക്കിമാറ്റിയിരിക്കുന്നു. മാര്‍ക്‌സിന്റെ വിഖ്യാതമായ രചനകള്‍ പുറത്തുവന്നതും ഈ കാലത്തായിരുന്നു. പ്രതിജ്ഞാബദ്ധനായ ഒരു മാര്‍ക്‌സിശ്റ്റായിരുന്നു ഹോബ്‌സ്‌ബോം. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമായിപ്രവര്‍ത്തിച്ചിരുന്ന ഒരാളാണെങ്കിലും ചരിത്രകാരനെന്നനിലയില്‍ വളരെ സഹിഷ്ണുതയോടുകൂടി തൊഴിലാളിവര്‍ഗ്ഗത്തിന്റെ ശത്രുക്കളെ സമീപിക്കാന്‍ ഹോബ്‌സ്‌ബോമിന് കഴിയുന്നുണ്ട്.

ഈ കാല്‍നൂറ്റാണ്ടുകാലത്ത് ബൂര്‍ഷ്വാസി ഒരുവര്‍ഗ്ഗമെന്നനിലയില്‍ നേടിയ നേട്ടങ്ങളെ അദ്ദേഹം ഈ കൃതിയില്‍ പ്രതിപാദിക്കുന്നു. പക്വമായ മുതലാളിത്തസമൂഹം തൊഴിലാളിവര്‍ഗ്ഗവിപ്ലവത്തിന്റെമുന്നുപാധിയാണെന്ന് മാര്‍ക്‌സ് കണ്ടെത്തിയിരുന്നതായി ഈ പുസ്തകം അംഗീകരിക്കുന്നു. ബഹുജനസമരത്തിന്റേതായ ഒരുകാലഘട്ടമാണ് ഈ ഗ്രന്ഥത്തിലുള്ളത്. 1848 വിപ്ലവങ്ങളുടെ വര്‍ഷമാണ് യൂറോപ്പിന്റെ ചരിത്രത്തില്‍. ഫ്രാന്‍സ്, ആസ്ത്രിയ, പ്രഷ്യതുടങ്ങിയനാടുകളിലെ ജനകീയവിപ്ലവങ്ങളും ചാര്‍ട്ടിസ്റ്റ് മുന്നേറ്റവും പാരീസ്‌കമ്യൂണും വിവിധയൂറോപ്യന്‍ നാടുകളിലെ ഭരണാധികാരിവര്‍ഗ്ഗത്തെ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധരാക്കി. ഈ സംഭവപരമ്പരകള്‍ക്കുശേഷം മുതലാളിത്തം യൂറോപ്പില്‍ പരമമായ ശക്തിയായി വളര്‍ന്നുവന്നതെങ്ങിനെയെന്നാണ് ഹോബ്‌സ്‌ബോം പരിശോധിക്കുന്നത്. പുതിയ ഭൂപ്രദേശങ്ങളുടെ കണ്ടുപിടുത്തം, കോളണിവത്കരണം, അടിമത്തത്തിന്റെയും അടിയാളവ്യവസ്ഥയുടേയും നിര്‍മാര്‍ജ്ജനം, സമ്പദ് വ്യവസ്ഥകളുടെ ഉദാരവത്കരണം, പുതിയതും കാര്യക്ഷമവുമായ ഗതാഗത- വാര്‍ത്താവിനിമയ സൗകര്യങ്ങള്‍, എഞ്ചിനീയര്‍മാരുടെ വന്‍തോതിലുള്ള ലഭ്യത, ക്രൈസ്തവമതത്തില്‍ പുതുതായിപ്രചരിച്ച പ്രൊട്ടസ്റ്റന്റ് നീതിബോധം തുടങ്ങിയവയെല്ലാം ഇതിനുകാരണങ്ങളാണെന്ന് ബോം വിശദീകരിക്കുന്നു. ഗ്രാമങ്ങളില്‍നിന്ന് വ്യാവസായികകേന്ദ്രങ്ങളിലേക്കുള്ള ജനങ്ങളുടെ കുടിയേറ്റവും ഈ മുതലാളിത്തവത്കരണപ്രക്രിയയെ സഹായിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും ചൈതന്യവത്തായ കുറെ വര്‍ഷങ്ങളില്‍ അന്നുവരെയുണ്ടായവര്‍ഗ്ഗങ്ങളില്‍ ഏറ്റവും പുരോഗാമിയായ മുതലാളിവര്‍ഗ്ഗം ആധിപത്യത്തില്‍വരുന്നതിന്റെ ചരിത്രം തികഞ്ഞ ഗവേഷണചാരുതയോടെ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. സാമ്രാജ്യയുഗം

ദീര്‍ഘമായ പത്തൊമ്പതാംശതകവുമായി ബന്ധപ്പെട്ട മൂന്നാം പുസ്തകമാണ് The Age Of Empire( 1875- 1914)( സാമ്രാജ്യയുഗം). 1914ലാരംഭിച്ച വിപത്കരമായ ലോകയുദ്ധത്തിന്റെ സമാരംഭം വരെയാണ് ഈ കൃതിയില്‍വിവരിക്കുന്നത്. വിദ്യാസമ്പന്നരായ എല്ലാ ഇംഗ്ലീഷുകാരുടേയും മനോഘടനയുടെ ഭാഗമായ്ത്തീര്‍ന്ന മഹത്തായ ഒരു പുസ്തകത്രയത്തിന്റെ മൂന്നാം ഭാഗമാണിത്. സാമ്രാജ്യയുഗമെന്ന ഈ ഭാഗം 1875- 1914 കാലത്ത് യൂറോപ്പില്‍ജീവിച്ചമനുഷ്യരുടെ ജീവിതത്തിലേക്കും കര്‍മ്മങ്ങളിലേക്കും നേട്ടങ്ങളിലേക്കുമുള്ള പൂര്‍ണമായൊരു പര്യടനമാണ്. അമ്പതുവര്‍ഷത്തില്‍ താഴെയുള്ള, കൃത്യമായി പറഞ്ഞാല്‍ കേവലം മുപ്പത്തിയൊമ്പതുവര്‍ഷക്കാലത്തെ ചരിത്രമാണ് ഈ കൃതിയിലുള്ളത്.

എന്നാല്‍ ഈ ഗ്രന്ഥത്തിന്റെ സവിശേഷമായ മാനം കാണാതിരുന്നുകൂടാ. ഭൂഗോളത്തിന്റെ താരതമ്യേന അവികസിതമായിരുന്ന മേഖലകളില്‍ യൂറോപ്യരാജ്യങ്ങള്‍ അധിനിവേശശക്തികളായിച്ചെന്ന് സ്വന്തം സാമ്രാജ്യങ്ങള്‍ സ്ഥാപിച്ചു. എങ്കിലും ആഭ്യന്തരരംഗത്തുണ്ടാവുന്ന ആഴത്തിലുള്ള പരിവര്‍ത്തനങ്ങളെ അഭിസംബോധനചെയ്യാന്‍ ഒന്നുകില്‍ അവര്‍ക്ക് കഴിഞ്ഞില്ല, അല്ലെങ്കില്‍ അതിനവര്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. ജനാധിപത്യത്തിന്റെ വ്യാപനം, തൊഴിലാളിപ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവം, ദേശരാഷ്ട്രങ്ങള്‍തമ്മിലുള്ള അന്യോന്യസ്പര്‍ദ്ധ, ആയുധപ്പന്തയം, ഒടുവില്‍ 1914ലെ വിപത്കരമായ യുദ്ധം. ഒന്നില്‍നിന്ന് മറ്റൊന്നിലേക്കുള്ള ഈ പ്രയാണം സ്വാഭാവികമായിരുന്നെങ്കിലും ജാഗ്രതയോടെ ഇവയെനേരിടാനവര്‍ക്കുകഴിഞ്ഞില്ല. ഇതുകൊണ്ടു സംഭവിച്ചത് പഴയ ക്രമം യൂറോപ്പില്‍നിന്ന് എന്നെന്നേക്കുമായി നിഷ്‌ക്രമിച്ചുവെന്നതാണ്.

ആ ലോകമെങ്ങിനെയുള്ളതായിരുന്നു? അന്നത്തെ ജനങ്ങള്‍ എങ്ങിനെ ജീവിച്ചു? അവരുടെ ചിന്താഗതിയെന്തായിരുന്നു? ഇവ വളരെ ലളിതമായ ചോദ്യങ്ങളാവാം. പക്ഷേ, ചരിത്രകാരന്റെമുന്നിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ചോദ്യങ്ങളാണിവ. ഉത്തരം കണ്ടെത്താനേറെ ദുഷ്‌കരമായ ചോദ്യങ്ങള്‍. ഹോബ്‌സ്‌ബോം ഈ ചോദ്യങ്ങള്‍ക്കുത്തരംനല്കി. മാത്രമല്ല, സുവ്യക്തവും മനോഹരവുമായിരുന്നു ആ ഉത്തരങ്ങള്‍. ചിലരെയൊക്കെ ആ ഉത്തരങ്ങള്‍ പ്രകേപിപ്പിക്കുകയും ചെയ്തു. മനുഷ്യമുഖമുള്ള ചരിത്രമാണ് മറ്റുകൃതികളെന്നപോലെ സാമ്രാജ്യയുഗവും. 1875- 1914കാലത്ത് ലോകത്ത് ജീവിക്കുകയെന്നാലെങ്ങിനെയിരിക്കുമെന്ന് സവിസ്തരം പ്രതിപാദിക്കുകയാണിവിടെ;സാധാരണമനുഷ്യനായാലും രാജകുടുംബാംഗമായാലും. ബൂര്‍ഷ്വാസി അത്യലംകൃതമായ വസതികളിലും ആധുനികകലാകാരന്മാര്‍ സ്റ്റുഡിയോകളിലും കഴിഞ്ഞു.

ഈ കൃതിയുടെ അച്ചുതണ്ട് സമ്പദ്‌വ്യവസ്ഥയാണ്. ആധുനികമുതലാളിത്തം അനിയന്ത്രിതമായ പരിധിയിലേക്കുവളര്‍ന്നത് ഈ കാലത്താണ്. അത് സ്വന്തം പാളിച്ചകള്‍ ലോകത്തിനുമുമ്പില്‍ വെളിപ്പെടുത്തിയതും ഈ കാലത്തുതന്നെ. മറ്റുജീവിതരംഗങ്ങള്‍ ഈ ഗ്രന്ഥത്തില്‍ പരാമര്‍ശവിഷയമാവുന്നുണ്ട്- രാഷ്ട്രീയം, തൊഴില്‍, സ്ത്രീകള്‍ അടുക്കളയില്‍നിന്ന് അരങ്ങത്തേക്കുവരുന്നത്, പരിവര്‍ത്തനക്ഷമമായ ശാസ്ത്രസാങ്കേതികകണ്ടുപിടുത്തങ്ങള്‍ എല്ലാം ഹോബ്‌സ്‌ബോം ഉജ്വലമായിത്തന്നെ വിസ്തരിക്കുന്നുണ്ട്.

മൂന്ന് കൃതികളും ചേര്‍ന്ന് അസുലഭമായ ഒരുവായനാനുഭവമാണ് നല്കുന്നത്. അവനമുക്ക് ഹ്രസ്വമെങ്കിലും ചൈതന്യവത്തായ രണ്ടുനൂറ്റാണ്ടുകാലത്തെപറ്റിയുള്ള വിവരംനല്കുന്നു(Information): രണ്ടു ശതാബി്ദങ്ങളിലെ മനുഷ്യജീവിതം അനാവരണംചെയ്യുന്നു.

വിപരീതങ്ങളുടെ യുഗം-
ഇരുപതാംനൂറ്റാണ്ടിനെ ഒരുഹ്രസ്വകാലമായിവിവരിക്കുകയല്ല ഈ പുസ്തകത്തില്‍ചെയ്യുന്നത്, The Short Twentieth Century എന്ന ഒരുപശീര്‍ഷകം പുസ്തകത്തിനു നല്കുന്നുണ്ടെങ്കിലും. ഈ ഗ്രന്ഥത്തിന് മുമ്പേ വന്ന മൂന്ന് ഗ്രന്ഥങ്ങള്‍ വിവരിക്കുന്ന ദീര്‍ഘമായ പത്തൊമ്പതാം നൂറ്റാണ്ട് എന്ന വിഷയത്തെ അനുഗമിക്കുന്നതിനാലാവണം ഈ ഉപശീര്‍ഷകം നല്കിയിരിക്കുന്നത്. ഈ ഗ്രന്ഥം ഏറ്റവും പുതിയ മാനവപരാജയങ്ങളിലേക്കുള്ള പ്രവേശികയാണ്. 1914മുതല്‍ 1991വരെയുള്ള കാലയളവില്‍ അനേകം വിഗ്രഹങ്ങള്‍ തകര്‍ന്നുപോയി. ശീതയുദ്ധത്തിന്റെ ഒടുക്കമെന്ന് മുതലാളിത്തലോകം പേര്‍നല്കിയ സോവിയ്റ്റ് ബ്ലോക്കിന്റെ പതനമാണതില്‍ പ്രമുഖം. മുതലാളിത്തത്തിന്റേയും ദേശീയതയുടേയും പരാജയവും ഹോബ്‌സ്ബാം ഈ കൃതിയില്‍ വിശദമാക്കുന്നുണ്ട്. ദേശങ്ങളിലെ മനീഷികളെന്ന് കരുതപ്പെടുന്നവരുടെ എല്ലാപ്രവചനങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ട് ഇരുപതാം നൂറ്റാണ്ട് പുതിയചിലപരാജയങ്ങളാണ് മനുഷ്യരാശിക്കുനല്കിയത്. വര്‍ത്തമാനകാലത്തെ പറ്റി സംതൃപ്തിയടയാനും ഭാവിശോഭായമാനമാണെന്ന് കരുതുവാനുമാണ് സാമാന്യമായി ഭരണാധികാരികള്‍ക്കും പ്രജകള്‍ക്കുമിഷ്ടം. നിര്‍ഭാഗ്യവശാല്‍ ഈ പ്രവചനങ്ങളെല്ലാം അസാധുവായിപ്പോയി. മഹാമാന്ദ്യത്തിന്റെ തുടക്കത്തിലാണ് പ്രസിഡണ്ട് കൂളിഡ്ജ് (1928ഡിസംബര്‍ 4ന്) അമേരിക്കന്‍കോണ്‍ഗ്രസ്സിന് സന്ദേശമയച്ചത്: ' വര്‍ത്തമാനകാലത്തെ സംതൃപ്തിയോടെനോക്കിക്കാണാനും ഭാവിയെ പ്രത്യാശയോടെ പ്രതീക്ഷിക്കാനും രാജ്യത്തിനു കഴിയും' . പക്ഷേ ഈ പ്രവചനം തീര്‍ത്തും അസാധുവായിമാറി.

മൂന്നാം സഹസ്രാബ്ദത്തിലെ രാഷ്ട്രീയം തുടര്‍ച്ചയായ കുഴപ്പങ്ങളുടേതായിരിക്കുമെന്ന പ്രവചനമാണ് ബാം നടത്തുന്നത്. ഹിംസാത്മകമായ രാഷ്ട്രീയവും രാഷ്ട്രീയപരിവര്‍ത്തനങ്ങളുമാണ് വരാനിരിക്കുന്നത്. ഇക്കാര്യത്തിലദ്ദേഹത്തിന് സംശയമില്ല. സംശയമുള്ള ഒരേയൊരുകാര്യം ഈ ഹിംസ മനുഷ്യരാശിയെ എങ്ങോട്ടുനയിക്കുമെന്നത്മാത്രമാണ്.

കമ്യൂണിസത്തിനുണ്ടായ പരിമിതികളും പരാജയവും ഹോബ്‌സ്ബാം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മുതലാളിത്തം ഏറ്റവും വികാസംപ്രാപിച്ചിടങ്ങളിലല്ല സോഷ്യലിസ്റ്റ് വിപ്ലവം ഉണ്ടായത്. മുതലാളിത്തം ദുര്‍ബ്ബലമായിടങ്ങളിലാണ് അതിനെ പരാജയപ്പെടുത്താന്‍ തൊഴിലാളിവര്‍ഗ്ഗത്തിനു സാധിച്ചത്. മാത്രമല്ല, വിപ്ലവാനന്തരറഷ്യയില്‍ ഹോബ്‌സ്ബാം ദര്‍ശിക്കുന്നത് വിപ്ലവത്തിന്റെ പുരോഗമനോന്മുഖമായ ഫലങ്ങളല്ല. 'വിപ്ലവത്തിനും ആഭ്യന്തരയുദ്ധത്തിനും ശേഷം ഭൂതകാലത്തില്‍ ശക്തമായി ബന്ധിതമായ ഒരുറഷ്യയാണ് അവശേഷിച്ചത്…… '. ഇത് കേവലം സിനിക്കലായ ഒരുവീക്ഷണമൊന്നുമല്ല, പ്രവചനവുമല്ല. നടന്നു കഴിഞ്ഞ സംഭവങ്ങളുടെ പരിശോധനയില്‍ അദ്ദേഹം കണ്ടെത്തിയ പൊള്ളുന്ന സത്യങ്ങളാണ്.

ഇതിനോടൊപ്പം ഹോബ്‌സ്ബാമിന്റെ മറ്റൊരു സത്യവാങ്മൂലം കൂടി ചേര്‍ത്തുവായിക്കേണ്ടതുണ്ട്. സോവിയറ്റുയൂണിയനിലെ് സോഷ്യലിസ്റ്റ് സ്‌റ്റേറ്റ് സോഷ്യലിസത്തെസംബന്ധിച്ച സാര്‍വദേശീയസങ്കല്പത്തെ പാടേ തകര്‍ത്തുകളഞ്ഞു! സോഷ്യലിസ്റ്റ് ദര്‍ശനത്തിലെ ജനാധിപത്യാംശം ഇതോടെ പൂര്‍ണമായി ചോര്‍ന്നുപോയെന്ന് അദ്ദേഹം നിസ്സംഗമായി പ്രസ്താവിക്കുന്നുണ്ട്. ഈ നിസ്സംഗത ചരിത്രകാരന്‍ (അദ്ദേഹത്തിന്റെ വീക്ഷണമെന്തുമാവട്ടെ) പുലര്‍ത്തേണ്ട മിതമായ മര്യാദയാണെന്ന് ഹോബ്‌സ്ബാം കരുതുന്നുണ്ടാവണം. ജനാധിപത്യഭ്രംശംവന്ന ഒരുജനക്ഷേമപരിപാടിയായിമാറിപ്പോയി വിപ്ലവഗവണ്മെന്റെന്നസമീപനമാണ് അദ്ദേഹത്തിനുള്ളത്. നടപ്പിലാക്കിയവര്‍ക്കുപോലും വിശ്വാസമില്ലാത്ത ഒരു സംവിധാനമായിരുന്നു സോവിയറ്റ് യൂണിയനില്‍നിലനിന്നതെന്നും അതിന്റെ പതനം സ്വാഭാവികമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പ്രവചനമല്ലാത്തതും ചരിത്രവസ്തുതകളില്‍നിന്ന് എത്തിച്ചേര്‍ന്നതുമായ ഈ നിഗമനങ്ങളെ നേര്‍ക്കുനേരെ ചോദ്യം ചെയ്യാനാവുകയില്ല. ക്രൂഷ്‌ചേവിന്റെ കാലത്ത് തുടങ്ങിയതും ഗോര്‍ബച്ചോവ് പരിസമാപ്തിയിലെത്തിച്ചതുമായ സോവിയറ്റുപതനത്തിന്റെ അവസാനനാളുകള്‍ നാമമാത്രമായെങ്കിലും പരിശോധിച്ചവര്‍ ഹോബ്‌സ്ബാമിന്റെ ഈനിഗമനങ്ങളെ എതിര്‍ക്കാനാവില്ല. ബോറിസ് യെത്സിനും സോവിയറ്റുസമൂഹത്തിന്റെതന്നെ സൃഷ്ടിയായിരുന്നുവല്ലോ.

ജനാധിപത്യഭ്രംശത്തിനു ബദലായി ചെയ്യേണ്ടിയിരുന്നത് മഹത്തായ ഒരുവിമോചനസംരംഭത്തെ സമ്പൂര്‍ണമായി ഉന്മൂലനംചെയ്യുകയായിരുന്നില്ലെന്ന് കൂട്ടിച്ചേര്‍ക്കുവാന്‍മാത്രമേ നമുക്കിന്നു കഴിയുകയുള്ളൂ.

ദേശരാഷ്ട്രങ്ങളുടെ അപ്രമാദിത്വത്തിലേക്ക് ലോകം നയിക്കപ്പെട്ടുവെന്നതാണ് വിപരീതങ്ങളുടെ യുഗത്തിലെ മറ്റൊരുപ്രധാനസംഭവവികാസമെന്ന് ബോം വിലയിരുത്തുന്നു. ആധിപത്യപൂര്‍ണമായ അധികാരത്തിന്റെ സ്ഥാനത്ത്, സാമ്രാജ്യാധിപത്യത്തിന്റെ സ്ഥാനത്ത് രഹസ്യനയതന്ത്രവും ശിഥിലജനവിഭാഗങ്ങള്‍ക്ക് പരമാധികാരം നല്കുന്ന ഒരുതരം ജനാധിപത്യമറയും നിലവില്‍വന്നു. മതം, ദേശം തുടങ്ങിയഗ്രൂപ്പുകളുടെ നേതൃത്വത്തിലും അധികാരത്തിലും രാജ്യങ്ങളായി സാമ്രാജ്യങ്ങള്‍ വിഭജിക്കപ്പെട്ടു. സാമ്രാജ്യങ്ങളുടെ പതനമോ, ദേശരാഷ്ട്രങ്ങളുടെ പരമാധികാരമോ, ഏതെങ്കിലും, ഹോബ്‌സ്ബാമിനെസന്തുഷ്ടനാക്കിയോയെന്ന് പറയാനാവില്ല. പുതിയ പ്രവണതകളില്‍ അത്രയൊന്നും സന്തുഷ്ടനായിരുന്നില്ല അദ്ദേഹമെന്ന് വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാന്‍ കഴിയും.

വളരെ ചെറിയൊരു ജൂതവിഭാഗം ഫലസ്തീന്‍പ്രദേശത്തെ വിമോചിപ്പിക്കണമെന്ന ആവശ്യവുമായിരംഗപ്രവേശംചെയ്തതും ഈ കാലത്താണ്. കോളണിവിരുദ്ധസമരത്തിന്റെ യുക്തിതന്നെയാണ് സയണിസ്റ്റുകളും ഉപയോഗിച്ചത്. ഫസ്തീനിലെ അധിനിവേശകരാര്, അദീനജനവിഭാഗങ്ങളാര് എന്നചോദ്യം അപരിഹാര്യമായ ഒരുപ്രഹേളികയായി നിലനില്ക്കുന്നുണ്ട്. പാരമ്പര്യനിര്‍മിതിയുടെ സഹായത്തോടെ സയണിസം ജൂതപ്രത്യയശാസ്ത്രം വളര്‍ത്തിയെടുക്കുകയും ക്രമേണ ഇസ്രായേല്‍ സ്ഥാപിക്കുന്നതില്‍വിജയിക്കുകയുംചെയ്തു.

സാമ്രാജ്യങ്ങള്‍ മാത്രമല്ല പരാജയമടഞ്ഞത്, ജനാധിപത്യവും പരാജയമടഞ്ഞു. വലിയൊരുഹിംസയായി ലോകജനതയ്ക്കുമേല്‍ വാളോങ്ങിനില്ക്കാന്‍ ഫാസിസത്തിനു സാധിച്ചതും ഈ കാലയളവിലാണ്. ജനാധിപത്യത്തിനുള്ളസുഷിരങ്ങളിലൂടെയാണ് ഫാസിസം ആവിര്‍ഭവിച്ചത്. മതത്തിന്റേയും വംശത്തിന്റേയും ദേശത്തിന്റേയും പ്രാചീനമഹത്ത്വം മറയാക്കിയാണ് ഫാസിസവും നാസിസവും ഉദയം ചെയ്തത്. റോമിനും ആര്യന്‍വംശത്തിനുമുള്ള ഗതകാലമഹത്ത്വത്തിന്റെ പല്ലവിപാടുകമാത്രമാണ് മുസോളിനിയും ഹിറ്റ്‌ലറും ചെയ്തത്. പാരമ്പര്യനിര്‍മിതിയുടെ കപടരാഷ്ട്രീയം വളരെ ഭീകരമായൊരുവിപത്തായി മനുഷ്യവംശത്തെ ഉന്മൂലനംചെയ്തുതുടങ്ങിയതിന്റെ വിശദീകരണം ഹോബ്‌സ്ബാം നല്കുന്നുണ്ട്. സാമ്രാജ്യം ഇല്ലാതായി. കൂടുതല്‍ ആപത്കരമായ ഫാസിസത്തിലേക്ക് ദേശരാഷ്ട്രങ്ങളില്‍ചിലവ ആനയിക്കപ്പെട്ടു. ഇത് മഹായുദ്ധങ്ങളിലേക്കും വന്‍ഹിംസയിലേക്കും നയിച്ചു.

 Page:1, 2, 3    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, ചുവന്ന ആകാശം ചുവന്നഭൂമി*
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക