നമുക്ക് മുന്നേ നടന്നു പോയ ഷീബ അമീര്

സാജിദാ അബ്ദുറഹ്മാന്‍

ഷീബയെന്ന വ്യക്തി ജീവിതം തുടങ്ങുന്നത് സാഹിത്യ മേഖല സ്വന്തം ഭൂമികയാക്കിയ നല്ലൊരു മനുഷ്യനായ് ജീവിക്കുകയെന്നതാണ് മനുഷ്യന്റെ ആദ്യത്തെ കടമയെന്ന് മക്കളെ പഠിപ്പിച്ച പിതാവ് ശ്രീ റഹീമിന്റെ വാല്സല്യത്തണലില് . പ്രമുഖ സാഹിത്യ സാംസ്കാരിക വക്താക്കളുടെ ഇടയില് ചിലവിട്ട ബാല്യവും കൌമാരവും യൌവനവും വിവാഹ ശേഷം ഷീബക്ക് തികഞ്ഞ ഒരു കുടുംബിനിയെന്ന നിലയിലേക്ക് മാത്രമായൊതുക്കേണ്ടി വന്നു .ഖത്തറിലെ മൈക്രൊ ബയോളജിസ്റ്റായ ഭര്ത്താവ് അമീറും മക്കളായ നിഖിലും നിലൂഫയുമായുള്ള സ്വഛന്ദ ജീവിതത്തിലേക്ക് വിധി തന്റെ ക്രൂര മുഖവുമായ് കടന്നെത്തിയത് ഷീബയുടെ ജീവിതത്തിന്റെ സമാധാനത്തിനും സന്തോഷത്തിനും കടിഞ്ഞാണിട്ട് കൊണ്ടാണു.തന്റെ കുരുന്ന് മകള്ക്കു അക്ക്യൂട്ട് ലുക്കീമിയയാണെന്നറിഞ്ഞ നിമിഷത്തില് ഷീബ കൈവരിച്ച ധൈര്യവും സഹനശക്തിയും ഓരോ മനുഷ്യനും സ്വായത്തമാക്കേണ്ടതാണു.മുംബൈയിലെ ടാറ്റ മെമ്മോറിയല് ആശുപത്രിയിലെ പ്രശസ്തനായ ഡോക്ടര് പര്വീഷ് പാരിഖിന്റെ മേല് നോട്ടത്തില് ഷീബയുടെ മകന്റെ തന്നെ മജ്ജ മകള്ക്ക് മാറ്റിവെക്കേണ്ട ശസ്ത്രക്രിയ നടന്നു.പിന്നീട് നടത്തേണ്ടി വന്ന നാലു കീമോ തെറാപ്പി.ശസ്ത്രക്രിയക്ക് ശേഷം മകന് ആശുപത്രിയിലെ മറ്റൊരു നിലയിലെ വാര്ഡിലും മകള് മറ്റൊരു നിലയിലെ വാര്ഡിലും ..ഇതിനിടയില് ആ മാതാവ് വേദനയുടെ മുള്ളുകള് നെഞ്ചിലമര്ത്തി വിധിയുടെ മുന്നില് മകളുടെ പ്രാണന്റെ ഭിക്ഷ തേടി.ആശുപത്രിയിലെ മറ്റു അര്ബുദ രോഗികള്ക്ക് സാന്ത്വനമേകിയും അവര്ക്ക് വേണ്ട സഹായങ്ങള് നല്കിയും സ്വയം ആശ്വസിച്ചിരുന്ന ഒരമ്മ.അര്ബുദം കാര്ന്നു തിന്നു വേദനയോടെ ജീവിക്കുന്ന മനുഷ്യായുസ്സുകളെ നിസ്സഹായതയോടെ നോക്കി കൈകെട്ടി ഇരിക്കാതെ അവര്ക്ക് വേണ്ടി എന്തെങ്കിലും ചെയ്തെ മതിയാകൂ എന്ന ആശയവുമായാണന്നവര് പുതു ജീവിതം തിരിച്ച് കിട്ടിയ മകളുമായ് ആശുപത്രി വിട്ടത് .ഒരു ജീവനും വേണ്ടത്ര ചികില്സയും മരുന്നും കിട്ടാതെ പൊലിയാനിടയാവരുതെന്ന നന്മ നിറഞ്ഞ ചിന്ത ഷീബയുടെ ഉള്ളില് ഉദയം കൊള്ളുമ്പോള് അവര്ക്ക് താങ്ങും തണലുമായ് അവരുടെ അമീര് മാത്രം ..നാട്ടില് തിരിച്ചെത്തിയ ശേഷം യാഥാസ്ഥിതികരായ ബന്ധുക്കളുടെയും സമൂഹത്തിന്റേയും സമ്മര്ദ്ദങ്ങള്ക്ക് വഴങ്ങി ഷീബ നിഷ്ക്രിയയാങ്കിലും തന്റെ തീരുമാനം നടപ്പിലാക്കാന് സുമനസുള്ള ചില സുഹൃത്തുക്കളുടെ സഹായത്തോടെ പിന്നീടവര്ക്ക് സാധിച്ചു..

ആദ്യപടിയായ് അവര് തൃശ്ശൂര് പെയിന് ആന്റ് പാലിയേറ്റീവ് കെയര് യൂണിറ്റില് തന്റെ ആതുര സേവനം ആരംഭിച്ചു .ആറു വര്ഷത്തെ ആ അനുഭവ സമ്പത്ത് പതിനെട്ട് വയസ്സിനു താഴേയുള്ള നിരാലംബരായ അര്ബുദ ബാധിതരായ കുട്ടികള്ക്ക് മരുന്നു വാങ്ങാനുള്ള പണം നല്കുന്ന സൊലേസ് എന്ന ട്രസ്റ്റ് രൂപപ്പെടുന്നതിനു ഹേതുവായി.മക്കള്ക്കസുഖം വരുമ്പോള് ചേതനയറ്റ് നിസ്സഹായരായി നില്കുന്ന അമ്മമാരുടെ ദയനീയ മുഖം ഷീബയുടെ ഉറക്കത്തെ അപഹരിച്ച നാളുകളിലാണിങ്ങനെയൊരാശയം പിറന്നത്.സാന്ത്വനം എന്നര്ത്ഥം വരുന്ന ആ പദം തന്നെ സ്ഥാപനത്തിനായ് തിരഞ്ഞെടുത്തു.തൃശ്ശൂരിലെ മെഡിക്കല് കോളേജിലേയും ഷീബയുടെ സുഹൃത്തുക്കളായ മറ്റു പ്രമുഖ ഡോക്ടര്മാരുടേയും ഉപദേശത്താല് സൊലേസ് തൃശ്ശൂര് കേന്ദ്രമായ് പ്രവര്ത്തനമാരംഭിച്ചു.ഇന്നീ ട്രസ്റ്റിന്റെ കീഴില് രോഗം ഭേദമായ് പോയവരനവധി..എണ്പത് മുതല് നൂറു വരെ കുട്ടികള് ഇപ്പോഴും ഈ സേവനം ഉപയോഗപ്പെടുത്തുന്നു.അര്ബുദ രോഗികള് മാത്രമല്ല കിഡ്നിയുടെ പ്രവര്ത്തനം തകരാരിലായവര് ,പിറ്റ്യുട്ടറി ഗ്രന്ഥിയുടെ തകരാര് മൂലം വളര്ച്ച മുരടിച്ചവര് തുടങ്ങി അവിടുത്തെ സേവനോപയോക്താക്കളുടെ എണ്ണം ഏറെ .മാസം തോറും ചുരുങ്ങിയത് ഒരു ലക്ഷം രൂപയോളം ചിലവ് വരുന്ന ഈ ട്രസ്റ്റിന്റെ പ്രവര്ത്തനത്തെ സുഗമമാക്കാന് ഷീബ അവരുടെ വീട്ടില് തുടങ്ങിയ ഒരു സ്ഥാപനമാണു.”ബ്ലൂമിങ് പേള്സ് “എന്ന കൈവേല തയ്യല് യൂണിറ്റ്.മുസ്ലീം മണവട്ടികള്ക്കും കൃസ്ത്യന് മണവാട്ടികള്ക്കും കല്യാണാവശ്യത്തിനുള്ള വെയിലുകളില് (തട്ടങ്ങള് ) മനോഹരങ്ങളായ ഡിസൈനില് കൈതുന്നല് ചെയ്തു കൊടുക്കുന്ന സ്വയം തൊഴില്ശാല.ഇവിടെ ഒരുങ്ങുന്ന മനോഹരങ്ങളായ തട്ടങ്ങള് പ്രമുഖ ടെക്സ്റ്റൈല് ഷോപ്പുകളില് വിറ്റഴിയുന്നുണ്ട്. ഷീബയും മകളും ഡിസൈന് ചെയ്യുന്ന തട്ടങ്ങളില് മുത്തും പട്ടു നൂലുകളും കൊരുക്കുന്നത് രോഗികളുടെ ബന്ധുക്കളും കൂടിയാണു.ഈ ട്രസ്റ്റിനു പണം സ്വരൂപിക്കാന് ഷീബ ആരുടെ മുന്നിലും കൈനീട്ടുന്നില്ല.അസുഖം ഭേദമായി പോയ കുട്ടികളുടെ ഫോട്ടൊ വെച്ച് ധനസമാഹരണം നടത്തുന്നത് അവരുടെ രീതിയല്ല. .ഈ സ്ഥാപനത്തിന്റെ നന്മയും പ്രവര് ത്തന ശൈലിയും കണ്ട് സുമനസ്സുകള് നല്കുന്ന സംഭാവനകള് മാത്രമാണിതിലേക്കുള്ള മറ്റൊരു ധനശേഖരണ മാര്ഗം . ഇ എം എസ്സിന്റെ ഇളയ മകന് ശശിയുടെ ഭാര്യയും കേരളവര്മ കോളേജില് ഷീബയുടെ ക്ലാസ്മേറ്റുമായിരുന്ന ഗിരിജയാണു ട്രസ്റ്റിന്റെ ട്രഷറര് .വരവ് ചിലവ് കണക്കുകള് കൃത്യമായ് ഓഡിറ്റ് ചെയ്യുന്നുണ്ട്.ലഭിക്കുന്ന പണം നന്നായി തന്നെ വിനിയോഗിക്കുന്നത് കൊണ്ട് സംഭാവന നല്കുന്നവര്ക്കു അവരുദ്ദേശിക്കുന്ന രീതിയില് പണം ചിലവാകുന്നതിന്റെ സംതൃപ്തിയും സൊലേസ് നല്കുന്നു.

അന്നു ഞാനവിടെ ചിലവഴിച്ച ഒരു മണിക്കൂര് എനിക്കൊരുപാട് അനുഭങ്ങളെ സമ്മാനിച്ചു..ഞങ്ങളവിടെയുള്ളപ്പോള് ഉണ്ടായിരുന്ന ഞങ്ങളുടെ നാട്ടുകാരനും യുവകലാ സാഹിതിയുടെ സംസ്ഥാന സെക്രട്ടറിയുമായ ഇ.എം സതീശന് ,പിന്നെ ഞങ്ങളുടെ കൂടിക്കാഴ്ച്ചക്കിടയിലേക്ക് കയറി വന്ന യുവസാഹിത്യകാരനായ ഷൌക്കത്തിനെ ഗുരു നിത്യ ചൈതന്യ യതിയുടെ അരുമശിഷ്യനും ഗുരുവിന്റെ അവസാന നാളുകളില് അദ്ദേഹത്തെ ശുശ്രൂഷിച്ച് ഗുരുവിന്റെ അനുഗ്രഹം വാങ്ങിയ ആളാണെന്ന് സന്തോഷത്തോടെ എന്നോട് പറഞ്ഞാണു ഷീബ പരിചപ്പെടുത്തുന്നത്.ഷൌക്കത്തിന്റെ രചനയായ “ഹിമാലയ യാത്രകള് “ഏറ്റവും അധികം വിറ്റഴിക്കപെട്ട സഞ്ചാരസാഹിത്യമാണെന്നും പറഞ്ഞ് പുതിയ പുസ്തകമായ “മൊഴിയാഴം “എപ്പോള് പുറത്തിറങ്ങും എന്നും അന്വേഷിക്കുന്നുണ്ടായിരുന്നു.ഷൌക്കത്തിനൊപ്പം വന്ന നജീബ് കുറ്റിപ്പുറം “മിന്നാമിനുങ്ങ്” എന്ന കാര്ട്ടൂണ് പരമ്പരയുടെ അനിമേഷന് കൈകാര്യം ചെയ്യുന്ന ആളാണെന്നു പറഞ്ഞു പരിചയപ്പെടുത്തി..

ഞങ്ങള് സംസാരിച്ചിരിക്കുന്നതിനിടയിലേക്ക് തുള്ളിച്ചാടികൊണ്ടൊരാള് കൂടി വന്നു..ഓമനത്വം തുളുമ്പുന്ന മുഖഭാവത്തോടെ,വിടര്ന്ന കണ്ണുകളുമായൊരു സുന്ദരിവാവ..അവള് നേരെ ഷൌക്കത്തിന്റെയടുത്തേക്ക് ചെന്നു കസേരക്ക് പിന്നില് നിന്നു കൊണ്ട് എന്നെ നോക്കി ചിരിച്ചു.ഞാന് കൈകൊണ്ട് മാടി വിളിച്ചപ്പോഴേക്കും നാണം കൊണ്ട് തുടുത്ത മുഖവുമായ് അകത്തേക്കോടി..ആരാണീ കുട്ടിയെന്ന എന്റെ ചോദ്യത്തിനു ഷീബ അല്പനേരം മൌനമായിരുന്നു പിന്നെ ഒരു ദീര്ഘനിശ്വാസത്തോടെ പറയാന് തുടങ്ങി..ഇവള് ആയിന ..എന്റെയടുക്കല് രോഗം ബാധിച്ച് നോക്കാനാരുമില്ലാത്ത കുട്ടികള് ഒരു പാടുണ്ടായിട്ടുണ്ട്..രോഗം പൂര്ണ്ണമായും ഭേദമായാല് അവരെയൊക്കെ ബന്ധുക്കള് ആരെങ്കിലും വന്നു കൊണ്ട് പോകാറാണ് പതിവ്.എന്നാലിവളിപ്പോള് ഞങ്ങളുടെ ജീവിതത്തിലെ ഒരവിഭാജ്യ ഘടകമായ് മാറിയിരിക്കയാണ്..അസുഖം ആയിനയുടെ ഉമ്മ റാഹിലക്കായിരുന്നു.നിങ്ങള്ക്ക് വാതില് തുറന്നു തന്നില്ലേ ആ കുട്ടിയാണിവളുടെ ഉമ്മ.അപ്പോഴാണു ഞാനോര്ക്കുന്നത് ഞങ്ങള് വന്നപ്പോള് ഗേറ്റ് തുറന്നു തന്ന ഇരുപത്താറു വയസ്സു തോന്നിക്കുന്ന കാണാന് സുന്ദരിയായ മെലിഞ്ഞ ഒരു യുവതിയെ കണ്ടത്.ഷീബയുടെ ബന്ധുവാരെങ്കിലും ആയിരിക്കുമെന്നാണപ്പോള് കരുതിയത്.ഷീബ തുടര്ന്നു പറഞ്ഞത് കേട്ടപ്പോഴേക്കും എന്റെ കണ്ണുകള് മാത്രമല്ല എന്റെ ഭര്ത്താവിന്റെ കണ്ണുകളും നിറഞ്ഞു.തിരുവനന്തപുരത്തെവിടെയോ ആണിവരുടെ കുടുംബം ..അസുഖം അര്ബുദമാണെന്നും ചികില്സക്കൊരുപാട് പണം വേണ്ടി വരുമെന്നും കണ്ടപ്പോള് ബാധ്യതയായി തോന്നിയ റാഹിലയേയും കുഞ്ഞിനേയും ഉപേക്ഷിച്ച് റാഹിലയുടെ ഭര്ത്താവ് കടന്നു കളഞ്ഞത്രെ.അസുഖം പൂര്ണ്ണമായും ഭേദമായ റാഹില മിടുക്കിയായിരിക്കുന്നു. ഏറ്റെടുത്ത് കൊണ്ടൂ പോകാനാരുമില്ലാത്തതിനാല് ഷീബയുടെ കൂടെ കഴിയുന്നു അവരുടെ വീട്ടിലെ ഒരംഗമായ്..ഷീബക്ക് ആയിനയിപ്പോള് പറിച്ച് മാറ്റാനാവാത്ത ഒരു പനിനീര്ച്ചെടിയാണ്.അവളുടെ കൊഞ്ചലുകളാല് ആ വീടിന്റെ അകത്തളം ശബ്ദമുഖരിതമാണ്.

നിലൂഫ കൊണ്ടു തന്ന നാരങ്ങവെള്ളം കുടിക്കുമ്പോഴേക്കും ഷീബ അകത്ത് പോയി രണ്ട് പുസ്തകങ്ങളുമായ് വന്നു..ഒരെണ്ണം നജീബിനും ഒരെണ്ണം എനിക്കും തന്നു.എന്റെ പുസ്തകത്തില് “സ്നേഹത്തോടെ സാജിദക്ക് ഷീബ അമീര് “എന്നെഴുതി ഒപ്പിട്ട് തരുമ്പോള് എന്റെ ഹൃദയം ആ വലിയ മനസ്സിനു മുന്നില് ഞാന് അടിയറ വെക്കുകയായിരുന്നു.പതിമൂന്നു വര്ഷം മുന്പ് മുംബൈയിലെ ആശുപത്രിയില് കഴിഞ്ഞ കാലത്തെ ഡയറിക്കുറിപ്പുകള് “നടന്നു പോയവള് “എന്ന പേരില് പുസ്തകമാക്കിയതിന്റെ ഒരു കോപ്പിയായിരുന്നു അതു.ജീവിതം പ്രതീക്ഷക്ക് വക നല്കാതെ വഴിയറ്റ് നില്ക്കുന്ന ഒരമ്മയുടെ വിചാരങ്ങളും വികാരങ്ങളും കണ്ണുനീരില് ചാലിച്ച് നൊമ്പരത്തിന്റെ കടലാസില് വിങ്ങലും വേദനയും പദങ്ങളാക്കി വരയുമ്പോള് ഞാന് വായിച്ചേതൊരു കൃതിയേക്കാളും മേന്മയുള്ള ഒന്നായ് എനിക്കതിനെ തോന്നി..അതിലെ ഓരോ ഏടും എനിക്ക് ഓരോ അനുഭവമായിരുന്നു.വേദനിക്കുന്ന മനുഷ്യര് ക്ക് ആശ്വത്തോടേയുള്ള ഒരു തലോടല് ..അല്ലെങ്കില് സാന്ത്വനം നിറഞ്ഞ നല്ല വാക്കുകള് ഇതിലുമപ്പുറം ഒരു മനുഷ്യസ്നേഹിക്ക് എന്തൊക്കെ ചെയ്യാനാകും എന്നത് ഷീബയുടെ പ്രവര്ത്തനത്തിലൂടെ ഞാന് മനസ്സിലാക്കി.വീണ്ടും കാണാമെന്ന് പറഞ്ഞ് യാത്ര പറഞ്ഞിറങ്ങുമ്പോള് ഞാനവരെ ആശ്ലേഷിച്ച നേരത്ത് എന്നെ മുറുകെ പിടിച്ച് കൊണ്ട് പറഞ്ഞു “a hug is worth a thousand words “.

കാറില് കയറി കുറേ നേരത്തേക്ക് ഞാനും ഭര്ത്താവും പരസ്പരം ഒന്നും പറയാനാവാതെ ഇരുന്നു..ആയിനയും റാഹിലയും നിലൂഫയും ഒപ്പം വേദന മാത്രം അനുഭവിക്കുന്ന ചിരിക്കാന് പോലും മറന്ന കുറേ കുരുന്നുകളും എന്റെ അടച്ച കണ്ണുകള്ക്ക് മുന്നില് മിന്നി മറയുന്നു.ആ നിമിഷം ഞാനൊരു ദൃഢനിശ്ചയം എടുത്തു എന്നാലാവുന്ന ഒരു സംഖ്യ എനിക്കാവും കാലത്തോളം സൊലേസിനു വേണ്ടി നീക്കി വെക്കും ..പുരസ്ക്കാരങ്ങളും ,പ്രോല്സാഹനങ്ങളും , അഭിനന്ദനങ്ങളും വേണ്ടുവോളം ആ മനുഷ്യ സ്നേഹിക്ക് ലഭിക്കുന്നുണ്ട്.എങ്കിലും മനസ്സില് നിന്നും കാരുണ്യത്തിന്റെ ഉറവ വറ്റാത്ത നമ്മളില് ചിലരെങ്കിലും ഉണ്ടെങ്കില് അവരുടെ സാന്ത്വനത്തണലായ സൊലേസിനു തന്നാലാവുന്ന സംഭാവനകള് നല്കാനായാല് ഷീബ അമീര് എന്ന വ്യക്തിയെ ആദരിക്കുന്നതിലുപരി വേദനയുടെ നീര്ച്ചുഴിയില് പിടയുന്ന കുരുന്നുകള്ക്കൊരാശ്വാസമേകാനെങ്കിലും ആയാല് അതിലും വലിയൊരു പുണ്യം ഇല്ല തന്നെ.വൃശ്ചികകാറ്റിന്റെ തലോടലില് ശരീരം തണുക്കുമ്പോഴും ഉള്ളിലെ താപത്താല് മനസ്സിന്റെ വിങ്ങല് ഘനീഭവിക്കുകയായിരുന്നു.ജീവിതത്തിലെ സുഖങ്ങള് മാത്രം അന്വേഷിച്ച് പോകുകയും അതിനു വേണ്ടി പടവെട്ടുകയും ചെയ്യുമ്പോള് ഒരു നിമിഷമെങ്കിലും നമ്മള് ക്ഷണികജീവിതത്തിലെ വിലപെട്ട നിമിഷങ്ങള് അവിസ്മരണീയവും മൂല്യവത്തവുമാക്കാന് ശ്രമിക്കാത്തതെന്തു കൊണ്ടെന്നു ചിന്തിക്കുകയായിരുന്നു ഞാന് ..ജീവിതം സുഖദുഃഖ സമ്മിശ്രമാണെങ്കിലും മാരക രോഗങ്ങളുടെ പിടിയലകപെട്ടവരുടെ ജീവിതം പക്ഷെ ദുരിതം നിറഞ്ഞത് മാത്രമാണ്.ആ ദുരിതത്തില് അവര്ക്കല്പ്പം ആശ്വാസമേകാനായാല് നമ്മുടെ ജീവിതം ധന്യമായ്.മനുഷ്യ മനസ്സുകളിലെ കാരുണ്യവും സ്നേഹവും നന്മയും ഒരിക്കലും നശിക്കാതിരിക്കട്ടെ…

 Page:1, 2, 3    

സാജിദാ അബ്ദുറഹ്മാന്‍ - Tags: Thanal Online, web magazine dedicated for poetry and literature സാജിദാ അബ്ദുറഹ്മാന്‍ , നമുക്ക് മുന്നേ നടന്നു പോയ ഷീബ അമീര്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക