അന്നക്കുട്ടിയുടെ തിരുമുറിവുകള്‍

കുഴൂര്‍ വിത്സണ്‍

 ബൈബിള്‍ കാണുമ്പോള്‍ എനിക്കു പള്ളിപ്പുറത്ത്‌ കൈതാരത്ത്‌ അന്തോണിയുടെ മകള്‍ അന്നക്കുട്ടിയെ ഓര്മ്മ  വരും . മരം വെട്ടുകാരനും, ക്യഷിക്കാരനുമായിരുന്ന അര്ക്കണക്കാരന്‍ ഔസേപ്പിന്റെ ഭാര്യയെ.അതായതു ഈയുള്ളവന്റെ അമ്മയെ. ബൈബിളും അമ്മയും തമ്മിലെന്തു എന്നായിരിക്കും. അതാണു പറഞ്ഞു വരുന്നത്‌.   കടുത്ത ദു:ഖം നിയന്ത്രിക്കാനാവാതെ വരുമ്പോഴാണു സാധാരണയായി ഇതെഴുതുന്നയാള്‍ ബൈബിള്‍ നിവര്ത്തു ക.ഇയ്യോബിന്റെ പുസ്തകം എത്രയാവര്ത്തി ച്ചാലും മതിവരുകയില്ല. എന്റെ ദൈവമേ എന്റെ ദൈവമേ എന്നെ ഏകനാക്കുന്നതെന്ത്‌ എന്നു എത്ര തവണ കരഞ്ഞിരിക്കുന്നു. ( എന്റെ പ്രണയമേ, എന്റെ പ്രണയമേ എന്നെ ഏകനാക്കുന്നതെന്ന് മനോഹരമായി അതിനെ പുനര്‍ വ്യാഖ്യാനിച്ചത്‌ കവി.വി.ജി.തമ്പിയാണു)   ഓര്മ്മ് വച്ച നാളുകളില്‍ വീട്ടിലുണ്ടായ ഏകപുസ്തകം ബൈബിളായിരുന്നു. പ്രാത്ഥനാമുറിയിലെ ഒരു മൂലയില്‍ അതു ആര്ക്കും  വേണ്ടാതെ കിടന്നു. പഴയ നിയമങ്ങളുടെ ഏടുകളില്‍ ചിതലു കയറിയും മറ്റും. സന്ധ്യാപ്രാര്ത്ഥ നകളിലും വിശേഷാവസരങ്ങളിലും ബൈബിള്‍ അതിന്റെ ഇടം കണ്ടെത്തി. മാമ്മോദീസ, ആദ്യകുര്ബാ്ന, വിവാഹം, മരണം തുടങ്ങിയ വേളകളില്‍ അതു പൂമുഖത്തേക്കു വന്നു.   അമ്മയും ബൈബിളും എവിടെയോ കൂട്ടിമുട്ടുന്നതു ഇന്നു തിരിച്ചറിയുകയാണു. ദു:ഖം വരുമ്പോള്‍ ഞാന്‍ ബൈബിള്‍ തിരയുന്നു. കൂടെ അമ്മയേയും. ഒരു സന്തോഷത്തിലും രണ്ടിനേയും കൂടെ കൂട്ടിയിട്ടില്ല. നേരത്തെ പറഞ്ഞ ചില ചടങ്ങുകളിലൊഴികെ. ഒരു പക്ഷേ ലോകത്തിലെ ഭൂരിഭാഗം അമ്മമാരുടെയും ദുര്വിേധി ഇതു തന്നെയാകാം. ആവോ അറിയില്ല. ഒരിക്കലും തുറന്നു നോക്കാത്ത വിശുദ്ധ പുസ്തകങ്ങളായി നമ്മുടെ അമ്മമാര്‍. ആപത്തിലും ദു:ഖത്തിലും തുറന്നു വായിക്കുവാനുള്ള പുസ്തകങ്ങള്‍.   അന്നക്കുട്ടിയിലേക്കു വരികയാണു. ബൈബിളില്‍ ക്രിസ്തുവിനെക്കുറിച്ച്‌ അമ്മ മറിയത്തോട്‌ ദൈവം പറയുന്ന ഒരു വാചകമുണ്ടു." നിന്റെ ഹ്യ്ദയത്തിലൂടെ ഒരു വാള്‍ കടക്കും" എന്ന്. ഏതമ്മമാരുടെ കാര്യത്തിലാണ്‍, ഏതു മക്കളുടെ കാര്യത്തിലാണു ഈ വാചകം സ്വാര്ത്ഥെകമല്ലാത്തത്‌.   ക്രിസ്തുവിന്റെ അമ്മയായ മറിയത്തിന്റെ ഹൃദയത്തിലൂടെ കടന്നത്‌ ഒരു വാളാണെങ്കില്‍ അന്നക്കുട്ടിയെന്ന എന്റെയമ്മയുടെ ഉള്ളിലൂടെ കടന്നതു ആറു വാളുകളാണു.( അതിലൊന്നിന്റെ മുന ഇടയ്ക്ക്‌ വച്ച്‌ മുറിഞ്ഞുപോയി) ജീവിതത്തിലേറ്റവും സ്വാധീനം ചെലുത്തിയ സ്ത്രീ ആരെന്ന ചോദ്യത്തിനു മറ്റു പലരേയും പോലെ മൗലികതയില്ലാത്ത ഉത്തരം തന്നെയാണു ഞാന്‍ നല്കു്ക. അമ്മയെന്ന്. അന്നക്കുട്ടിയെന്ന്.   അന്നകുട്ടീയെന്ന് സ്നേഹത്തോടെ അപ്പന്‍ അവരെ വിളിക്കുന്നത്‌ ഇതു വരെ കേട്ടിട്ടില്ല.(ഇനിയങ്ങനെ വിളിക്കാന്‍ അപ്പനുമില്ല) ലഹരി മൂത്ത രണ്ടാമത്തെയാള്‍ വല്ലപ്പോഴും അങ്ങനെ കളിയാക്കി വിളിച്ചെങ്കിലായി.   അമ്മയുടെ ഭാഷ തന്നെയാണു എന്നെ ഏറെക്കുറെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്‌..കോഴികള്ക്കും  പശുക്കള്ക്കുംാ ചെടികള്ക്കും  മനസ്സിലാകുന്ന അതിമനോഹരമായ ഭാഷ. അടുത്ത കൊല്ലം ശരിക്കും ചക്ക തന്നില്ലെങ്കില്‍ നിന്നെ ഞാന്‍ ശരിപ്പെടുത്തുമെന്നു അവര്‍ മുറ്റത്തെ കടപ്പ്ലാവിനോട്‌ പറയും. മനസ്സിലായിട്ടോ എന്തോ അതിന്റെ ഇലകള്‍ തലയാട്ടുന്നതു കാണാം. അമ്മയെ കാണാതായാല്‍ കരയുന്ന ഒരു പശുവുണ്ടായിരുന്നു വീട്ടില്‍.മൂത്തവന്റെ ഭാര്യ പ്രസവിച്ചു കിടക്കുകയാണു. എടീ തള്ളപ്പിടേ ഇത്തവണ കൂടുതല്‍ മുട്ട തരണേ എന്നവര്‍ പറയും. വിരുന്നുകാര്‍ കൂടുതലുള്ള ദിവസങ്ങളില്‍ അവര്‍ പാല്‍ ചോദിച്ചുവാങ്ങും.   പശുവും, ആടുകളും, കോഴികളും, മരങ്ങളും പോകട്ടെ അടുപ്പത്തിരിക്കുന്ന ചോറിനോടും, അടുപ്പിലെ തീയിനോടും അവര്‍ സംസാരിക്കും. എന്താ വേവാന്‍ ഇത്ര മടി. ഒന്നു നന്നായി കത്തിയാലെന്താ തുടങ്ങിയുള്ള പരിഭവങ്ങള്‍.( പിന്നീടൊരിക്കല്‍ ദസ്തയേവ്കിയുടെ ആത്മകഥയില്‍ ഇത്തരമൊരു സ്ത്രീയെ കണ്ടു. എന്തായാലും തിളക്കണം. അതിത്തിരി നേരത്തെയായിക്കൂടെയെന്നു പരിഭവിക്കുന്ന ഒരു കഥാപാത്രം)   പുരുഷന്‍ എന്നാണ്‍ അന്നക്കുട്ടി ഈയുള്ളവനെ നീട്ടി വിളിക്കുക. എടാ പുരുഷാ നീ കഞ്ഞികുടിക്കുന്നില്ലേ ? പോകാന്‍ സമയമായില്ലേ എന്നിങ്ങനെ. പുലയനും നായരും ഈഴവനും ക്രിസ്ത്യാനികളും സഹവസിക്കുന്ന ഞങ്ങളുടെ നാട്ടില്‍ അമ്മയെ എല്ലാവരും സ്നേഹത്തോടെ അന്നകുട്ടീയെന്നു തന്നെ വിളിക്കും( ഹിന്ദുക്കളെ അമ്മ വിളിക്കുക മലയാളികള്‍ എന്നാണു) ക്ര്യിസ്ത്യാനികള്‍ അല്ലാത്തവരെക്കുറിച്ച്‌ പറയുമ്പോള്‍ അമ്മ പറയും അവര്‍ മലയാളികള്‍ ആണെന്നു. അമ്മ എന്താ ഫോറിന്‍ കാരിയാണോയെന്നു ഞങ്ങള്‍ കളിയാക്കും. അന്നക്കുട്ടിയുടെ സത്യസദ്ധ്യമായ ഭാഷ എന്നെയെന്നും ആകര്ഷിടച്ചിട്ടുണ്ടു.   അന്നക്കുട്ടിയുട്ടിയെന്ന അമ്മയുടെ ജീവിതം എഴുതി പ്രതിഫലിപ്പിക്കാന്‍ മാത്രം ഈ എഴുത്തുകാരന്‍ വളര്ന്നി ട്ടില്ല. ഒരു ചെറിയ സംഭവം ഇവിടെ പകര്ത്തു കയാണു.   ക്രിസ്തുവിന്റെ ആറാം തിരുമുറിവു എഴുതിയ പി.എം. ആന്റണി ഒരിക്കല്‍ വീട്ടില്‍ വന്നു. അമ്മയ്ക്ക്‌ ആന്റണിചേട്ടനെ അറിയുമായിരുന്നില്ല. പക്ഷേ നാടകം വന്നപ്പ്പ്പോള്‍ പള്ളിക്കാരുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ അമ്മ പോയതു ഓര്മ്മലയുണ്ടു.( പള്ളിയും പട്ടക്കാരനും വിട്ടുള്ള ഒരു ലോകം ചിന്തയില്‍ പോലും ഇല്ല അവര്ക്കുന.)   ആന്റണിച്ചേട്ടനു അമ്മ ചായയും പലഹാരങ്ങളും കൊടുത്തു.പുള്ളിക്കാരന്‍ വന്നു പോയതു പിന്നീട്‌ ഞങ്ങളുടെ കൊച്ചുഗ്രാമത്തില്‍ ചര്ച്ചാനവിഷയമായി. മനസ്സറിയാതെ അമ്മ കുറ്റക്കാരിയായി.   ആ ദിവസങ്ങളില്‍ അമ്മ ചോദിച്ചു. നമ്മുടെ ഈശോമിശിഹായ്ക്കു എത്ര തിരുമുറിവുകള്‍ ഉണ്ടെന്നു ? ഞാനന്നു ചിരിച്ച്‌ ഒഴിഞ്ഞുമാറി.   ഓശാന ഞായര്‍ തുടങ്ങി ഈസ്റ്റര്‍ ഞായറില്‍ അവസാനിക്കുന്ന വിശുദ്ധവാരം അമ്മയുടേതാണു. അതിലെ ദു:ഖവെള്ളിയും. കുരിശിന്റെ വഴിയെന്ന ചടങ്ങിനു പോകുമ്പോള്‍ എല്ലാവരും മരക്കുരിശ്ശ്‌ കയ്യില്‍ കരുതണം. തട്ടിന്മുകളില്‍ കിടക്കുന്ന പൊടിപിടിച്ച കുരിശുകള്‍ വ്യത്തിയാക്കി അമ്മയെടുത്ത്‌ വയ്ക്കും. ഞങ്ങള്‍ പലരും അതു തൊടുക പോലുമില്ല. ഞങ്ങള്ക്കുന വേണ്ടി അമ്മയാണു കുരിശുകള്‍ പള്ളിയിലേക്കു കൊണ്ടു പോവുക. ഒന്നില്‍ കൂടുതല്‍ കുരിശ്ശുകളുമായി പള്ളിയിലേക്കു പോകുന്ന അമ്മയെ ഓര്ക്കു കയാണു.   അന്നക്കുട്ടി എത്ര കുരിശുകളാണു ചുമന്നതു. അവരുടെ ഹ്യദയത്തിലൂടെ എത്ര വാളുകളാണു കടന്നതു. അവരുടെ തിരുമുറിവുകള്‍ എത്രയാണു ? ആറോ ? അഞ്ചോ ?   അതിലെ ഒരിക്കലും ഉണങ്ങാത്ത മുറിവിന്റെ പേരെന്തായിരിക്കും ? പുരുഷനെന്നോ ?  

    

കുഴൂര്‍ വിത്സണ്‍ - Tags: Thanal Online, web magazine dedicated for poetry and literature കുഴൂര്‍ വിത്സണ്‍, അന്നക്കുട്ടിയുടെ തിരുമുറിവുകള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക