യത്തിംഖാനയില്‍ നിന്ന് രക്ഷപ്പെട്ടകുട്ടി

അസീസ് തരുവാണ

എഴുന്നേല്‍ക്കാനുള്ള ബെല്ലടിച്ചാല്‍ 15 മിനിറ്റുകള്‍ക്കകം പള്ളിയില്‍ നമസ്‌കാരത്തിന് എത്തിച്ചേരണം. പള്ളിയില്‍ എത്തിച്ചേര്‍ന്നാല്‍ സുബ്ഹി ബാങ്കു കൊടുക്കുന്നതു വരെ ദിക്‌റുകള്‍ (സ്തുതിഗീതങ്ങള്‍) ചൊല്ലണം. ഒരാള്‍ ഉച്ചത്തില്‍ ചൊല്ലിത്തരും:
''സുബ്ഹാനല്ലാഹി ഒബിഹംദിഹി

സുബ്ഹാനല്ലാഹില്‍ അളീം

ഒബിഹംദ്ദീഹീ അസ്തഗ്ഫിറുല്ല....''

(അല്ലാഹുവേ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു. നീ പരിശുദ്ധനാണ്, നീ മഹാനാണ്. നിന്നോട് ഞങ്ങള്‍ പൊറുക്കലിനെ തേടുന്നു)


പള്ളിയില്‍ വൈകിയെത്തുന്നവരുടെ പേരുകള്‍ രഹസ്യ ലീഡറുമാര്‍ എഴുതിയെടുക്കും. നമസ്‌കാരം കഴിഞ്ഞാല്‍ നേരെ ക്ലാസ് റൂമിലേക്ക് പോവണം. ആറുമണി വരെ ഖുറാന്‍ പാരായണമാണ്. ചിലര്‍ ക്ലാസ്സിലിരുന്ന് ഉറങ്ങും. (അവരുടെ നമ്പറുകളും എഴുതിയെടുക്കപ്പെടും.) ആറുമണിക്ക് ഭക്ഷണഹാളിലേക്ക് പോയി കട്ടന്‍ ചായ കുടിക്കാം. തുടര്‍ന്ന് കുളി, അലക്കല്‍. 7 എട്ടുമണിയോടെ മദ്രസയില്‍ എത്തണം. ഒമ്പത് മണിക്ക് പ്രാതല്‍. രണ്ടു ദോശയായിരുന്നു അക്കലത്തെ പ്രാതല്‍. നാലു വയസ്സുകാരനും 16 വയസ്സുകാരനും രണ്ടു തന്നെ. ചായ വേണ്ടത്ര കിട്ടും. മുതിര്‍ന്നവര്‍ക്ക് ദോശ മതിയാവില്ല. അവര്‍ രണ്ടിലധികം ഗ്ലാസ് ചായ കുടിക്കും. ഉസ്താദുമാര്‍ക്ക് തൊട്ടടുത്ത് മറ്റൊരു മേശയില്‍ ദോശയും സ്‌പെഷല്‍ കറിയും കാണും. ഉസ്താദുമാര്‍ ഭക്ഷണം കഴിച്ച് എഴുന്നേറ്റാല്‍, അവര്‍ പുറത്ത് എത്തി എന്നു ഉറപ്പാകുന്നതോടെ ഉസ്താദുമാര്‍ ബാക്കി വെച്ച ഭക്ഷണത്തിനായി മുതിര്‍ന്നവര്‍ തിക്കും തിരക്കുമുണ്ടാക്കും. ചില ദിവസങ്ങളില്‍ ഉസ്താദുമാര്‍ എഴുന്നേറ്റയുടനെ അടുക്കളയിലെ ജോലിക്കാര്‍ അവ എടുത്തുകൊണ്ടുപോകും (ഭക്ഷണഹാളില്‍ ശബ്ദമുണ്ടാക്കിയവരുടെ നമ്പറുകള്‍ രേഖപ്പെടുത്തപ്പെടും).

പ്രാതല്‍ കഴിഞ്ഞാല്‍ സ്‌കൂളിലേക്കു പോകാനുള്ള ബെല്ല് മുഴങ്ങും. അതോടെ ഹൈസ്‌കൂളിലേക്ക് പോകേണ്ടവരും യു.പി.സ്‌കൂളിലേക്ക് പോവേണ്ടവരും വലുപ്പചെറുപ്പമനുസരിച്ച് ക്യൂ നില്‍ക്കും. ഞങ്ങള്‍ മയ്യന്നൂര്‍ എം.സി.എം.യു.പി.സ്‌കൂളിലേക്ക് പുറപ്പെടും. വരിവരിയായി നടക്കണം. പരസ്പരം സംസാരം പാടില്ല. ഉച്ചഭക്ഷണം സ്‌കൂളിനടുത്തുള്ള ഒരു വീട്ടിലാണ്. അവിടേക്ക് വരിവരിയായി നടക്കണം. ഭക്ഷണാനന്തരം ടൗണിലുള്ള പള്ളിയിലേക്ക് വരിതെറ്റാതെ പോവണം. വെള്ളമുണ്ടും ഷര്‍ട്ടും വെള്ളതൊപ്പിയുമാണ് യൂണിഫോം. സ്‌കൂളില്‍ ഞങ്ങളെ വേറിട്ടു മനസ്സിലാവും. ക്ലാസ് മുറികളില്‍ ഞങ്ങളെ അധ്യാപകര്‍ അഭിസംബോധന ചെയ്തിരുന്നത് പല പേരുകളിലാണ്. ചിലര്‍ 'യത്തീംഖാന' എന്നു വിളിക്കും. ചിലര്‍ 'തൊപ്പിക്കാരന്‍' എന്നും. ക്ലാസ്സ് റൂമില്‍ എന്നും അവഗണനയായിരുന്നു. ക്ലാസ്സില്‍ തോല്‍ക്കുന്ന വിദ്യാര്‍ത്ഥി എന്നും ഓര്‍ഫനേജില്‍ നിന്നുള്ളവരായിരിക്കും. നിങ്ങള്‍ക്ക് ബുദ്ധികുറവാണ് എന്നൊരു ന്യായവും! വൈകുന്നേരം വരിവരിയായി യത്തീംഖാനയിലേക്ക്. ചില ദിവസങ്ങളില്‍ ഒരുമണിക്കൂര്‍ കളിക്കാനനുവദിക്കും. വൈകുന്നേരത്തെ മഗ്‌രിബ് നമസ്‌ക്കാരം കഴിഞ്ഞാല്‍ അന്ന് നമ്പറ് രേഖപ്പെടുത്തപ്പെട്ടവര്‍ക്കെല്ലാം അടി ഉറപ്പ്. രാത്രി ഭക്ഷണം കഴിഞ്ഞാല്‍ ഉറങ്ങാനുള്ള ബെല്ല് മുഴങ്ങും. അതോടെ ലൈറ്റുകള്‍ മുഴുവന്‍ അണയും. നിലത്ത് പായ വിരിച്ചാണ് ഉറക്കം. പായയും തലയണയും പുതപ്പും ഒന്നാം ദിവസം തന്നെ കിട്ടും. അതിന്റെ മുകളില്‍ നമ്പറുകള്‍ ഉണ്ടായിരിക്കും. എല്ലാ വര്‍ഷവും രണ്ടു പെരുന്നാളുകള്‍ക്ക് മുമ്പായി ഓരോ ജോഡി ഷര്‍ട്ടും മുണ്ടും തൊപ്പിയും കിട്ടും. അവയ്ക്ക് മുകളിലും നമ്പറുകള്‍ ഉണ്ടായിരിക്കും. എല്ലായിടത്തും നമ്പറുകളിലാണ് എല്ലാവരും അറിയപ്പെട്ടിരുന്നത്.

ഒരുതരം യാന്ത്രികത വല്ലാതെ മടുപ്പിക്കും. ബാല്യത്തിന്റെ കുസൃതികള്‍ക്കോ സ്വപ്നങ്ങള്‍ക്കോ യാതൊരു സ്ഥാനവുമില്ല. നാട്ടില്‍ പോവലാണ് ഏറ്റവും വലിയ സ്വപ്നം. അതിനായുള്ള കാത്തിരിപ്പും തയ്യാറെടുപ്പും ഒരു മാസം മുമ്പെങ്കിലും ആരംഭിക്കും. നാട്ടില്‍ പോവാന്‍ ഇനിയെത്ര ദിവസം എന്നറിയാന്‍ പ്രത്യേക കലണ്ടര്‍ തന്നെ ചിലര്‍ രൂപപ്പെടുത്തിയിരുന്നു. നാട്ടില്‍ പോവുന്നതിന്റെ തലേന്ന് സന്തോഷത്താല്‍ ആരും ഉറങ്ങില്ല. പോവാനൊരു നാടോ വീടോ ഇല്ലാത്ത കുറച്ചുപേരുണ്ടാവും. സാമൂഹിക പ്രവര്‍ത്തകര്‍ ടൗണില്‍ നിന്നും മറ്റും പിടിച്ചു കൊണ്ടു വന്ന് ചേര്‍ത്തവര്‍. ഇത്തരക്കാര്‍ അധികകാലം ഓര്‍ഫനേജില്‍ തുടരാറില്ല. ഓര്‍ഫനേജിന്റെ അന്തരീക്ഷവുമായി ഇണങ്ങാന്‍ അവര്‍ ഏറെ പ്രയാസപ്പെടും. മാസങ്ങള്‍ പിന്നിടുന്നതിനു മുമ്പേ അവര്‍ ചാടിപോകും. അവരെയാരും തിരഞ്ഞു പോവാറില്ല. അവരില്‍ അപൂര്‍വ്വം ചിലരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അല്‍പകാലം നിലനില്‍ക്കും. അത്തരത്തില്‍ പെട്ട ഒരു കൊച്ചുകുട്ടിയായിരുന്നു മുസ്തഫ. ഒരുമാസത്തിലധികം അവന്‍ ഓര്‍ഫനേജില്‍ പഠിച്ചിട്ടില്ല. അതിനു മുമ്പേ ചാടിപ്പോയി. മുസ്തഫ അക്കാലത്തെ എന്റെ സുഹൃത്തായിരുന്നു.

ഒരു ദിവസം വൈകുന്നേരം ഞങ്ങള്‍ ചെറിയ കുട്ടികള്‍ മുറ്റത്ത് കളിക്കുകയായിരുന്നു. ഈ സമയത്ത് ഒരു പത്തു വയസ്സു തോന്നിപ്പിക്കുന്ന കുട്ടിയേയും കൊണ്ട് രണ്ട് മധ്യവയസ്‌ക്കര്‍ ഗേറ്റ് കടന്നു വന്നു. ഞങ്ങള്‍ അവനെ കൗതുകപൂര്‍വ്വം നോക്കി. അവന്‍ ധരിച്ച കുപ്പായവും അവന്റെ രൂപവുമാണ് ഞങ്ങളെ ആകര്‍ഷിച്ചത്. കുപ്പായം കാല്‍മുട്ടു വരെയെത്തും. ബട്ടന്‍സ് പലയിടത്തും നഷ്ടപ്പെട്ടിരുന്നു. ഞങ്ങള്‍ അവന്റെ അടുത്തു ചെന്നു. കൂടെ വന്നവര്‍ അഡ്മിഷന്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് ഞങ്ങളവനോട് പേര് ചോദിച്ചു. പേടിച്ചു വിറച്ചാണെങ്കിലും 'മുസ്തഫ' എന്ന് മറുപടി പറഞ്ഞു. ഞങ്ങളില്‍ ചിലര്‍ അവന്റെ ഷര്‍ട്ടു പിടിച്ചു നോക്കി. അവന്‍ ഭയത്തോടും ദേഷ്യത്തോടും കൂടി പിറകോട്ടു മാറി നിന്നു. ഈ സമയം ഞങ്ങള്‍ക്കൊരു കാര്യം മനസ്സിലായി. അവന്‍ ധരിച്ച വലിയ കുപ്പായത്തിനടിയില്‍ ടൗസര്‍ പോലും ഇല്ലാ എന്ന്. ഇത്രവലിയ ഷര്‍ട്ട് ധരിക്കുമ്പോള്‍ എന്തിനാണ് അടിയിലൊരു ടൗസര്‍ എന്നാണെന്റെ ആലോചന പോയത്.

അഡ്മിഷന്‍ കിട്ടിയ ഉടനെ അവനെ ഞങ്ങളുടെ മുറിയിലേക്കയച്ചു. അവന്‍ ഒരു മൂലയില്‍ ആരോടും മിണ്ടാതെ വിതുമ്പികരഞ്ഞുകൊണ്ടു നിന്നു. എനിക്ക് സഹതാപം തോന്നി. ഞാനെന്റെ പഴയൊരു ഷര്‍ട്ടും മുണ്ടും അവനു കൊടുത്തു. പെട്ടെന്നത് സ്വീകരിച്ചില്ലെങ്കിലും അല്‍പം കഴിഞ്ഞപ്പോള്‍ മുണ്ടു മാത്രം എടുത്തു ധരിച്ചു. ചോദ്യങ്ങള്‍ക്ക് മാത്രം അവന്‍ ഉത്തരം പറഞ്ഞു. ഞങ്ങളോടൊന്നും തിരിച്ച് ചോദിച്ചില്ല. അവനു സ്വന്തമായി ഒന്നുമില്ലായിരുന്നു. എന്റെ അടുത്തായിരുന്നു അവന്റെ കിടത്തം. രാത്രി അവന്‍ ഞെട്ടിയുണരും. ചിലപ്പോള്‍ നിലവിളിക്കും. അതു കേള്‍ക്കുമ്പോള്‍ എനിക്ക് ഭയം തോന്നും. ഞാനവനെ സുഹൃത്താക്കാന്‍ ശ്രമിച്ചു. പക്ഷെ, അവന്‍ അത്തരമൊരു സൗഹൃദം കൊതിക്കുന്നതായി തോന്നിയില്ല. എല്ലായ്‌പ്പോഴും ഏകാന്തന്‍. പിന്നീടൊരു ദിവസം അവന്‍ പെട്ടെന്ന് അപ്രത്യക്ഷനായി. അവനെ അന്വേഷിച്ച് ആരും പോയില്ല. ഒരു സ്വപ്നം പോലെ എല്ലാവരും അവനെ മറന്നു. എന്റെ അടുത്തു കിടന്നിരുന്ന ആളായതിനാല്‍ ഞാനേറെക്കാലം അവനെ ഓര്‍ത്തു.

ഈയിടെ കോഴിക്കോട് ഡി.സി.ബുക്‌സില്‍ നിന്നും പുതിയ ബസ്സ്റ്റാന്റിലേക്ക് നടക്കുകയായിരുന്നു. ഈ സമയം റോഡ് സൈഡില്‍ ചെറിയൊരു ആള്‍ക്കൂട്ടം. ഞാന്‍ വട്ടം കൂടി നില്‍ക്കുന്നവരുടെ ഇടയിലേക്ക് ചെന്ന് നോക്കി. റോഡ് സൈഡില്‍ പതിവായി കാണുന്ന നാടക്കുത്ത് സംഘമാണ്. ചില അത്യാഗ്രഹികള്‍ പണം വെയ്ക്കുന്നു. അവയെല്ലാം നാടകുത്തുകാരുടെ പോക്കറ്റിലേക്ക് പോവുന്നു. ഞാന്‍ പണം നഷ്ടപ്പെട്ടുകൊണ്ടിരുന്ന വ്യക്തിയോട്; ''മോനേ ഇതു തട്ടിപ്പാണ്. നിങ്ങളുടെ പണം മുഴുവനും പോകും'' എന്ന് പറഞ്ഞു. ഈ സമയം നാടകുത്ത് സംഘത്തിലെ രണ്ടു പേര്‍ വന്ന് 'സ്ഥലം വിട്ടോ' എന്ന് എന്നോട് രൂക്ഷമായി പറഞ്ഞു. ഞാനവരെ എതിര്‍ത്തു. നാടകുത്ത് നടത്തുകയായിരുന്ന വ്യക്തി ഇതു കണ്ടു. അവനെന്നെ തുറിച്ചു നോക്കി. അവന്‍ നാട വേറെയാളെ ഏല്‍പ്പിച്ചു കൊടുത്ത ശേഷം എന്റെ അടുത്തേക്ക് വന്നു. ''പ്ലീസ് അസീസ്, പ്രശ്‌നമാക്കരുത്. ഞങ്ങളുടെ പച്ചരി പ്രശ്‌നമാണ്''- എന്ന് നാടകുത്തുകാര്‍ സാധാരണ കാണിക്കാത്ത വിനയത്തോടെ എന്നോടു പറഞ്ഞു. എനിക്കല്‍ഭുതമായി. ഞാന്‍ ചോദിച്ചു: ''അല്ല, സുഹൃത്തേ എന്റെ പേര് എങ്ങനെ മനസ്സിലായി?'' അതിനു മറുപടി പറയാതെ അവനെന്നെ തുറിച്ചു നോക്കി. ഞാന്‍ കൗതുകപൂര്‍വ്വം ചോദ്യം ആവര്‍ത്തിച്ചു. അവന്‍ പറഞ്ഞു: ''നിനക്കെന്നെ മനസ്സിലായി കാണില്ല. ഞാന്‍ മുസ്തഫയാണ്... നിന്നോടൊപ്പം വില്ല്യാപ്പള്ളി പഠിച്ച....!'' ഞാന്‍ അത്ഭുതപ്പെട്ടു. 25 വര്‍ഷം മുമ്പ് വെറും ഒരു മാസത്തില്‍ ചുവടെ കൂടെയുണ്ടായിരുന്ന അവന്‍ എന്റെ പേരും രൂപവും ഓര്‍ക്കുന്നു. എന്തായിരിക്കാം അവന്റെ സ്മൃതിപഥത്തില്‍ എന്നെ മറക്കാനാവാത്ത ഘടകം?

    

അസീസ് തരുവാണ - Tags: Thanal Online, web magazine dedicated for poetry and literature അസീസ് തരുവാണ, യത്തിംഖാനയില്‍ നിന്ന് രക്ഷപ്പെട്ടകുട്ടി
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക