എന്റെ കാമവും എ‌ന്റെ കവിതയും

ഹരിശങ്കര്‍ കര്‍ത്താ

എന്റെ കാമവും
എന്റെ കവിതയും
നിന്റെ മണ്ണിലും
നിന്റെ ആകാശത്തിലു-
മായി വലിഞ്ഞു മുറുകുന്ന
... പിരിയൻഗോവണിയിലിരുന്നു
ഒരെ കടലാസ്കോപ്പയിലെ കാപ്പി മാറി മാറി നുണഞ്ഞ്
പുരികങ്ങൾക്കിടയിലുമ്മ വയ്ക്കുമ്പോൾ
വിരലുകൾക്ക് തീ പിടിക്കുമ്പോൾ
പറന്നു നടക്കുന്ന ഒരു പൂമരത്തിൽ
ദൈവം പേരിടാൻ മറന്ന ഒരു പക്ഷിവർഗ്ഗത്തിലെ
രണ്ടിണകൾ
കുഞ്ഞുങ്ങളെ കുറിച്ചുള്ള കവിത കൂവുന്നു
താഴെ ഒരു വേടൻ ഋഷിയോടൊപ്പം നൃത്തം ചെയ്യുന്നു
ഒരു വശത്ത് നിലാവും കുളിരും
മറു വശത്ത് വെയിലും മൃഗതൃഷ്ണയും...
ഗോവണിയുടെ കൈവരിയിൽ മുല്ലവല്ലിയും മുന്തിരിവല്ലിയും കത്തുമ്പോൾ
പടികളിൽ സന്ധ്യയും അമാവാസിയും ചായം പൂശുമ്പോൾ
നക്ഷത്രങ്ങൾ തോരാതെ പെയ്യുമ്പോൾ
നിന്റെ പിൻകഴുത്തിലും
നിന്റെ മുലകൾക്കിടയിലും
നമ്മുടെ ഗന്ധം കുമിയുമ്പോൾ
മുകളിൽ നരകമുണ്ടോ
താഴെ സ്വർഗ്ഗമുണ്ടോ
എന്നൊന്നും ചിന്തിക്കാതെ
ഉടുപ്പുകളെല്ലാം മണ്ണിലേക്കഴിച്ചിട്ട്
പുണർന്നടർന്നും
വിടർന്നും
തിണിർപ്പിച്ചും
അറിഞ്ഞതും അറിയുന്നതും അറിയാനിരിക്കുന്നതുമായ
ഇഷ്ടത്തെ ഇഷ്ടപ്പെടുമ്പോൾ
എല്ലാം കണ്ടുകൊണ്ട് ഭൂമിയിൽ നിൽക്കുന്ന
ദൈവം
സാത്താൻ എന്ന സൃഷ്ടിയിൽ
ആഹ്ലാദിക്കുവാനായ് അടുത്തു കണ്ട മധുശാലയിലേക്ക്
ഓടിക്കയറുന്നു

    

ഹരിശങ്കര്‍ കര്‍ത്താ - Tags: Thanal Online, web magazine dedicated for poetry and literature ഹരിശങ്കര്‍ കര്‍ത്താ, എന്റെ കാമവും എ‌ന്റെ കവിതയും
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക