കടല്‍ ശാന്തമാകുന്നു

മേരിലില്ലി

അലയടങ്ങാത്ത
ഏതു കടലും ശാന്തമാകും
എന്‍റെ വിരല്‍ തൊടുമ്പോള്‍.

അലയാഴിയുടെ ആഴങ്ങളും
ചുഴികളും ഭ്രാന്തുപോലെ
ആഞ്ഞടിക്കുന്ന തിരമാലകളും
ഏറ്റുവാങ്ങിയത്‌
എന്‍റെ ഹൃദയമാണ്.

ജ്വലിക്കുന്ന സൂര്യന്‍
രാവുറങ്ങുന്നത്
എന്‍റെ ചിന്തകളിലാണ്.
ചിപ്പിയിലൊളിച്ച മുത്തെന്‍റെ
മോഹങ്ങളായിരുന്നു.

മിഴിയടയ്ക്കാത്ത ജന്മങ്ങള്‍
തപസ്യയാക്കിയതെല്ലാം
തളരാത്ത
എന്‍റെ സിരകളായിരുന്നു.

പക്ഷേ, ഇറുകെപ്പുണര്‍ന്നു
നിശ്വസനങ്ങളെടുക്കാന്‍ വന്ന
നീരാളി നീയായിരുന്നു.
എന്നിട്ടും നിന്നെ ചുമന്നത്
ഞാനീ നെഞ്ചിലാണ്.

അതിനാല്‍ ഏതു സാഗരവും
സൗമ്യയാകും ഞാനൊന്നു
വിരല്‍ത്തുമ്പാല്‍ സ്പര്‍ശിക്കുമ്പോള്‍.


ഇറുകെപ്പുണര്‍ന്നു നിശ്വസനങ്ങളെടുക്കാന്‍ വന്ന നീരാളി നീയായിരുന്നു.
എന്നിട്ടും നിന്നെ ചുമന്നത് ഞാനീ നെഞ്ചിലാണ്.

കവിയുടെ അംഗീകാരമോ സമ്മതമോ വാങ്ങാതെ ഈ ലോകമാതൃദിനകവിത എഡിറ്ററുടെ ഇഷ്ടം പംക്തിയില്‍ ചേര്‍ക്കുന്നു.

    

മേരിലില്ലി - Tags: Thanal Online, web magazine dedicated for poetry and literature മേരിലില്ലി, കടല്‍ ശാന്തമാകുന്നു
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക