അമ്മയ്‌ക്കൊരുതാരാട്ട്

ബ്ലാഗ ദിമിത്രോവ

സായന്തനങ്ങളില്‍ 
അമ്മയുടെ പുതപ്പുകള്‍ 
കുടഞ്ഞിടുന്നു, ഞാന്‍.
പഴകിയ ചുളിവുകളുണ്ട്, 
ദാനം ചെയ്ത് തളര്‍ന്ന ആ കൈകള്‍
എന്നെ രാത്രിയിലേക്ക് വലിച്ചുകൊണ്ടുപോവുവന്നു. 
 
അര്‍ദ്ധനിദ്രയില്‍, സംസാരിക്കാന്‍ കഴിയാതെ,
ബാലിശമായ നാദതത്തില്‍ 
വളരെ സ്വാഭാവികമെന്ന വണ്ണം
അമ്മ വിളിക്കുന്നു:
'മമ്മീ'
ങ്ആ, ഞാന്‍ അമ്മയ്ക്ക് അമ്മയാവുന്നു.
 
വലിയൊരു നാശം, 
ഭൂമിയുടെ അച്ചുതണ്ട് ദിശ തിരിഞ്ഞുനില്ക്കുന്നു, 
ധ്രുവങ്ങള്‍ തലതിരിയുന്നു
എന്താണ് ഞാന്‍ ചെയ്തുകൊണ്ടിരുന്നത്?
ദാര്‍ശനികചിന്തകള്‍ക്കായി എന്റെ കൈയില്‍ സമയമില്ല. 
 
അമ്മയെ ഞാന്‍ തുടച്ചെടുക്കുന്നു, ഒട്ടും ക്ഷമയില്ലാതെ, 
അമ്മയില്‍ നിന്നാണ് ഞാന്‍ ആ വിദ്യ പഠിച്ചത്
'മമ്മf,  പോവല്ലേ, നിക്ക് ഇരുട്ട് പേടിയാണ്'.
ആരാണമ്മയുടെ മനം നഷ്ടപ്പെടുത്തുന്നത്, 
അമ്മതന്നെയോ അതോ ഈ ഞാനോ?
 
വേദനയും ഭീതിയും കൊണ്ട് കനത്ത്, അലമുറയിട്ട്, 
എന്റെ കൈകളിലേക്ക് എടുക്കാന്‍ അമ്മ കാത്തിരിക്കുന്നു. 
ശൈത്യത്തിന്റെ തൊട്ടിലില്‍ രണ്ടു അനാഥര്‍ 
ആടിക്കൊണ്ടിരിക്കുന്നു.
അതില്‍ ആരാണ് ഞാന്‍?
 
നാളെ എന്നെ നേരത്തെ ഉണര്‍ത്തുക!
എനിക്ക് ഭയമാണ്, ഞാന്‍ അധികം ഉറങ്ങിപ്പോയാലോ?
ദൈവമേ, ദൈവമേ, 
ഞാന്‍ എന്തേലും മറന്നുവോ? 
ആരാണ് വൈകിപ്പോവുക? 
അമ്മയോ ഞാനോ?
 
അമ്മേ, എന്റെ കുഞ്ഞേ, ഉറങ്ങിക്കൊള്ളുക, 
താലോലം .......  
 
 
 
    

ബ്ലാഗ ദിമിത്രോവ - Tags: Thanal Online, web magazine dedicated for poetry and literature ബ്ലാഗ ദിമിത്രോവ, അമ്മയ്‌ക്കൊരുതാരാട്ട്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക