നമുക്ക് മുന്നേ നടന്നു പോയ ഷീബ അമീര്

സാജിദാ അബ്ദുറഹ്മാന്‍

ഒന്നരവര്ഷം മുന്പൊരവധിയില് നാട്ടിലെത്തിയ എനിക്ക് ജ്യേഷ്ടന്റെ(യാഹ്യ സൂര്യകാന്തി) സുഹൃത്തായ ജോര്ജ്ജ് മാഷില് നിന്നും തികച്ചും ആകസ്മികമായാണു ഷീബ അമീറിന്റെ ഫോണ് നമ്പര് കിട്ടുന്നത്.. ജ്യേഷ്ടനു ഷീബയെ നേരത്തെ പരിചയമുണ്ടെങ്കിലും തിരക്ക് പിടിച്ച അവധികളോട് മല്ലിട്ടിരുന്ന എനിക്കവരെ പരിചയപ്പെടാനൊരവസരമുണ്ടായില്ല.ഞങ്ങളെ കാണാനായ് കെ. വിനയനോടൊപ്പമെത്തിയ ജോര്ജ്ജ് മാഷ് സംസാരത്തിനിടയില് എനിക്ക് ഷീബയുടെ നമ്പര് കൈമാറി.അന്നു തന്നെ ഞാനവരെ വിളിച്ച് സംസാരിക്കുകയും ചിരകാല മിത്രങ്ങളെ പോലെ പരസ്പരം ഉള്ളു തുറക്കുകയും ചെയ്തു…ആ പരിചയത്തോടെ എനിക്ക് ഷീബയെന്ന വ്യക്തി എന്റെ സുഹൃദ് വലയത്തിലെ ഒരു കണ്ണിയായ് മാറിയെങ്കിലും നേരിട്ട് കാണണമെന്ന മോഹം വെറും ഇരുപത് കിലോമീറ്ററിനകത്തെ വൈതരണിയില് കിടന്നുഴറി..

കഴിഞ്ഞ ജൂണ് മാസത്തില് മാധ്യമം പത്രത്തിന്റെ വാരാന്ത്യപതിപ്പായ ചെപ്പില് ഷീബ അമീര് എഴുതിയ ഒരു ഫീച്ചര് വായിക്കാനിടയായി.അവര്ക്ക് ലഭിച്ച ആ അസുലഭ സൌഭാഗ്യത്തെ കുറിച്ച് വശ്യമനോഹരമായ ഭാഷയിലുള്ള വിവരണം .ജ്ഞാനപീഠം ,പദ്മവിഭൂഷണ് തുടങ്ങി നിരവധി പുരസ്കാരങ്ങള് സ്വന്തമാക്കിയ പ്രശസ്ത ബംഗാളി എഴുത്തുകാരി ശ്രീമതി മഹാശ്വേതാ ദേവിയുടെ കേരള യാത്രയില് അവര്ക്കും പ്രശസ്ത എഴുത്തുകാരനും ഷീബയുടെ അടുത്ത കുടുംബ സുഹൃത്തുമായ ശ്രീ ആനന്ദിനോടൊപ്പവും ചിലവഴിച്ച അസുലഭ മുഹൂര്ത്തങ്ങളെ കുറിച്ചുള്ള ആ റൈറ്റ് അപ്പ് അല്പം വിസ്മയത്തോടേയും തെല്ലസൂയയോടേയും ഞാന് വായിച്ച് തീര്ത്തു.അതിനടിയില് ഷീബയുടെ ഒരു കൊച്ചു പ്രണയകവിത ..അഞ്ചിതള് പൂവ്..ആ കവിത എന്തു കൊണ്ടോ മനസ്സിലുടക്കി നിന്നു.പ്രണയത്തെ ഇഷ്ടപ്പെടാനാവാത്തൊരാള്ക്ക് ആ വികാരത്തിന്റെ കാണാക്കയത്തില് മുങ്ങിത്താഴേണ്ടി വരുന്ന ഒരവസ്ഥ ചുരുങ്ങിയ വരികളിലൂടെ ഒരു കാവ്യം പോലെ പറഞ്ഞ് തീര്ത്ത ഷീബയിലെ കവിയെ നേരിട്ട് അപ്പോള് തന്നെ പ്രശംസിക്കണമെന്ന് തോന്നി.

ഇക്കഴിഞ്ഞ ഡിസംബറില് വീണ്ടും അവധിയില് എത്തിയ ഞങ്ങളുടെ തിരക്കുകളൊഴിഞ്ഞപ്പോഴേക്കും തിരിച്ച് പോകേണ്ട ദിവസവും അടുത്തു.എന്റെ ജന്മദിനമായ ഡിസംബര് 29 നു വൈകുന്നേരം ജ്യേഷ്ടന് എനിക്കൊരു സമ്മാനവുമായ് വന്നു.എപ്പോഴും സമ്മാനമായ് എനിക്ക് പുസ്തകങ്ങള് തന്നു എന്റെ അക്ഷരസ്നേഹത്തെ ആദരിക്കുന്ന ഒരു വ്യക്തിയാണദ്ദേഹം .കൊട്ടാരത്തില് ശങ്കുണ്ണി എഴുതിയ ഐതിഹ്യമാലയായിരുന്നു ആ സമ്മാനം .അതും ജ്യേഷ്ടന്റെ പുസ്തകശേഖരത്തില് നിന്നു.ഇത്തിരി പഴക്കം വന്ന ആ പുസ്തകം തന്നെന്റെ നെറുകയില് ഉമ്മ വെച്ചനുഗ്രഹിച്ച നേരത്താണു ഒരുള് വിളി പോലെ ഞാനെന്റെ ആഗ്രഹം പറഞ്ഞത്.എനിക്ക് ഷീബയെ കാണണം .എന്റെ അടുത്ത് നില്ക്കുന്ന ഭര്ത്താവും അതിനെ ഏറ്റ് പിടിച്ചു.ശരിയാണു കുറേ നാളായുള്ള ഇവളുടെ ആഗ്രഹമാണിത്.നമുക്കൊന്നവിടം വരെ പോയാലോ.ഇതു കേട്ട ജ്യേഷ്ടന് അവരെ ഫോണില് വിളിച്ച് എനിക്ക് തന്നു.ജ്യേഷ്ടന്റെ ഫോണില് നിന്നായത് കൊണ്ട് ഹലോ പറഞ്ഞ് യാഹ്യ എന്നു വിളിച്ചപ്പോള് ഞാന് എന്റെ പേരു പറഞ്ഞതും അവര്ക്കെന്നെ മനസ്സിലായി.പിന്നെ നിഷ്കളങ്കമായ ആ ചിരിയിലൂടെ സുഖാന്വേഷണങ്ങള് .തുടര്ന്നുള്ള സംസാരത്തിനിടയില് മാധ്യമത്തില് വന്ന ഫീച്ചറിനെകുറിച്ചും എന്റെ ഹൃദയത്തില് കുടിയേറിയ അഞ്ചിതള് പൂവിന്റെ പ്രണയത്തെ കുറിച്ചും പറഞ്ഞു.ഇന്ത്യയൊട്ടുക്കും ആദരിക്കുന്ന ആ മഹദ് വ്യക്തിത്വത്തിനൊപ്പം ഒരു ദിവസം ചിലവിടാനയത് മഹാഭാഗ്യമെന്ന് പറഞ്ഞ് ഞാന് അഭിനന്ദനമറിയിച്ചപ്പോള് ഷീബയെന്നോട് പറഞ്ഞു ,സാജിദാക്ക് ഞാനൊരവസരം കൂടി തരാം അഭിനന്ദനം പറയാന് .ഇപ്പൊ കിട്ടിയ വാര്ത്തയാണു,എന്നെ വനിത വുമണ് ഓഫ് ദി ഇയര് ആയി തിരഞ്ഞെടുത്തിരിക്കുന്നു.ഇതു കേട്ട എന്റെ സന്തോഷത്തിനതിരില്ലാതായ്.അവരപ്പോള് മാത്രം ശ്രവിച്ച ഒരു വാര്ത്തയ്ക്കൊപ്പം എനിക്കും പങ്കാളിയാവേണ്ടി വന്നതില് .ഞാനെന്റെ അഭിനന്ദനം അറിയിച്ചതിനു ശേഷം നാളെ തൃശ്ശൂര് പടിഞ്ഞാറെ കോട്ടയിലെ ഷീബയുടെ ഓഫീസില് വന്നു കാണാമെന്ന് പറഞ്ഞു ശുഭരാത്രി ആശംസിച്ച് ഫോണ് വെച്ചു .

അന്നേ ദിവസം തൃശ്ശൂര് കൌസ്തുഭത്തില് ഞങ്ങള്ക്കൊരു വിവാഹവിരുന്നുള്ളത് കൊണ്ട് അതില് പങ്കെടുത്ത ശേഷം ഷീബയെ വിളിച്ചു.അപ്പോഴാണു അവര് പറയുന്നത് ഇന്നത്തെ ദിവസം ഒരു വല്ലാത്ത തിരക്കും വിഷമവും പിടിച്ച ഒന്നായിരുന്നു.മോള് നിലൂഫക്ക് ചെറിയൊരു ചെസ്റ്റ് ഇന്ഫെക്ഷന് അത് കൊണ്ട് ഞാനിന്നു ഓഫീസിലും പോയില്ല എന്നും സാജിദ എന്റെ വീട്ടിലേക്ക് വരൂ എന്നും .ഇതു കേട്ടപ്പോള് നേരിയൊരു നിരാശയെന്നിക്ക് തോന്നി .എനിക്കാണെങ്കില് ഷീബയെ കാണണമെന്നുമുണ്ട്..എന്റെ ഉമ്മയുടെ തറവാടായ കൂട്ടുങ്ങല് പോകാനുമുണ്ട്..ഒളരിയിലുള്ള ഷീബയുടെ വീട്ടില് കയറി അവരെ കണ്ടതിനു ശേഷം ചാവക്കാട് പോവാന് എളുപ്പമായിരിക്കുമെന്നോര്ത്തപ്പോള് മനസ്സില് ഷീബയെ കാണാനുള്ള പ്രതീക്ഷക്ക് ജീവന് വീണു.

വീട്ടിലേക്കുള്ള വഴി ചോദിച്ച് വിളിച്ചപ്പോള് മുതല് ഞാനൊരു തരം ഉന്മാദത്തിലായിരുന്നു..ഉച്ചക്ക് രണ്ടര മണിയോടെ “ചിപ്പി”യിലേക്ക് കയറിചെല്ലുമ്പോള് അതിനുള്ളിലെ മുത്തിനു പത്തരമാറ്റ് തിളക്കമാണെന്നത് അവിടെ ചിലവഴിച്ച നിമിഷങ്ങളിലാണു എനിക്ക് മനസ്സിലാക്കാനായത്.സ്വതസിദ്ധമായ ആ നിഷ്കളങ്ക ചിരിയോടെ ഞങ്ങളെ അകത്തെക്കാനയിക്കുമ്പോള് എനിക്കവരുടെ ലാളിത്യത്തിനു മുന്നില് ശിരസ്സ് നമിക്കേണ്ടി വന്നു.അവര്ക്കന്നു എ ഐ ആറില് (ആള് ഇന്ത്യ റേഡിയോ)ഒരു പരിപാടിയില് പങ്കെടുക്കാനുള്ളതിനാല് അതിനുള്ള തയ്യറെടുപ്പ് ചെയ്തു കൊണ്ടിരിക്കയായിരുന്നു.എന്റെ കയ്യില് പിടിച്ച് മുഖത്തേക്ക് സൂക്ഷിച്ച് നോക്കി കൊണ്ട് പറഞ്ഞു ഞാന് സാജിദയെ ഇതിനു മുന്പ് കണ്ടിട്ടുണ്ട് എന്നു.എനിക്കും അങ്ങനെ തോന്നിയിരുന്നു.ഒരു പക്ഷെ ഒരു മുജ്ജന്മ സൌഭാഗ്യം പോലെയായിരിക്കാം ആ തോന്നല് ..

 Page:1, 2, 3    

സാജിദാ അബ്ദുറഹ്മാന്‍ - Tags: Thanal Online, web magazine dedicated for poetry and literature സാജിദാ അബ്ദുറഹ്മാന്‍ , നമുക്ക് മുന്നേ നടന്നു പോയ ഷീബ അമീര്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക