വസ്തുനിഷ്ഠതയാണ് ഗ്രന്ഥത്തിന്റെ സൗന്ദര്യം

സി. പി. അബൂബക്കര്‍

കവിതയും കാവ്യാത്മകമായ രചനകളുമാണ് സാധാരണഗതിയില്‍ എനിക്ക് വായനയില്‍ ആനന്ദം തരുന്നത്. ജീവചരിത്രമാണെങ്കില്‍ ലെയ്ന്‍ പൂളോ അതുപോലുള്ള ആരെങ്കിലുമോ എഴുതുന്ന കൃതികള്‍, ആത്മകഥയാണെങ്കില്‍ റസ്സലോ ജവഹര്‍ലാലോ എ. കെ. ജി. യോ എഴുതിയവ. ഇവയില്‍ ഏത് സംവര്‍ഗ്ഗത്തില്‍ പെട്ടതായാലും കെ. വി. കുഞ്ഞിരാമന്‍ രചിച്ച് കേരളസാഹിത്യ അക്കാദമി പ്രസിദ്ധം ചെയ്തിരിക്കുന്ന കേളപ്പജി എന്ന ജീവചരിത്രകൃതി എനിക്ക് വളരെ ഇഷ്ടമായി. ഇത്, അല്പമൊരു വൈരുദ്ധ്യമുള്ള ഒരുപ്രസ്താവമല്ലേയെന്ന് ഞാന്‍ തന്നെ സംശയിച്ചുപോയി, ഒരുനിമിഷം. കാരണം, ഔപചാരികമായ അര്‍ത്ഥത്തില്‍ കാവ്യാത്മകമല്ല കെ. വി. യുടെ ഈ രചന. 

കാവ്യാത്മകത, കവിത എന്നിങ്ങനെ ചിലസംജ്ഞകള്‍ കേവലമായ ചില ചിലചട്ടക്കൂടുകളില്‍ പെട്ടുപോയിരിക്കുന്നുവെന്നതാണിതിന് കാരണം. ഇത് സൂചിപ്പുിച്ചുകൊണ്ട് ആമുഖ പഠനത്തില്‍ എം. ആര്‍. രാഘവവാരിയര്‍ എഴുതുന്നു:
'ഈ പുസ്തകത്തിലെ ഭാഷയെകുറിച്ചുകൂടി ലഘുവായൊന്ന് സൂചിപ്പിക്കേണ്ടത് ഇക്കാലസ്ഥിതിക്ക്ഒഴിച്ചുകൂടാനാവാത്തതാണെന്ന് തോന്നുന്നു. യാതൊരുനാട്യവുമില്ലാതെ നേര്‍ക്കുനേരെ കാര്യം പറയുന്ന രീതിയാണ് ഈ ഗ്രന്ഥത്തിലുടനീളം. ആഖ്യാനത്തെ 'സാഹിത്യ'മാക്കാനുള്ള കമ്പം എവിടെയുമില്ല. വികാരസ്പര്‍ശം വേണ്ടെടത്ത് അതുണ്ട് താനും. പറയാനുള്ളത് മുഴുവന്‍ വെളിപ്പെടുത്താനുള്ള പദാവലികളും പ്രയോഗഭംഗികളും ഗ്രന്ഥകാരന് കൈമുതലായുണ്ട്. ഏകസ്വരതകൊണ്ട് ചെടിപ്പുളവാക്കുന്ന പത്രഭാഷയില്‍നിന്ന് വിട്ടുനില്ക്കാനുള്ളത്രാണിയുംഅദ്ദേഹത്തിനു വശമാണ്. ചുരുക്കത്തില്‍ വായനക്കാരന്റെ മുഖത്തുരസുന്ന രചനാധാര്‍ഷ്ഠ്യം ഒട്ടുമില്ലാതെ, മലയാളഭാഷയും അതിന്റെ ആഖ്യാനവും സിദ്ധികൂടിക്കഴിഞ്ഞിട്ടില്ലെന്ന ആശ്വാസം പകരുന്നതാണ് ഈ കൃതിയിലെ ഭാഷ'. 
ഇതഒരുജീവചരിത്രഗ്രന്ഥത്തിന് ലഭിക്കാവുന്ന നല്ലൊരു സാക്ഷ്യപത്രമാണ്. പലകൃതികളും വായനായോഗ്യമല്ലാതായിപ്പോവുന്നത്, അത് സാഹിത്യമാക്കാനുള്ളവൃഥായത്‌നം മൂലമാണ്. സാഹിത്യത്തെയും ജീവിതത്തെയും പറ്റി അറിവില്ലാത്തവര്‍ക്ക് പറ്റിപ്പോവുന്ന അബദ്ധമാണത്. എന്നാല്‍ കെ. വി. കുഞ്ഞിരാമന് സാഹിത്യമെന്തെന്നറിയാം, ഭാഷയെന്തെന്നറിയ.ാം, ജീവിതമെന്തെന്നറിയാം. പത്രഭാഷയെന്തെന്നറിയാവുന്നതുകൊണ്ട്,  എന്തല്ല പത്രഭാഷയെന്നുമറിയാം. ഈയറിവ് കേളപ്പജിയുടെ ജീവചരിത്രത്തെ ഒട്ടൊന്നുമല്ല അനുഗ്രഹിച്ചിരിക്കുന്നത്. 
കെ. കേളപ്പന്‍ കേരളത്തി്‌ന്റെ അപൂര്‍വ്വമായ  ഒരുലബ്ധിയാണെന്നറിയാത്തവരാരുമില്ല. കേരളഗാന്ധിയെന്ന വിളിപ്പേരില്‍ അദ്ദേഹം കേരളത്തിനും ഇന്ത്യയ്ക്കും അഭിമാനമായ്ത്തീര്‍ന്നു.  ഗാന്ധിജി ഇന്ത്യന്‍ പതിതന്റെ വിമോചകനും രക്ഷിതാവുമായിത്തീര്‍ന്നപോലെ കേളപ്പന്‍ പാക്കനാര്‍പുരം കേന്ദ്രമായി പതിതജനവിഭാഗങ്ങളുടെ വിമോചകനും രക്ഷിതാവുമായി വര്‍ത്തിച്ചു. പാരതന്ത്ര്യം വിധികല്പിതമാണെന്ന വിഷാദഭൂമിയിലല്ല അദ്ദേഹത്തിലെ വിമോചകന്‍ പ്രവര്‍ത്തിച്ചത്. മനുഷ്യകൃതമായ ജാതിപാരതന്ത്ര്യം സഹസ്രാബ്ദങ്ങളായി ഇന്ത്യയെ വരിഞ്ഞുമുറുക്കുകയായിരുന്നു. ഇന്ത്യന്‍ സംസ്‌കൃതിയുടെ മഹാപ്രവാഹം അതിന്റെ മനോജ്ഞമായ ലബ്ധികളോടെ പരിഷ്‌കൃതലോകത്തോട് എക്കാലത്തും കിടപിടിച്ചുനില്‌ക്കെ തന്നെ അത്രയും കാലം ജാതിയുടെ പേരിലുള്ള അസമത്വവും പീഡനവും ഇന്ത്യന്‍ സംസ്‌കൃതിയുടെ മഹാരോഗമായിനിലനിന്നു. അതിനെതിരെ ചരിത്രത്തിലുടനീളം നടന്ന മഹാസമരങ്ങളുടെ പരമോന്നതിയായിരുന്നു ഗാന്ധിയന്‍ വിപ്ലവം. ആ വിപ്ലവത്തിന്റെ കേരളനായകനായിരുന്നു, കേളപ്പന്‍. നവോത്ഥാനമൂല്യങ്ങളുടെ പ്രയോഗവത്കരണമാണ് ഈ കര്‍മ്മത്തിലൂടെ കേളപ്പന്‍ നിര്‍വ്വഹിച്ചത്. അതിന് രാഷ്ട്രീയമില്ലാതെ സാധ്യമല്ലെന്ന് ഗാന്ധിജിയെ പോലെ കേളപ്പനും മനസ്സിലാക്കി. അരാഷ്ട്രീയ ലോകസോഷ്യല്‍ ഫോറം ലോകമുതലാളിത്തകുതന്ത്രങ്ങള്‍ക്ക് മുമ്പില്‍ പരാജയപ്പെടുന്നതുപോലെ അരാഷ്ട്രീജാതിവിമോചനപ്രസ്ഥാനവും പരാജയപ്പെട്ടുപോവുമായിരുന്നു. ഇന്നും അരാഷ്ട്രീയമായി സംഘടിപ്പിക്കപ്പെട്ട ജാതിപ്രസ്ഥാനങ്ങള്‍ രാജനീതിയേയും രാജ്യനീതിയേയും വെല്ലുവിളിക്കുകയും അവയോട് ആജ്ഞാപനങ്ങള്‍ നടത്തുകയുമാണ് ചെയ്യുന്നത്. ഇതറിയുന്ന രാഷ്ട്രീയനായകനായിരുന്നു ഗാന്ധിജി. ഒരുപക്ഷേ ഇന്ത്യയറിഞ്ഞ ഏറ്റവും തന്ത്രശാലിയായ രാഷ്ട്രീയനായകന്‍. രാഷ്ട്രീയം മഹാപാപമെന്ന് കരുതുന്ന ഇക്കാലത്ത് ഗാന്ധിജിയെ മനസ്സിലാക്കുന്നവര്‍ അദ്ദേഹത്തിന്റെ മുദ്രാവാക്യങ്ങളുടെ പ്രസക്തി അറിയണം. അന്ത്യോദയത്തിന്റെ മഹാതത്ത്വമാണ് ഗാന്ധി പ്രചരിപ്പിച്ചത്. ആ മുദ്രാവാക്യമാണ് കേളപ്പന്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചത്. 
കേവലമായ ഒരുമുദ്രാവാക്യമായി അന്ത്യോദയമെന്ന ലക്ഷ്യത്തെ പരമിതപ്പെടുത്തിയിരുന്നില്ല, ഗാന്ധിജി. രാജ്യത്തിന്റെ പൊതുസ്ഥിതിയുമായി സമരസപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം തന്റെ മാനിഫെസ്റ്റോകള്‍ തയ്യാറാക്കിയിരുന്നത്,  തന്റെ തന്ത്രവും അടവുകളും  ആവിഷ്‌കരിച്ചിരുന്നത്. ബ്രിട്ടീഷാധിപത്യമെന്ന ബൃഹത് സമസ്യയുടെ നിര്‍ദ്ധാരണം ഫലപ്രദമായി നടക്കണമെങ്കില്‍ ജാതിഹിംസയെന്ന ആന്തരികസമസ്യകൂടി നിര്‍ദ്ധാരണം ചെയ്യണമെന്ന് ഗാന്ധിജി കരുതി. നിസ്സഹകരണവും സിവില്‍ നിയമലംഘനവും പിന്നീട് ഉപ്പ് സത്യാഗ്രഹവും( ലവണ സത്യാഗ്രഹം എന്ന് ആരും ഇതിനുപറയാത്തതെന്താണെന്ന് ഞാനാലോചിച്ചിട്ടുണ്ട്. സ്ഥാനത്തുമസ്ഥാനത്തും സംസ്‌കൃതമുപയോഗിക്കുന്ന നമ്മുടെ എഴുത്തുകാര്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ലാവണ്യമിയന്ന സമരത്തിന് ആ അര്‍ത്ഥം സൂചിപ്പിക്കുന്ന പേരൊന്നുപയോഗിക്കാന്‍തോന്നാത്തതെന്ത്? ഫ്രോബിഷറിന്റേയും ഫിഷറിന്റേയും വിവരണങ്ങളിലൂടെ ഈ സമരത്തിന്റെ സൗന്ദര്യം നമുക്കറിയാനാവും. ) എല്ലാം ഈ തരത്തിലുള്ളസമരങ്ങളായിരുന്നു. അതുകൊണ്ടാണ് കേളപ്പന്റെ നേതൃത്വത്തിലുള്ള പയ്യന്നൂര്‍സമരം വളരെ പ്രസക്തമായിത്തീരുന്നത്. ഉപ്പുസത്യാഗ്രഹത്തെ ദരിദ്രന്റെ സമരം എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. ജാതി അവസാനിപ്പിച്ചുകൊണ്ടേ രാഷ്ട്രീയമോചനം സാധ്യമാവൂ എന്ന് പറഞ്ഞവരിന്ന് ജാതികളെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? ജാതിവിരുദ്ധസമരം സൂക്ഷ്മതലത്തിലും സാമ്രാജ്യവിരുദ്ധസമരം സ്ഥൂലതലത്തിലും നടക്കേണ്ടതാണെന്ന് ഗാന്ധിജി നിശ്ചയിച്ചതിനു ഇതാവാം കാരണം. അതനുസരിച്ച് നടന്ന സമരങ്ങളുടെ ശ്രേണികള്‍തന്നെ ഇന്ത്യയിലെമ്പാടുമുണ്ടായിട്ടുണ്ട്. കേരളത്തില്‍ ഗുരുവായൂര്‍ സത്യാഗ്രഹവും വൈക്കം സത്യാഗ്രഹവും സൂക്ഷ്മതലത്തിലെ  ഈ സമരങ്ങള്‍ക്കുദാഹരണങ്ങളാണ്. ഈ സമന്വയം ഇന്നും അറിയാത്തവര്‍ക്കൊരുപാഠപുസ്തകമാണ് കേളപ്പജിയെക്കുറിച്ചുള്ള കെ. വി. കുഞ്ഞിരാമന്റെ പുസ്തകം. 
 
ഈ പുസ്തകത്തിന്റെ ഒരുപ്രധാനസവിശേഷത അത് സ്മര്യപുരുഷന്റെ ജീവിതകഥയെ സമൂഹകഥയുമായി വിളക്കിച്ചേര്‍ത്തിരിക്കുന്നുവെന്നതാണ്. ക്ലേശകരമായ സാഹചര്യങ്ങളിലാണ് പിതാവ് കേളപ്പനെ വിദ്യാഭ്യാസം ചെയ്യിച്ചത്. പലേടത്തും അദ്ദേഹം ജോലിചെയ്തു. അദ്ധ്യാപനം അദ്ദേഹത്തിനേറെ ഇഷ്ടമായ തൊഴിലായിരുന്നു.   പക്ഷേ, വിദാശാധിപത്യത്തില്‍ കഴിയുന്ന മാതൃഭൂമിയുടെ മോചനത്തേക്കാള്‍ പ്രധാനമാണ് തൊഴിലെന്ന് കേളപ്പന് തോന്നിയില്ല.  കേളപ്പജിയുടെ  കഥയിലെ ദുരന്തങ്ങള്‍ ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്. നെപ്പോളിയനെ വെല്ലുന്ന നായകപടുത്വം പ്രകടിപ്പിക്കുന്ന കേളപ്പന്‍ വിവാഹത്തിലും ആചാരമര്യാദകളിലുമെല്ലാം തന്റേതായ ചിലവ്യക്തിമുദ്രകള്‍ പതിച്ചു. ആചാരമനുസരിച്ചല്ല യുവപത്‌നിയെ അദ്ദേഹം വിളിച്ചുകൊണ്ടുവന്നത്. ഇരുപത്തഞ്ചാമത്തെ വയസ്സില്‍ ആ സാധ്വി പ്രസവാനന്തരം ചരമമടഞ്ഞു. ദീര്‍ഘകാലം അദ്ദേഹം ഏകാകിയായി കഴിഞ്ഞു. തന്റെ ഏകാകിത വിവരിച്ചുകൊണ്ട് കേളപ്പന്‍ ഒരു സുഹൃത്തിനെഴുതിയ കത്ത് വഴി കേളപ്പന്റെ ദുരന്തം വായനക്കാരനിലേക്ക് സംക്രമിക്കുകയെന്ന തന്ത്രമാണ് കുഞ്ഞിരാമന്‍ ഇവിടെ സ്വീകരിച്ചിരിക്കുന്നത്.  പിന്നീട് മെറ്റില്‍ഡാ എന്ന ക്രൈസ്തവവനിതയോട് പ്രണയം തോന്നിയെങ്കിലും സാഹചര്യങ്ങള്‍ നിമിത്തം അവരൊന്നിക്കുകയുണ്ടായില്ല. 
ഗ്രന്ഥത്തിന്റെ അവസാനഭാഗത്തു കൊടുത്തിരിക്കുന്ന അനുബന്ധളില്‍ നിന്ന് മറ്റുള്ളവരും കേളപ്പജി സ്വയവും തന്നെ പറ്റി എന്തുവിചാരിക്കുന്നുവെന്ന് കാണാം. മറ്റുള്ളവരുടെ വിവരണങ്ങളില്‍ പ്രശംസയോ വിമര്‍ശമോ ആണ് കാണുക. തന്നെ പറ്റി കേളപ്പജി പറയുന്നു:
“ ഇന്ന് എന്റെ കഴിഞ്ഞ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍എനിക്ക് വ്യസനിക്കേണ്ട യാതൊന്നുമില്ല. ഈശ്വരന്‍ തന്ന കഴിവുകള്‍ തന്റെ അയല്‍ പക്കത്തുള്ളവരുടെ നന്മയ്ക്കുവേണ്ടി  ഉപയോഗപ്പെടുത്തിയ ഒരുവന്റെ ശാന്തമായ തൃപ്തിയാണെനിക്കുള്ളത്. അതു കൂടുതല്‍ നന്നാവാമായിരുന്നുവെന്നത് നേരു തന്നെ; പക്ഷേ, അത് കൂടുതല്‍ ചീത്തയാവാമായിരുന്നു എന്നും പറയാമല്ലോ”. തന്റെ എഴുപത്തെട്ടാമത്തെ വയസ്സില്‍ കേളപ്പനെഴുതിയതാണിത്. അയല്‍ പക്കുള്ളവരുടെ നന്മയ്ക്ക് വേണ്ടി ഉഴിഞ്ഞുവയ്ക്കലാണ് രാഷ്ട്രീയം എന്ന സങ്കല്പം ഇന്ന് എത്രപേര്‍ക്ക് പഥ്യമാവും? കോടികള്‍ കവര്‍ന്നെടുക്കുന്നവരുടെ സംഗമവേദിയാണിന്ന് രാഷ്ട്രീയം എന്നു പറയേണ്ടിവന്നിരിക്കുന്നു.
കൂടുതല്‍ വിസ്തരിച്ച് പുസ്തകം വായനക്കാരില്‍ നിന്ന് കവര്‍ന്നെടുക്കാന്‍ ഈ കുറിപ്പിലാഗ്രഹിക്കുന്നില്ല. നവകേരളശില്പികളില്‍  ഒരാളായ കേളപ്പജിയുടെ ജീവചരിത്രം അദ്ദേഹത്തിന്റെ  ശക്തിദൗര്‍ബ്ബല്യങ്ങളോടെ വസ്തുനിഷ്ഠമായി ഈ ഗ്രന്ഥത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ഈ വസ്തുനിഷ്ഠതയാണ് ഗ്രന്ഥത്തിന്റെ സൗന്ദര്യം. 
കേളപ്പജി
കെ. വി. കുഞ്ഞിരാമന്‍,  കേരളസാഹിത്യ അക്കാദമി
വില- 100 രൂപ
 
 
 
 
 
 
 
    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, വസ്തുനിഷ്ഠതയാണ് ഗ്രന്ഥത്തിന്റെ സൗന്ദര്യം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക