ഓഷ്വിറ്റ്സ്

ഹരിശങ്കര്‍ കര്‍ത്താ

ഒരു ദിനം, രാവിലെ
അവര്‍ വന്നു
പുഞ്ചിരിയോടെ.

തികഞ്ഞ മാന്യതയോടെ
എന്നെ വിളിച്ചുണര്‍ത്തി

കുളിപ്പിച്ച് കുറിയിടീച്ച്
കീശയിലേക്ക് പേഴ്സും തിരികിത്തന്ന്
കാറില്‍  കയറ്റി.

വഴിയോരങ്ങള്‍
പട്ടാളക്കാരുടെ കവിളുകള്‍ പോലെ
മിനുസമായിരുന്നു.

അധികസമയം എടുത്തില്ല
ആഷ് വിറ്റ്‌സില്‍ എത്തിച്ചേര്‍ന്നു

ആഡംബരങ്ങളിലൂടെ കണ്ണുകളിഴയുന്നു.
ഞാന്‍  നിഗൂഡമായ
ആ മധുശാലയിലെത്തിചേര്‍ന്നിരിക്കുന്നു
..

കാവല്‍ക്കാരന്മാര്‍
 മന്ദഹാസത്തോടെ കുമ്പിട്ടൂ.
കുഞ്ഞുടുപ്പുകളിട്ട് പരിചാരികമാരും കുമ്പിട്ടൂ.

മങ്ങിയെരിയുന്ന വിളക്കുകള്‍.
ആടിയുലയുന്ന നിഴലുകള്‍.
അര്‍ത്ഥരഹിതമായ നെടുവീര്‍പ്പുകള്‍
പ്രണയരഹിതമാ‍യ ചുംബനങ്ങള്‍.

ജലരഹിതമായ ലഹരി,
ജലരഹിതമായ ലഹരി.

ഒടുവില്‍ രാത്രിയുടെ ഉച്ചസ്ഥായിയില്‍

അജ്ഞാതമായ യന്ത്രസംവിധാനങ്ങള്‍
തികഞ്ഞ സ്വാഭവികതയോടെ
എല്ലാവരെയും പുറത്താക്കിയപ്പോള്‍,
സ്വന്തംഛര്‍ദ്ദിയിലേക്ക്‌
 കൂപ്പ്കുത്തിയ
ഒരു ശബ്ദം ഇങ്ങനെയെന്തോ പറഞ്ഞു,
“ഒടുവില്‍  അവര്‍…എന്നെയും തേടി വന്നു….
എന്നെയും തേടി വന്നു…
ഇപ്പോഴെനിക്ക് വേണ്ടി ശബ്ദിക്കാന്‍
ഞാനുണ്ട്…ഉം…ഞാന്‍
…ഉണ്ട്…”

അപ്പോള്‍
 അബോധമായൊരു
ബോധത്താല്‍
ഒരുപാട് നിഴലുകള്‍
 ഒരെ സമയം
പൊട്ടിച്ചിരിച്ചൂ.

സ്വസ്തി.

    

ഹരിശങ്കര്‍ കര്‍ത്താ - Tags: Thanal Online, web magazine dedicated for poetry and literature ഹരിശങ്കര്‍ കര്‍ത്താ, ഓഷ്വിറ്റ്സ്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക