എം.എഫ് . ഹുസൈന്‍ കടന്നു പോയ പാതയില്‍ ഇത്തിരി നേരം

എം. കെ. ഖരീം

എം.എഫ് ഹുസൈന്‍ കടന്നു പോയി... എവിടേക്ക്? നമുക്കതിനു കൃത്യമായി ഉത്തരമില്ല. പോയവര്‍ മടങ്ങി വന്നിട്ടില്ല. ഉടലാണ് മടങ്ങുക എന്ന് ചൊല്ലി കലാകാരന് മടക്കമില്ല എന്ന് പറയട്ടെ. കലാകാരന്‍ ഇട്ടേച്ചു പോയ കലക്ക് മരണം ഇല്ലാത്തിടത്തോളം കലാകാരന്‍ മരിക്കുന്നില്ല. കല അങ്ങനെയാണ് മരണത്തെ മറികടക്കുന്നത്...
എങ്കിലും എം.എഫ് ഹുസൈന്‍ എന്ന വ്യക്തിയെയോ കലാകാരനെയോ നാം കൊല്ലാന്‍ ശ്രമിചിട്ടില്ലേ... മരണം ഒരു പറിച്ചു നടല്‍ എന്ന നിലയില്‍ നോക്കുമ്പോള്‍ സ്വന്തം രാജ്യം വിടേണ്ടി വന്നത് മരണം തന്നെയാണ്. പക്ഷെ കലാകാരന്‍ എന്ന നിലയിലെ ഏതെല്ലാം തുരുത്തുകളിലേക്ക് പോകട്ടെ അവനു മരിക്കാനാവില്ല. അവിടെ മരണം ഉറപ്പിക്കെണ്ടതുണ്ട്, അതുകൊണ്ട് അവിടെ മരിക്കുന്നത് ആട്ടിയോടിച്ചവര്‍ തന്നെ.
വേട്ടക്കാരന്‍ മരിക്കുകയും ഇര രക്ഷപ്പെടുകയും ചെയ്യുന്ന ഒരവസ്ഥയാണ് കലാകാരന്‍ എന്ന നിലയില്‍ എം.എഫ് ഹുസ്സയിന്‍ നമ്മെ പഠിപ്പിക്കുന്നത്‌.
വര്‍ഗീയതയും ഭീകരതയും ഭാരതീയമല്ല. അത് ഇറക്കുമതിയാണ്. ഇന്ത്യയെ രണ്ടായി വെട്ടി മുറിച്ച ഇടങ്ങളില്‍ ഒഴുകിയ ചോര അത് ശരിവയ്ക്കുന്നുണ്ട്. സാമ്രാജ്യത്വ ക്രൂരതയെ കുറിച്ച് പാടി അലയുന്ന കബന്ധങ്ങളും. പക്ഷെ നാം അത് കേള്‍ക്കുന്നില്ല. സാമ്രാജ്യത്വ ഉച്ചിഷ്ടം ഭക്ഷിച്ചു ഹൃദയം അടഞ്ഞു പോയ നമുക്ക് നേരിന്റെ പാത തെളിഞ്ഞു കിട്ടുന്നില്ല. നാം ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്ക് നടന്നു പോകുന്നു.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലാണ്  എം.എഫ് ഹുസ്സയിന്റെ ചില ചിത്രങ്ങള്‍ ഹിന്ദു ദേവതകളെ നഗനരായി ചിത്രീകരിച്ചെന്ന വിവാദങ്ങള്‍ ഉണ്ടാകുന്നത്. ആ ചിത്രങ്ങള്‍ രചിക്കപ്പെട്ടത്‌ ആയിരത്തി തൊള്ളായിരത്തി എഴുപതിലും. ഇരുപതു വര്‍ഷത്തിലേറെ ആരുടേയും ഹൃദയത്തെ മുറിപ്പെടുത്താതെ ആ ചിത്രങ്ങള്‍ നമ്മുടെ കൂടെ കഴിഞ്ഞു പോന്നു.  ബാബറി മസ്ജിദ് അയോധ്യയുടെ പരിസരത്തു നിന്നും ആ ചിത്രങ്ങളിലേക്ക്‌ നോക്കുമ്പോള്‍ ചിലത് പിടി കിട്ടുന്നുണ്ട്‌. തൊണ്ണൂറ്റി രണ്ടിലെ കലാപം സാമ്രാജ്യത്വ കെണിയായി കരുതുന്ന എത്രപേരുണ്ട്? ഹിന്ദുക്കള്‍ക്കോ  മുസ്ലീങ്ങള്‍ക്കോ  ആവശ്യമാല്ലാതിരുന്ന സ്ഥലം ലോക ശ്രദ്ധയില്‍ കൊണ്ടുവന്നത് ഇവിടത്തെ ഹിന്ദുക്കളോ മുസ്ലീങ്ങളോ അല്ലെന്നോര്‍ക്കുക. കേവലം അദ്ധ്വാനിമാരോ നരേന്ദ്ര മോഡിമാരോ മദനിമാരോ മറ്റു ഏതൊരു അതി ഹൈന്ദവരോ  ഇസ്ലാമിക തീവ്ര വാദികളോ  അല്ല ഹിന്ദുവിനെയോ ഇസ്ലാമിനെയോ പ്രതിനിധീകരിക്കുന്നത് എന്ന് എന്തേ നാം ഓര്‍ക്കാതെ പോയി..
ഇരുപതിലേറെ വര്‍ഷം നഗ്നമോ ദേവതകളെ മോശമായി ചിത്രീകരിക്കലോ അല്ലാതിരുന്ന ചിത്രങ്ങള്‍ പെട്ടെന്ന് മോശമായി അടയാളപ്പെടുത്തുന്നതിലേക്ക് നയിച്ച ഘടകങ്ങള്‍ നവ കോളനി വല്‍ക്കരണത്തിന്റെ ഭാഗമായി ഇന്ത്യയില്‍ അശാന്തി വിതക്കാന്‍ സാമ്രാജ്യത്വം ഒരുക്കിയ കെണിയാണ്‌. നാം അതില്‍ എളുപ്പം വീണു.
എം എഫ് ഹുസയിനെ  പേര് കൊണ്ട് മുസ്ലീം എന്ന് അടയാളപ്പെടുത്തുന്നു. എന്നാല്‍ ആ മഹാ കലാകാരന് മതമോ ജാതിയോ ഉണ്ടോ? ഒരു കലാകാരന് അങ്ങനെ ഉണ്ടാവണമെന്നുണ്ടോ? ജാതി മതങ്ങള്‍ ഈശ്വര വിശ്വാസം എന്നത് പുതിയ കാലത്ത് മനുഷ്യന് സ്വാതന്ത്ര്യത്തിന്റെ ജാലകം തുറന്നിടുന്നില്ല.  അത് ഒരുതരം അടിമത്വത്തില്‍ തളച്ചിടുന്നു. ഒരു കലാകാരന് അടിമയായി ഇരിക്കാന്‍ ആവില്ല. അവന്‍ ചട്ടകൂടുകള്‍ തകര്‍ക്കുന്ന പക്ഷിയാണ്. പക്ഷി അതിന്റെ സഞ്ചാര പാതയില്‍ ചിറകു കൊണ്ട് വരക്കുന ഭാഷയാണ്‌ ചിത്രകാരന്‍ ബ്രഷ് നിറത്തില്‍ മുക്കി ക്യാന്‍വാസില്‍ വയ്ക്കുന്നത്. പരമമായ സ്വാതന്ത്ര്യത്തില്‍ ആകുന്ന ഒരാള്‍ക്കേ സ്വാന്ത്ര്യം നല്‍കാന്‍ ആവൂ.
എം.എഫ് ഹുസ്സയിന്‍ തന്റെ ഊര്‍ജമാണ് ക്യാന്‍വാസ്സില്‍ പകര്‍ത്തിയത്. അവിടെ സരസ്വതിയെ ധ്യാനിക്കുകയാണ്. ആ ധ്യാനത്തിലൂടെ വെളിപ്പെട്ട സരസ്വതിയെ അതില്‍ പകര്‍ത്തി എന്ന് മാത്രം. അവിടെ ബ്രഷ് പുതിയൊരു ഭാഷാ നിര്‍മിതിയിലാണ്. പ്രണയത്തിന്റെ .. മഹത്തായ പ്രണയം നഗ്നമാണ്‌. അവിടെ നഗ്നത കാമമല്ല.
സരസ്വതി ദേവി ഹിന്ദുവിന്റെ കുത്തകയല്ല. സരസ്വതി ദേവി  കലാ സാഹിത്യകാരുടെ ദേവിയാണ്. പ്രണയിനിയാണ്. ആ നിലയില്‍ ലോകത്തുള്ള ഓരോ കലാ സാഹിത്യകാരുടെയുമാണ് സരസ്വതി ദേവി...
ഹുസൈന്‍ പോയിട്ടില്ല. എന്നാല്‍  ഹുസയിനെ എതിര്‍ത്തവരുടെ ഉള്ളില്‍ സരസ്വതി ദേവിയില്ല... ദേവി ഇരിക്കുക ഏറ്റവും സ്വതന്ത്രമായ ഇടങ്ങളിലാണ്. അത് കലാ സാഹിത്യകാര്‍ക്ക് അവകാശപ്പെട്ടതും...

    

എം. കെ. ഖരീം - Tags: Thanal Online, web magazine dedicated for poetry and literature എം. കെ. ഖരീം, എം.എഫ് . ഹുസൈന്‍ കടന്നു പോയ പാതയില്‍ ഇത്തിരി നേരം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക