എനിക്ക് പറയാനുള്ളത്*- മലാലായ് ജോയ

ഡോ. സലിലാ മുല്ലന്‍

*

    മലാലായ് ജോയ യ്ക്ക് നാല് ദിവസം പ്രായമുള്ളപ്പോഴാണ് സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാന്‍ ആക്രമിക്കുന്നത്.പാക്കിസ്ഥാനിലെയും ,ഇറാനിലെയും അഭയാര്‍ഥി ക്യാമ്പുകളിലായിരുന്നു ജോയയുടെ കുട്ടിക്കാലം.1990 കളുടെ അവസാനം താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലേയ്ക്ക് ജോയ മടങ്ങിയെത്തി.അവിടെ അവര്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന ഒളിസംഘടനകളില്‍ പ്രവര്‍ത്തിച്ചു.അഫ്ഗാനിസ്ഥാന്റെ പുതിയ ഭരണഘടന ചര്‍ച്ച ചെയ്യപ്പെട്ട 2003 ലേ ചരിത്ര പ്രസിദ്ധമായ ലോയ ജിര്‍ഗ്ഗയില്‍ ജോയ ലോക മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു.2005 ല്‍ ഇരുപത്തി ഏഴാം വയസ്സില്‍ പുതിയ പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി ജോയ തിരഞ്ഞെടുക്കപ്പെട്ടു . അന്നുമുതല്‍ നിരവധി വധശ്രമങ്ങള്‍ നേരിടേണ്ടി വന്ന ജോയ തന്നെ തിരഞ്ഞെടുത്തവരുടെ അവകാശങ്ങള്‍ക്കായി പൊരുതിക്കൊണ്ടിരിക്കുന്നു .2007 ല്‍ ബെര്‍ലിനില്‍ നടന്ന ഫിലിം ഫെസ്റിവലില്‍ അന്താരാഷ്‌ട്ര മനുഷ്യാവകാശ ഫിലിം അവാര്‍ഡ് ജോയ നേടി.2008 ല്‍ അന്ന പോളിട്കോവ്സ്കായ അവാര്‍ഡ് നേടിയ ജോയ ടൈം മാഗസിന്റെ 2010 ലെ,ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളുടെ പട്ടികയില്‍ ഒരാളായി .
    ജോയുടെ വെബ്‌ സൈറ്റ്malalaijoya.com സന്ദര്‍ശിക്കുക

ആമുഖം
ദുരന്ത ഭൂമിയായ അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഞാന്‍ വരുന്നത്.എനിക്ക് ജീവിതത്തില്‍ പല അപൂര്‍വ്വങ്ങളായ വഴിത്തിരിവുകളും നേരിടേണ്ടി വന്നു.എന്നാല്‍ മറ്റൊരു വിധത്തില്‍ നോക്കിയാല്‍ എന്റെ ജീവിതകഥ ഒരു തലമുറയുടെ ജീവിതകഥ തന്നെയാണ്.ഞാന്‍ ജീവിച്ച ഈ മുപ്പതു വര്‍ഷങ്ങളിലും എന്റെ രാജ്യം നിരന്തരമായ യുദ്ധമെന്ന മഹാ വിപത്തിന്റെ പിടിയിലായിരുന്നു.എന്റെ പ്രായക്കാരും ,അതിനേക്കാള്‍ പ്രായം കുരഞാവരുമായ മിക്കവാറും അഫ്ഗാനികളും രക്ത ചോരിച്ചിലും,ജോലിഭ്രംശവും നേരിടെണ്ടിവന്നവരാണ് . ഞാന്‍ അമ്മയുടെ കയ്യില്‍ ഒരു കൈക്കുഞ്ഞായിരുന്നപ്പോള്‍ സോവിയറ്റ് യൂണിയന്‍ ഞങ്ങളുടെ രാജ്യം ആക്രമിച്ചു കയ്യടക്കി.എനിക്ക് നാല് വയസ്സുള്ളപ്പോള്‍ ഞാനുമെന്റെ കുടുംബവും ഇറാനിലും,പാക്കിസ്ഥാനിലും അഭയാര്‍ഥികളായി കഴിയാന്‍ നിര്‍ബന്ധിതരായി.യുദ്ധക്കെടുതിയാല്‍ വലഞ്ഞ 1980 കളില്‍ എന്റെ കുടുംബത്തെപ്പോലെ ലക്ഷോപലക്ഷം അഫ്ഗാനികള്‍ കൊല്ലപ്പെടുകയോ,നാടുകടത്തപ്പെടുകയോ ചെയ്തു.അവസാനം റഷ്യക്കാര്‍ അവരുടെ പാവ ഭരണം നിര്‍ത്തലാക്കി ഞങ്ങളുടെ രാജ്യം വിട്ടുപോയപ്പോള്‍ മൌലിക വാദികളായ പട്ടാള മേധാവികളുടെ ആഭ്യന്തര യുദ്ധവും,തുടര്‍ന്ന് ദുഷിച്ച താലിബാന്‍ ഭരണവും ഞങ്ങള്‍ക്ക് നേരിടേണ്ടിവന്നു.

2001 സെപ്റ്റംബര്‍ 11 എന്ന ദുരന്ത ദിനത്തിനുശേഷം ,താലിബാനുകളെ അധികാര ഭ്രാഷ്ട്ടരാക്കിയ പ്പോള്‍ ,ഇനിയെങ്കിലും അല്‍പ്പം പ്രകാശം,നീതി,പുരോഗമനം ലഭിക്കുമെന്ന് ഞങ്ങള്‍ അഫ്ഗാനികള്‍ ആശിച്ചു.പക്ഷെ അതെല്ലാം അസ്ഥാനത്തായിരുന്നു.തങ്ങളെ സഹായിക്കുന്നു എന്ന് നടിച്ചവരാല്‍ അഫ്ഗാന്‍ ജനത ഒരിക്കല്‍ കൂടി വഞ്ചിതരാക്കപ്പെട്ടു.അമേരിക്കയുടെയും ,അവരുടെ കൂട്ടുകക്ഷികളുടെയും കടന്നുകയറ്റത്തിനു ശേഷം ഏഴ് വര്‍ഷത്തിലേറെയായി .ഞങ്ങളിപ്പോഴും വിദേശ കയ്യേറ്റത്തിന്റെ ,അമേരിക്കന്‍ പിന്തുണയുള്ള , താലിബാന്‍ ഭരണത്തില്‍ നിന്നും ഒട്ടും വ്യത്യാസമില്ലാത്ത പട്ടാള മേധാവികളുടെ ഗവര്‍ണ്മെന്റിന്റെ ഭരണത്തിലാണ്.ഈ നീചന്മാരായ ,കൊലയാളികളായ യുദ്ധ കുറ്റവാളികളെ വിചാരണ ചെയ്യേണ്ടതിനു പകരം യുനൈട്ടെറ്റ് സ്റെറ്സും , സഖ്യ കക്ഷികളും അവരെ അധികാര കേന്ദ്രങ്ങളില്‍ കുടിയിരുത്തിയിരിക്കുന്നു.അവിടെയിരുന്നു അവര്‍ സാധാരണ അഫ്ഗാന്‍കാരെ ഭീഷണിപ്പെടുത്തുന്നു. യുനൈട്ടാദ് സ്റെറ്സും നാറ്റോ (NATO) യും ചേര്‍ന്ന് വാക്കുകളാലും ചിത്രങ്ങളാലും മെനഞ്ഞ പുകമറയാല്‍ അഫ്ഗാനിസ്ഥാന്റെ ശരിയായ മുഖം മറയ്ക്കപ്പെട്ടിരിക്കുകയാണ്. പാശ്ചാത്യന്‍ വാര്‍ത്താ മാധ്യമങ്ങളാകട്ടെ അവ ചോദ്യംചെയ്യാതെ ആവര്‍ത്തിക്കുകയും ചെയ്യുന്നു.

താലിബാന്‍ ഭരണം അവസാനിച്ചപ്പോള്‍ എന്റെ രാജ്യത്ത് നീതി പുലര്‍ന്നു എന്നാണ് നിങ്ങളെല്ലാവരും വിശ്വസിച്ചിരിയ്ക്കുന്നത്.എന്നെപ്പോലുള്ള അഫ്ഗാനി സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തുന്നതും , ജോലിക്കായി ഓഫീസുകളിലേക്ക് തിരക്കിട്ടോടുന്നതുമായ ചിത്രങ്ങള്‍ കാട്ടി ഉനൈട്ടാദ് സ്റെട്സ് അഫ്ഗാനില്‍ ജനാധിപത്യവും സ്ത്രീ സ്വാതന്ത്ര്യവും തിരിച്ചു കൊണ്ടുവന്നിരിക്കുന്നു എന്ന് പ്രച്ചരിപ്പിചിരിക്കുന്നു.

എന്നാല്‍ ഇതെല്ലാം ഒരു നുണയാണ്.ലോകത്തിന്റെ കണ്ണില്‍ ഇട്ട പൊടിയാണ് .
അഫ്ഗാന്‍ പാര്‍ല മെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ഞാന്‍ .എന്നാല്‍ ,ഹമീദ് കര്‍സായിയുടെ പാവ ഗവണ്മെന്റിലെ പട്ടാള മേധാവികളെയും ക്രിമിനലുകളെയും കുറിച്ചുള്ള സത്യങ്ങള്‍ ഞാന്‍ തുറന്നു പറഞ്ഞതിനാല്‍ ഞാന്‍ പാര്‍ലമെന്റില്‍ നിന്നും നിഷ്കാസിതയാക്കപെടുകയും എനിയ്ക് വധഭീഷണി നേരിടെണ്ടിയും വന്നു. ഇതിനോടകം തന്നെ കുറഞ്ഞത് അഞ്ച് വധശ്രമങ്ങളും എണ്ണിയാലോടുങ്ങാത്തത്ര ഗൂഡാലോചനകളും എനിക്കെതിരെ ഉണ്ടായി.ഇതെല്ലാം കാരണം എന്റെ സ്വന്തം രാജ്യത്ത് ഒരു പിടികിട്ടാപ്പുള്ളിയെപ്പോലെ ഒളിച്ചുതാമാസിക്കേണ്ട സ്ഥിതിയിലാണ് ഞാനിന്ന്.എന്റെ വിശ്വസ്തനായ ഒരു അമ്മാവന്റെ നേതൃത്വത്തിലുള്ള അംഗ രക്ഷകരോടൊപ്പം ഞങ്ങള്‍ ഓരോ രാത്രികളിലും വീടുകളില്‍ നിന്നും വീടുകളിലേയ്ക്ക് മാറി മാറി എന്റെ ശത്രുക്കളില്‍ നിന്നും രക്ഷപ്പെട്ട് കഴിയുന്നു.

എന്നെ സംബന്ധിച്ചിടത്തോളം ബുര്‍ഖ എന്ന കട്ടിയുള്ള മേലുടുപ്പ് അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വത്തിന്റെ അടയാളമാണ്. എന്നാല്‍ , തിരിച്ചറിയപ്പെടാതിരിക്കാനായി ഞാനിന്ന് ആ നീളന്‍ കുപ്പായം ധരിക്കാന്‍ നിര്‍ബന്ധിതയായിരിയ്ക്കുന്നു.താലിബാന്‍ ഭരണകാലത്തുപോലും എനിയ്ക് ബുര്‍ഖ ധരിച്ചു പുറത്തുപോയി രഹസ്യ ക്ലാസുകളില്‍ പെണ്‍കുട്ടികളെ പഠിപ്പിക്കുന്നതിന് കഴിയുമായിരുന്നു.എന്നാല്‍ ഇന്ന്, ആയുധധാരികളായ അംഗരക്ഷകര്‍ ഒപ്പമുണ്ടായിട്ടും ബുര്‍ഖ ധരിച്ചാല്‍പോലും ഞാന്‍ സുരക്ഷിതയല്ല.എന്റെ സന്ദര്‍ശകര്‍ ആയുധങ്ങള്‍ കൈവശമുണ്ടോ എന്ന് പരിശോധിക്കപ്പെടുന്നു. എന്റെ വിവാഹദിനത്തില്‍ ഉപയോഗിച്ച പുഷ്പ്പങ്ങള്‍ പോലും ബോംബുണ്ടോ എന്ന് പരിശോധിയ്ക്കേണ്ടി വന്നു.എന്റെ കുടുംബത്തിന്റെ പേരോ,എന്റെ ഭര്‍ത്താവിന്റെ പേരോ എനിക്ക് നിങ്ങളുടെ മുന്നില്‍ വെളിപ്പെടുത്താന്‍ കഴിയില്ല , എന്തെന്നാല്‍ അതു അവരുടെ ജീവന്‍ കൂടി അപകടത്തിലാക്കും .അതുകൊണ്ടുതന്നെ ഞാനീ പുസ്തകത്തില്‍ മറ്റു പല പേരുകളും മാറ്റിയിട്ടുണ്ട്. ഞാന്‍ സ്വയം ജോയ എന്ന പേര് സ്വീകരിച്ചിരിക്കുന്നു.ഇതു ഞാന്‍ താലിബാന്‍ ഭരണകാലത്ത് ഒളിവില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ സ്വീകരിച്ച ഒരു അപര നാമമാണ്.ജോയ എന്ന പേരിനു എന്റെ രാജ്യത്ത് വലിയ പ്രാധാന്യമുണ്ട്.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലങ്ങളില്‍ ജീവിച്ചിരുന്ന അഫ്ഗാന്‍ എഴുത്തുകാരനും ,കവിയും , അനീതിക്കെതിരെ പോരാടിയ ധീര പോരാളിയുമായിരുന്നു സര്‍വാര്‍ ജോയ.ഇരുപത്തിനാല് വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടിവന്ന അദ്ദേഹം സ്വന്തം ജനാധിപത്യ വിശ്വാസങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാവാത്തതിനാല്‍ അവസാനം വധിക്കപ്പെട്ടു. പട്ടാള മേധാവികളോടും മൌലികവാദികളോടും ഉള്ള എതിര്‍പ്പ് തുടരുകയും ,അവര്‍ക്കെതിരെയുള്ള പ്രസംഗങ്ങളുടെ മൂര്‍ച്ച കുറക്കാതിരിക്കുകയും ചെയ്യുന്നതിനാല്‍ ജോയക്കൊപ്പം എനിക്കും സ്വാതന്ത്ര്യത്തിനായി മരിക്കേണ്ടിവന്ന അഫ്ഗാനികളുടെ പേരുകളുടെ നീണ്ട നിരയില്‍ ഇടം കിട്ടുമെന്ന് നന്നായറിയാം.പക്ഷെ എനിക്ക് സത്യത്തിനെതിരെ വിട്ടുവീഴ്ച ചെയ്യാനാവില്ല. മാത്രമല്ല, എന്റെ മരണം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനു കുറച്ചെങ്കിലും വേഗം കൂട്ടുന്നതിനു സഹായകമാവുമെങ്കില്‍ ഞാനതില്‍ ഒട്ടും തന്നെ ഭയപ്പെടുന്നില്ല.കുഴിമാടത്തിനു പോലും എന്നെ നിശബ്ദയാക്കാനാവില്ല ,എന്തെന്നാല്‍ എനിക്ക് ശേഷം എന്റെ ശബ്ദം ഏറ്റെടുക്കാന്‍ മറ്റുള്ളവര്‍ എന്റെ പിന്നിലുണ്ട്.

അഫ്ഗാനില്‍ ഒരു സ്ത്രീയെ കൊല്ലുക എന്നാല്‍ ഒരു പക്ഷിയെ കൊല്ലുന്നത്ര നിസ്സാരമായ കാര്യമാണ്. യുണൈട്ടട് സ്റെട്സ് ,അവരുടെ വാഗ്പാടവം മുഴുവന്‍ ഉപയോഗിച്ച് 'അഫ്ഗാന്‍ സ്ത്രീകളെ സ്വതന്ത്രയാക്കുന്നത് 'വര്‍ണ്ണിച്ചു അഫ്ഗാനില്‍ അവര്‍ തുടരുന്ന അടക്കിഭരണത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോഴും ,ഞങ്ങള്‍ സ്ത്രീകള്‍ ഇവിടെ ഞങ്ങളുടെ രാജ്യത്ത് ,നീതി നിഷേധിക്കപ്പെട്ട്‌ ,ഇപ്പോഴും സ്ത്രീ വിരോധികളായ ഭരണാധിപന്മാരാല്‍ കൂട്ടിലടക്കപ്പെട്ടിരിക്കുകയാണ്. മൌലികവാദികള്‍ ഇപ്പോഴും ' ഒരു സ്ത്രീ സ്വന്തം വീട്ടിലോ കുഴിമാടത്തിലോ മാത്രം കഴിയണം 'എന്ന് മതപ്രഭാഷണം നടത്തുന്നു.മിക്ക സ്ഥലങ്ങളിലും സ്ത്രീകള്‍ മൂടുപടം ധരിക്കാതെ പരസ്യമായി പ്രത്യക്ഷപ്പെടുന്നത് തീരെ സുരക്ഷിതമല്ല.ഒരു പുരുഷ ബന്ധുവിന്റെ അകമ്പടിയില്ലാതെ അവര്‍ക്ക് തെരുവുകളില്‍ നടക്കാനാവുന്നില്ല.പെണ്‍കുട്ടികള്‍ ഇന്നും വിവാഹം എന്ന പേരില്‍ വില്‍ക്കപ്പെടുന്നു.ബലാത്സംഗങ്ങള്‍ ദിവസേന ശിക്ഷിക്കപ്പെടാതെ ആവര്‍ത്തിക്കപ്പെടുന്നു.

അഫ്ഗാനിസ്ഥാനില്‍ സ്ത്രെകളുടെയും പുരുഷന്മാരുടെയും ജീവിതം വളരെ ഹ്രസ്വമാണ്.അതുതന്നെ സംഘര്‍ഷങ്ങളും നഷ്ടങ്ങളും ദുരിതങ്ങളും നിറഞ്ഞതുമാണ്.പാശ്ചാത്യ രാജ്യങ്ങള്‍ മദ്ധ്യവയസ്സ് എന്ന് വിളിക്കുന്ന നാല്പത്തഞ്ച് വയസ്സില്‍ താഴെയാണ് ഞങ്ങളുടെ പ്രതീക്ഷിത ആയുസ്സ്.രൂക്ഷമായ ദാരിദ്ര്യത്തിലാണ് ഞങ്ങള്‍ ജീവിക്കുന്നത്.എഴുപതു ശതമാനത്തിലേറെ അഫ്ഗാന്‍ കാരുടെ ദിവസ വരുമാനം രണ്ടു ഡോളറില്‍ താഴെയാണ്.ഏതാണ്ട് പകുതിയോളം അഫ്ഗാനി പുരുഷന്മാരും എന്പതു ശതമാനത്തോളം സ്ത്രീകളും നിരക്ഷരരാണ്‌.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ നൂറുകണക്കിന് അഫ്ഗാന്‍ സ്ത്രീകള്‍ അവരുടെ കഷ്ട്ടപ്പാടുകളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ആത്മാഹൂതി നടത്തി-തീയില്‍ സ്വയം വെന്തെരിഞ്ഞു മരിച്ചു.
ഇതാണ് ഞാന്‍ ജീവിക്കുന്ന കാലത്തിന്റെ ചരിത്രം.മറ്റുപലരുടെയും കൂടെ ഞാന്‍ പ്രയത്നിക്കുന്നത് ഈ ദുരവസ്ഥയ്ക്ക് ഒരു മാറ്റം ഉണ്ടാക്കുന്നതിനായാണ്.കഷ്ട്ടപ്പെടുന്ന മറ്റുള്ളവരുടെ അവസ്ഥയില്‍ നിന്നും ഒട്ടും മെച്ചമല്ല എന്റെ അവസ്ഥയും.വിധിയും ചരിത്രവും എങ്ങനെയൊക്കെയോ എന്നെ 'ശബ്ദിക്കാത്തവരുടെ ശബ്ദമാക്കി ' മാറ്റി. ദശാബ്ദങ്ങളായി യുദ്ധക്കെടുതിയിലും അനീതിയിലും നരകിക്കുന്ന പതിനായിരക്കണക്കിനു അഫഗാനികളുടെ ശബ്ദം.

വര്‍ഷങ്ങളായി എന്നെ പിന്തുണക്കുന്നവര്‍ എന്റെ ജീവിത കഥ ഒരു പുസ്തകമായി എഴുതാന്‍ ആവശ്യപ്പെടുന്നു.എന്നെപ്പറ്റി ഞാന്‍ എഴുതുന്നതില്‍ എനിക്കത്ര താല്‍പ്പര്യം തോന്നിയിരുന്നില്ല. അതിനാല്‍ ഞാന്‍ ഇതുവരെ അതിനു തയ്യാറായിരുന്നില്ല.എന്റെ കഥയ്ക്ക് അത്ര പ്രാധാന്യമൊന്നും എനിക്ക് തോന്നിയിരുന്നില്ല. എന്നാല്‍ അവസാനം, അഫ്ഗാന്‍ ജനതഇന്ന് നേരിടുന്ന ദുരിതങ്ങള്‍ ലോകത്തോട്‌ പറയാനുള്ള ഒരു വഴി എന്ന നിലയില്‍ എന്റെ ആത്മകഥ എഴുതണം എന്ന് എന്റെ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചു. കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തെ അടിച്ചമര്‍ത്തലിന്റെയും,ദുര്‍ഭരണത്തിന്റെയും വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഫ്ഗാനിസ്ഥാന്റെ രാഷ്ട്രീയ ചരിത്രം വെളിവാക്കുന്ന രീതിയില്‍ എന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ഒരു പുസ്തകമെഴുതാന്‍ ഞാന്‍ സമ്മതിച്ചു.എന്റെ പ്രൊവിന്‍സിലെ പാവപ്പെട്ട ജനങ്ങളുടെ പ്രതിനിധിയായി ഞാന്‍ നടത്തിയ അപകടം പിടിച്ച പ്രചാരണങ്ങളുടെ കഥ,പാര്ലമെന്റ്റ് അംഗമെന്ന നിലയില്‍ എനിക്ക് നേരിടേണ്ടിവന്ന ശാരീരികവും ,വാചികവുമായ പീഡനങ്ങളുടെ കഥ, അധാര്‍മ്മികവും,നീതിരഹിതവുമായി വിധത്തില്‍ എന്നെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനത്തുനിന്നും പുറത്താക്കാന്‍ നടത്തിയ ഉപജാപങ്ങളുടെ കഥ.ഇതെല്ലാം ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമാകുന്നതിനു അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യത്തെ തടയുന്ന അഴിമതികളിലെയ്ക്കും ,അനീതികളിലെയ്ക്കും വെളിച്ചം വീശുന്നു. ഈ വിധത്തില്‍ ഈ പുസ്തകം എന്റെ മാത്രം ജീവചരിത്രമല്ല, മറിച്ച് പോരാടുന്ന എന്റെ നാട്ടുകാരുടെ കഥയാണ്‌.

9/11 ദുരന്തത്തിനുശേഷം അഫ്ഗാനിസ്ഥാനെകുറിച്ച് കുറെ ഏറെ പുസ്തകങ്ങള്‍ ഇറങ്ങി.എന്നാല്‍ അവയില്‍ വളരെ കുറച്ചു പുസ്തകങ്ങള്‍ മാത്രമാണ് അഫ്ഗാനിസ്ഥാന്റെ കൃത്യവും,യാധാര്ധ്യവുമായ ഭൂതകാലം തുറന്നു കാണിച്ചുള്ളൂ. കൂടുതല്‍ പുസ്തകങ്ങളും താലിബാന്‍ ഭരണത്തിന്റെ ക്രൂരതകളും അനീതികളും വിവരിക്കുന്നതിലാണ് അധികം ശ്രദ്ധിച്ചത്.എന്നാല്‍ 1992 നും 1996 നും ഇടയിലുണ്ടായ മൌലികവാദികളായ മുജാഹിദ്ദീന്‍ ഭരണത്തെ അവഗണിക്കുകയോ മൂടിവയ്ക്കുകയോ ആണ് മിക്ക പുസ്തകങ്ങളും ചെയ്തത്. ഇപ്പോഴത്തെ കര്‍സായി ഭരണത്തിലും മേല്‍ക്കൈ ഉള്ള ആ പട്ടാള മേധാവികളുടെ ഭരണം കാഴ്ചവെച്ച പൈശാചികത്വത്തിലെക്ക് ഈ പുസ്തകം വായനക്കാരുടെ ശ്രദ്ധ കൊണ്ടുവരുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു .

അഫ്ഗാനിസ്ഥാനെ കുറിച്ച് പ്രചരിച്ചിട്ടുള്ള നിരവധി തെറ്റായ വിവരങ്ങള്‍ ഈ പുസ്തകത്തിലൂടെ തിരുത്താനാകുമെന്നും ഞാന്‍ ആശിക്കുന്നു. വെറും തീവ്രവാദികളും ക്രിമിനലുകളുമായ പിന്നോക്ക ജനവിഭാഗമായാണ് മാധ്യമങ്ങള്‍ പലപ്പോഴും അഫ്ഗാനികളെ ചിത്രീകരിക്കുന്നത് .ഈ തെറ്റായ ചിത്രം ഞങ്ങളുടെ രാജ്യത്തിനും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും ഒരുപോലെ ആപത്താണ്.അഫ്ഗാനികള്‍ ധീരരും,സ്വാതന്ത്ര്യ ദാഹികളുമാണ്‌.വളരെ ഐശ്വര്യപൂര്‍ണ്ണമായ ഒരു സംസ്ക്കാരവും ഉദാത്തമായ ഒരു ചരിത്രവും കൈമുതലായുള്ളവരാണ് ഞങ്ങള്‍ അഫ്ഗാനികള്‍. ഞങ്ങളുടെ സ്വാതന്ത്ര്യത്തെ പ്രതിരോധിക്കാന്‍ കഴിവുള്ളവരും, സ്വയംഭരണ പ്രാപ്തരും ഭാവിരൂപപ്പെടുത്താന്‍ കഴിവുള്ളവരുമാണ് ഞങ്ങള്‍. എന്നാല്‍ വളരെക്കാലമായി ബ്രിട്ടീഷ്‌ ചക്രവര്‍ത്തിമാര്‍ മുതല്‍ സോവിയറ്റ് ഭരണാധിപന്മാര്‍ വരേയും ,ഇപ്പോള്‍ അമേരിക്കയും അവരുടെ സഖ്യ ശക്തികളും ആയും വന്‍ശക്തികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള ഇടനിലമായി മാറി അഫ്ഗാനിസ്ഥാന്‍.അവര്‍ അഫ്ഗാനിസ്ഥാനെ ഭിന്നിപ്പിച്ചു ഭരിച്ചു.അവര്‍ കൊള്ളക്കാര്‍ക്കും,മത മൌലികവാദികള്‍ക്കും യുദ്ധപ്രഭുക്കള്‍ക്കും പണവുംഅധികാരവും നല്‍കി ,ഞങ്ങള്‍ സാധാരണ അഫ്ഗാനികളെ കൊടും ദാരിദ്ര്യത്തിലാക്കി.ഞങ്ങള്‍ ലോകത്തിനുമുന്നില്‍ തെറ്റായി ഉപയോഗിക്കപ്പെടാനോ,തെറ്റായി പ്രതിനിധാനം ചെയ്യപ്പെടാനോ ആഗ്രഹിക്കുന്നില്ല.ഞങ്ങള്‍ക്ക് വേണ്ടത് സുരക്ഷിതത്വവും ലോകമെങ്ങുമുള്ള സുഹൃത്തുക്കളുടെ സഹായ ഹസ്തവുമാണ്.അല്ലാതെ അമേരിക്കയുടെ സഹായത്താല്‍ നടപ്പാക്കുന്ന 'ഭീകരതെക്കെതിരെയുള്ള യുദ്ധം' എന്ന ഓമനപ്പേരില്‍ വിളിക്കുന്ന അവസാനമില്ലാത്ത ഈ ദുരിതമല്ല.ഇത് സത്യത്തില്‍ അഫ്ഗാന്‍ കാര്ക്കെതിരായ യുദ്ധം തന്നെയാണ്.അഫ്ഗാന്‍ ജനത ഭീകരപ്രവര്‍ത്തകരല്ല. ഞങ്ങള്‍ ഭീകരപ്രവര്‍ത്തനത്തിന്റെ ഇരകളാണ്.ഇന്ന് അഫ്ഗാനിസ്ഥാന്റെ ഭൂമി മുഴുവന്‍ ബോംബുകളും,വെടിയുണ്ടകളും ,കുഴി ബോംബുകളുമാണ്.ഞങ്ങള്‍ക്കാവശ്യം ആശുപത്രികളും,ക്ലിനിക്കുകളും ,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പഠിക്കാന്‍ സ്കൂളുകളുമാണ്‌ .

ഞാനീ പുസ്തകം എഴുതുന്നതിനോട് വിമുഖത കാണിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്.എന്റെ ഉള്ളില്‍ ഒരു മോഹമുണ്ടായിരുന്നു.അഫ്ഗാനിസ്ഥാന്റെ ചരിത്രത്തില്‍ അറിയപ്പെടാതെ പോയ, ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആണും പെണ്ണും ആയ നിരവധി രക്തസാക്ഷികള്‍ ഉണ്ട് .എന്റെ ആദ്യ പുസ്തകംഅവരെപ്പറ്റി ആകണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു.ഇതേപോലെ തന്നെയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ എനിക്ക് ലഭിച്ച ചില അന്താരാഷ്‌ട്ര മനുഷ്യാവകാശ ഗ്രൂപ്പുകളുടെ അവാര്‍ഡുകളുടെ കാര്യവും.എന്നെ തേടി വരുന്ന പലരും കൂടുതല്‍ അര്‍ഹരാണെന്ന് തോന്നുന്നു.തിരിച്ചറിയപ്പെടുക എന്നത് ഒരംഗീകാരം തന്നെയാണ്.എന്നാല്‍ എനിക്ക് ലഭിക്കുന്ന സ്നേഹവും പിന്തുണയും അഫ്ഗാനിലെ അനാഥര്‍ക്കും വിധവകള്‍ക്കും ലഭിക്കുകയാണെങ്കില്‍ ഞാന്‍ കൂടുതല്‍ സന്തുഷ്ടയായിരിക്കും.എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ലഭിക്കുന്ന ഓരോ അവാര്‍ഡുകളും അംഗീകാരങ്ങളും എന്റെ ജനങ്ങള്‍ക്ക്‌ അവകാശപ്പെട്ടതാണ്.ലഭിയ്ക്കുന്ന ഓരോ അംഗീകാരവും എന്റെ ഉത്തരവാദിത്വ ബോധം കൂട്ടുന്നു. അതിനാല്‍ ,ഈ പുസ്തകത്തില്‍ നിന്ന് ലഭിയ്ക്കുന്ന സമ്പാദ്യം അഫ്ഗാനിലെ മാനുഷിക പരിഗണന അത്യാവശ്യമായ പ്രൊജെക്ടുകള്‍ക്കായി ചിലവഴിക്കും. ഞാനിത് എഴുതുമ്പോള്‍ തന്നെ ,അഫ്ഗാനിസ്ഥാനിലെ അവസ്ഥ കൂടുതല്‍ കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. ഇത് സ്ത്രീകളുടെ മാത്രം കാര്യമല്ല,മുഴുവന്‍ അഫ്ഗാനികളുടെയും അവസ്ഥയാണ്.ഞങ്ങള്‍ രണ്ടു ശത്രുക്കള്‍ക്ക് നടുവില്‍പ്പെട്ടിരിക്കുകയാണ്. ഒരു വശത്ത്‌ താളിബാന്‍കാര്‍ .മറുവശത്ത്‌ യു എസ് / നാറ്റോ ശക്തികളും അവരുടെ പട്ടാള മേധാവികളായ സുഹൃത്തുക്കളും. ഓരോ സാധാരണക്കാരെ കൊല്ലുമ്പോഴും,നീതിയുടെ മുന്നില്‍ നിന്നും ഓരോ ക്രിമിനലുകള്‍ രക്ഷപ്പെടുമ്പോഴും ,കട്ടും കൈക്കൂലി വാങ്ങിയും ഓരോ അഴിമതിക്കാരനായ ഉദ്യോഗസ്ഥനും തടിച്ചു വീര്‍ക്കുമ്പോഴും ഞങ്ങളുടെ രാജ്യത്തെ ഈ ഇരുണ്ട മനസ്സുകളുടെ ഉടമകളായ ശക്തികള്‍ കൂടുതല്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നു.

അമേരിക്കയുടെ പുതിയ പ്രസിഡന്റ്‌ ബരാക് ഒബാമ അദ്ദെഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഫ്ഗാനിലേക്ക് പതിനായിര ക്കണക്കിന് വിദേശ സേനയെ അയയ്ക്കുമെന്ന് പറഞ്ഞു.എന്നാല്‍ അദ്ദേഹം എന്റെ രാജ്യത്തെ പിടികൂടിയിട്ടുള്ള ഈ ഇരട്ട പ്ലേഗുകളായ അഴിമതിയെക്കുറിച്ചും, പട്ടാളമേധാവിത്ത്വത്തെ കുറിച്ചും അദ്ദേഹം ഒന്നും മിണ്ടിയില്ല. ഒബാമയുടെ തിരഞ്ഞെടുപ്പ് സമാധാന പ്രേമികളായ അമേരിക്കക്കാരുടെ ഇടയില്‍ വലിയ പ്രതീക്ഷ ഉണ്ടാക്കി.എന്നാല്‍ അഫ്ഗാനിസ്ഥാനിലാകട്ടെ ഒബാമയുടെ പട്ടാള രൂപീകരണം സാധാരണക്കാരുടെ ക്ലേശവും ദുരിതവും കൂട്ടുക മാത്രമേ ചെയ്യുകയുള്ളൂ.താലിബാനെയോ അല്‍ ക്വൈദയെയോ അല്‍പ്പം പോലും ക്ഷീണിപ്പിക്കുകപോലും ചെയ്യുമെന്ന പ്രതീക്ഷയും ഞങ്ങള്‍ക്കില്ല. ഈ പുസ്തകം നല്‍കുന്ന പാഠം പ്രസിഡന്റ്‌ ഒബാമയിലും അദ്ദേഹത്തിന്റെ വാഷിംഗ്ടണിലെ നയരൂപീകരണക്കാരിലും എത്തുമെന്നും ,അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ പട്ടാള മേധാവികള്‍ക്കും, മരുന്ന് കമ്പനികള്‍ക്കും പിന്തുണനല്‍കുന്ന ഹീനമായ അമേരിക്കന്‍ കയ്യേറ്റത്തെ തള്ളിക്കളയുമെന്നുമുള്ള മുന്നറിയിപ്പ് നല്‍കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു.

അഫ്ഗാനിസ്ഥാനില്‍ ജനാധിപത്യ വിശ്വാസികളായ ജനങ്ങള്‍ മനുഷ്യാവകാശങ്ങള്‍ക്കും സ്ത്രീകളുടെ അവകാശങ്ങള്ക്കുമായി ദശാബ്ദങ്ങളായി പോരാടുന്നു.അഫ്ഗാനികളുടെ ഈ ഗുണങ്ങള്‍ അടിച്ചമര്‍ത്താന്‍ വിദേശ സൈന്യത്തിനാവില്ലെന്നു ഞങ്ങളുടെ ചരിത്രം പറയുന്നു.ഞാനെപ്പോഴും എന്റെ ശ്രോതാക്കളോട് അക്ഷീണമായി പറയുന്നതുപോലെ ,ഒരു രാജ്യത്തിനും മറ്റൊരു രാജ്യത്തിന് സ്വാതന്ത്ര്യം ദാനം ചെയ്യാനാകില്ല.അത് ആ രാജ്യത്തിലെ ജനങ്ങള്‍ സ്വയം യുദ്ധം ചെയ്തു നേടണം.ഈ ഗുണങ്ങള്‍ വളര്‍ന്നു വലുതാകണമെങ്കില്‍ അത് സ്വന്തം മണ്ണില്‍ നടണം,സ്വന്തം രക്തവും കണ്ണീരും കൊണ്ട് നനയ്ക്കണം. അഫ്ഗാനിസ്ഥാനില്‍ എനിക്കേറെ ഇഷ്ട്ടപ്പെട്ട ഒരു ചൊല്ലുണ്ട് : ' സത്യം സൂര്യനെപ്പോലെയാണ്.അതൊരിക്കല്‍ ഉദിച്ചു പൊങ്ങിയാല്‍ ആരാലും ഒളിപ്പിക്കാനോ തടയാനോ ആവില്ല '.എന്റെ ഈ പുസ്തകവും,ജീവിത കഥയും ചെറിയ തോതിലെങ്കിലും ആ സൂര്യന്റെ തിളക്കം കാത്തുസൂക്ഷിക്കുമെന്നും ,സമാധാനത്തിനും നീതിയ്ക്കും ജനാധിപത്യത്തിനും വേണ്ടി പൊരുതാന്‍ വായനക്കാരെ പ്രചോദിപ്പിക്കുമെന്നും ഞാന്‍ ആശിക്കുന്നു.

*Raising My Voice

രചനകളില്‍ പ്രകടിപ്പിക്കപ്പെടുന്ന അഭിപ്രായങ്ങളും ആശയങ്ങളും എഴുത്തുകാരുടെ സ്വന്തം. അവയ്ക്ക് മാഗസിന്‍ എഡിറ്റോറിയല്‍ ബോഡ് ഉത്തരവാദിയായിരിക്കുന്നതല്ല.
എഡിറ്റര്‍.

    

ഡോ. സലിലാ മുല്ലന്‍ - Tags: Thanal Online, web magazine dedicated for poetry and literature ഡോ. സലിലാ മുല്ലന്‍, എനിക്ക് പറയാനുള്ളത്*- മലാലായ് ജോയ
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക